മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കടുത്ത നടപടികൾക്കായി പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷ കക്ഷികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് പ്രതിപക്ഷ എംപിമാർ പാർലമെന്റിലെ മകരദ്വാറിൽ ഒത്തുകൂടി തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവചൻ സദൻ ലക്ഷ്യമാക്കി മാർച്ച് നടത്തും. ഡൽഹിയിൽ നടക്കുന്ന ഈ പ്രക്ഷോഭത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.
പാർലമെന്റിനുള്ളിലും പുറത്തും ബിജെപി വിരുദ്ധ നിരയെ ഒറ്റക്കെട്ടായി അണിനിരത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ സമരം. കോൺഗ്രസും സമാജ്വാദി പാർട്ടിയും നേതൃത്വം നൽകുന്ന ഈ പ്രതിഷേധത്തിൽ ആം ആദ്മി പാർട്ടിയുടെയും ഡിഎംകെയുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള തീവ്രശ്രമങ്ങളും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ രൂക്ഷമായി വിമർശിക്കുന്ന പ്രതിപക്ഷം, കമ്മീഷനെ "ചീറ്റിംഗ് കമ്മീഷൻ" എന്നാണ് വിശേഷിപ്പിക്കുന്നത്.
വരാനിരിക്കുന്ന പാർലമെന്റ് ശീതകാല സമ്മേളനം വരെ സമരം സജീവമായി നിലനിർത്താൻ വിപുലമായ പദ്ധതികളാണ് കോൺഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ പത്ത് മുതൽ ഇരുപത് വരെ ബ്ലോക്ക് തലത്തിൽ "വോട്ട് രക്ഷിക്കൂ, രാജ്യം രക്ഷിക്കൂ" ക്യാമ്പയിൻ നടക്കും. സൈക്കിൾ-മോട്ടോർസൈക്കിൾ റാലികളും ലഘുലേഖ വിതരണവും ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കലും അടക്കമുള്ള പ്രതിഷേധ പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തുടർന്ന് ഒക്ടോബർ ഇരുപത്തഞ്ച് മുതൽ നവംബർ ഇരുപത്തഞ്ച് വരെയുള്ള കാലയളവിൽ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ബൂത്ത് തല ചൗപാലുകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ വൻ ജനപങ്കാളിത്തത്തോടെയുള്ള മഹാറാലിയും നടക്കും. നവംബർ ഇരുപത്തഞ്ച്, ഇരുപത്തിയാറ് തീയതികളിൽ ഡൽഹിയുടെ വിവിധ അതിർത്തികളിൽ നിന്ന് ആരംഭിച്ച് ഭരണഘടന ദിനമായ നവംബർ ഇരുപത്തിയാറിന് ഡൽഹിയിൽ സംഗമിക്കുന്ന രീതിയിൽ ആറ് മാർച്ചുകളും പ്ലാൻ ചെയ്തിട്ടുണ്ട്. ഈ മാർച്ചുകളെല്ലാം അവസാനിക്കുന്നത് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തൊട്ടുമുമ്പാണ്. സമ്മേളനം ആരംഭിക്കുമ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയുള്ള സുപ്രീംകോടതിയുടെ നിലപാടുകളും പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിഷയത്തിൽ ചീഫ് ജസ്റ്റിസ് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ പെട്ടെന്ന് ഇടക്കാല നടപടികൾ സ്വീകരിക്കാൻ കോടതി തയ്യാറായിട്ടില്ല. കോടതിയിലെ വാദപ്രതിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിയമപരവും രാഷ്ട്രീയവുമായ സമാനതകളില്ലാത്ത പോരാട്ടത്തിനാണ് ഡൽഹി വേദിയാകുന്നത്.
Tags : GyaneshKumar INDIABLOC LatestNews NewsUpdate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash