ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ എംപിമാർ നടത്തിയ മാർച്ച് പൊലിസ് തടഞ്ഞപ്പോൾ.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇന്ത്യാ സഖ്യ എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ നേതാക്കളും എംപിമാരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബാരിക്കേഡ് മറികടക്കാൻ എസ്പി എംപിമാർ ശ്രമിച്ചതോടെ പൊലിസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബിജു ജനതാദൾ നേതാക്കളും അഖിലേഷ് യാദവും പ്രതിഷേധത്തിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
മാർച്ച് കണക്കിലെടുത്ത് ഡൽഹിയിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുമ്പോൾ അമിത ബലപ്രയോഗം ഒഴിവാക്കണമെന്ന് പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം കൂടുതൽ വ്യാപിക്കുകയാണ്.
ഇന്നലെ രാജ്യതലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്ന് കോൺഗ്രസും ഇന്ത്യാ സഖ്യവും നേരിട്ട് നേതൃത്വം ഏറ്റെടുത്തതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്.
കനത്ത സുരക്ഷ, ഗതാഗതക്കുരുക്ക്
പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനായി തലസ്ഥാനനഗര പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎസ്എഫ്, സിഐഎസ്എഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് അടക്കമുള്ള ആയിരക്കണക്കിനു സുരക്ഷാ സേനയെയാണ് വഴിനീളെ വിന്യസിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസ്, പാർലമെന്റ് സ്ട്രീറ്റ്, ജന്തർ മന്തർ പ്രദേശങ്ങളിലെ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സെൻട്രൽ ഡൽഹിയിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ജന്തർ മന്തറിനു സമീപം അഞ്ചു ദിവസമായി തുടരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിക്കൽ, നിരോധനാജ്ഞ ലംഘനം എന്നിവയ്ക്ക് പോലീസ് ഒന്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇടത് സംഘടനകളായ ഐസ, എസ്എഫ്ഐ എന്നിവയുടെ പ്രവർത്തകരടക്കം 18 പേരെ അറസ്റ്റ് ചെയ്യുകയും മുന്നൂറോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വോട്ടർ പട്ടികയിൽനിന്നുള്ള പേര് വെട്ടലിനും തൊഴില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി പത്തിന് ജന്തർ മന്തറിൽ വൻ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : protest indiaalliance Gyanesh Kumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews