മയാങ്ക് സിംഗ്
മീററ്റ്: ഭർത്താവ് കാമുകിയുമൊത്ത് സമയം ചെലവഴിക്കുന്നത് കൈയോടെ പിടികൂടിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ മീററ്റിൽ നാടകീയ രംഗങ്ങൾ. സംസാരിച്ചുതീർക്കാൻ ശ്രമിക്കുന്നതിനിടെ കാറുമായി കടന്നുകളയാൻ ശ്രമിച്ച ഭർത്താവിന്റെ കാറിന്റെ ബോണറ്റിൽ ഭാര്യ തൂങ്ങിക്കിടക്കുകയും ഭർത്താവ് ഈ അവസ്ഥയിൽ കാർ മുന്നോട്ട് ഓടിച്ചുപോകുകയുമായിരുന്നു. ശനിയാഴ്ച വൈകുന്നേരം ലോഹിയാനഗറിലെ എൽ-ബ്ലോക്ക് പൊലിസ് ഔട്ട്പോസ്റ്റിന് സമീപമായിരുന്നു സംഭവം.
മയാങ്ക് സിംഗ് എന്നയാളാണ് കാമുകി മഹി വർമയോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെ ഭാര്യ സുനിത സിംഗിന്റെ മുന്നിൽപ്പെട്ടത്. ഇവരെ ഒരുമിച്ച് കണ്ടതോടെ സുനിത ചോദ്യം ചെയ്യുകയും സ്ഥലത്ത് തർക്കമുണ്ടാകുകയും ചെയ്തു. തുടര്ന്ന് മയാങ്ക് തന്റെ ടൊയോട്ട ടൈസർ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സുനിത കാറിനുമുന്നിൽ തടസമായി നിൽക്കുകയായിരുന്നു. മയാങ്ക് കാർ മുന്നോട്ടെടുത്തതോടെ സുനിത ബോണറ്റിലേക്കു വീഴുകയും ബോണറ്റിൽ പിടിച്ച് തൂങ്ങുകയുമായിരുന്നു.
സുനിത ബോണറ്റിൽ കിടന്നു സഹായത്തിനായി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടുകയും കാർ തടയുകയും ചെയ്തു. ഇതിനോടകം ഏകദേശം നൂറു മീറ്ററോളം ദൂരം മയാങ്ക് കാർ ഓടിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ മയാങ്കിനും കാമുകി മഹി വർമയ്ക്കുമെതിരേ പൊലിസ് കേസെടുത്തു. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, വഞ്ചന എന്നിവയ്ക്കുപുറമേ കൊലപാതകശ്രമത്തിനും മയാങ്കിനെതിരേ കേസെടുത്തിട്ടുണ്ട്.ഭർത്താവിനെയും കാമുകിയെയും പൊലിസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Husband's dangerous drive with wife