കെ. ബാബു (File Photo)
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്‍റെ ഒന്നാംഘട്ട നിർമാണത്തിന് ഭരണാനുമതി നൽകിയ യുഡിഎഫ് സർക്കാരിനെ മുൻ ഫിഷറീസ്–തുറമുഖ മന്ത്രി കെ. ബാബു അനുമോദിച്ചു. തുറമുഖ മന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായ മത്സ്യബന്ധന തുറമുഖത്തിന്‍റെ നിർമാണം വൈകാൻ കാരണം എൽഡിഎഫ് സർക്കാരിന്‍റെ പത്ത് വർഷത്തെ കുറ്റകരമായ അനാസ്ഥയാണെന്ന് കെ. ബാബു കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖ നിർമാണ ഘട്ടത്തിൽ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ച പാക്കേജ് നടപ്പാക്കാതിരുന്നതും എൽഡിഎഫ് സർക്കാരിന്‍റെ മത്സ്യത്തൊഴിലാളി വിരുദ്ധ നിലപാടിന്‍റെ ഉദാഹരണമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന തുറമുഖം നിർമിക്കണമെന്നത് 2014-ലെ പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനായി നടത്തിയ ടെൻഡറിൽ നിശ്ചിത തുകയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ബിഡ്ഡർ മത്സ്യബന്ധന തുറമുഖവും നിർമിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.
തുടർന്ന് 2015-ൽ കേരള സർക്കാർ അദാനിയുമായി ഒപ്പുവച്ച കരാർ പ്രകാരം മത്സ്യബന്ധന തുറമുഖത്തിന്‍റെ നിർമാണവും അദാനി വിഴിഞ്ഞം പോർട്ട് കമ്പനിയുടെ ഉത്തരവാദിത്വമായിരുന്നു. 2019-ൽ തുറമുഖ നിർമാണം പൂർത്തിയാകുമ്പോൾ മത്സ്യബന്ധന തുറമുഖത്തിന്‍റെയും നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പുതിയ പഠനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മത്സ്യബന്ധന തുറമുഖം അദാനി നിർമിക്കേണ്ടതില്ലെന്ന് അറിയിച്ച് കമ്പനിക്ക് കത്ത് നൽകുകയായിരുന്നു. തുടർന്നുള്ള പത്ത് വർഷത്തിനിടെ പഠനങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ സർക്കാർ ഗൗരവമായ ശ്രമം നടത്തിയില്ല.
തുറമുഖ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചുരുങ്ങിയ കാലയളവിൽ പരിഹരിക്കാവുന്ന വിഷയമായിരുന്നു ഇതെന്നും റോഡ്–റെയിൽ കണക്ടിവിറ്റിയുടെ കാര്യത്തിലെന്നപോലെ ഇവിടെയും എൽഡിഎഫ് സർക്കാർ അനാവശ്യമായ കാലതാമസം വരുത്തിയെന്നും കെ. ബാബു പറഞ്ഞു.
Tags : Vizhinjam FishingHarbour KBabu UDF Government