ജന്തർ മന്തറിൽ പ്രതിഷേധത്തിന് പ്രക്ഷോഭകർ
ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ മറികടന്ന് ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലേക്ക് പ്രക്ഷോഭകർ ഇരച്ചെത്തി. ഇതോടെ രാജ്യതലസ്ഥാനം മണിക്കൂറുകളോളം കടുത്ത സംഘർഷഭരിതമായി.
ഇന്ത്യാഗേറ്റിൽനിന്നു ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നാണ് ഐസ ഉൾപ്പടെയുള്ള വിദ്യാർഥിസംഘടനകൾ ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതു പ്രതീക്ഷിച്ച് പൊലിസ് ഇന്ത്യാഗേറ്റ് പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബാരിക്കേഡുകൾ ഉയർത്തി പ്രദേശം പൂർണമായി അടയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, പൊലിസിനെ വെട്ടിച്ച് ഉച്ചകഴിഞ്ഞു മൂന്നോടെ സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ ഇന്ത്യാ ഗേറ്റിന് തൊട്ടടുത്തുള്ള ഹൈദരാബാദ് ഭവനുമുന്നിൽ മിന്നൽ സമരം ആരംഭിച്ചു. പൊലിസ് ബലം പ്രയോഗിച്ച് എഎപി പ്രവർത്തകരെ മൂന്ന് ബസുകളിലായി അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് അടുത്ത സമരം പൊട്ടിപ്പുറപ്പെട്ടത്.
നേഹ ബോറയുടെ നേതൃത്വത്തിൽ ഇടതുസംഘടനയായ ഐസയും ജെഎൻയുവിലെ വിദ്യാർഥികളും ഉൾപ്പെടുന്ന 500 ഓളം പ്രതിഷേധക്കാർ അരകിലോമിറ്റർ അകലെ ജന്തർ മന്തറിലേക്ക് മാർച്ച് ആരംഭിച്ചു. ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നേറിയ സമരക്കാരെ തടയാൻ പൊലിസ് ഏറെ പ്രയാസപ്പെട്ടു. സമരക്കാരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ബസിൽ കയറ്റിയെങ്കിലും എമർജൻസി ഡോറുകളിലൂടെയും ചില്ലുകൾ പൊട്ടിച്ചും വിദ്യാർഥികൾ പുറത്തിറങ്ങി വീണ്ടും സമരത്തിന്റെ ഭാഗമായി. ഇതോടെ സമരം സംഘർഷത്തിലേക്കു നീങ്ങി.
രണ്ടു മണിക്കൂറോളം പിന്നിട്ടശേഷമാണ് സമരക്കാരെ ഒഴിപ്പിക്കാൻ പൊലിസിനായത്. രാത്രിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലും ഇന്ത്യാഗേറ്റ് പരിസരത്ത് സമരം നടക്കുകയാണ്. അതേസമയം, പ്രതിഷേധക്കാരെ നേരിടാൻ ഡൽഹി പൊലിസ് സ്വീകരിച്ച ക്രൂരമായ നടപടികൾക്കെതിരേ വ്യാപക വിമർശനമുയരുന്നുണ്ട്. സമരക്കാർക്കുപുറമെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരേയും പൊലിസ് അതിക്രമം കാട്ടിയതായി ആക്ഷേപമുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Delhi turns into sea of protest