കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസിലെ രൂക്ഷമായ യാത്രാതിരക്കിന് പരിഹാരം കാണുന്നതിനായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ വഴി കൊല്ലത്തേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് യാത്രക്കാരുടെ ദുരിതങ്ങൾ വീഡിയോയും ചിത്രങ്ങളും അടക്കം കാണിച്ച് ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് റെയിൽവേയുടെ ഭാഗത്തുനിന്നും നടപടിയുണ്ടായത്.
മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുസംബന്ധിച്ച നിർദേശം റെയിൽവേ ബോർഡിന് കൈമാറുകയും, തുടർന്ന് റെയിൽവേ ബോർഡ് സതേൺ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് ആവശ്യമായ നടപടികൾക്കായി നിർദേശം നൽകിയതായും എം.പി. പറഞ്ഞു.
സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്നതായി എം.പി. ചൂണ്ടിക്കാട്ടി. ഓഫിസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ദുരിതം നേരിട്ട് ബാധിക്കുന്നത്.
ഇതിന് അടിയന്തര പരിഹാരമായി വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി ഒരു പുതിയ സർവീസ് ആരംഭിക്കണമെന്നായിരുന്നു എം.പി.യുടെ പ്രധാന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈകിട്ട് ഏകദേശം നാലോടെ എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന തരത്തിൽ, വേണാട് എക്സ്പ്രസിന് മുമ്പായി ഒരു പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
Tags : KodikunnilSuresh AshwiniVaishnaw IndianRailways Kottyam Ernakulam Congress