കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ
ഹൈദരാബാദ്: ആർഎസ്എസിനെതിരെ കടുത്ത ആരോപണങ്ങളുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ആർഎസ്എസ് എന്നത് മതത്തിന്റെ മറവിൽ അനധികൃത പ്രവർത്തനങ്ങൾ നടത്തുന്ന "രജിസ്റ്റർ ചെയ്യാത്ത കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രം" മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ പ്രസ്താവനകളെ പിന്തുണച്ചുകൊണ്ട് ഹൈദരാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖാർഗെ ആർഎസ്എസിനെയും സംഘപരിവാർ പ്രസ്ഥാനങ്ങളെയും നിശിതമായി വിമർശിച്ചത്.
ദിഗ്വിജയ് സിംഗ് ഒരു യഥാർഥ സനാതനിയാണെന്ന് വിശേഷിപ്പിച്ച ഖാർഗെ, ഹിന്ദുത്വവും ഹിന്ദുമതവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആർഎസ്എസ് നിർമിച്ചെടുത്ത രാഷ്ട്രീയ ആശയമാണ് 'ഹിന്ദുത്വം', എന്നാൽ 'ഹിന്ദുമതം' ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മൂവായിരത്തോളം വർഷം പഴക്കമുള്ള ഒരു മതത്തിന്റെ ഏക സംരക്ഷകർ തങ്ങളാണെന്ന മട്ടിലാണ് 100 വർഷം മാത്രം പഴക്കമുള്ള ആർഎസ്എസ് പെരുമാറുന്നതെന്നും, ആർഎസ്എസിൽ നിന്ന് ഹിന്ദുക്കൾക്ക് ഒന്നും പഠിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, വിഎച്ച്പിയും ആർഎസ്എസും പ്രചരിപ്പിക്കുന്ന ഹിന്ദുത്വം രാജ്യത്തെ വിവിധ മതസ്ഥർക്കിടയിൽ ഭിന്നതയുണ്ടാക്കുന്നുവെന്നും രാമക്ഷേത്ര ഫണ്ട് വകമാറ്റിയെന്നും ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു. ഈ പ്രസ്താവന വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനും ബിജെപിയുടെയും സന്യാസി സമൂഹത്തിന്റെയും പ്രതിഷേധത്തിനും വഴിവെച്ച പശ്ചാത്തലത്തിലാണ് ദിഗ്വിജയ് സിംഗിന് ശക്തമായ പിന്തുണയുമായി പ്രിയങ്ക് ഖാർഗെ രംഗത്തെത്തിയത്.
Tags : Karnataka CabinetMinister PriyankKharge LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash