പ്രതീകാത്മക ചിത്രം
മുംബൈ: മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസ് ഒക്ടോബർ 21-ന് തങ്ങളുടെ ഐപിഒ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഏകദേശം 3.8 ബില്യണ്‍ ഡോളർ സമാഹരിക്കാനാണ് ഈ ഐപിഒ ലക്ഷ്യമിടുന്നത്. ഇതോടെ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപനയായി മാറും.
2024-ൽ നടന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 2.9 ബില്യണ്‍ ഡോളറിന്റെ ലിസ്റ്റിംഗാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ. കൂടാതെ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം 2.3 ബില്യണ്‍ ഡോളറിന്റെ ഐപിഒയിലൂടെ വിപണിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
ഐപിഒയിലൂടെ ലഭിക്കുന്ന തുക പ്രധാനമായും കന്പനിയുടെ ടെലികോം വിഭാഗത്തിന്റെ കടങ്ങൾ വീട്ടാനാണ് ഉപയോഗിക്കുക. മെറ്റാ, ഗൂഗിൾ ഉൾപ്പടെയുള്ള മുൻനിര വിദേശ നിക്ഷേപകരുള്ള ജിയോ പ്ലാറ്റ്ഫോംസ് എഐ, ക്ലൗഡ്, എന്റർപ്രൈസ് നെറ്റ്വർക്ക് ബിസിനസുകളും നടത്തുന്നുണ്ട്.
ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ഓഹരിവിപണിയിലേക്ക് ധാരാളം കന്പനികളാണ് എത്തിയത്. ഈ സമയപരിധിയിൽ സമാഹരിച്ച തുക എക്കാലത്തെയും വലിയ റിക്കാർഡാണ്.
ഇൻഫർമേഷൻ പ്രൊവൈഡറായ പ്രൈം ഡാറ്റാബേസിന്റെ കണക്കനുസരിച്ച്, ഏകദേശം 250-ഓളം കന്പനികൾ ഐപിഒ വഴി ആകെ 4.65 ലക്ഷം കോടി രൂപ (48 ബില്യണ്‍ ഡോളർ) സമാഹരിക്കാൻ തയാറെടുക്കുന്നുണ്ട്.
ഡാനിഷ് ബ്രൂവറായ കാൾസ്ബെർഗിന്റെ ഇന്ത്യൻ വിഭാഗവും ഹോട്ടൽ അഗ്രിഗേറ്ററായ ഓയോയുടെ മാതൃകന്പനിയായ പ്രിസവും ഇതിൽ ഉൾപ്പെടുന്നു.
Tags : IPO JioPlatforms Business MukeshAmbani