സുപ്രീംകോടതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങൾക്കു നിയമത്തിൽ നൽകിയിരിക്കുന്ന പ്രത്യേക നിയമ പരിരക്ഷ പരിശോധിക്കാൻ സുപ്രീംകോടതി നീക്കം. 2023ൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമമനുസരിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്ക് നൽകുന്ന പരിരക്ഷ സുപ്രീംകോടതി ജഡ്ജിമാർക്കുപോലും ലഭിക്കുന്നില്ലെന്ന് കോടതി വാക്കാലുള്ള പരാമർശത്തിൽ നിരീക്ഷിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ കേസ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കവെ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് നിയമപരിരക്ഷ സംബന്ധിച്ച കാര്യം പരാമർശിച്ചപ്പോഴാണ് ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ഗ്യാനേഷ് കുമാറിനെതിരായ ഹർജി പരിഗണിക്കുമ്പോൾ നിയമത്തിലെ ഈ പരിരക്ഷയും സുപ്രീംകോടതി പരിശോധിക്കും. കോടതിക്കു മുന്നിലുള്ള ഹർജിയിൽ നിയമ പരിരക്ഷയെ ഹർജിക്കാർ ചോദ്യം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച നിയമത്തിന്റെ സാധുതതന്നെ സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കാനിരിക്കെയാണു കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പരാമർശമുണ്ടാകുന്നതെന്നു ശ്രദ്ധേയമാണ്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറോ മറ്റു കമ്മിഷണർമാരോ അവരുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടയിലോ ആ ചുമതലയുടെ ഭാഗമായോ ചെയ്യുന്ന പ്രവൃത്തികൾക്കോ തീരുമാനങ്ങൾക്കോ എതിരേ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയോ തുടരുകയോ ചെയ്യാൻ പാടില്ലെന്നാണു നിയമത്തിലെ 16-ാം വകുപ്പ് നിർദേശിക്കുന്നത്. പദവിയിൽനിന്നു വിരമിച്ചാലും നിയമപരമായ സംരക്ഷണം തുടരും.
പ്രധാനമന്ത്രി ഉൾപ്പടെ ഭരണഘടനാപദവി വഹിക്കുന്ന മറ്റാർക്കും നൽകാത്ത ഇത്തരമൊരു നിയമസംരക്ഷണം തെരഞ്ഞെടുപ്പു കമ്മിഷണർമാർക്കു നൽകുന്നതിനെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Tags : SupremeCourt LegalProtection ElectionCommissioners Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash