കെ ടെറ്റ്
പത്തനംതിട്ട: അഞ്ച് വര്‍ഷത്തില്‍ കുറവ് സര്‍വീസുള്ള അധ്യാപകരെ കെ ടെറ്റ് പരീക്ഷ പാസാകുന്നതില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേ ആനുകൂല്യങ്ങള്‍ അടക്കം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവയ്ക്കുന്നു.
അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനു കെ ടെറ്റ് വേണമെന്ന് കോടതി ഉത്തരവ് നിലവിലുണ്ട്. ഇതിന്റെ മറപിടിച്ചാണ് ഗ്രേഡ് പ്രമോഷനടക്കം കെ ടെറ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം നടക്കുന്നത്.
കെ ടെറ്റ് ഇല്ലെന്ന പേരില്‍ പല വിദ്യാഭ്യാസ ഓഫിസുകളിലും അധ്യാപകരുടെ ഗ്രേഡ് പ്രമോഷന് തടഞ്ഞുവച്ചിരിക്കുകയാണ്. വാര്‍ഷിക ഇന്‍ക്രിമെന്റ്, ഹയര്‍ ഗ്രേഡ് ഇവയും പലയിടത്തും തടഞ്ഞിരിക്കുകയാണ്.
പതിറ്റാണ്ടുകളുടെ സര്‍വീസും അമ്പതു വയസിനുമേലുള്ളതുമായ അധ്യാപകര്‍ ഇനി ഒരു കെ ടെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയെന്നത് അപ്രായോഗികമാണെന്ന് പറയുന്നു.
സര്‍വീസില്‍ നിന്നു വിരമിക്കാറാകുമ്പോള്‍ വീണ്ടും ഒരു പരീക്ഷ പാസായെങ്കിലേ ഹയര്‍ ഗ്രേഡ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കാനാകൂവെന്ന നിലപാട് ചില ഉദ്യോഗസ്ഥരുടേതാണെന്നാണ് ആക്ഷേപം.
പ്രമോഷന് തസ്തികയിലേക്കാണ് കെ ടെറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാണ്. ഇതിന്റെ മറപിടിച്ച് അധ്യാപകരെ മാനസികമായി ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്നതെന്ന ആക്ഷേപവുമായി വിവിധ അധ്യാപക സംഘടനകളും രംഗത്തെത്തി.
കെ ടെറ്റ് നിബന്ധന പെന്ഷന് ആനുകൂല്യങ്ങളെയും തടസപ്പെടുത്തുമോയെന്ന ആശങ്കയും നിലനില്ക്കുന്നു.
Tags : KTET Mandatory Retiring Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash EducationDepartment