ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് കർദിനാൾ മത്തെയോ
അസീസി (ഇറ്റലി): വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ 800-ാം വാർഷികം ഭക്ത്യാദരപൂർവം ആഘോഷിച്ച് അസീസി നഗരവും ഇറ്റലിയും. 1977ന് ശേഷം ആദ്യമായി രാജ്യത്തു വീണ്ടും ദേശീയ അവധിയായി പ്രഖ്യാപിച്ചാണ് ഇറ്റലി തങ്ങളുടെ മധ്യസ്ഥന്റെ തിരുനാൾദിനം ആഘോഷമാക്കിയത്.
ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ച ഫ്രാൻസിസ്കൻ ജൂബിലി വർഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു തീർഥാടകരാണ് അസീസിയിലെ പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തിയത്.
പ്രധാന തിരുനാൾ ദിനമായ ഇന്നലെ രാവിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് കർദിനാൾ മത്തെയോ സൂപ്പി മുഖ്യകാർമികത്വം വഹിച്ചു. അധികാരമോഹവും സാമ്പത്തികതാത്പര്യങ്ങളും ദേശീയതയും ലോകത്തു സംഘർഷങ്ങൾ വിതയ്ക്കുന്ന കാലത്ത്, സമാധാനം നമ്മളിൽനിന്നാണു തുടങ്ങേണ്ടതെന്ന് വചനസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല, രാഷ്ട്രീയനേതാക്കൾ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇറ്റലിയിലെ മുഴുവൻ നഗരസഭകളെയും പ്രവിശ്യകളെയും പ്രതിനിധീകരിച്ച് അസീസി മേയർ വാൾട്ടർ സ്റ്റോപ്പിനി വിശുദ്ധന്റെ ബലിപീഠത്തിൽ തിരി തെളിച്ചു. തിരുക്കർമങ്ങൾക്കുശേഷം ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല വിശുദ്ധന്റെ കല്ലറയിൽ ദീപം തെളിക്കുകയും തുടർന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. വിശുദ്ധ ഫ്രാൻസിസ് അസീസി പകർന്നുനൽകിയ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ഇന്നും ലോകത്തിന് വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ ഫ്രാൻസിസിന്റെയും വിശുദ്ധ ക്ലാരയുടെയും തിരുശേഷിപ്പുകൾ, കൈയെഴുത്ത് പ്രാർഥനാ പുസ്തകങ്ങൾ, വിശുദ്ധന്റെ അന്ത്യനിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ച ചരിത്രവസ്തുക്കൾ എന്നിവ ഉൾപ്പെടുത്തി പോർസിയുങ്കോള മ്യൂസിയത്തിൽ സംഘടിപ്പിച്ച പ്രത്യേക പ്രദർശനം കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
വിശുദ്ധ ഫ്രാൻസിസിന്റെ ആത്മീയസന്ദേശം മാറ്റമില്ലാതെ തുടരുന്നു: മാർപാപ്പ
വത്തിക്കാൻ സിറ്റി: അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ദിവംഗതനായിട്ട് 800 വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ജീവകാരുണ്യ സന്ദേശങ്ങളും ആത്മീയ ചൈതന്യവും ഇന്നും നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുകയാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വിശുദ്ധ ഫ്രാൻസിസിന്റെ സ്വർഗപ്രവേശനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങളുടെ കൊടുങ്കാറ്റിൽനിന്ന് മാനവരാശിയെ രക്ഷിക്കാൻ സമാധാനത്തിനായുള്ള പ്രാർഥനകൾ ശക്തിപ്പെടുത്തണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.
ഈശോമിശിഹായുടെ ദാരിദ്ര്യവും ക്ലേശങ്ങളും സ്വന്തം ജീവിതത്തിൽ പകർത്തി സഭയെ പുനരുദ്ധരിച്ച വ്യക്തിയാണു വിശുദ്ധ ഫ്രാൻസിസ്. അന്യോന്യമുള്ള സ്നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും ഭിന്നതകൾ പരിഹരിക്കാൻ വിശുദ്ധന്റെ മാതൃക നമ്മെ പഠിപ്പിക്കുന്നു-മാർപാപ്പ പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Thousands participate feast of Saint Francis