പ്രതീകാത്മക ചിത്രം
കോൽക്കത്ത: ഫുട്ബോൾ ആവേശം ചോരാതിരിക്കാൻ ഇന്ത്യ-യുറഗ്വായ് മത്സരത്തിന്റെ ടിക്കറ്റ് ചാർജ് കുത്തനെ വെട്ടിക്കുറച്ച് എഐഎഫ്എഫ്. കഴിഞ്ഞ ദിവസം ബ്രസീലുമായുള്ള മത്സരം നടന്നപ്പോൾ പോലും സ്റ്റേഡിയത്തിൽ ആളുകൾ കുറവായിരുന്നു. വിനീഷ്യസ് ജൂണിയറും എൻഡ്രിക്കും അടക്കമുള്ള വമ്പൻ താരനിര അണിനിരന്നിട്ടും കഴിഞ്ഞ മത്സരങ്ങളിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പകുതിയിലധികം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ആറിന് കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന യുറഗ്വായ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ എഐഎഫ്എഫ് വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന നിരക്കുകൾ കാരണം ആരാധകർ സ്റ്റേഡിയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി. നേരത്തെ 1,999 രൂപയുണ്ടായിരുന്ന ചില ടിക്കറ്റുകൾ വെറും 199 രൂപയ്ക്കാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
സി2 ലെഫ്റ്റ്, സി2 റൈറ്റ് ബ്ലോക്കുകളിലെ ടിക്കറ്റുകൾക്കാണ് ഈ വൻ വിലക്കുറവ്. ഡിസ്ട്രിക്ട് ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആരാധകർക്ക് ഇപ്പോൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും കളത്തിലിറങ്ങുമ്പോൾ ആരവമുയരുന്ന കോൽക്കത്തയിലെ ഫുട്ബോൾ ഗാലറികൾ അന്താരാഷ്ട്ര മത്സരങ്ങളിലും സജീവമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Tags : football india uruguay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash