കാല് നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിവാര നഷ്ടപരമ്പരയിലെ ചക്രവ്യൂഹത്തില്‍ നിഫ്റ്റി സൂചിക അകപ്പെട്ടു. രക്ഷനേടാന്‍ പണി പതിനെട്ടും പയറ്റിയ നിക്ഷേപകര്‍ ആശങ്കയിലാണ്. ദീപാവലിക്ക് മുന്നേ ഒരു തിരിച്ചുവരവ് ഏതാരു ഇന്ത്യന്‍ നിക്ഷേപകന്റെയും സ്വപ്നമാണ്. എന്നാല്‍ അതിന് അവസരം നല്‍കാത്ത വിധം അതിശക്തമായ വിൽപന തരംഗമാണ് വിദേശ ഫണ്ടുകള്‍ സൃഷ്ടിക്കുന്നത്. വിപണി ചെകുത്താനും കടലിനുമിടയിലൂടെ നീങ്ങുന്നതിനാല്‍ പുതിയ ബാധ്യതകള്‍ക്ക് മുതിരാതെ ചെറുകിട നിക്ഷേപകര്‍ പകച്ചുനില്‍ക്കുകയാണ്. അതേസമയം കഴുകന് കണ്ണുകളുമായി ഓരോ താഴ്ചയും അവസരമാക്കി ഊഹക്കച്ചവടക്കാര്‍ വലയെറിയുന്നുണ്ട്.
വിദേശ ഫണ്ടുകള്‍ പിന്നിട്ട മാസം 44,012.82 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. പോയവാരം അവര്‍ 34,970 കോടി രൂപയുടെ വിൽപന നടത്തി. ജൂണിന് ശേഷം ഇത്ര കനത്ത പ്രതിവാര വില്പന ആദ്യമാണ്. മൂലധന വിപണിയിലെ തകര്‍ച്ച തടയാന്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ നിരന്തര ശ്രമത്തിലാണ്. പിന്നിട്ട നാല് ദിവസങ്ങളില്‍ അവര്‍ 33,460 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സെപ്റ്റംബറിലെ മൊത്തം നിക്ഷേപം 76,030 കോടി രൂപയാണ്.
സെന്‍സെക്സ് 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലും നിഫ്റ്റി ആറുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന ക്ലോസിംഗിലുമാണ്. നിഫ്റ്റി സൂചിക 694 പോയിന്റും സെന്‍സെക്സ് 1690 പോയിന്റും പ്രതിവാര നഷ്ടത്തിലായി. തുടര്‍ച്ചയായ എട്ട് ആഴ്ചകളിലെ തകര്‍ച്ചയില്‍ നിഫ്റ്റി 8.7 ശതമാനവും സെന്‍സെക്സ് 8.4 ശതമാനവും ഇടിഞ്ഞു.
രൂപ പിരിമുറുക്കത്തിൽ
പണ്ടേ ദുര്‍ബല പിന്നെ ഗര്ഭിണിയുമെന്ന അവസ്ഥയിലാണ് ഇന്ത്യന്‍ രൂപ. ഓഹരികളിലെ വില്പന സമ്മര്‍ദത്തിനിടയില്‍ ഡോളര്‍ ശേഖരിച്ച് രംഗം വിടാന്‍ വിദേശ ഫണ്ടുകള്‍ നടത്തിയ നീക്കം രൂപയെ പിരിമുറുക്കത്തിലാക്കി. 95.83ല്‍ നിന്നും രൂപ 96.30ലേക്ക് ഇടിഞ്ഞു. രൂപയുടെ അടിയൊഴുക്ക് കണക്കിലെടുത്താല്‍ 96.55ലേക്കും തുടര്‍ന്ന് 97.28ലേക്കും ദുര്‍ബലമാകാം. താത്ക്കാലികമായി 95.41ല്‍ താങ്ങുണ്ട്.
സാമ്പത്തിക മേഖലയിലെ സ്ഥിതിഗതികള്‍ അത്ര സുഖകരമല്ലാത്ത സാഹചര്യത്തില്‍ ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി അടുത്ത ദിവസം യോഗം ചേരും. പണപ്പെരുപ്പം കണക്കിലെടുത്താല്‍ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് വര്‍ധനയ്ക്ക് സാധ്യത. ബോണ്ട് യീല്‍ഡുകള്‍ ഉയര്‍ന്നതിനാല്‍ അമേരിക്കയുടെയും ഇന്ത്യയുടെയും പലിശനിരക്കിലെ വ്യത്യാസം കുറയ്ക്കാന്‍ നീക്കം നടക്കാം.
