കോഴിക്കോട്: ഓട്ടോ ഓടിച്ച് മകളുടെ സ്വപ്നങ്ങള്‍ക്കു ചിറകുനല്കുന്ന മോഹനനു വിമാനയാത്രയ്ക്കു പണമില്ലാതായപ്പോള്‍ കൈത്താങ്ങായി സന്ദീപ് വാര്യർ എംഎല്‍എ. യാത്രാക്ഷീണത്തിനിടയിലും സീനിയര്‍ ഡിസ്കസ് ത്രോയില്‍ സ്വര്‍ണം നേടി കാസര്‍ഗോഡ് ചെറുവത്തൂരിലെ സോന മോഹനൻ.
തിങ്കളാഴ്ച രാവിലെ 8.30നു ചെന്നൈ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ അത്ലറ്റിക് മീറ്റില്‍ സീനിയര്‍ വിഭാഗം ഡിസ്കസ് ത്രോയില്‍ സോന നേടിയത് വെങ്കലം. പിന്നീട് ഇന്നലെ രാവിലെ എട്ടിന് കോഴിക്കോട്ട് ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ നടന്ന ഡിസ്കസ് ത്രോയില്‍ സ്വർണം.
ചെന്നൈയില്‍ 42 മീറ്റര്‍ എറിഞ്ഞെങ്കില്‍ സ്കൂള്‍ മീറ്റില്‍ 41.63 മീറ്ററായിരുന്നു ദൂരം. പരിശീലന കാലയളവില്‍ 44 മീറ്റര്‍വരെ എറിഞ്ഞ സോന മോഹനന് ഇത്തവണ ഒരു മീറ്റ് റിക്കാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തുടര്‍ച്ചയായുള്ള മത്സരങ്ങളും യാത്രാക്ഷീണവും സോനയുടെ പ്രതീക്ഷ തകർത്തു. 43.40 മീറ്ററാണ് നിലവിലുള്ള മീറ്റ് റിക്കാര്‍ഡ്.
ചെന്നൈയിലെ മത്സരം കഴിഞ്ഞ് ട്രെയിനില്‍ നാട്ടിലെത്തിയാല്‍ മത്സരസമയത്ത് ഗ്രൗണ്ടിലെത്തുക അസാധ്യം. മുന്നിലുള്ള ഏകവഴി വിമാനയാത്ര. പക്ഷേ, വിമാനടിക്കറ്റ് വാങ്ങാനുള്ള പണം അച്ഛന് മോഹനന്റെ കൈയിലില്ല. ഒരു വര്‍ഷം മകളുടെ പരിശീലനത്തിനായി നാലു ലക്ഷത്തോളം രൂപ കണ്ടെത്തുന്ന ആ മനുഷ്യന്, നിര്‍ണായകമായ ഒരു മത്സരത്തിന് തൊട്ടുമുമ്പ് വിമാനയാത്രയ്ക്കുള്ള പണം കണ്ടെത്താനാകാത്ത നിസഹായാവസ്ഥ. മകളുടെ സ്വപ്നം വഴിമുട്ടരുത്.
ഒടുവില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരെ വിളിച്ച് സഹായം തേടി. സോനയുടെ വിമാനടിക്കറ്റിന്റെ ചെലവ് എംഎല്‍എ ഏറ്റെടുത്തു. എന്നാല്‍, മകളെ തനിച്ചുവിടാന്‍ മോഹനന് മനസുവന്നില്ല. മകള്‍ക്കൊപ്പം താനും വേണം. അതിനായി സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങി സ്വന്തം വിമാനടിക്കറ്റും എടുത്തു.
അങ്ങനെ അര്‍ധരാത്രി 12 മണിയോടെ അച്ഛനും മകളും ചാത്തമംഗലത്തെത്തി. വിമാനയാത്രയുടെ ആശ്വാസമുണ്ടായിരുന്നെങ്കിലും തുടര്‍ച്ചയായ മത്സരങ്ങളുടെയും യാത്രകളുടെയും ക്ഷീണം സോനയെ വിട്ടുമാറിയിരുന്നില്ല.
തിമിരി പാലത്തേര സ്വദേശിയായ മോഹനനും കുടുംബവും ചെറുവത്തൂര്‍ കാരിയിലാണ് താമസം. ടി. സൗമ്യയാണ് അമ്മ. നിഹാരയാണ് സഹോദരി. കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ജൂനിയര്‍ ഡിസ്കസ് ത്രോയില്‍ 38.64 മീറ്റര്‍ എറിഞ്ഞാണ് മീറ്റ് റിക്കാര്‍ഡ് നേടിയത്. കഴിഞ്ഞ തവണ മീറ്റ് റിക്കാര്‍ഡില്‍ സോനയ്ക്ക് വീടെന്ന സ്വപ്നം പൂര്‍ത്തിയായി. സ്ഥലം നല്കിയപ്പോള് കെഎസ്ടിഎ വീടു നിര്‍മിച്ചു നൽകി. വീട് പണി പൂര്‍ത്തിയായി വരുന്നുണ്ട്. എങ്കിലും മകളുടെ മുന്നോട്ടുള്ള കായികയാത്രയ്ക്ക് ഒരു സ്പോണ്‍സറെ കിട്ടുമെന്ന പ്രതീക്ഷയിലാണ് മോഹനനും കുടുംബവും.