National
ന്യൂഡൽഹി: അമേരിക്കയിൽനിന്ന് അത്യാധുനിക ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനായുള്ള കരാർ സമ്മതപത്രത്തിൽ (ലെറ്റർ ഓഫ് ഓഫർ ആൻഡ് ആക്സപ്റ്റൻസ്) ഇന്ത്യ ഒപ്പുവച്ചു. അമേരിക്കയുടെ ഫോറിൻ മിലിട്ടറി സെയിൽസ് (എഫ്എംഎസ്) വഴിയാണ് കരാർ നടപ്പാക്കുക.
ലോകത്തിലെ ഏറ്റവും അത്യാധുനികവും പ്രഹരശേഷിയുള്ളതുമായ ആന്റി ടാങ്ക് മിസൈൽ സംവിധാനമാണ് ജാവലിൻ. ശത്രുക്കളുടെ യുദ്ധടാങ്കുകൾ, കവചിത വാഹനങ്ങൾ, ബങ്കറുകൾ, താഴ്ന്നുപറക്കുന്ന ഹെലികോപ്റ്ററുകൾ എന്നിവ തകർക്കാൻ സൈനികർക്ക് തോളിൽവച്ച് പ്രയോഗിക്കാവുന്ന തരത്തിലാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. മിസൈൽ തൊടുക്കുന്നതിനുമുമ്പ് ലക്ഷ്യം ലോക്ക് ചെയ്താൽ മാത്രം മതി.
തൊടുത്തുകഴിഞ്ഞാൽ മിസൈൽ സ്വയം ലക്ഷ്യസ്ഥാനത്തേക്ക് വഴി കണ്ടെത്തി കുതിക്കും. വിദൂരമല്ലാത്ത ലക്ഷ്യങ്ങളെ തകർക്കാൻ മിസൈലിനു സാധിക്കും. കൂടാതെ രാത്രിയിലും പകലും ഏത് കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്ന തെർമൽ-ഇൻഫ്രാറെഡ് സാങ്കേതികവിദ്യ മിസൈലിനുണ്ട്. ലോഞ്ചറും മിസൈലും ഉൾപ്പെടെ ആകെ ഭാരം ഏകദേശം 22 കിലോഗ്രാമാണ്.
ഇന്ത്യ-യുഎസ് തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിന്റെ തെളിവാണ് കരാറെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.
യുഎസ് കരസേനയും മറൈൻ കോറും ഉപയോഗിക്കുന്ന ഈ മിസൈൽ സംവിധാനം, പുതിയ കരാറിലൂടെ ഇന്ത്യയിൽ സംയുക്തമായി നിർമിക്കുന്നതിനുള്ള ചർച്ചകൾക്കും വഴിതുറക്കുമെന്ന് എംബസി വ്യക്തമാക്കി. ആർടിഎക്സ്, ലോക്ക്ഹീഡ് മാർട്ടിൻ എന്നീ കമ്പനികൾ സംയുക്തമായാണ് മിസൈൽ നിർമിച്ചിരിക്കുന്നത്.
Tech
ന്യൂ ഡൽഹി: അടുത്ത എട്ട് വർഷത്തിനുള്ളിൽ അത്യാധുനിക 7nm മുതൽ 3nm വരെയുള്ള സെമികണ്ടക്ടർ ചിപ്പുകൾ ഇന്ത്യയിൽ നിർമിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ സെമികണ്ടക്ടർ മേഖലയിലെ പുരോഗതിയും ഭാവി പദ്ധതികളും വ്യക്തമാക്കിക്കൊണ്ട് പങ്കുവെച്ച പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിൽ 40nm ലെവലിലുള്ള ചിപ്പ് നിർമാണ ശേഷിയാണ് ഇന്ത്യക്കുള്ളത്. ഇത് ഘട്ടംഘട്ടമായി ഉയർത്തി അടുത്ത എട്ട് വർഷത്തിനകം 7nm, 3nm സാങ്കേതികവിദ്യയിലേക്ക് എത്തിക്കാനുള്ള വ്യക്തമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെമികണ്ടക്ടർ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള 'സെമികോൺ 2.0' പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. 1.275 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ ചിപ്പ് ഡിസൈൻ, ഗവേഷണം, പാക്കേജിംഗ്, വൈദഗ്ധ്യമുള്ള ജീവനക്കാരുടെ പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.
ഗുജറാത്തിലെ ധൊലേരയിൽ ടാറ്റ ഇലക്ട്രോണിക്സിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ പ്രധാന ചിപ്പ് നിർമാണ ശാല ഉയരുന്നത്. കൂടാതെ, ഭാവി ആവശ്യങ്ങൾക്കായി ഒരു ലക്ഷത്തിലധികം ചിപ്പ് ഡിസൈൻ എഞ്ചിനീയർമാർക്ക് വരും വർഷങ്ങളിൽ പരിശീലനം നൽകാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിറ്റിയിൽ പരസ്യങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങിയതായി നിർമാതാക്കളായ ഓപ്പൺഎഐ. ഇന്ത്യയിലെ ഫ്രീ , ഗോ പ്ലാനുകൾ ഉപയോഗിക്കുന്ന മുതിർന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകളിലാണ് പ്രോത്സാഹിത സന്ദേശങ്ങൾ കാണിച്ചു തുടങ്ങുന്നത്. അമ്പതിലധികം ബ്രാൻഡുകളാണ് ആദ്യ ആഴ്ചയിൽ ചാറ്റ്ജിപിറ്റിയിലൂടെ പരസ്യം നൽകുന്നത്.
സെപ്റ്റംബർ 4 മുതൽ ബിസിനസുകൾക്ക് സ്വയം പരസ്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന 'ആഡ്സ് മാനേജർ' സേവനവും ലഭ്യമാകും. പ്രതിദിനം കുറഞ്ഞത് 725 രൂപ ബജറ്റിൽ കമ്പനികൾക്ക് ചാറ്റ്ജിപിറ്റിയിൽ പരസ്യങ്ങൾ നൽകാം. ഉപയോക്താക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ലഭിക്കുന്ന മറുപടിക്ക് താഴെയായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ഇവ സ്പോൺസേഡ് എന്ന് കൃത്യമായി അടയാളപ്പെടുത്തുമെന്നും എഐ മറുപടിയിൽ നിന്ന് വേർതിരിച്ചു കാണിക്കുമെന്നും കമ്പനി അറിയിച്ചു.
പരസ്യങ്ങൾ നൽകുന്നത് വഴി ചാറ്റ്ജിപിറ്റി നൽകുന്ന മറുപടികളിൽ യാതൊരുവിധ മാറ്റവും വരുത്തില്ലെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ഏറ്റവും ഉപയോഗപ്രദമായ വിവരങ്ങൾ തന്നെ തുടർന്നും ലഭിക്കും.
കൂടാതെ ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററിയോ വ്യക്തിഗത വിവരങ്ങളോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും, ചാറ്റുകൾ പൂർണമായും സ്വകാര്യമായിരിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു. 18 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകളിലും രാഷ്ട്രീയം, മാനസികാരോഗ്യം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിലും പരസ്യങ്ങൾ ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി.
International
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാൻ തയാറെടുക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകും. പ്രത്യേകിച്ച്, അതിർത്തി പുനർനിർണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.
യഥാർഥ നിയന്ത്രണ രേഖയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ രണ്ട് രാജ്യങ്ങളും പ്രത്യേക വഴികൾ തേടും. സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾക്കായി രണ്ട് സ്ഥലങ്ങളിൽക്കൂടി സൗകര്യം ഒരുക്കാനും കിഴക്കൻ, മധ്യ മേഖലകളിൽ ഓരോ ഹോട്ട്ലൈൻ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിർത്തിയിലെ പരസ്പര സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരം കൂട്ടാനും, കൈലാസ് മാനസരോവർ യാത്രയ്ക്ക് കൂടുതൽ തീർഥാടകരെ അനുവദിക്കാനും ചർച്ചയിൽ ധാരണയായി.
ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടാകുന്ന ഏത് തർക്കവും നിലവിലെ നയതന്ത്ര, സൈനിക തല സംവിധാനങ്ങൾ വഴി സമാധാനപരമായി പരിഹരിക്കും. അതിർത്തി കടന്നൊഴുകുന്ന നദികളുടെയും ഡാമുകളുടെയും ഡേറ്റ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അടുത്ത മാസം വിദഗ്ധ സമിതി യോഗം ചേരും. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഈ ഉന്നതതല സംവിധാനത്തിന്റെ അടുത്ത വർഷത്തെ യോഗം ഇന്ത്യയിൽ നടത്താനും അജിത് ഡോവലും വാങ് യീയും ധാരണയിലെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ വലയുന്ന നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. കേന്ദ്ര സർക്കാർ തീരുമാനമനുസരിച്ച് വ്യോമസേനയുടെ സി-130 ജെ ട്രാൻസ്പോർട്ട് വിമാനത്തിൽ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ സംഘം ഇന്ന് അർധരാത്രിയോടെ നേപ്പാളിലേക്ക് പുറപ്പെടും.
അടിയന്തര സഹായ വസ്തുക്കളുമായി മറ്റൊരു വ്യോമസേനാ വിമാനം വ്യാഴാഴ്ച പുലർച്ചെയോടെ നേപ്പാളിലേക്ക് പോകുമെന്നും വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രളയത്തിൽ ഇന്ത്യൻ ജനത നേപ്പാളിനൊപ്പം ഉണ്ടാകുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു.
Sports
കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങിയതിനു പിന്നാലെ രണ്ടാമിന്നിംഗ്സിലും ശ്രീലങ്ക പതറുന്നു. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ആതിഥേയർ. 35 റൺസുമായി പസിന്ദു സൂര്യഭണ്ഡാരയും പത്തു റൺസുമായി കമിന്ദു മെൻഡിസുമാണ് ക്രീസിൽ.
ഓപ്പണർ ലഹിരു ഉഡാര (15), കാമിൽ മിഷാര (32) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.
നേരത്തെ, ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 503 റൺസ് പിന്തുടർന്ന ശ്രീലങ്ക 290 റൺസിന് പുറത്തായിരുന്നു. എട്ടിന് 265 റൺസ് എന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ലങ്കയ്ക്ക് 25 റൺസെടുക്കുന്നതിടെയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായത്. സ്കോർ 288ൽ എത്തിനിൽക്കെ, പന്ത്രണ്ട് റൺസുമായി ലഹിരു കുമാര സാരാൻശ് ജെയിനിന്റെ പന്തിൽ വിക്കറ്റിനു പിന്നിൽ ധ്രുവ് ജുറെലിനു പിടികൊടുത്തു മടങ്ങി.
തൊട്ടുപിന്നാലെ സെഞ്ചുറി തികച്ച സോണൽ ദിനുഷയെ കെ.എൽ. രാഹുലിന്റെ കൈയിലെത്തിച്ച ജെയിൻ ലങ്കൻ വീഴ്ച പൂർത്തിയാക്കി. ഇതോടെ, ഇന്ത്യയ്ക്ക് 213 റൺസിന്റെ ഒന്നാമിന്നിംഗ് ലീഡ് ലഭിച്ചു. 162 പന്തിൽ നിന്ന് 103 റൺസെടുത്ത ദിനുഷയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ദിനുഷയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.
Sports
ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ സീനിയർ ഫുട്ബോൾ ടീം പനാമയുമായി സൗഹൃദ മത്സരത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 26ന് മത്സരം നടക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. അതേസമയം മത്സര വേദി പ്രഖ്യാപിച്ചിട്ടില്ല.
പനാമയെ ആദ്യമായി നേരിടുന്ന ഇന്ത്യക്കും ഖാലിദ് ജമീലിനും കരുത്തറി യിക്കാനുള്ള അവസരം കൂടിയാണിത്. 44-ാം റാങ്കുകാരാണ് പനാമ.
Business
കൊച്ചി: ദുബായും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിനും ബിസിനസ് വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനുമായി ദുബായ് ചേംബേഴ്സ് രണ്ടു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.
ദുബായ് ചേംബേഴ്സ് പ്രസിഡന്റും സിഇഒയുമായ എച്ച്.ഇ. മുഹമ്മദ് അലി റാഷിദ് ലൂത്തയുടെ നേതൃത്വത്തിലുള്ള സംഘം ഏജന്റിക് എഐ പ്രോത്സാഹനം ഉള്‍പ്പടെയുള്ള വിഷയങ്ങളിലാണ് സോഫ്റ്റ്വേര്‍ കമ്പനികളുടെ അസോസിയേഷനായ നാസ്കോം, ഫെഡറേഷന് ഓഫ് കര്‍ണാടക ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുമായി സഹകരണ കരാറുകളില്‍ ഒപ്പുവച്ചത്.
സംഘം പ്രമുഖ ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളുമായും ബഹുരാഷ്ട്ര കമ്പനികളുമായും എട്ടു യോഗങ്ങള്‍ നടത്തി.
Sports
ആംസ്റ്റൽവീൻ: ഹോക്കിയിൽ ഇന്ത്യക്ക് ഇരട്ട പ്രഹരം. പുരുഷ ഹോക്കി ലോകകപ്പ് പൂൾ ഇയിലെ അവസാന മത്സരത്തിൽ അർജന്റീനയോട് 5-3 സ്കോറിന് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി. കരുത്തരായ ഓസ്ട്രേലിയയെ (0-0) സമനിലയിൽ തളച്ചെങ്കിലും ഇന്ത്യൻ വനിതകളുടെ മുന്നേറ്റവും അവസാനിച്ചു.
ആംസ്റ്റൽവീനിൽ നടന്ന പുരുഷ ഹോക്കി ലോകകപ്പ് പൂൾ ഇയിൽ മത്സരം തുടങ്ങി 39 സെക്കൻഡുകൾക്കുള്ളിൽ അർജന്റീനയുടെ ജോക്വിൻ ടോസ്കാനി ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ നിക്കോളാസ് ഡി ലാ ടോറെ ലീഡ് ഇരട്ടിയാക്കി. എന്നാൽ, സുഖ്ജീത് സിംഗ് ഇന്ത്യയുടെ ആദ്യ ഗോൾ നേടി പ്രതീക്ഷ പകർന്നു.
മൂന്നാം ക്വാർട്ടറിൽ അർജന്റീനയുടെ ടോമാസ് ഡൊമെനെ രണ്ട് ഗോളുകൾ നേടിയപ്പോൾ നാലാം ക്വാർട്ടറിൽ ലൂക്കാസ് ടോസ്കാനി അവരുടെ അഞ്ചാം ഗോൾ സ്വന്തമാക്കി. അവസാന രണ്ട് മിനിറ്റുകളിൽ സുഖ്ജീത് സിംഗും ഹാർദിക് സിംഗും ഓരോ ഗോൾ വീതം നേടിയെങ്കിലും ഇന്ത്യക്ക് ആശ്വാസ ഗോളുകളായി മാറി. പൂൾ ഇയിൽ അവസാന സ്ഥാനക്കാരായ ഇന്ത്യ വെള്ളിയാഴ്ച നടക്കുന്ന ഏഴാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ബെൽജിയത്തെ നേരിടും.
ഇന്ത്യൻ വനിതകളുടെ ഹോക്കി ലോകകപ്പ് സെമി സ്വപ്നം പോലിഞ്ഞു. നിർണായകമായ പൂൾ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ മറികടക്കാൻ ഇന്ത്യക്കായില്ല. മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
കൂടുതൽ ഗോളുകൾ സ്കോർ ചെയ്തതിന്റെ ആനുകൂല്യമാണ് ഓസ്ട്രേലിയയ്ക്ക് ഗുണകരമായത്. ഇന്ത്യക്ക് സെമിയിൽ പ്രവേശിക്കണമെങ്കിൽ ചെറിയ മാർജിനിലെങ്കിലും ജയം അനിവാര്യമായിരുന്നു. ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപിച്ചായിരുന്നു സെമിയിൽ പ്രവേശിച്ചത്.
Sports
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. 177 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 115 റൺസുമായി ജുറെൽ പുറത്താകാതെ നിന്നു.
ടെസ്റ്റ് കരിയറിലെ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഒന്നാം ദിവസം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അരങ്ങേറ്റക്കാരൻ സാരാംശ് ജെയിൻ പുറത്തായി. ആറ് റൺസെടുത്ത താരത്തെ അസിത ഫെർണാണ്ടോയാണ് മടക്കിയത്. തുടർന്ന് ക്രീസിലെത്തിയ ഋഷഭ് പന്ത് മികച്ച പ്രകടനമാണ് നടത്തിയത്.
ആദ്യ ദിനം പരിക്കിനെ തുടർന്ന് ഗ്രൗണ്ട് വിട്ട പന്ത് തിരിച്ചെത്തിയതോടെ ജുറെലിനൊപ്പം ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 112 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. പന്ത് 63 റൺസെടുത്താണ് പുറത്തായത്. ജുറെൽ പിന്നീട് വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി.
ഒടുവിൽ 138 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിലാണ്.
Sports
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയിലാണ്. 59 റണ്‍സുമായി ധ്രുവ് ജുറെലും 63 റൺസോടെ റിഷഭ് പന്തുമാണ് ക്രീസില്‍.
നേരത്തെ, അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആറ് റണ്‍സെടുത്ത സാരാന്‍ഷ് ജെയിനിന്റെ വിക്കറ്റ് മാത്രമാണ് ആദ്യ സെഷനില്‍ നഷ്ടമായത്.
പിന്നാലെ, ആദ്യ ദിനം പരിക്കുമൂലം റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങിയ ഋഷഭ് പന്ത് ജുറെലിനൊപ്പം ക്രീസിലുറച്ചു നിന്നു പോരാടുകയായിരുന്നു.
Sports
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിൽ 165 റൺസിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊളംബോയിൽ ഇറങ്ങുന്നത്.
ആദ്യ ടെസ്റ്റിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വൈറൽ ഇൻഫെക്ഷനിൽനിന്ന് പൂർണമായി മുക്തനാകാത്തതിനാൽ കുൽദീപ് യാദവിന് പകരം ഓഫ് സ്പിന്നർ സാരാംശ് ജെയിൻ പ്ലേയിംഗ് ഇലവനിലെത്തി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. രവീന്ദ്ര ജഡേജയാണ് സാരാംശിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.
മധ്യനിരയിൽ ധ്രുവ് ജുറെൽ ആറാം നമ്പർ സ്ഥാനം നിലനിർത്തിയതോടെ സർഫറാസ് ഖാന് വീണ്ടും പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല. ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ടീം കോമ്പിനേഷനിൽ മാറ്റം വരുത്തിയാണ് രണ്ടാം മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നത്.
ശ്രീലങ്കൻ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കിനെ തുടർന്ന് പുറത്തായ ദിനേശ് ചണ്ഡിമാലിന് പകരം ആദ്യ ടെസ്റ്റിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ പസിന്ദു സൂര്യബന്ദാര ടീമിൽ സ്ഥാനം നിലനിർത്തി. നിഷാൻ മധുഷ്കയ്ക്ക് പകരം കാമിൽ മിഷാര ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ 165 റൺസിന് ഇന്ത്യ ജയിച്ച് പരമ്പരയിൽ 1-0ന് മുന്നിലാണ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ. എൽ. രാഹുൽ, ദേവദത്ത് പടിക്കൽ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, സാരാൻഷ് ജെയിൻ, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: ലഹിരു ഉദാര, കാമിൽ മിഷാര, പസിന്ദു സൂരിയബണ്ഡാര, കമിന്ദു മെൻഡിസ്, ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), സൊണാൽ ദിനുഷ, നിരോഷൻ ഡിക്ക്വെല്ല , കേശര നുവാന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെർണാണ്ടോ.
Sports
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. രണ്ടു മത്സര പരമ്പരയിലെ അവസാന മത്സരത്തിനാണ് ഇന്ന് കൊളംബോയില്‍ തുടക്കമാകുന്നത്; ടീം ഇന്ത്യക്കു ലങ്കയിൽ ഓണപ്പരീക്ഷ. ആദ്യ മത്സരത്തില്‍ 165 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം, ഇന്ത്യക്കെതിരേ 2008നുശേഷം ശ്രീലങ്കയ്ക്കു പരമ്പര ജയം നേടാനായിട്ടില്ല.
ഇന്ത്യക്കു പുറമേ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ വമ്പന്‍ ടീമുകള്‍ക്കെതിരേയും ശ്രീലങ്ക ഒരു പരമ്പര നേടിയിട്ടു പത്ത് വര്‍ഷം പിന്നിട്ടു. ഈ നാണക്കേടുകള്‍ അവസാനിപ്പിക്കുന്നതിനൊപ്പം പരമ്പരയില്‍ ഒപ്പമെത്താനും ഒരു ജയം തേടിയാണ് ലങ്ക ഇറങ്ങുന്നത്.
സ്പിന്നിനെ തുണയ്ക്കുന്ന സ്വന്തംനാട്ടിലെ പിച്ചില്‍ എതിര് ടീമിലെ സ്പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ഒരു കളിക്കാരന്റെ അഭാവം ലങ്കന്‍ സംഘത്തിനുണ്ട്. മുത്തയ്യ മുരളീധരനുശേഷം രംഗണ ഹെറാത്തായിരുന്നു ലങ്കയ്ക്കു സ്വന്തം നാട്ടില്‍ മുന്‍തൂക്കം നല്കിയ അവസാന സ്പിന്നര്‍.
ഇന്ത്യക്കെതിരേ ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയുടെ പ്രഭാത് ജയസൂര്യ, അരങ്ങേറ്റക്കാരനായ കേശര നുവാന്ത എന്നീ സ്പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടെ മാനവ് സുതാര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് സ്പിന്‍ ത്രയം നടത്തിയത്.
സ്വന്തം മണ്ണില്‍ സമാനമായ സാഹചര്യങ്ങളില്‍ നടന്ന കഴിഞ്ഞ മൂന്ന് പരമ്പരകളില്‍ രണ്ടെണ്ണത്തിലും പരാജയപ്പെട്ട ഇന്ത്യക്ക് ശ്രീലങ്കയ്ക്കെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ സജീവമായി. രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോയിന്റ് 57.58 ശതമാനം ആകും.
കാലാവസ്ഥ അനുകൂലം
ഗാലെയില്‍ മഴയായിരുന്നെങ്കില്‍ കൊളംബോയില്‍ സമ്മിശ്ര കാലാവസ്ഥയാണ്. വെള്ളിയാഴ്ച ആദ്യ പരിശീലന സെഷനില്‍ 30 ഡിഗ്രി സെല്‍ഷസില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ വിയര്‍ത്തൊഴുകി. മഴയുടെ പ്രശ്നം ഗാലെയെ അപേക്ഷിച്ച് കുറവായിരിക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നെറ്റ്സില്‍ കൂടുതല്‍ നേരം ചിലവിട്ടു. ഇടംകൈ സ്പിന്‍ ഓപ്ഷനുകളായിരുന്നു ശുഭ്മാന്‍ ഗില്‍ കൂടുതലും നേരിട്ടത്. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഇടംകൈയന്‍ സ്പിന്നറായ പ്രഭാത് ജയസൂര്യയുടെ പന്തില്‍ ഗില്‍ പുറത്തായിരുന്നു.
ഓഫ് സ്പിന്നര്‍ സാരന്‍ഷ് ജെയില്‍ തുടര്‍ച്ചയായി പന്ത് എറിഞ്ഞു. രണ്ടാം ടെസ്റ്റില്‍ സാരന്‍ഷ് കളിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവിനു പുറത്തിരിക്കേണ്ടിവന്നേക്കും. ഗാലെയില്‍ കുല്‍ദീപിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.
ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനിത് 31-ാം ടെസ്റ്റ്. 31 ടെസ്റ്റും വ്യത്യസ്ത മൈതാനങ്ങളിലായിരുന്നു എന്നതാണ് ശ്രദ്ധേയം. 2015ലാണ് ശ്രീലങ്ക അവസാനമായി ഇന്ത്യക്കെതിരേ ഒരു ടെസ്റ്റ് ജയിച്ചത്.
Sports
ആംസ്റ്റര്‍ഡാം: പുരുഷ ലോകകപ്പ് ഹോക്കി രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കു തോല്‍വി.
പൂള് ഇയില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്സ് 3-1ന് ഇന്ത്യയെ തോല്‍പ്പിച്ചു. ഇതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത മങ്ങി.
ഹര്‍മന്‍പ്രീത് സിംഗാണ് (52-ാം മിനിറ്റ്) ഇന്ത്യയുടെ ഏക ഗോള്‍ സ്വന്തമാക്കിയത്.
Sports
ആംസ്റ്റര്‍ഡാം: ലോകകപ്പ് ഹോക്കി രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യന്‍ പുരുഷ ടീം ഇന്നിറങ്ങും.
ആതിഥേയരായ നെതര്‍ലന്‍ഡ്സ് ആണ് ടീം ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടും അര്‍ജന്റീനയുമാണ് രണ്ടാം റൗണ്ട് പൂള് ഇയില്‍ ഇന്ത്യക്കും നെതര്‍ലന്‍ഡ്സിനും ഒപ്പമുള്ള മറ്റു രണ്ടു ടീമുകള്‍. രാത്രി 7.30നാണ് നെതര്‍ലന്‍ഡ്സ് x ഇന്ത്യ പോരാട്ടം. 24നു വൈകുന്നേരം 6.15ന് ഇന്ത്യ x അര്‍ജന്റീന മത്സരം.
പൂള് ഇയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കും. ഇന്ത്യക്കു സെമി ബെര്‍ത്ത് ഉറപ്പിക്കണമെങ്കില്‍ നെതര്‍ലന്‍ഡ്സിനെയും അര്‍ജന്റീനയെയും മികച്ച ഗോള്‍ വ്യത്യാസത്തില്‍ കീഴടക്കണം.
Tech
ന്യൂഡൽഹി: ബാങ്കുകളുടെയും സർക്കാർ പദ്ധതികളുടെയും പേരിൽ വ്യാജ ആപ്പുകൾ നിർമിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കുന്നു. ഗൂഗിളിന്റെ ക്ലൗഡ് വികസന പ്ലാറ്റ്ഫോമായ 'ഫയർബേസ്' ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന നൂറുകണക്കിന് വ്യാജ അക്കൗണ്ടുകളും ലിങ്കുകളും നീക്കം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ഗൂഗിളിന് നിർദ്ദേശം നൽകി.
വ്യാജ ബാങ്കിംഗ് ആപ്പുകളും പിഎം കിസാൻ പദ്ധതിയുടെ പേരിലുള്ള വ്യാജ ആപ്ലിക്കേഷനുകളും നിർമിച്ച് ആളുകളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒടിപി യും ചോർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓഗസ്റ്റ് മാസത്തിൽ മാത്രം ഫയർബേസിൽ ഹോസ്റ്റ് ചെയ്തിരുന്ന 57 വ്യാജ വെബ്സൈറ്റുകളും ഡാറ്റാബേസുകളും നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്.
എസ്ബിഐ, ഐസിഐസിഐ, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ വ്യാജ രൂപങ്ങളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ലിങ്കുകൾ വഴി ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, ഉപഭോക്താവിന്റെ ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്ന 'ആൻഡ്രോയിഡ് ഗോഡ് മോഡ്' എന്ന തരം മാല്‍വെയറുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്
Sports
ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 372 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. നാലാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ്. ഒരു ദിവസം ശേഷിക്കെ വിജയത്തിനായി ശ്രീലങ്കയ്ക്ക് ഇനി 288 റൺസ് കൂടി വേണം.
ധനഞ്ജയ ഡി സിൽവ (31), സോനൽ ദിനുഷ (25) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി മാനവ് സുതാർ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നിഷാൻ മധുഷ്ക (6), ലാഹിരു ഉദാര (16), പസിന്ദു സൂര്യഭണ്ഡാര (0), കാമിന്ദു മെൻഡിസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
നേരത്തെ 178 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 193 റൺസിന് ഓൾഔട്ടായി. 69 പന്തിൽ 66 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ രണ്ടാം ഇന്നിംഗ്സിലും മികച്ച പ്രകടനം പുറത്തെടുത്ത് 44 റൺസെടുത്തു. കെ.എൽ. രാഹുൽ 35 റൺസും നേടി.
ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ 31 റൺസിന് നാല് വിക്കറ്റും പ്രഭാത് ജയസൂര്യ 43 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. ലാഹിരു കുമാരയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
രണ്ടാം ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അസിത ഫെർണാണ്ടോയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ജയ്സ്വാൾ പൂജ്യനായി മടങ്ങി.
തുടർന്ന് കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് രണ്ടാം വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ കരകയറ്റി. പ്രഭാത് ജയസൂര്യയെ സിക്സിന് പറത്താനുള്ള ശ്രമത്തിനിടെ രാഹുൽ 35 റൺസിന് പുറത്തായി. പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8) സ്വീപ് ഷോട്ടിനുള്ള ശ്രമത്തിനിടെ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇന്ത്യ 81-3 എന്ന നിലയിലായി.
റിഷഭ് പന്തും പടിക്കലും ചേർന്ന് സ്കോർ 100 കടത്തിയെങ്കിലും 44 റൺസെടുത്ത പടിക്കലിനെ കെഷാൻ നുവാന്ത വിക്കറ്റിന് മുന്നിൽ കുടുക്കി. ധ്രുവ് ജുറെലും പന്തും ചേർന്ന് ഇന്ത്യയെ 116 റൺസിലെത്തിച്ചു. ലഞ്ചിന് ശേഷം ജുറെൽ (7) പുറത്തായെങ്കിലും രവീന്ദ്ര ജഡേജയും പന്തും ചേർന്ന് 54 റൺസിന്റെ കൂട്ടുകെട്ടിലൂടെ സ്കോർ 174ലെത്തിച്ചു.
തുടർച്ചയായി ഷോർട്ട് ബോളുകൾ എറിഞ്ഞ ലങ്കൻ പേസർമാരുടെ തന്ത്രം ഒടുവിൽ ഫലം കണ്ടു. അർധസെഞ്ചുറി പൂർത്തിയാക്കിയ പന്തിനെ ലാഹിരു കുമാര ഷോർട്ട് ബോളിൽ പുറത്താക്കി. പിന്നാലെ ജഡേജ (9), മാനവ് സുതാർ (9), കുൽദീപ് യാദവ് (5), പ്രസിദ് കൃഷ്ണ എന്നിവരും പുറത്തായതോടെ ഇന്ത്യ അവസാന അഞ്ച് വിക്കറ്റുകൾ 19 റൺസിനിടെ നഷ്ടപ്പെടുത്തി 193 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
Sports
ഗോൾ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 193 റൺസിന് പുറത്തായി. 66 റൺസെടുത്ത ഋഷഭ് പന്താണ് ടോപ്സ്കോറർ. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 462 റൺസിനെതിരെ ശ്രീലങ്ക 284 റൺസിന് പുറത്തായിരുന്നു.
ഇതോടെ 178 റൺസിന്റെ ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിന്റെ (പൂജ്യം) വിക്കറ്റ് നഷ്ടമായി. തുടർന്ന് കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. രണ്ടാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ രാഹുൽ 35 റൺസിന് പുറത്തായി.
പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മടങ്ങി. എട്ട് റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ പടിക്കലും ഋഷഭ് പന്തും ചേർന്ന് ഇന്ത്യയെ നൂറ് കടത്തി. എന്നാൽ 111 റൺസിൽ പടിക്കലിന്റെ വിക്കറ്റ് വീണത് ഇന്ത്യക്ക് തിരിച്ചടിയായി. 44 റൺസെടുത്താണ് താരം മടങ്ങിയത്.
പിന്നാലെ ധ്രുവ് ജുറെലും ഏഴ് റൺസിന് പുറത്തായതോടെ ഇന്ത്യ 120-5 എന്ന നിലയിലായി. ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം ചേർന്ന് ഋഷഭ് പന്ത് ഇന്ത്യയെ കരകയറ്റി. ലങ്കൻ ബൗളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ട പന്ത് അതിവേഗം സ്കോർ ഉയർത്തി. ജഡേജയ്ക്കൊപ്പം 54 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ പന്ത് 66 റൺസെടുത്ത് മടങ്ങി.
പന്ത് മടങ്ങിയതോടെ ഇന്ത്യൻ ബാറ്റിംഗ് നിരയും തകർന്നു. ജഡേജ (ഒമ്പത്), മാനവ് സുതാർ (ഒമ്പത്), കുൽദീപ് യാദവ് (അഞ്ച്), പ്രസിദ്ധ് കൃഷ്ണ (രണ്ട്) എന്നിവർ പിന്നാലെ മടങ്ങി. ഇന്ത്യൻ നിരയിൽ മൂന്നുപേർക്ക് മാത്രമെ രണ്ടക്കം കടന്നൊള്ളൂ.
Sports
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലാണ്. ഇതോടെ 270 റൺസിന്റെ ലീഡായി. നാലാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ യശസ്വി ജയ് സ്വാളിന്റെ വിക്കറ്റ് നഷ്ടമായി.
ജയ്സ്വാൾ ഡക്കായി മടങ്ങി. തുടർന്ന് ക്രീസിൽ ഒന്നിച്ച കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും സ്കോർ ഉയർത്തി. ഇതിനിടെ (35) രാഹുലും പുറത്തായി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8) മടങ്ങി. 43 റൺസുമായി ദേവ്ദത്ത് പടിക്കലും ആറു റൺസുമായി പന്തുമാണ് ക്രീസിൽ.
നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 462 റൺസിനെതിരേ ശ്രീലങ്ക 284 റൺസിന് പുറത്തായിരുന്നു. ഇതോടെ 178 റൺസ് ലീഡോടെയാണ് രണ്ടാമിന്നിംഗ്സിൽ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. സെഞ്ചുറി നേടിയ സൊനാൽ ദിനുഷയുടെ (100) പ്രകടനമാണ് ലങ്കയെ ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ചത്.
Sports
ഗാലെ: മാനം തെളിഞ്ഞപ്പോള്‍, ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ പിച്ച് തനിസ്വരൂപമായ ടേണിംഗ് പുറത്തെടുത്തു. ഇന്ത്യന്‍ സ്പിന്നര്‍മാരായ മാനവ് സുതാറും (4/76) രവീന്ദ്ര ജഡേജയും (3/57) കുല്‍ദീപ് യാദവും (1/65) ചേര്‍ന്ന് എട്ടു വിക്കറ്റ് പങ്കിട്ടപ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 284ല്‍ അവസാനിച്ചു. അതോടെ, ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തം.
ഇന്നു നാലാം ദിനം ആരംഭിക്കുമ്പോള്‍ അതിവേഗം റണ്‍സ് അടിച്ചെടുത്തശേഷം ലങ്കയെ രണ്ടാം ഇന്നിംഗ്സിന് അയച്ച്, പരമാവധി വിക്കറ്റ് വീഴ്ത്തുകയായിരിക്കും ടീം ഇന്ത്യയുടെ ലക്ഷ്യം. കാരണം, ഇടവിട്ടുള്ള മഴയില്‍ മത്സരം ആദ്യ മൂന്നുദിനങ്ങളിലും പൂര്‍ണമായി നടന്നില്ല. മൂന്നാംദിനമായ ഇന്നലെ മഴയെത്തുടര്‍ന്ന് 13 ഓവര്‍ നഷ്ടപ്പെട്ടിരുന്നു. സ്കോര്‍: ഇന്ത്യ 462. ശ്രീലങ്ക 284.
ആദ്യ ഓവര്‍ മുതല്‍ വിക്കറ്റ്
116 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചതോടെയാണ് മൂന്നാംദിനം മത്സരം ആരംഭിച്ചത്. 12 റണ്‍സുമായി കുല്‍ദീപ് യാദവും ഒരു റണ്ണുമായി പ്രസിദ്ധ് കൃഷ്ണയുമായിരുന്നു ക്രീസില്‍. ഇന്നിംഗ്സിലേക്കു രണ്ടു റണ്‍സ്കൂടി ചേര്‍ത്തപ്പോള്‍ ഇന്ത്യ പുറത്ത്. പ്രസിദ്ധ് കൃഷ്ണയെ (2) അസിത ഫെര്‍ണാണ്ടോ വിക്കറ്റിനു പിന്നില്‍ ഡിക് വെല്ലയുടെ കൈകളിലെത്തിക്കുകയായിരുന്നു. 13 റണ്‍സുമായി കുല്‍ദീപ് പുറത്താകാതെ നിന്നു.
തുടര്‍ന്നു ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ നിഷാന്‍ ഫെര്‍ണാണ്ടോയെ (0) മുഹമ്മദ് സിറാജ് ഫസ്റ്റ് സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നു സ്പിന്നര്‍മാര്‍ ബൗളിംഗ് ആക്രമണം ഏറ്റെടുത്തു. എട്ടാം ഓവര്‍ എറിയാനെത്തിയ മാനവ് സുതാര്‍, തന്റെ ആദ്യപന്തില്‍ ദിനേഷ് ചണ്ഡിമലിനെ (4) പുറത്താക്കി. വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തിന്റെ ക്യാച്ചിലൂടെയായിരുന്നു ചണ്ഡിമല്‍ പുറത്തായത്. അഞ്ച് ഓവറിന്റെ ഇടവേളയ്ക്കുശേഷം ലഹിരു ഇഗലഗമഗെയെയും (27) മാനവ് മടക്കി. തുടര്‍ന്നു കമന്ദു മെന്‍ഡിസിനെ (14) കുല്‍ദീപ് യാദവും ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയെ (21) രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ 26.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന അവസ്ഥയിലായി ആതിഥേയര്‍.
ദിനുഷ (100), ഡിക്വെല്ല (80)
എന്നാല്‍, ആറാം വിക്കറ്റില്‍ സോനല്‍ ദിനുഷയും നിരോഷന്‍ ഡിക്വെല്ലയും ചേര്‍ന്നതോടെ ശ്രീലങ്ക തലപൊക്കി. 146 റണ്‍സ് ഈ കൂട്ടുകെട്ടില്‍ പിറന്നു. അതോടെ ലങ്കന്‍ സ്കോര്‍ 236ല്‍. അപകടകരമായി മുന്നേറിയ ഈ കൂട്ടുകെട്ടിനെ തകര്‍ത്തത് പ്രസിദ്ധ് കൃഷ്ണയായിരുന്നു. 115 പന്തില്‍ 80 റണ്‍സ് നേടിയ ഡിക്വെല്ലയെ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചു.
168 പന്തില്‍ രണ്ടു സിക്സും നാലു ഫോറും അടക്കം 100 റണ്‍സ് നേടിയ സോനല്‍ ദിനുഷ്കയെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കി. പ്രഭാത് ജയസൂര്യ (10), ലഹിരു കുമാര (10) എന്നിവരെ മടക്കി മാനവ് സുതാര്‍ നാലു വിക്കറ്റിലെത്തി.
സ്കോര്‍കാര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 462.
ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ്: നിഷാന്‍ ഫെര്‍ണാണ്ടോ സി ദേവ്ദത്ത് ബി സിറാജ് 0, ലഹിരു സി ജയ്സ്വാള്‍ ബി മാനവ് 27, ചണ്ഡിമല്‍ സി പന്ത് ബി സുതാര്‍ 4, കമിന്ദു മെന്‍ഡിസ് സി ശുഭ്മാന്‍ ബി കുല്‍ദീപ് 14, ധനഞ്ജയ സി രാഹുല്‍ ബി ജഡേജ 21, സോനല്‍ ദിനുഷ എല്‍ബിഡബ്ല്യു ബി ജഡേജ 100, ഡിക് വെല്ല സി പന്ത് ബി പ്രസിദ്ധ് 80, കേസര നുവാന്ത സി ശുഭ്മാന്‍ ബി ജഡേജ 2, പ്രഭാത് സി ജുറെല്‍ ബി മാനവ് 10, ലഹിരു കുമാര സ്റ്റംപ്ഡ് ബി മാനവ് 10, അസിത ഫെര്‍ണാണ്ടോ നോട്ടൗട്ട് 0, എക്സ്ട്രാസ് 16, ആകെ 79.4 ഓവറില്‍ 284.
ബൗളിംഗ്: മുഹമ്മദ് സിറാജ് 9-3-29-1, പ്രസിദ്ധ് കൃഷ്ണ 14-0-47-1, മാനവ് സുതാര്‍ 21.4-1-76-4, കുല്‍ദീപ് യാദവ് 14-0-65-1, രവീന്ദ്ര ജഡേജ 21-5-57-3.
Sports
ആംസ്റ്റര്‍ഡാം: ലോകകപ്പ് ഹോക്കി ഗ്രൂപ്പ് ഘട്ട രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. പൂള് ഡിയില്‍ ഇംഗ്ലണ്ട് 4-2ന് ഇന്ത്യയെ തോല്‍പ്പിച്ചു.
ഇംഗ്ലണ്ടിന്റെ രണ്ടാം ജയമാണ്. ആദ്യമത്സരത്തില്‍ അവര്‍ പാക്കിസ്ഥാനെയും (4-1) തകര്‍ത്തിരുന്നു. ആദ്യമത്സരത്തില്‍ വെയ്ല്‍സിനെ തോല്‍പ്പിച്ച (3-1) ഇന്ത്യക്ക് ഇന്നലെ ഒരു ഘട്ടത്തില്‍ ലീഡ് നേടാന്‍ സാധിച്ചു. എന്നാല്‍, ഇംഗ്ലണ്ടിന്റെ കടന്നാക്രമണത്തില്‍ പരാജയപ്പെട്ടു.
ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിംഗ് (16-ാം മിനിറ്റ്), ദില്‍പ്രീത് സിംഗ് (24-ാം മിനിറ്റ്) എന്നിവര്‍ ഗോള്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി നിക്കോളാസ് ബന്ദുരാക് (13, 55 മിനിറ്റ്) ഇരട്ടഗോള്‍ നേടി.
സ്റ്റൂവര്‍ട്ട് റഷ്മേരെ (38-ാം മിനിറ്റ്), ഹെന്റി ക്രോഫ്റ്റ് (42-ാം മിനിറ്റ്) എന്നിവരും ഇംഗ്ലണ്ടിനായി ലക്ഷ്യംകണ്ടു.
Sports
ഗാലെ: ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനം മഴയെത്തുടര്‍ന്ന് ആദ്യ സെഷനുകള്‍ നഷ്ടപ്പെട്ടെങ്കിലും മത്സരത്തിനു ഫലമുണ്ടാക്കാനുള്ള തീവ്രശ്രമവുമായി ടീം ഇന്ത്യ.
ആദ്യദിനം 73 ഓവറില്‍ 288/2 എന്ന നിലയില്‍ ക്രീസ് വിട്ട ടീം ഇന്ത്യ, രണ്ടാംദിനം മത്സരം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് എടുത്തു. 12 റണ്‍സുമായി കുല്‍ദീപ് യാദവും ഒരു റണ്ണുമായി പ്രസിദ്ധ് കൃഷ്ണയുമാണ് ക്രീസില്‍.
ധ്രുവ് ജുറെല്‍ ഫിഫ്റ്റി
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 288 എന്ന നിലയില്‍ രണ്ടാംദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ ക്രീസിലെത്തിയത് ദേവ്ദത്ത് പടിക്കലും ഋഷഭ് പന്തും. ദേവ്ദത്ത് പടിക്കല്‍ 131 റണ്‍സുമായും ഋഷഭ് പന്ത് 27 റണ്‍സുമായും ക്രീസിലെത്തി. വ്യക്തിഗത സ്കോറിനോട് 12 റണ്‍സ്കൂടി ചേര്‍ക്കാനേ പന്തിനു സാധിച്ചുള്ളൂ. 62 പന്തില്‍ 39 റണ്‍സുമായി ഋഷഭ് പന്ത് മടങ്ങി.
ആദ്യദിനം പേശിവലിവിനെ തുടര്‍ന്നു ക്രീസ് വിട്ട കെ.എല്‍. രാഹുല്‍ തുടര്‍ന്നു ക്രീസിലെത്തി. 162 പന്തില്‍ 77 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴായിരുന്നു രാഹുല്‍ ആദ്യദിനം റിട്ടയേര്‍ഡ് ഹര്‍ട്ടായത്. ഇന്നലെ പക്ഷേ, രാഹുലിനു കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല. 13 പന്ത് നേരിട്ട് അഞ്ചു റണ്‍സ്കൂടി ചേര്‍ത്ത് (82) രാഹുല്‍ മടങ്ങി.
തുടര്‍ന്നു ക്രീസിലെത്തിയ ധ്രുവ് ജുറെല്‍ ദേവ്ദത്ത് പടിക്കലിനൊപ്പം ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. എന്നാല്‍, സ്കോര്‍ 357ല്‍ എത്തിയപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ പുറത്ത്. 230 പന്തില്‍ ഒരു സിക്സും അഞ്ചു ഫോറും അടക്കം 167 റണ്‍സ് ആയിരുന്നു കേരളത്തില്‍ വേരുള്ള പടിക്കലിന്റെ സമ്പാദ്യം. ഒരുവശത്തു തുടര്‍ന്ന ധ്രുവ് ജുറെല്‍ 68 പന്തില്‍ 51 റണ്‍സ് നേടിയാണ് മടങ്ങിയത്. അതേസമയം, രവീന്ദ്ര ജഡേജ (13), മാനവ് സുതാര്‍ (24) എന്നിവര്‍ വേഗം മടങ്ങി.
അതിവേഗ സ്കോറിംഗ്
രണ്ടാംദിനമായ ഇന്നലെ ഏഴു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വേഗം റണ്‍സ് നേടുന്നതിലായിരുന്നു ടീം ഇന്ത്യയുടെ ശ്രദ്ധ. രണ്ടാംദിനം 43 ഓവര്‍ മാത്രമേ മത്സരം നടന്നുള്ളൂ. 172 റണ്‍സ് അടിച്ചെടുത്തു. ഓവറില്‍ ശരാശരി നാലു റണ്‍സ് വീതം ഇന്ത്യ നേടിയെന്നു ചുരുക്കം.
ഒരു സിക്സ് അടക്കം 15 പന്തില്‍ 11 റണ്‍സ് നേടിയ മുഹമ്മദ് സിറാജിന്റെ അടക്കമുള്ള ഇന്നിംഗ്സാണ് ഇന്ത്യയുടെ അതിവേഗ സ്കോറിംഗിന്റെ അടിസ്ഥാനം.
സ്കോര്‍കാര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: യശസ്വി ജയ്സ്വാള്‍ റണ്ണൗട്ട് 32, കെ.എല്‍. രാഹുല്‍ സി നിഷാന്‍ ഫെര്‍ണാണ്ടോ ബി നുവന്ത 82, ദേവ്ദത്ത് പടിക്കല്‍ സ്റ്റംപ്ഡ് ബി പ്രഭാത് 167, ശുഭ്മാന്‍ ഗില്‍ സി ലഹിരു ഇഗലഗമഗെ 16, ഋഷഭ് പന്ത് സി ദിനുഷ്ക ബി നുവാന്ത 39, ധ്രുവ് ജുറെല്‍ സി ധനഞ്ജയ ബി പ്രഭാത് 51, രവീന്ദ്ര ജഡേജ എല്‍ബിഡബ്ല്യു ബി നുവാന്ത 13, മാനവ് സുതാര്‍ സി ഇഗലഗമഗെ ബി പ്രഭാത് 24, മുഹമ്മദ് സിറാജ് സി ധനഞ്ജയ ബി അസിത ഫെര്‍ണാണ്ടോ 11, കുല്‍ദീപ് യാദവ് നോട്ടൗട്ട് 12, പ്രസിദ്ധ് കൃഷ്ണ നോട്ടൗട്ട് 1, എക്സ്ട്രാസ് 12, ആകെ 116 ഓവറില്‍ 460/9.
ബൗളിംഗ്: അസിത ഫെര്‍ണാണ്ടോ 17-1-61-1, ലഹിരു കുമാര 13-1-76-0, കേശര നുവാന്ത 39-1-175-3, പ്രഭാത് ജയസൂര്യ 39-6-109-4, ധനഞ്ജയ ഡിസില്‍വ 4-0-15-0, സോനല്‍ ദിനുഷ 4-0-17-0.
Sports
ആംസ്റ്റര്‍ഡാം: എഫ്ഐഎച്ച് 2026 ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്കു സമനില. പൂള് ഡിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 2-2നു ചൈനയുമായി സമനിലയില്‍ പിരിഞ്ഞു.
രണ്ടു പ്രാവശ്യവും ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യ സമനില വഴങ്ങിയത്. നവ്നീത് കൗര്‍ (എട്ടാം മിനിറ്റ്), ദീപിക സെഹ്റാവത്ത് (25-ാം മിനിറ്റ്) എന്നിവര്‍ ഇന്ത്യക്കായി ഗോള്‍ സ്വന്തമാക്കി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ ഇറങ്ങും. വൈകുന്നേരം 6.30നാണ് മത്സരം.
National
ഡൽഹി: മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്ന പാവപ്പെട്ടവരും മധ്യവർഗക്കാരുമായ ഉദ്യോഗാർഥികൾക്കു സൗജന്യ ഓൺലൈൻ കോച്ചിംഗും ഒരു കോടി യുവാക്കൾക്ക് സൗജന്യ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) പരിശീലനവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
80-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. ഇവയുൾപ്പെടെ ഏഴു പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്.
2047ഓടെ വികസിത ഭാരതം
2047ഓടെ വികസിത ഭാരതം എന്ന സ്വപ്നം രാജ്യം കെട്ടിപ്പെടുക്കുമെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നും കരകയറ്റാൻ സാധിച്ചത് വലിയ നേട്ടമായി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രതിരോധ ഉത്പാദനം നാലിരട്ടിയായി വർധിച്ചു. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലും ഡിജിറ്റൽ ഇടപാടുകളിലും 100 മടങ്ങ് വർധനയുണ്ടായി. മെട്രോ ശൃംഖല വിപുലീകരിച്ചതായും പൊതുഗതാഗത സംവിധാനം ശക്തിപ്പെട്ടതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പതാക ഉയർത്തലിനു പിന്നാലെ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് എൻസിസി കേഡറ്റുകൾ വന്ദേമാതരവും ദേശീയഗാനവുംആലപിച്ചു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചരിത്രത്തിൽ ആദ്യമായാണു വന്ദേമാതരം ആലപിക്കുന്നത്. പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചടങ്ങിൽനിന്ന് വിട്ടുനിന്നു.
മറ്റു പ്രഖ്യാപനങ്ങൾ
അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളിലെ കായിക കഴിവുകൾ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്നതിനായി രാജ്യവ്യാപകടാലന്റ് ഹണ്ട് നടത്തും.
സുപ്രധാന മേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസ് നെറ്റ്വർക്ക് രൂപീകരിക്കും.
അടുത്ത എട്ടു വർഷത്തിനുള്ളിൽ രാജ്യത്ത് അഞ്ചുമുതൽ എട്ടു വരെ പുതിയ സെമികണ്ടക്ടർ നിർമാണ പ്ലാന്റുകൾ ആരംഭിക്കും.
2047ഓടെ 100 ജിഗാവാട്ട് ആണവോർജ ഉത്പാദനം കൈവരിക്കും. ഇതിനായി പത്തു വർഷത്തിനുള്ളിൽ അഞ്ച് പുതിയ റിയാക്ടറുകൾ സ്ഥാപിക്കും.
ലഖ്പതി ദീദി പദ്ധതിയിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം ആറു കോടിയായി ഉയർത്തി. നേരത്തേ ഇത് മൂന്നു കോടിയായിരുന്നു.
Sports
ഗാലെ: വെയിലും മഴയും ഹൈഡ് ആന്‍ഡ് സീക്ക് കളിച്ചപ്പോള്‍ ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നഷ്ടമായത് 17 ഓവര്‍. ഇന്ത്യ x ശ്രീലങ്ക രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ആദ്യദിനം മഴയുടെ വരവ് ഫ്ളോ നഷ്ടപ്പെടുത്തി. എങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധികാരികതയില്‍ ലങ്കയ്ക്കു മറുപടിയില്ലായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യ, 288/2 എന്ന നിലയില്‍ ആദ്യദിനം ക്രീസ് വിട്ടു. സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ മികവാണ് ഇന്ത്യന്‍ ഇന്നിംഗ്സിനു കരുത്തായത്. അതോടെ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ അരങ്ങേറുന്ന, ടീം ഇന്ത്യയുടെ 600-ാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ത്രിവര്‍ണം പാറി...
കന്നി സെഞ്ചുറി
മൂന്നാം നമ്പറായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ നേരിട്ട 134-ാം പന്തില്‍ സെഞ്ചുറി തികച്ചു. മലപ്പുറത്തു വേരുകളുള്ള ദേവ്ദത്തിന്റെ മൂന്നാം ടെസ്റ്റ് മത്സരമാണിത്. രണ്ടാം വിക്കറ്റില്‍ കെ.എല്‍. രാഹുലിനൊപ്പം 150 റണ്‍സ് കൂട്ടുകെട്ടും ദേവ്ദത്ത് പടിക്കല്‍ കെട്ടിപ്പടുത്തു.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 39ഉം നാലാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം അഭേദ്യമായ 52 റണ്‍സിന്റെ കൂട്ടുകെട്ടിലും പടിക്കല്‍ പങ്കാളിയായി. 28 പന്തില്‍ 16 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ പ്രഭാത് ജയസൂര്യയുടെ പന്തില്‍ പുറത്തായി. ഗില്ലിന്റെ പുറത്താകലായിരുന്നു ഏക തിരിച്ചടി.
178 പന്തില്‍ ഒരു സിക്സും 12 ഫോറും അടക്കം 131 റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ ക്രീസില്‍ തുടരുന്നു. 36 പന്തില്‍ 27 റണ്‍സ് നേടിയ ഋഷഭ് പന്താണ് കൂട്ടിനുള്ളത്.
ജയ്സ്വാള്‍ റണ്ണൗട്ട്; രാഹുല്‍ റിട്ടയേർഡ്
നിര്‍ഭാഗ്യവും ആശയവിനിമയത്തിലെ പിഴവും കാരണമായിരുന്നു യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത്. 37 പന്തില്‍ 32 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ജയ്സ്വാള്‍, നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ വച്ചാണ് റണ്ണൗട്ടായത്. രാഹുലിന്റെ മിഡ്-ഓണ്‍ സ്ട്രോക്ക്.
പന്തിനായി ബൗളര്‍ ഡൈവ് ചെയ്തപ്പോള്‍ ജയ്സ്വാളിന്റെ കാലില്‍ തട്ടി. ജയ്സ്വാള്‍ വീണു. ഓടാന്‍ ശ്രമിച്ചെങ്കിലും തിരികെ ക്രീസിലേക്ക്. എന്നാല്‍, അപ്പോഴേക്കും രാഹുല്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ എത്തുകയും പന്തു ലഭിച്ച വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ല വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു. അതോടെ ജയ്സ്വാള്‍ പവലിയനിലേക്കു മടങ്ങി.
162 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറും അടക്കം 77 റണ്‍സ് എടുത്ത കെ.എല്‍. രാഹുല്‍ പേശിവലിവിനെ തുടര്‍ന്നു റിട്ടയര്‍ ചെയ്തു. ചായയ്ക്കുശേഷം ക്രീസിലേക്ക് തിരിച്ചെത്താന്‍ രാഹുലിനു സാധിച്ചില്ല. ഇന്ത്യന്‍ സ്കോര്‍ 197ല്‍ എത്തിയപ്പോഴായിരുന്നു അത്.
Sports
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന ശക്തമായ നിലയിലാണ്. കരിയറിലെ കന്നി സെഞ്ചുറിയുമായി ദേവ്ദത്ത് പടിക്കൽ 131 റൺസുമായി ക്രീസിൽ തുടരുമ്പോൾ റിഷഭ് പന്ത് 27 റൺസുമായി ഒപ്പമുണ്ട്.
ഓപ്പണർ യശസ്വി ജയ്സ്വാൾ 32 റൺസെടുത്ത് റൺഔട്ടായപ്പോൾ, കെ.എൽ. രാഹുൽ 77 റൺസെടുത്ത് പരുക്കിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായി മടങ്ങി. 162 പന്തുകൾ നേരിട്ട രാഹുൽ 77 റൺസാണ് നേടിയത്. 47 റൺസിന്റെ കൂട്ടുകെട്ടിലൂടെ ജയ്സ്വാളും രാഹുലും ചേർന്നാണ് ഇന്ത്യയുടെ ഇന്നിംഗ്സിന് തുടക്കമിട്ടത്.
എന്നാൽ 11-ാം ഓവറിൽ ഇരുവരും തമ്മിലുണ്ടായ ആശയക്കുഴപ്പം ജയ്സ്വാളിന്റെ റൺഔട്ടിൽ കലാശിച്ചു. സിംഗിളിനായി രാഹുൽ ഓടിയെങ്കിലും മിഡ് ഓണിലേക്ക് പന്ത് പായിച്ച ശേഷം പന്ത് തടയാൻ ശ്രമിച്ച ബൗളറുമായി കൂട്ടിയിടിച്ച് ജയ്സ്വാൾ വീണു. എഴുന്നേറ്റ് ഓടിയെത്തുമ്പോഴേക്കും രാഹുൽ നോൺ-സ്ട്രൈക്കേഴ്സ് എൻഡിൽ എത്തിയിരുന്നു. തുടർന്ന് ശ്രീലങ്ക വിക്കറ്റ് വീഴ്ത്തി.
പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 28 പന്തിൽ 16 റൺസെടുത്ത് പുറത്തായി. സ്കോർ 236ൽ നിൽക്കെ പ്രഭാത് ജയസൂര്യയുടെ പന്തിൽ ലഹിരു പിടിച്ചാണ് ഗിൽ മടങ്ങിയത്. എന്നാൽ മറുവശത്ത് പടിക്കൽ ഉറച്ചുനിന്നതോടെ ഇന്ത്യ ശക്തമായ നിലയിലേക്ക് കുതിച്ചു.
Sports
ഗാലെ: ടീം ഇന്ത്യക്കും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഇന്നു സ്വാതന്ത്ര്യദിനത്തിന്റെ അപൂര്‍വ സുദിനം... രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ശ്രീലങ്കയിലെ ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടീം ഇന്ത്യ 600-ാം ടെസ്റ്റ് കളിക്കും.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 600 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമതു മാത്രം ടീം എന്ന റിക്കാര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കും. ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്നു നടക്കുക. 2025-27 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ളതാണ് ഈ പരമ്പര.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിലവില്‍ അഞ്ചും ആറും സ്ഥാനങ്ങളിലാണ് ഇന്ത്യയും ശ്രീലങ്കയും.
ഗാലെ @ 50
ഇന്ത്യ 600-ാം ടെസ്റ്റ് ആണ് കളിക്കുന്നതെങ്കില്‍ ഗാലെയില്‍ നടക്കുന്ന 50-ാം റെഡ്ബോള്‍ ക്രിക്കറ്റാണിതെന്നതും മറ്റൊരു വസ്തുത. 50 ടെസ്റ്റിനു വേദിയാകുന്ന ഏഷ്യയിലെ ആദ്യ ഗ്രൗണ്ടാണ് ഗാലെ എന്നതും ശ്രദ്ധേയം.
2017ലാണ് ടീം ഇന്ത്യ ഇതിനു മുമ്പ് ശ്രീലങ്കയില്‍ പര്യടനം നടത്തിയത്. അന്ന് ടീം ഇന്ത്യ ഫോമിന്റെ പാരമ്യത്തിലായിരുന്നു. മൂന്നു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്നിംഗ്സിനും 53 റണ്‍സിനും മൂന്നാം പോരാട്ടത്തില്‍ ഇന്നിംഗ്സിനും 171 റണ്‍സിനും ഇന്ത്യ വെന്നിക്കൊടി പാറിച്ചു.
എന്നാല്‍, അന്നത്തേതിനെ അപേക്ഷിച്ചു കാര്യങ്ങള്‍ക്കു മാറ്റമുണ്ട്. അന്ന് വിരാട് കോഹ്ലിയായിരുന്നു ക്യാപ്റ്റന്‍. ചേതേശ്വര്‍ പൂജാര, കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവരായിരുന്നു ഇന്ത്യയുടെ വിശ്വസ്തര്‍. ഓപ്പണിംഗില്‍ ശിഖര്‍ ധവാനും. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന നിലവിലെ ടീം ഇന്ത്യ, ഒരു വിന്-വിന് സംഘത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ടീം ഇന്ത്യ ഈ വര്‍ഷം ഇതുവരെയായി ഒരു ടെസ്റ്റ് മാത്രമാണ് കളിച്ചത്. അതാകട്ടെ അഫ്ഗാനിസ്ഥാന് എതിരേ. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുന്നതല്ല അഫ്ഗാനിസ്ഥാന് എന്നതാണ് ഹൈലൈറ്റ്. മറുവശത്ത് ശ്രീലങ്ക കഴിഞ്ഞ 13 മാസത്തിനിടെ കളിച്ചത് രണ്ടു ടെസ്റ്റ് മാത്രം. അതുകൊണ്ടുതന്നെ ഇന്നു മുതല്‍ ഗാലെയില്‍ എന്തു സംഭവിക്കുന്ന എന്നതില്‍ കൃത്യമായ പ്രവചനം അസാധ്യം.
സ്പിന്‍ വാഴും പിച്ച്
ഗാലെയിലെ പിച്ച് സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കും എന്നതാണ് ഇതുവരെയുള്ള ചരിത്രം. ശ്രീലങ്ക സ്പിന്നര്‍മാരെ കുത്തിനിറച്ചുള്ള ഒരു പ്ലേയിംഗ് ഇലവനെ ഇറക്കാനാണ് ശ്രമിക്കുക. അതിനുള്ള മറുപടി ബാറ്റുകൊണ്ടു ശുഭ്മാന്‍ ഗില്ലും സംഘവും നല്കിയാല് കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലാകും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ സ്വദേശത്തുവച്ച് ദക്ഷിണാഫ്രിക്കയോടും ന്യൂസിലന്‍ഡിനോടും പരമ്പര പരാജയപ്പെട്ട നാണക്കേട് മായ്ച്ചു കളയാനാണ് ടീം ഇന്ത്യ തയാറെടുക്കുന്നതെന്നതും മറ്റൊരു വാസ്തവം.
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണം നയിക്കുക. പ്രഭാത് ജയസൂര്യ, നിറോഷന്‍ ഡിക്വെല്ല എന്നിവര്‍ ലങ്കയുടെ സ്പിന്‍ ആക്രമണത്തിനും ചുക്കാന്‍പിടിക്കും.
International
മോസ്കോ: ആർട്ടിക് മേഖലയിലെ സഹകരണത്തിനായി റഷ്യയുമായി ഏറ്റവും ഫലപ്രദമായ ചർച്ചകൾ നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് റഷ്യ.
മോസ്കോയിൽ നടന്ന നാലാമത് ആർട്ടിക് മേഖലാ ഫോറത്തിൽ റഷ്യൻ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥൻ വ്ലാഡിസ്ലാവ് മസ്ലെനിക്കോവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ചൈനയുമായും ഇന്ത്യയുമായും ഫലപ്രദമായ സംഭാഷണം നടന്നുവരികയാണ്. ഈ മേഖലയിൽ സംയുക്ത പദ്ധതികളും സംരംഭങ്ങളും നടപ്പിലാക്കുന്നതിന് വിപുലമായ വിഭവങ്ങളും അവർക്കുണ്ടെന്ന് മസ്ലെന്നിക്കോവ് പറഞ്ഞു.
Sports
ഗാലെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരന്പരയ്ക്ക് നാളെ തുടക്കം. ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നാളെ രാവിലെ 10ന് മത്സരം ആരംഭിക്കും. ഇന്ത്യക്ക് ശ്രീലങ്ക വെല്ലുവിളി ഉയർത്തില്ലെന്ന് ബൗളിംഗ് കോച്ച് മോർണി മോർക്കൽ പറഞ്ഞു.
സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് ചുമതല മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാണ്. ബാറ്റിംഗിൽ സായ് കൃഷ്ണയ്ക്ക് പകരം സർഫറാസ് ഖാൻ സ്ഥാനം പിടിച്ചു.
ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ. യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ എന്നിവർ ബാറ്റിംഗ് നട്ടെല്ലാകും. മൂന്ന് ദിവസത്തെ വാം-അപ്പ് മത്സരത്തിൽ ബാറ്റർമാരും ബൗളർമാരും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടിരുന്നു എന്നതും ഇന്ത്യന്‍ പ്രതീക്ഷ കൂട്ടുന്നു.
പിച്ച് പരിശോധിച്ച് ഗംഭീർ
മത്സരത്തിന് മുന്നോടിയായി ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് പരിശോധിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ശ്രീലങ്കൻ ടീമിന്റെ പരിശീലനത്തിനിടയിലാണ് അപ്രതീക്ഷിതമായി ഇന്ത്യൻ പരിശീലകർ സ്റ്റേഡിയത്തിലെത്തിയത്. ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറും ബാറ്റിംഗ് കോച്ച് സിതാംഷു കൊട്ടക്കും പിച്ചിലെ സാഹചര്യം നേരിട്ട് വിലയിരുത്താനായി എത്തി.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നതിൽ പിച്ചിന്റെ സ്വഭാവം നിർണായക പങ്ക് വഹിക്കും. മൂന്ന് പേസർമാരെയാണോ അതോ മൂന്ന് സ്പിന്നർമാരെയാണോ ടീമിൽ ഉൾപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഒന്നാം ദിനത്തിലെ പിച്ചിന്റെ സാഹചര്യം കൂടി കണക്കിലെടുത്ത ശേഷമേ അന്തിമ ബൗളിംഗ് കോന്പിനേഷൻ നിശ്ചയിക്കൂ എന്ന് ടീം മാനേജ്മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. പിച്ച് പൂർണമായും സ്പിന്നിനെ തുണയ്ക്കുന്ന രീതിയിലല്ലെങ്കിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവർ അന്തിമ ഇലവനിൽ ഇടംപിടിച്ചേക്കും.
ശ്രീലങ്കയെ വിരട്ടാനുള്ള പേസ് ഇന്ത്യക്കുണ്ട്: മോർക്കൽ
ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ഇന്ത്യൻ പേസ് നിര ശക്തമാണെന്ന് ബോളിംഗ് കോച്ച് മോർണി മോർക്കൽ. മുഹമ്മദ് സിറാജ് നയിക്കുന്ന യുവനിരയ്ക്ക് ലങ്കൻ സാഹചര്യങ്ങളിലെ ചൂടും ഈർപ്പവും മറികടന്ന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രസിദ്ധ് കൃഷ്ണ ഏഴ് ടെസ്റ്റുകൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഗുർനൂർ ബ്രാറും അക്വിബ് നബിയുമാകട്ടെ ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടുമില്ല. അതേസമയം, പ്രസിദ്ധും സിറാജും നാട്ടിലെ കടുത്ത ബോളിംഗ് സാഹചര്യങ്ങളിൽ ധാരാളം ക്രിക്കറ്റ് കളിച്ചവരാണെന്നും മോർക്കൽ പറഞ്ഞു.
“ശ്രീലങ്കൻ സാഹചര്യങ്ങളിൽ സാധാരണയായി സ്പിന്നർമാരാണ് ആധിപത്യം പുലർത്താറുള്ളത്. വലിയ വെല്ലുവിളി ചൂടും ഈർപ്പവുമായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ക്രീസ് എങ്ങനെ ഉപയോഗിക്കണം, നാം കൂടുതൽ ബുദ്ധിപരമായി ചിന്തിക്കണം”- മോർക്കൽ കൂട്ടിചേർത്തു.
Sports
ന്യൂഡൽഹി: ഫിഫ-ആസിയാൻ കപ്പിൽനിന്ന് ഇന്ത്യ പിന്മാറി. അഞ്ച് തവണ ലോക ചാന്പ്യന്മാരായ ബ്രസീലിനെതിരേ ഒക്്ടോബറിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി ഷെഡ്യൂൾ കാരണാമണ് പിന്മാറ്റമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം. സത്യനാരായണൻ അറിയിച്ചു.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ ചാറ്റ്ജിപിടിയിൽ സൗജന്യ ഉപയോക്താക്കൾക്കായി പരസ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ഓപ്പൺഎഐ . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി.
കമ്പനിയുടെ പ്രൈവസി പോളിസിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതാണ് ഈ ഇമെയിൽ. സൗജന്യമായി ഉപയോഗിക്കുന്ന, കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിലായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. എന്നാൽ പണം നൽകി ഉപയോഗിക്കുന്ന ചാറ്റ്ജിപിടി പ്ലസ് , പ്രോ, എന്റർപ്രൈസ്, ബിസിനസ്, എഡ്യൂക്കേഷൻ പ്ലാനുകളിൽ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല.
പരസ്യങ്ങൾ വരുന്നത് ചാറ്റ്ജിപിടിയുടെ ഉത്തരങ്ങളെയോ നൽകുന്ന വിവരങ്ങളെയോ യാതൊരുവിധത്തിലും സ്വാധീനിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഗൂഗിൾ സെർച്ചിൽ കാണുന്നതുപോലെ സ്പോൺസേർഡ് എന്ന ലേബലോടെ മാത്രമായിരിക്കും ഇവ കാണിക്കുക. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ചാറ്റ് ഹിസ്റ്ററിയോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും ഓപ്പൺഎഐ ഉറപ്പുനൽകുന്നു.
നിലവിൽ യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ആരംഭിച്ച ഈ മാറ്റം ഉടൻ തന്നെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
National
ന്യൂഡൽഹി: അദാനിയുടെ ക്രിമിനൽ കേസുകൾ അമേരിക്കൻ കോടതി തള്ളിയതിനു പിന്നിൽ കാണാച്ചരടുകളുണ്ടെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കണ്ണിൽ കാണാൻ കഴിയുന്നതിൽ കൂടുതൽ കാര്യങ്ങൾ ഇതിലുണ്ടെന്നു രാഹുൽ എക്സ് പോസ്റ്റിൽ പറഞ്ഞു.
ബാഹ്യസമ്മർദങ്ങൾക്കു വഴങ്ങുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ താത്പര്യങ്ങൾ വിൽക്കാൻ നിർബന്ധിതനായി. വലിയ വിലയാണ് ഇന്ത്യ ഇതിനു നൽകേണ്ടി വരികയെന്നും രാഹുൽ ആരോപിച്ചു.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സാഗർ അദാനി, സഹപ്രവർത്തകനായ വിനീത് ജെയിൻ എന്നിവർക്കെതിരേയുള്ള കുറ്റങ്ങൾ യുഎസ് ഫെഡറൽ കോടതിയാണു തള്ളിക്കളഞ്ഞത്.
അമേരിക്കൻ സർക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ വിമർശനം. രാജ്യതാത്പര്യങ്ങൾ ബലികഴിച്ച് അദാനിക്കായി പ്രധാനമന്ത്രി മോദി നടത്തിയ ഇടപെടലിന്റെ ഫലമാണിതെന്നാണ് രാഹുലിന്റെ ആരോപണം.
ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടിയെടുക്കാൻ 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും, അഴിമതിവിരുദ്ധ നിലപാടുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് അമേരിക്കൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരെ വഞ്ചിക്കാൻ ശ്രമിച്ചെന്നുമായിരുന്നു അദാനി ഗ്രൂപ്പിനെതിരേ 2024ൽ യു.എസ് നീതിന്യായ വകുപ്പ് ചുമത്തിയ കുറ്റം.
എന്നാൽ, അദാനി ഗ്രൂപ്പിനെതിരേ തുടർനടപടികളുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് കോടതിയെ അറിയിക്കുകയായിരുന്നു.
Sports
ഗാലെ: ഇന്ത്യക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റിനുള്ള ശ്രീലങ്കന്‍ ടീമിലേക്കു വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ നിരോഷന്‍ ഡിക്വെല്ലയെ തിരിച്ചുവിളിച്ചു.
മൂന്നു വര്‍ഷത്തിനുശേഷമാണ് ഡിക്വെല്ല ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്നത്. രണ്ടു മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ശ്രീലങ്ക ക്രിക്കറ്റ് ഇന്നലെ പ്രഖ്യാപിച്ചു. ശനിയാഴ്ച ഗാലെയിലാണ് ആദ്യ ടെസ്റ്റ്.
ഡിക്വെല്ലയ്ക്കൊപ്പം ഇടംകൈ സ്പിന്നര്‍ ദില്ഷന് മധുശങ്കയെയും തിരികെ വിളിച്ചെന്നതും ശ്രദ്ധേയം. മൂന്നു വര്‍ഷത്തിനുശേഷമാണ് മധുശങ്കയും ഒരു ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്നത്.
ധനഞ്ജയ ഡിസില്‍വയാണ് ലങ്കയുടെ ക്യാപ്റ്റന്‍. കമിന്ധു മെന്‍ഡിസ് വൈസ് ക്യാപ്റ്റനും. പരിക്കിനെത്തുടര്‍ന്ന് കുശാല്‍ മെൻഡിസ് ആദ്യ ടെസ്റ്റിന് ഇല്ലാത്തതാണ് ഡിക്വെല്ലയെ തിരിച്ചുവിളിക്കാന്‍ കാരണം.
2023 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിന് എതിരേയാണ് ഡിക്വെല്ല അവസാനമായി ടെസ്റ്റ് കളിച്ചത്. ലങ്കയ്ക്കായി 54 ടെസ്റ്റില്‍നിന്ന് 2757 റണ്‍സ് നേടിയിട്ടുണ്ട്.
ദില്ഷന് മധുശങ്ക ഒരു ടെസ്റ്റ് മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ, 2023 ജൂലൈയില്‍ പാക്കിസ്ഥാന് എതിരേ. പാത്തും നിസാങ്കയും പരിക്കിനെത്തുടര്‍ന്ന് ലങ്കന്‍ ടീമില്‍ ഇല്ല.
Sports
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് എതിരായ മൂന്നു മത്സര ട്വന്റി-20 പരമ്പരയുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
അഫ്ഗാന് ആതിഥേയത്വം വഹിക്കുന്ന മത്സരത്തിന്റെ വേദി ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയമാണ്. സെപ്റ്റംബര്‍ 13, 15, 17 തീയതികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
ഇന്ത്യക്ക് എതിരായ അഫ്ഗാനിസ്ഥാന്റെ ഹോം മത്സരങ്ങള്‍ ഇന്ത്യയില്‍ത്തന്നെയാണ് നടക്കുക.
ജൂണില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും ഇന്ത്യയില്‍വച്ച് അഫ്ഗാനിസ്ഥാന് കളിച്ചിരുന്നു. ചണ്ഡിഗഡില്വച്ചു നടന്ന ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സിനും 300 റണ്‍സിനും ജയിച്ചു. ഏകദിന പരമ്പര 3-0നും ഇന്ത്യ സ്വന്തമാക്കി.
NRI
ഷിക്കാഗോ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്ഐഎ) ഷിക്കാഗോയുടെ നേതൃത്വത്തിൽ ഡൗൺടൗൺ ഷിക്കാഗോയിലെ ഡാലി പ്ലാസയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി.
ഓഗസ്റ്റ് 6-ന് നടന്ന ചടങ്ങോടെ രണ്ടാഴ്ച നീളുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. ഇന്ത്യൻ കോൺസുൾ ജനറൽ സോമനാഥ് ഘോഷ്, എഫ്ഐഎ പ്രസിഡന്റ് ഹേമന്ത് പട്ടേൽ, സംഘടനാ ഭാരവാഹികൾ, അമേരിക്കൻ ജനപ്രതിനിധികൾ, വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികൾ, നൂറുകണക്കിന് ഇന്ത്യൻ-അമേരിക്കൻ സമൂഹാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അമേരിക്കൻ ദേശീയപതാകയ്ക്കൊപ്പം ഇന്ത്യൻ ത്രിവർണം പാറിയുയർന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതീകമായി. ദേശീയഗാനങ്ങൾക്കും ദേശഭക്തിഗാനങ്ങൾക്കും പുറമെ വിവിധ സാംസ്കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.
എഫ്ഐഎ ഷിക്കാഗോയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് തിരംഗ കാർ റാലി, 16-ന് പാട്രിയോട്ടിക് ഗാല, 23ന് ഇന്ത്യ ഡേ പരേഡ് എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
NRI
റോം: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനവും സിഎഫ്ഡിയുടെ17-ാം സ്ഥാപകദിനവും സംയുക്തമായി ഈ മാസം 15ന് രാവിലെ 10.30ന് റോമിലെ Piazza Gandhi-യിൽ വച്ച് സംഘടിപ്പിക്കുന്നു. അധികാരികളുടെ ഔദ്യോഗിക അനുമതിയോടെയാണ് പരിപാടി നടത്തുന്നത്.
സ്വാതന്ത്ര്യം ഒരു ആഘോഷം മാത്രമല്ലെന്നും ഓരോ തലമുറയും കാത്തുസൂക്ഷിക്കുകയും കൈമാറുകയും ചെയ്യേണ്ട മഹത്തായ ഉത്തരവാദിത്വമാണെന്നും സംഘാടകർ ഓർമിപ്പിച്ചു.
പരിപാടിയിലേക്ക് എല്ലാ ഇന്ത്യൻ പ്രവാസികളെയും ക്ഷണിക്കുന്നതായി സെൻട്രൽ കൗൺസിൽ ഓഫ് സിഎഫ്ഡി അറിയിച്ചു.
Business
പരവൂര്‍: രാജ്യത്തെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്പന രേഖപ്പെടുത്തി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖല.
ആദ്യമായി ഒരു മാസത്തിനിടെ നാല് ലക്ഷത്തിലധികം കാറുകളുടെ റീട്ടെയില്‍ വില്പന നടന്ന് പുതിയ റിക്കാർഡ് കുറിച്ചു.
Sports
കൊളംബോ: ത്രിദിന പരിശീലനം ജയത്തോടെ അവസാനിപ്പിച്ചു; ഇനി ടീം ഇന്ത്യക്കു മുന്നിലുള്ളത് സിംഹള പരീക്ഷാദിനങ്ങള്‍. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ആദ്യ ഇന്നിംഗ്സില്‍ ഇറങ്ങാതിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ ക്രീസിലെത്തി.
ശ്രീലങ്ക ക്രിക്കറ്റ് ഇലവന് എതിരായ പരിശീലന മത്സരം ടീം ഇന്ത്യ ആറു വിക്കറ്റ് ജയത്തോടെ അവസാനിപ്പിച്ചു. സ്കോര്‍: ശ്രീലങ്ക ക്രിക്കറ്റ് ഇലവന് 363/8 ഡിക്ലയേര്‍ഡ്, 200/6 ഡിക്ലയേര്‍ഡ്. ഇന്ത്യ 357/6 ഡിക്ലയേര്‍ഡ്, 214/4 ഡിക്ലയേര്‍ഡ്.
രണ്ടാംദിനത്തിലെ സ്കോറില്‍ (357/6) ഇന്ത്യന്‍ ടീം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് മൂന്നാംദിനം കളിയാരംഭിച്ചത്. തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇലവന് രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തി. ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ നിഷാന്‍ ഫെര്‍ണാണ്ടോ (66) രണ്ടാം ഇന്നിംഗ്സിലും (63) അതാവര്‍ത്തിച്ചു. 73 പന്തിലായിരുന്നു ഫെര്‍ണാണ്ടോയുടെ 63 റണ്‍സ്. നിപുന്‍ ധനഞ്ജയയാണ് (46) ആതിഥേയ ടീമിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരു താരം. ഇന്ത്യയുടെ ഗുര്‍ണൂര്‍ ബ്രാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഗില്‍ - ജയ്സ്വാള്‍ ഓപ്പണിംഗ്
പരിശീലനത്തിനിടെ കൈവിരലിനു പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ആദ്യദിനം കളത്തില്‍നിന്നു വിട്ടുനിന്നപ്പോള്‍ കെ.എല്‍. രാഹുല്‍ ആയിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ രാഹുല്‍ 40 റണ്‍സ് നേടുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ രാഹുലിനു പകരം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണിംഗ് റോളില്‍ എത്തിയത്.
207 റണ്‍സ് എന്ന ലക്ഷ്യം പിന്തുടരാന് ക്രീസിലെത്തിയ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 105 റണ്‍സ് സ്വന്തമാക്കി. 54 പന്തില്‍ 44 റണ്‍സ് നേടിയ ഗില്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 46 പന്തില്‍ രണ്ടു സിക്സും ഒമ്പത് ഫോറും അടക്കം 61 റണ്‍സ് നേടിയശേഷം ജയ്സ്വാള്‍ സ്വമേധയാ ക്രീസ് വിട്ടു.
പിന്നീട് ഋഷഭ് പന്ത് (28), ധ്രുവ് ജുറെല്‍ (17), രവീന്ദ്ര ജഡേജ (22 റിട്ടയേര്‍ഡ് ഹര്‍ട്ട്), മുഹമ്മദ് സിറാജ് (32 നോട്ടൗട്ട്) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യന്‍ ടീം ജയത്തില്‍.
ടോപ് ഓര്‍ഡര്‍ പവർ
നായകന് ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തിയതായിരുന്നു മൂന്നാംദിനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. ഗില്‍ ഓരോ പന്തും ശ്രദ്ധയോടെ നേരിട്ടു. 54 പന്തില്‍നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 44 റണ്‍സും എടുത്തു.
അതോടെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ എല്ലാവരും ക്രീസിലെത്തുകയും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായ യശസ്വി ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. കെ.എല്‍. രാഹുല്‍ (40 റിട്ടയേര്‍ഡ്), ദേവ്ദത്ത് പടിക്കല്‍ (142 നോട്ടൗട്ട്) എന്നിവര്‍ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയില്ല.
രവീന്ദ്ര ജഡേജയും (63 റിട്ടയേര്‍ഡ്, 22 റിട്ടയേര്‍ഡ്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. രണ്ട് ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതം ജഡേജ സ്വന്തമാക്കിയെന്നതും ശ്രദ്ധേയം. വിക്കറ്റ് കീപ്പിംഗ് റോളിലുള്ള ഋഷഭ് പന്ത് (2, 28), ധ്രുവ് ജുറെല്‍ (1, 17) എന്നിവര്‍ ഫോമിലേക്ക് ഉയര്‍ന്നില്ല. 15ന് ഗാലെയിലാണ് ഇന്ത്യ x ശ്രീലങ്ക ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം.
