ബെഞ്ചമിൻ നെതന്യാഹു, സ്മിത് മച്ചാർ
ടെൽ അവീവ്: ആകാശച്ചുഴിയിൽ നടന്ന കൊലപാതകശ്രമത്തിലും നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ബിഗ് സല്യൂട്ടുമായി ഇസ്രയേൽ. ധീരതയുടെ ഉദാഹരണമായി മാറിയ ഈ ഇന്ത്യൻ പൈലറ്റിനെ ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലേക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് ക്ഷണിച്ചു.
ലോകത്തിന് തന്നെ മാതൃകയായ 'ഗ്ലോബൽ ഹീറോ' ആണ് സ്മിത് എന്ന് വിശേഷിപ്പിച്ച നെതന്യാഹു, രാജ്യത്തിന്റെ ഏറ്റവും വലിയ ബഹുമതിയായ സ്വാതന്ത്യദിനത്തിൽ ദീപം തെളിയിക്കാനുള്ള ചടങ്ങിലേക്കാണ് അദ്ദേഹത്തെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആദരവോടെ ക്ഷണിച്ചത്. സാധാരണയായി ഇസ്രയേൽ പൗരന്മാർക്ക് മാത്രം നൽകാറുള്ള ഈ അപൂർവ ബഹുമതി ഇന്ത്യക്കാരനായ മച്ചാറിനായി ഇസ്രയേൽ സമർപ്പിക്കുകയായിരുന്നു.
സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. വിമാനം തകർക്കാൻ ശ്രമിച്ച ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമി, സ്മിത് മച്ചാറിനെ ആയുധം ഉപയോഗിച്ച് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം 17,000 അടിയോളം താഴേക്ക് പതിച്ച വിമാനത്തിനുള്ളിൽ കാഴ്ച മങ്ങിയിട്ടും അവസാന ശ്വാസം വരെ പൊരുതിയാണ് മച്ചാർ കോക്ക്പിറ്റിന്റെ ലോക്ക് തുറന്നത്. തുടർന്ന് യാത്രക്കാർ അകത്തുകയറി അക്രമിയെ കീഴടക്കുകയായിരുന്നു.
Tags : FlyDubaiCaptain SmitMachar DeepikaNews LatestNews