പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിനിടെ ഒരു ബസ് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പൊലിസ് പിന്നീട് വിട്ടയച്ചെങ്കിലും ഇവർ പിരിഞ്ഞുപോകാൻ തയാറായില്ല.
ഇതോടെ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് നീക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. എഐഎസ്എ നേതാവ് നേഹ ബോറയെ പ്രതിഷേധത്തിനിടെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് സംഘടന പൊലിസിൽ പരാതി നൽകി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് നേഹ ബോറയെ പിന്നീട് വിട്ടയച്ചു. എന്നാൽ അവരുടെ ഫോണും ബാഗും നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രവർത്തകർ സംഘടിച്ച് ഇന്ത്യാ ഗേറ്റിലേക്ക് മാർച്ച് നടത്തിയെങ്കിലും പൊലിസ് തടഞ്ഞു. നാല് ബസുകളിലായി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. ഇതിനിടെ ഇന്ത്യാ ഗേറ്റിൽ നിന്ന് ജന്തർ മന്ദറിലേക്ക് വിദ്യാർഥി സംഘടനയായ എഐഎസ്എഫും പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്ന് പൊലിസ് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യാ ഗേറ്റിലും പരിസരത്തും വൻ പൊലിസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നേരത്തെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലിസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Tags : GyaneshKumar Resignation DelhiProtest ElectionCommission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash