പ്രതീകാത്മക ചിത്രം
കോഴിക്കോട്: പ്രകൃതിദുരന്തമുണ്ടായ വയനാട്, വിലങ്ങാട് മേഖലകളെ മാത്രം ഒഴിവാക്കി സംസ്ഥാനത്ത് റവന്യു റിക്കവറി കുടിശിക പിരിവ് ഊര്‍ജിതമാക്കാന്‍ പ്രത്യേക യജ്ഞവുമായി സംസ്ഥാന സര്‍ക്കാര്‍.
ഈ മാസം മുതല്‍ 2027 മാര്‍ച്ച് 31 വരെയാണു പ്രത്യേക പിരിവ് യജ്ഞം. തീവ്ര ദുരന്തബാധിത പ്രദേശങ്ങളായ വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എന്നിവിടങ്ങളെ പിരിവ് യത്നത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
ജില്ലാ കളക്ടർമാർ രണ്ടാഴ്ച കൂടുമ്പോള്‍ ലാന്‍ഡ് റവന്യു റിക്കവറി നടപടികള്‍ അവലോകനം ചെയ്യുകയും സര്‍ക്കാരിലേക്ക് പ്രതിമാസ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ജില്ലാതല റവന്യു റിക്കവറി റിവ്യൂ യോഗങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ നേരിട്ടു പങ്കെടുക്കണം.
സര്‍ക്കാര്‍ നല്കിയ സ്റ്റേ ഉത്തരവുകളിലെയും ഗഡു വ്യവസ്ഥകളിലെയും നിബന്ധനകള്‍ ലംഘിക്കപ്പെട്ട കേസുകളില്‍ സ്റ്റേ നീക്കാനും അപ്പലേറ്റ് അഥോറിറ്റികളിലും കോടതികളിലുമുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അഡ്വക്കറ്റ് ജനറലുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
റവന്യു റിക്കവറി ആവശ്യങ്ങള്‍ക്കു വാഹനങ്ങള്‍ ലഭ്യമല്ലാത്ത പക്ഷം മറ്റ് വകുപ്പുകളില്‍നിന്നോ വാടകയ്ക്കോ വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ വരുമാന കുടിശികകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ (കെഎസ്എഫ്ഇ, കെഎസ്ഇബി, സഹകരണ ബാങ്കുകള്‍ തുടങ്ങിയവ) വരുത്തിയ വായ്പാ കുടിശികകളും വേഗത്തില്‍ ഈടാക്കുകയാണു പ്രത്യേക യജ്ഞത്തിന്റെ ലക്ഷ്യം.
നോട്ടീസ് കാലാവധിക്കുള്ളില്‍ തുക അടച്ചില്ലെങ്കില്‍, ഇടപാടുകാരുടെ ജംഗമ-സ്ഥാവര വസ്തുക്കള്‍ ജപ്തി ചെയ്യാനും തുടര്‍ന്ന് ലേലം ചെയ്യാനുമാണു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, അപേക്ഷ നല്കിയാല് കേരള റവന്യു റിക്കവറി റൂള്‍സ് അനുസരിച്ച് നിശ്ചിത ഗഡുക്കളായി തുക അടയ്ക്കാന്‍ കളക്ടര്‍ക്കോ തഹസില്‍ദാര്‍ക്കോ റിക്കവറി നേരിടുന്ന വ്യക്തികള്‍ക്ക് അനുമതി നല്‍കാനും വ്യവസ്ഥയുണ്ട്.
Tags : Concessions Wayanad Vilangad Government Launches SpecialDrive CollectArrears Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash