യുപിഐ
തിരുവനന്തപുരം: ഉപയോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അധിക സാമ്പത്തിക ബാധ്യതയില്ലാതെ യുപിഐ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനാണ് യുപിഐ വ്യാപാരി ഡിസ്കൗണ്ട് നിരക്കെന്ന് (എംഡിആര്‍) നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ചീഫ് ഓഫ് മാര്‍ക്കറ്റിംഗ് രമേഷ് യാദവ്.
വ്യക്തിഗത യുപിഐ ഉപയോക്താക്കള്‍ക്ക് സൗജന്യമായി തുടരും. എംഡിആറോ ഇടപാട് ചാര്‍ജോ ഇല്ലാതെ വ്യാപാരികള്‍ക്ക് പണമടയ്ക്കാനും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പണം കൈമാറാനും ഉപയോക്താക്കള്‍ക്ക് കഴിയും.
എല്ലാ യുപിഐ ഇടപാടുകള്‍ക്കും എംഡിആര്‍ ബാധകമല്ല. 2,000 രൂപയ്ക്കു മുകളിലുള്ള വ്യാപാരി ഇടപാടുകള്‍ക്ക് മാത്രമാണ് എംഡിആര്‍ ബാധകം. ഈ പരിധി വ്യാപാരി ഒരു ദിവസം ആകെ സ്വീകരിക്കുന്ന തുകയ്ക്കല്ല, ഓരോ ഇടപാടിനുമാണ് ബാധകമാകുന്നത്. അതിനാല്‍ 2,000 രൂപയില്‍ താഴെയുള്ള ഒന്നിലധികം പേയ്മെന്റുകള്‍ എംഡിആര്‍ ഇല്ലാതെ വ്യാപാരികള്‍ക്ക് സ്വീകരിക്കാം.
സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ വഴി പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്വീകരിക്കുന്ന വഴിയോര കച്ചവടക്കാര്‍ക്കും ചെറുകിട കടകള്‍ക്കും എംഡിആര്‍ തുടര്‍ന്നും പൂജ്യമായിരിക്കും. ഇതുവഴി അധിക ചെലവില്ലാതെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ ചെറുകിട വ്യാപാരികള്‍ക്ക് കഴിയും.
വിദ്യാഭ്യാസം, ഇന്ധനം, ഇന്‍ഷ്വറന്‍സ്, ടെലികോം, റെയില്‍വേ തുടങ്ങിയ മേഖലകളില്‍ 2,000ന് മുകളിലുള്ള ഓരോ ഇടപാടിനും പരമാവധി അഞ്ച് എന്ന ഏകീകൃത എംഡിആര്‍ ആയിരിക്കും ബാധകം. പ്രധാനമായി, എംഡിആര്‍ വ്യാപാരികളാണ് വഹിക്കേണ്ടത്; ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ കഴിയില്ല. എംഡിആര്‍ വഴി ലഭിക്കുന്ന തുകയുടെ ഏകദേശം അഞ്ചു ശതമാനം പ്രത്യേക ഫണ്ടിലേക്കു മാറ്റാനാണ് നിര്‍ദേശം.
പേയ്മെന്റ് അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താനും വ്യാപാരികളെ ഡിജിറ്റല്‍ സംവിധാനത്തിലേക്കു കൊണ്ടുവരാനും ടിയര്‍ മൂന്നു മുതല്‍ ടിയര്‍ ആറ് നഗരങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്റ് വ്യാപനം വേഗത്തിലാക്കാനുമാണ് ഈ ഫണ്ട് ഉപയോഗിക്കുക.
Tags : UPI NPCI Users Free Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash