ബി-1 ബോംബര്‍ (ഫയൽ ചിത്രം)
ലണ്ടന്‍: യുകെയിലെ റോയല്‍ എയര്‍ഫോഴ്സ് (ആര്‍എഎഫ്) ഫെയര്‍ഫോർഡ് വ്യോമസേനാ താവളത്തില്‍ നിലയുറപ്പിച്ചിരുന്ന ബി-1 ബോംബര്‍ വിമാനങ്ങള്‍ യുഎസ് അടിയന്തരമായി പിന്‍വലിച്ചു.
ഇറാന് പിന്തുണയോടെ ഭീകരാക്രമണ പദ്ധതിയുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണു നീക്കം. ബ്രിട്ടനിലെ വ്യോമകേന്ദ്രത്തില്‍നിന്നു വിമാനങ്ങള്‍ മറ്റു പ്രാദേശിക താവളങ്ങളിലേക്കു മാറ്റുന്നതിനു പകരം, നേരിട്ട് യുഎസിലെ സേനാ കേന്ദ്രങ്ങളിലേക്കാണ് എത്തിച്ചത്.
ഫെയര്‍ഫോര്‍ഡ് വ്യോമകേന്ദ്രത്തിനു നേരേ സ്ഫോടനത്തിനു പദ്ധതിയിട്ടു എന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞമാസം 27ന് യുകെ പൊലിസ് അഞ്ചു ബ്രിട്ടിഷ് പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വാഹനങ്ങളില്‍നിന്നു പെട്രോള്‍ കണ്ടെത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും ലഭിച്ചിരുന്നില്ല.
പിന്നീട് കഴിഞ്ഞ വ്യാഴാഴ്ച ഈ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 25 വയസുള്ള ബ്രിട്ടിഷ്-ഇറേനിയന്‍ ഇരട്ട പൗരത്വമുള്ളയാളെക്കൂടി ലണ്ടന്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണു ബ്രിട്ടനും അമേരിക്കയും ആരോപിക്കുന്നത്.
ലണ്ടനില്‍നിന്ന് 100 മൈല്‍ അകലെയുള്ള ഫെയര്‍ഫോര്‍ഡ്, പതിറ്റാണ്ടുകളായി മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളില്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചുവരുന്ന താവളമാണ്. പന്ത്രണ്ട് ബി-1 ബോംബര്‍ വിമാനങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Tags : Terrorist AttackThreat USBomber Aircraft LeaveLondon Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash