ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസിന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി കീവ് നഗരത്തിലുണ്ടായ റഷ്യൻ ആക്രമണത്തിൽ തകർന്ന കെട്ടിടം കാണിച്ചുകൊടുക്കുന്നു.
കീവ്: റഷ്യൻ റിഫൈനറികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇരട്ടിയാക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ മുന്നറിയിപ്പ്.
കീവ് അടക്കമുള്ള നഗരങ്ങളിൽനിന്നു ജനങ്ങളെ ഓടിക്കാനായി വ്യോമാക്രമണങ്ങൾ ശക്തിപ്പെടുത്താൻ നിർദേശിച്ച് റഷ്യൻ പ്രസിഡന്റ് ഉത്തരവിറക്കിയിട്ടുണ്ടെന്ന് യുക്രെയ്ൻ ഇന്റജിലൻസ് കണ്ടെത്തിയതായി സെലൻസ്കി അറിയിച്ചു.
റോഡുകളും സ്കൂളുകളും ആശുപത്രികളുമെല്ലാം ആക്രമിക്കാനാണു നിർദേശം. റഷ്യൻ എണ്ണക്കയറ്റുമതികേന്ദ്രങ്ങളിലെ ആക്രമണം ഇരട്ടിയാക്കിക്കൊണ്ടായിരിക്കും യുക്രെയ്ൻ ഇതിനു മറുപടി നല്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ 140 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യയിൽനിന്നു തിരിച്ചുപിടിച്ചതായും സെലൻസ്കി അവകാശപ്പെട്ടു.
ഇതിനിടെ, റഷ്യ-യുക്രെയ്ൻ വെടിനിർത്തലിനായി അമേരിക്ക ശ്രമങ്ങൾ ഊർജിതമാക്കിയതായി റിപ്പോർട്ടുണ്ട്. റഷ്യൻ എണ്ണയുത്പാദന കേന്ദ്രങ്ങളെ ആക്രമിക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞമാസം സെലൻസ്കിയോടു നിർദേശിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില അനിശ്ചിതത്വത്തിൽ തുടരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.
ഇന്ത്യൻ മരുന്നു കന്പനി ഫാക്ടറിയിൽ ഡ്രോൺ; ഒരാൾ കൊല്ലപ്പെട്ടു
കീവ്: ഇന്ത്യയിലെ കുസും ഗ്രൂപ്പിന്റെ കീഴിലുള്ള യുക്രെയ്നിലെ മരുന്നു നിർമാണ ഫാക്ടറിയിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ നഗരമായ സുമിയിൽ ഇന്നലെയായിരുന്നു ആക്രമണം.
കുസും ഗ്രൂപ്പ് അന്പതോളം മരുന്നുകൾ യുക്രെയ്നിലെ ഫാക്ടറിയിൽ നിർമിക്കുന്നുണ്ട്. ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നു. ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണു യുക്രെയ്നിലെ കന്പനിയുടെ മേധാവി. നാലു വർഷ റഷ്യൻ അധിനിവേശത്തിനിടെ കാര്യമായ കുഴപ്പമില്ലാതെ കുസും ഗ്രൂപ്പിന്റെ ഫാക്ടറി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഫാക്ടറിക്കു വലിയ നാശമുണ്ടായി എന്നാണ് റിപ്പോർട്ട്. 400 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
മെർസിന്റെ സന്ദർശനത്തിനിടെ കീവിൽ റഷ്യൻ വ്യോമാക്രമണം
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ പാലങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സേന വ്യോമാക്രമണം തുടരുന്നു. നിപ്രോ നദിക്കു കുറുകേയുള്ള വടക്കൻ പാലത്തിൽ ഇന്നലെയും ഡ്രോൺ ആക്രമണമുണ്ടായി. ശനിയാഴ്ചയും ഇതേ പാലം ആക്രമിക്കപ്പെട്ടിരുന്നു.
ഏതാനും ദിവസം മുന്പ് നിപ്രോ നദിയിലെ തെക്കൻപാലം ആക്രമിക്കപ്പെട്ടിരുന്നു. റഷ്യയുടെ പുതിയ യുദ്ധതന്ത്രമാണ് ഈ ആക്രമണങ്ങളെന്നു വിലയിരുത്തപ്പെടുന്നു.
ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തവേയാണു റഷ്യൻ ആക്രമണം. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി മെർസ് കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ വെല്ലുവിളി നേരിടുന്ന സമയമായതിനാലാണ് കീവിലേക്കു പോകുന്നതെന്നും യുക്രെയ്നു ജർമനിയെ വിശ്വസിക്കാമെന്നും മെർസ് സോഷ്യൽമീഡിയയിൽ കുറിച്ചു.
2025 മേയിൽ മെർസ് ചാൻസലറായ ശേഷം ജർമനിയാണു യുക്രെയ്ന് ഏറ്റവും കൂടുതൽ ആയുധസഹായം നല്കുന്നത്. റഷ്യയിൽ പിടിച്ചുകെട്ടണമെന്നും അല്ലെങ്കിൽ യൂറോപ്പിനെതിരേ തിരിയുമെന്നും മെർസ് അഭിപ്രായപ്പെട്ടു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Double attack on Russian refineries