ഈട്ടി മരങ്ങള്‍
കല്‍പ്പറ്റ: ടിമ്പര്‍ ലോബി വയനാട്ടില്‍ കണ്ണിട്ടത് റവന്യു പട്ടയ ഭൂമികളിലെ 3,000 ഈട്ടികളില്‍. സംസ്ഥാനത്ത് ഇപ്പോഴും ചര്‍ച്ചയായ മുട്ടില്‍ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ ഈട്ടി മുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിച്ച പ്രത്യേക സംഘം മേധാവി ഡിവൈഎസ്പി വി.വി. ബെന്നിക്ക് 2021 ജൂണില്‍ അന്നത്തെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം.കെ. സമീര്‍ നല്കിയ മൊഴിയാണ് ഇതിലേക്കു വെളിച്ചംവീശുന്നത്. മുറിച്ച ഈട്ടി മരങ്ങള്‍ കടത്തുന്നതിനുള്ള പാസ് ആവശ്യത്തിന് തന്നെ സന്ദര്‍ശിച്ച മരക്കച്ചവടക്കാരില്‍ ഒരാള്‍ പറഞ്ഞ കാര്യങ്ങളും ഉള്‍പ്പെടുന്നതാണ് റേഞ്ച് ഓഫിസറുടെ മൊഴി.
റവന്യു പട്ടയഭൂമികളിലെ റിസര്‍വ് മരങ്ങള്‍ മുറിക്കുന്നതിനും കടത്തുന്നതിനും അതുവഴി കൊള്ളലാഭം കൊയ്യുന്നതിനും ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചന നടന്നുവെന്നാണ് മരക്കച്ചവടക്കാരന് റേഞ്ച് ഓഫിസറോട് പറഞ്ഞ മൊഴിയിലുള്ളത്. വയനാട്ടില്‍ വിവിധ തരം പട്ടയഭൂമികളുണ്ട്. ഇതില്‍ ജന്മം പട്ടയഭൂമികളിലെ ഈട്ടി, തേക്ക് മരങ്ങളില്‍ അവകാശവും മുറിച്ചുവില്‍ക്കാനുള്ള സ്വാതന്ത്ര്യവും ഉടമകള്‍ക്കുണ്ട്.
എന്നാല്‍ റവന്യു പട്ടയഭൂമികളില്‍ ഇത്തരം മരങ്ങളുടെ ഉടമാവകാശം സര്‍ക്കാരിനാണ്.
1960ലെ ലാന്‍ഡ് അസൈന്മെന്റ് നിയമ പ്രകാരം മരവിലയും സ്ഥലവിലയും ഈടാക്കാതെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിച്ചപ്പോള്‍ ഭൂമിയിലെ റിസര്‍വ് മരങ്ങളുടെ ഉടമാവകാശം സര്‍ക്കാര്‍ നിലനിര്‍ത്തുകയാണ് ചെയ്തത്. എന്നിരിക്കേയാണ് മരംമുറി അനുവദിക്കുന്ന വിധത്തില്‍ പരിപത്രവും പിന്നീട് ഉത്തരവും ഇറങ്ങിയത്.
ജില്ലയില്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകളിലായി ഏകദേശം 12,000 ഏക്കര്‍ റവന്യു പട്ടയഭൂമിയുണ്ട്. ചില കര്‍ഷക കൂട്ടായ്മകള്‍ നേരത്തേ നടത്തിയ കണക്കെടുപ്പനുസരിച്ചു ഇത്രയും ഭൂമിയില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ 7,172ഉം പൂര്‍ണവളര്‍ച്ചയെത്താത്ത 4,493ഉം ഈട്ടികളുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Timber lobby eyes 3 000 rosewood trees