ഇസ്രയേലും യുഎഇയും
ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേലിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമത്തിൽ വൻ സുരക്ഷാവീഴ്ച ഉണ്ടായതായി റിപ്പോർട്ട്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും പൂർണ വിവരങ്ങൾ (പേര്, പൗരത്വം എന്നിവയുൾപ്പടെ) വിമാനം പുറപ്പെടുന്നതിന് മുന്പുതന്നെ യുഎഇ ഇസ്രയേലിനു കൈമാറിയിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇതോടെ തീവ്രവാദ പശ്ചാത്തലമുള്ള പൈലറ്റിനെ തിരിച്ചറിയുന്നതിൽ വലിയ വീഴ്ച സംഭവിച്ചതിനെച്ചൊല്ലി ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമായി.
തീവ്രവാദ നിലപാടുകളുടെ പേരിൽ സ്വന്തം രാജ്യമായ ഒമാൻ വിമാനം പറത്തുന്നതിൽനിന്ന് വിലക്കേർപ്പെടുത്തിയ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയാണ് ആക്രമണം നടത്തിയത്. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിലെ പൗരനായ ഇയാൾ ഇസ്രയേൽ പൗരന്മാരുമായി പറന്ന വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ എങ്ങനെ അനുവദിക്കപ്പെട്ടു എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
അതിനിടെ, ഇസ്രയേലിലെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും ട്രാൻസ്പോർട്ട് മന്ത്രാലയവും സുരക്ഷാപരിശോധനയുടെ ഉത്തരവാദിത്വത്തെച്ചൊല്ലി പരസ്പരം പഴിചാരുകയാണ്. വിദേശ വിമാനങ്ങളിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ പരിശോധിക്കേണ്ടതു ഗതാഗത മന്ത്രാലയമാണെന്ന് ഷിൻ ബെറ്റ് ആരോപിച്ചപ്പോൾ, അത്തരം പട്ടികകളോ സുരക്ഷാ മുന്നറിയിപ്പുകളോ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്ന് ട്രാൻസ്പോർട്ട് മന്ത്രി മിരി റെഗെവ് പ്രതികരിച്ചു.
ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാരായ പൈലറ്റുമാർ വിമാനം പറത്തുന്നത് തടയാൻ വിദേശ വിമാനക്കമ്പനികളുമായി കരാറുകളുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യുഎഇയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴും ഇത്തരം അന്താരാഷ്ട്ര സുരക്ഷാപരിശോധനകളിലെ അപകാതകൾ വ്യോമയാന മേഖലയിൽ വൻ ആശങ്കയ്ക്കു വഴിവച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Israel and UAE trade blame