നിഫ്റ്റി സമ്മര്‍ദത്തിൽ
നിഫ്റ്റി കടുത്ത സമ്മര്‍ദത്തിലാണ്. തിരിച്ചുവരവിന് ഒരു വൈക്കോല്‍ത്തുമ്പ് പോലും ലഭിക്കാന്‍ അവസരം നല്‍കാത്തവിധം കനത്ത വില്പന വിദേശ ഫണ്ടുകള്‍ നടത്തി. 23,140ല്‍നിന്ന് ഒരു പോയിന്റ് പോലും ഉയരാനുള്ള സാഹചര്യം നല്‍കാതെ ബ്ലൂചിപ്പ് ഓഹരികള്‍ അവര്‍ വിറ്റതോടെ 22,747ലെ സപ്പോര്‍ട്ട് തകര്‍ത്ത് 22,218ലേക്ക് ഇടിഞ്ഞു.
നിഫ്റ്റിയെ സംബന്ധിച്ച് 200 ആഴ്ചകളിലെ നിര്‍ണായക സപ്പോര്‍ട്ട് മേഖലയായിരുന്ന 23,000 പോയിന്റില്‍ കാലിടറിയത് വന്‍ ആഘാതങ്ങള്‍ക്ക് ഇടയാക്കാം. ക്ലോസിംഗില്‍ സൂചിക 22,421 പോയിന്റിലാണ്. ഈ വാരം 22,066ലെ ആദ്യ സപ്പോര്‍ട്ട് നഷ്ടമായാല്‍ മാസമധ്യം സൂചിക 21,711ലേക്ക് തിരിയാം. തിരിച്ചുവരവിന് ശ്രമിച്ചാല്‍ 22,928ല്‍ പ്രതിരോധമുണ്ട്. ഡെയ്ലി, വീക്കിലി ചാര്‍ട്ടുകളില്‍ എംഎസിഡി നെഗറ്റീവ് സോണില്‍ നീങ്ങുന്നത് ദുര്‍ബലാവസ്ഥ രൂക്ഷമാക്കാം. സൂപ്പര്‍ ട്രെന്‍ഡും പാരബോളിക്കും സെല്ലിംഗില്‍ നീങ്ങുന്നത് വിൽപനക്കാരുടെ വീര്യം വര്‍ധിപ്പിക്കും.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ഒക്ടോബര്‍ 23,064ല്‍നിന്ന് വാരാന്ത്യം 22,321ലേക്ക് താഴ്ന്നങ്കിലും ക്ലോസിംഗില്‍ 22,520ലാണ്. വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റ് 104.4 ലക്ഷം കരാറുകളില്‍നിന്ന് 191.6 ലക്ഷമായി. ഓപ്പണ്‍ ഇന്ററസ്റ്റിലെ വര്‍ധന പുതിയ ഷോര്‍ട്ട് പൊസിഷനുകള്‍ക്ക് മുന്‍തൂക്കം നല്കുന്നു. നിലവില്‍ ബുള്ളിഷ് സൂചനകളൊന്നും ദൃശ്യമല്ലാത്തതിനാല്‍ സപ്പോര്‍ട്ട് മേഖലയായ 22,000-21,800ലേക്ക് മാസത്തിന്റെ രണ്ടാം പകുതിയില്‍ ദൃഷ്ടി തിരിയാം.
സെൻസെക്സ് ഇടിവിൽ
സെന്‍സെക്സ് 73,895ല്‍നിന്ന് ഇടിവോടെയാണ് ഓപ്പണ്‍ ചെയ്തത്. മുന്‍നിര ഓഹരികളിലെ വിൽപന സമ്മര്‍ദത്തില്‍ 72,575ലെ താങ്ങ് തകര്‍ത്ത് 71,300ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗില്‍ 71,909 പോയിന്റിലാണ്. ഈ വാരം 70,892 -69,876 പോയിന്റില്‍ സപ്പോര്‍ട്ടുണ്ട്. മുന്നേറാന്‍ ശ്രമിച്ചാല്‍ 73,334ല്‍ പ്രതിരോധവും.
സ്വര്‍ണത്തിൽ ചാഞ്ചാട്ടം
അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ സെല്ലിംഗ് പ്രഷര്‍ വര്‍ധിച്ചു. ട്രോയ് ഔണ്‍സിന് 4284 ഡോളറില്‍നിന്ന് 4114ലേക്ക് താഴ്ന്ന ശേഷം വ്യാപാരാന്ത്യം 4142 ഡോളറിലാണ്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Market drenched in red