ഹമാം അൽ ഹമ്മാമി
ടെൽ അവീവ് / ദുബായ്: ദുബായിൽനിന്നു ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം തട്ടിക്കൊണ്ടുപോയി തകർക്കാൻ ശ്രമിച്ച സംഭവത്തിൽ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.
വിമാനത്തിലെ ഒമാനി സഹപൈലറ്റായ ഹമാം അൽ ഹമ്മാമി (29) ഫ്ലൈ ദുബായ് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു. ഇസ്രയേലിലേക്കു സർവീസ് നടത്തുന്ന കമ്പനി എന്ന നിലയിലാണ് ഇയാൾ ഫ്ലൈ ദുബായ് തെരഞ്ഞെടുത്തത്.
കഴിഞ്ഞ ജൂലൈയിൽ സർവീസ് നടത്തിയ വിമാനത്തിൽ ആക്രമണം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും അന്നത്തെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരിൽ ഒരാളുമായി മുൻപരിചയവും വ്യക്തിബന്ധവും ഉണ്ടായിരുന്നതിനാലാണ് ആക്രമണപദ്ധതി അവസാനനിമിഷം ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി.
174 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന ബോയിംഗ് വിമാനത്തിന്റെ കൊക്പിറ്റിൽ വച്ച് കോടാലി ഉപയോഗിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ക്യാപ്റ്റനെ അപായപ്പെടുത്തിയശേഷം വിമാനം ടെൽ അവീവിലേക്കു പറത്തി വിമാനത്താവളത്തിലോ കെട്ടിടസമുച്ചയത്തിലോ ഇടിച്ചിറക്കാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
പ്രതി ഏതെങ്കിലും ഭീകരസംഘടനകളുടെയോ വിദേശ സർക്കാരുകളുടെയോ നേരിട്ടുള്ള നിർദേശപ്രകാരമല്ല, മറിച്ച് സ്വയം തീവ്രവാദ ആശയങ്ങൾക്ക് അടിമപ്പെട്ട് ഒറ്റയ്ക്കാണു കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നാണ് ഇസ്രേലി അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
Tags : Flydubai PlaneAttack Planned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash