പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ജെറ്റ് ഇന്ധനവില വർധിച്ച സാഹചര്യത്തിൽ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഇന്ധന സർചാർജ് വീണ്ടും കൂട്ടി.
റൂട്ടും യാത്രാദൂരവും അനുസരിച്ച് 375 രൂപ മുതൽ 10,000 രൂപ വരെയാണു സർചാർജ് വർധിപ്പിച്ചത്. നിലവിൽ രാജ്യത്തെ ആഭ്യന്തര വിമാനഗതാഗതത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും കൈകാര്യം ചെയ്യുന്നത് ഇൻഡിഗോ ആയതിനാൽ ഈ തീരുമാനം ആഭ്യന്തര യാത്രികരെയും പ്രവാസികളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എവിയേഷൻ ടർബൈൻ ഫ്യുവൽ വിലയിൽ 14 ശതമാനത്തിലധികം വർധനവാണുണ്ടായത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനച്ചെലവായതിനാൽ സാമ്പത്തികഭദ്രത നിലനിർത്താനാണ് ഈ വർധനയെന്ന് കമ്പനി വ്യക്തമാക്കി.
പുതുക്കിയ ഇന്ധന സര്‍ചാര്‍ജ് നിരക്കുകള്‍
ആഭ്യന്തര സര്‍വീസുകള്‍ക്ക് 500 കിലോമീറ്ററില്‍ താഴെയുള്ള റൂട്ടുകള്‍ക്ക് 425 രൂപ, 501-1000 കിലോമീറ്ററിനുള്ള റൂട്ടുകള്‍ക്ക് 600 രൂപ, 1001-1500 കിലോമീറ്റർ റൂട്ടുകള്‍ക്ക് 900 രൂപ, 1501-2000 കിലോമീറ്റർ റൂട്ടുകള്‍ക്ക് 1,150 രൂപ, 2000 കിലോമീറ്ററിന് മുകളിലുള്ള റൂട്ടുകള്‍ക്ക് 1,300 രൂപ എന്നിങ്ങനെയാണ് ഇന്നുമുതൽ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക.
500 കിലോമീറ്ററിനുള്ളിലെ സാര്‍ക്ക് മേഖലയ്ക്ക് 500 രൂപ, 500 കിലോമീറ്ററിനു മുകളിലുള്ള സാര്‍ക്ക് മേഖലയ്ക്ക് 1,000 രൂപ, തെക്കുകിഴക്കന്‍ ഏഷ്യ, യുഎഇ ഉള്‍പ്പടെയുള്ള പശ്ചിമേഷ്യ, വടക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ 5,500 രൂപ, ആഫ്രിക്കയ്ക്ക് 6,000 രൂപ, യൂറോപ്പിന് 10,000 രൂപ എന്നിങ്ങനെയാണ് അന്താരാഷ്ട്ര സർവീസുകൾക്കുള്ള പുതുക്കിയ ഇന്ധന സര്‍ചാര്‍ജ്.
Tags : IndiGo FlightTicket Fares Rise Business