കൂന്തൽ.
'കൂന്തൽ' പലരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ്. ഇനി നിങ്ങളുടെ തീൻമേശയിൽ 'കൂന്തൽ' വിഭവങ്ങൾ എത്തുന്പോൾ ഓർക്കുക; ഇവയെ ഭക്ഷണമാക്കാൻ മാത്രമല്ല, മനുഷ്യരിലെ ശ്രവണവൈകല്യങ്ങളെക്കുറിച്ചു പഠിക്കാനും ഉപയോഗിക്കാം! അതേ, മനുഷ്യരിലെ കേൾവിക്കുറവിനുള്ള കാരണങ്ങൾ ആഴത്തിൽ മനസിലാക്കാൻ 'കൂന്തൽ'സഹായിക്കുമെന്നു ഗവേഷകർ പറയുന്നു. മനുഷ്യരുടെ കർണങ്ങൾക്കുള്ളിലെ കോശങ്ങൾക്കു സമാനമായ സൂക്ഷ്മകോശങ്ങൾ കൂന്തലുകളുടെ ശരീരത്തിലുടനീളം കാണപ്പെടുന്നുണ്ടെന്നും ഇവയുടെ പ്രവർത്തനം മനുഷ്യന്റെ ശ്രവണസംവിധാനങ്ങളോടു സാമ്യമുണ്ടെന്നുമാണു ഗവേഷകരുടെ കണ്ടെത്തൽ. കറന്റ് ബയോളജി എന്ന സയൻസ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്.
മനുഷ്യരിൽ ശബ്ദതരംഗങ്ങളെ തിരിച്ചറിയുന്നത് ഉൾച്ചെവിയിലെ 'കോക്ലിയ' എന്ന ഭാഗത്തുള്ള ആയിരക്കണക്കിന് 'ഹെയർ സെൽ' ആണ്. ശബ്ദതംരഗങ്ങൾ ഈ കോശങ്ങളെ ചലിപ്പിക്കുകയും, ചലനങ്ങൾ നാഡീവ്യൂഹം വഴി തലച്ചോറിലെത്തി ശബ്ദമായി മാറുകയും ചെയ്യുന്നു . ജന്മനായുള്ള ബധിരതയ്ക്കും പിന്നീടു സംഭവിക്കുന്ന ശ്രവണക്ഷയത്തിനും പ്രധാന കാരണം ഇത്തരം 'ഹെയർ സെല്ലു'കൾക്കു സംഭവിക്കുന്ന തകരാറുകളാണ്. മനുഷ്യന്റെ ഉള്ളിലെ ഈ കോശങ്ങളെ നേരിട്ടു പരിശോധിച്ചു പഠിക്കുക ഏറെ പ്രയാസകരമാണ്.
എന്നാൽ, കൂന്തലുകളുടെ ശരീരത്തിന്റെ ഉപരിതലത്തിൽ വരിവരിയായി നൂറുകണക്കിന് 'ഹെയർ സെൽ' ക്രമീകരിക്കപ്പെട്ടിട്ടുണ്ടെന്നു ഗവേഷകർ കണ്ടെത്തി. ജലത്തിലെ ചലനങ്ങളും കമ്പനങ്ങളും തിരിച്ചറിയാനാണു കൂന്തലുകൾ ഈ കോശങ്ങൾ ഉപയോഗിക്കുന്നത്. മനുഷ്യന്റെ ഉൾച്ചെവിയിലുള്ളതുപോലെ വ്യത്യസ്ത നീളമുള്ളതും വിവിധ 'ഫ്രീക്വൻസി'കളോടു പ്രതികരിക്കുന്നതുമായ കോശങ്ങൾ കൂന്തലുകളിലുമുണ്ട്. ചർമത്തിൽ തന്നെ സ്ഥിതി ചെയ്യുന്നതിനാൽ കൂന്തലുകളിലെ ഈ കോശങ്ങളെ ശാസ്ത്രജ്ഞർക്ക് എളുപ്പത്തിൽ പഠിക്കാൻ സാധിക്കും.
ലൈറ്റ്-ഷീറ്റ് മൈക്രോസ്കോപ്പി സാങ്കേതികവിദ്യ ഉപയോഗിച്ച് കൂന്തലിന്റെ ത്രീഡി ചിത്രങ്ങൾ നിർമിച്ചാണു ഗവേഷകർ കോശഘടന കണ്ടെത്തിയത്. മത്സ്യങ്ങൾ, നീരാളികൾ തുടങ്ങിയ മറ്റു ജീവികളിലും ഇത്തരത്തിലുള്ള കോശങ്ങളുണ്ടെങ്കിലും, കൂന്തലുകളിലെ കോശങ്ങളുടെ വൈവിധ്യം, മനുഷ്യന്റെ ശ്രവണവ്യവസ്ഥയെയും ബധിരതയെയും കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സഹായിക്കുമെന്നു ശാസ്ത്രലോകം വിശദീകരിക്കുന്നു. മനുഷ്യരിലെ ശ്രവണവൈകല്യങ്ങൾക്കു പുതിയ ചികിത്സാരീതികൾ കണ്ടെത്താൻ ഈ ഗവേഷണം വഴിതുറക്കുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.
Tags : International ScienceNews HumanHearingLoss Lightsheetmicroscopy HairCells Squid CurrentBiology