Kerala
തിരുവനന്തപുരം: ദീപിക കളർ ഇന്ത്യ മത്സരം സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെ പ്രഘോഷിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആയിരക്കണക്കിന് ഇളംമനസുകളിൽ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾ ഉണർത്താനും മത്സരം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"ദീപിക കളർ ഇന്ത്യ' സീസൺ അഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരമൊരു ബൃഹത് സംരംഭം ഒരുക്കുന്ന ദീപിക മാനേജ്മെന്റിനെ അഭിനന്ദിക്കുന്നുവെന്നും വിവിധ സംസ്ഥാനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നുവെന്നത് അഭിമാനകരമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് "ദീപിക കളർ ഇന്ത്യ' മത്സരം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ ഇന്നലെ സ്കൂളുകൾ പ്രവർത്തിച്ച ജില്ലകളിലെല്ലാം മത്സരം നടത്തി. ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കാളികളായത്. ഇന്നലെ അവധിയായിരുന്ന സ്കൂളുകളിൽ സൗകര്യപ്രദമായ അടുത്ത പ്രവൃത്തിദിനത്തിൽ മത്സരം നടക്കും.
കേരളത്തിനു പുറത്ത് തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ്, മണിപ്പുർ, പഞ്ചാബ്, തെലുങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സ്കൂളുകളിലും ഇന്നലെ മത്സരം നടന്നു.
National
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ 27 സ്ഥലങ്ങള്‍ക്കു പേര് പ്രഖ്യാപിച്ച് ഇന്ത്യ. അരുണാചല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയശേഷമാണു പേര് നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചൈനയുമായി അതിര്‍ത്തിതര്‍ക്കം നിലനില്‍ക്കേയാണ് ഇന്ത്യയുടെ നീക്കം. പുതിയ പേരുകള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തില്‍ കൂട്ടിച്ചേര്‍ത്തു.
അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ തുടര്‍ച്ചയായി ചൈന ശ്രമിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. സൗത്ത് ടിബറ്റ് എന്നാണ് അരുണാചലിനെ ചൈന വിശേഷിപ്പിക്കുന്നത്. അരുണാചലിലെ ചൈനയുടെ ഇടപെടലിനെ എല്ലായ്പോഴും ഇന്ത്യ ചെറുത്തുവരികയാണ്.
ജനവാസകേന്ദ്രങ്ങള്‍, ചുരങ്ങള്‍, ജലാശയങ്ങള്‍, സ്മാരകകേന്ദ്രങ്ങള് എന്നിവ ഉള്‍പ്പെടെയാണു പേര് മാറ്റിയിട്ടുള്ളത്. തന്ത്രപ്രധാന ചുരങ്ങള്‍ക്ക് ഡിസോ ലാ, റിസ ലാ, പുകുര്‍ ലാ, താഗ് ലാ എന്നിങ്ങനെ പേര് നൽകി.
ഒരു തടാകത്തിന് ശംഭോ സരോവര്‍ എന്നാണു പേര്.
Sports
കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പോരാട്ടങ്ങള്‍ക്കു മുന്നോടിയായി ടീം ഇന്ത്യക്ക് ഇന്നു വാം അപ്പ് മത്സരം. ശ്രീലങ്കന്‍ ഇലവനാണ് എതിരാളികള്‍.
ശ്രീലങ്കയിലെ പിച്ചുകള്‍ സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കുമെന്നതിനാല്‍ നെറ്റ് ബൗളര്‍മാരായി നാല് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ടീം ഇന്ത്യ യാത്രതിരിച്ചത്. എന്നാല്‍, ഇന്നു നടക്കുന്ന വാം അപ്പ് മത്സരത്തിനുള്ള പിച്ചില്‍ പുല്ല് നിറഞ്ഞിരിക്കുകയാണെന്നാണ് ടീം ഇന്ത്യയുടെ ആക്ഷേപം.
പുല്ലുനിറഞ്ഞ പിച്ചാണെങ്കില്‍ സ്പിന്‍ ബൗളിംഗിനു യോഗ്യമല്ല. അതോടെ ടെസ്റ്റിനു മുമ്പായി ശ്രീലങ്കയിലെ സ്പിന്‍ സാഹചര്യം മനസിലാക്കാന്‍ ടീം ഇന്ത്യക്കു സാധിക്കില്ല. ഇത്തരത്തിലൊരു ചതിപ്രയോഗം നടന്നതായാണ് ഇന്ത്യന്‍ ടീം വൃത്തങ്ങളില്‍നിന്നുള്ള സൂചന.
പിച്ചില്‍ പുല്ല് അധികമാണെന്ന് ഇന്ത്യന്‍ ടീം പരാതിപ്പെട്ടതായി വാം അപ്പ് മത്സരം നടക്കുന്ന എന്‍സിസി സ്റ്റേഡിയം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ത്രിദിന പരിശീലന മത്സരത്തിനു യോജ്യമായ പിച്ചാണ് നിര്മിച്ചിരിക്കുന്നതെന്നായിരുന്നു വിശദീകരണം.
ആദ്യ ടെസ്റ്റ് 15ന്
ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണ് ഫൈനല്‍ ടിക്കറ്റിനായുള്ള പോയിന്റ് സമാഹരണം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ശ്രീലങ്കയില്‍ എത്തിയിരിക്കുന്നത്. 15 മുതല്‍ 19വരെ ഗാലെയിലാണ് ഒന്നാം ടെസ്റ്റ്. 23 മുതല്‍ 27വരെ കൊളംബോയില്‍ രണ്ടാം ടെസ്റ്റ് അരങ്ങേറും.
ശ്രീലങ്കന്‍ പര്യടനത്തിനിടെ നെറ്റ് ബൗളിംഗിനായി പ്രധാനമായും ടീം ഇന്ത്യ കൂട്ടിയിരിക്കുന്നത് സ്പിന്നര്മാരെയാണെന്നതും ശ്രദ്ധേയം. തനുഷ് കൊടിയന്‍ (ഓഫ്), വിപ് രാജ് നിഗം (ലെഗ്), ശിവംഗ് കുമാര്‍ (ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്‍), ഹര്‍ഷ് ദുബെ (ലെഫ്റ്റ് ആം ഓര്‍ത്തഡോക്സ്) എന്നിവരാണ് ടീമിനൊപ്പമുള്ള നെറ്റ് ബൗളര്‍മാര്‍.
Tech
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ ഇന്ത്യയോടു മാപ്പുപറഞ്ഞ് മെറ്റ മേധാവി മാർക്ക് സക്കർബർഗ് . സിഎസ്എഎം (കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മെറ്റീരിയൽ), ഡീപ്പ്ഫേക്ക്, പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നതിലെ പിഴവുകൾ എന്നിവയിലാണ് മെറ്റാ സിഇഒ ക്ഷമാപണം നടത്തിയത്. ഉള്ളടക്ക മോഡറേഷനിൽ ഉണ്ടായ തെറ്റുകൾ മെറ്റ സമ്മതിക്കുകയും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ദോഷകരമായ ഉള്ളടക്കം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചതായും അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ ഫ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിലാണ് നിഷികാന്ത് ദുബേയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്കു മുന്നിൽ മെറ്റാ സിഇഒ ക്ഷമാപണം നടത്തിയത്. മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥരായ ജോയൽ കപ്ലാൻ തുടങ്ങിയവരാണ് പാർലമെന്ററി സമിതിയെ കണ്ടത്. കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളും സ്ത്രീകൾക്കെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കുന്ന ഇടനില പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിങ് കമ്മിറ്റിയും ആവശ്യപ്പെട്ടു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്ന ആളുകളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. പ്ലാറ്റ്ഫോം ഉത്തരവാദിത്തം, ഉള്ളടക്ക മോഡറേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന വീഡിയോ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പരാമർശമില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്തതിന് മെറ്റാ മേധാവിയോട് മാപ്പ് പറയണമെന്ന് പാർലമെന്ററി പാനൽ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് മാർക്ക് സക്കർബർഗ് ക്ഷമാപണം നടത്തിയത്.
ജൂലൈ 23ന് കോക്രോച്ച് ജന്ത പാർട്ടി (സിജെപി) പ്രതിഷേധങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്താണ് പ്രധാനമന്ത്രി മോദി വീഡിയോ പങ്കുവച്ചത്. എന്നാൽ, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും വീഡിയോ നീക്കം ചെയ്തു, പക്ഷേ പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. ഒരു സാങ്കേതിക തകരാറാണ് കാരണമാണ് വീഡിയോ നീക്കം ചെയ്യേണ്ടിവന്നതെന്ന് മെറ്റ കാരണമായി പറഞ്ഞിരുന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രതിരോധമന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളുടെയും സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും ഇരുപക്ഷവും വിലയിരുത്തി.
Sports
ഗ്ലാസ്ഗോ: നാലു വര്‍ഷത്തിനുശേഷം 2030ല്‍ അഹമ്മദാബാദില്‍വച്ചു കാണാം എന്ന ശുഭപ്രതീക്ഷ പങ്കുവച്ച്, 23-ാം കോമണ്‍വെല്‍ത്ത് ഗെയിംസ് ഉപചാരംചൊല്ലിപ്പിരിഞ്ഞു... ജൂലൈ 23ന് ആരംഭിച്ച ഗ്ലാസ്ഗോ ഗെയിംസില്‍ 74 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ടീമുകളാണ് പങ്കെടുത്തത്.
2,729 കായിക താരങ്ങള്‍ ഗ്ലാസ്ഗോയില്‍ എത്തി. 10 കായിക ഇനങ്ങളിലായി 215 സ്വര്‍ണ മെഡല്‍ പോരാട്ടങ്ങള്‍ അരങ്ങേറി. ചാള്‍സ് മൂന്നാമന് രാജാവ് ഉദ്ഘാടനം നിര്‍വഹിച്ച ഗെയിംസിന്, എഡിന്‍ബര്‍ഗിന്റെ ഡ്യൂക്കായ എഡ്വേര്‍ഡ് രാജകുമാരന് സമാപനം കുറിച്ചു.
2030 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയരായ ഇന്ത്യ, ഗെയിംസ് പതാക ഏറ്റുവാങ്ങി. കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് പ്രസിഡന്റ് ഡോണള്‍ഡ് റുക്കാരെയില്നിന്ന് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്ര ഗെയിംസ് പതാക ഏറ്റുവാങ്ങി. തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന് ഓഫ് ഇന്ത്യ (സിജിഎ) പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് നീരജ് പതാക കൈമാറി. ഉഷ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായ ഹര്‍ഷ് സംഘവിക്കും.
വസുധൈവ കുടുംബകം
വസുധൈവ കുടുംബകം (ലോകം ഒരു കുടുംബം) എന്ന തീം ആസ്പമാക്കിയായിരുന്നു 2030 അഹമ്മദാബാദ് ഗെയിംസിലേക്കു സ്വാഗതമരുളി, ഗ്ലാസ്ഗോ ഗെയിംസിന്റെ സമാപനത്തില്‍ ഇന്ത്യ കലാപരിപാടികള്‍ അവതരിപ്പിച്ചത്. ഗ്ലാസ്ഗോ ഗെയിംസിന് സമാപനം കുറിച്ചതായും ഇനി അഹമ്മദാബാദില്‍ കാണാം എന്നും എഡ്വേര്‍ഡ് രാജകുമാരന് പ്രഖ്യാപിക്കുന്നതിനു മുമ്പായി 20 മിനിറ്റ് ഇന്ത്യ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ശങ്കര്‍ മഹാദേവന്റെ സ്വരമാധുരിയും ബോളിവുഡ് നടി രഷ്മിക മന്ദാനയും മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലാറും അണിനിരന്ന നൃത്തവുമെല്ലാം ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രതീകമായി. വന്ദേ മാതരം ഗാനത്തിനായി ബോളിവുഡ് നടിയും മോഡലുമായ മാനുഷി ചില്ലാറും സംഘവും ചുവടുവച്ചത് ഗാലറിയില്‍ ആവേശത്തിരയുണര്‍ത്തി. ഇന്ത്യയുടെ കായിക പാരമ്പര്യവും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രവും വിളിച്ചോതുന്നതായിരുന്നു രഷ്മിക മന്ദാന- മാനുഷി ചില്ലാര്‍ സംഘത്തിന്റെ പരിപാടി. കേരളത്തിന്റെ പ്രതീകമായ കഥകളിയും സ്റ്റേജില്‍ എത്തിയെന്നതും ശ്രദ്ധേയം.
സമാപനം കെങ്കേമം
11 ദിവസം നീണ്ട 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപനം സ്കോട്ലന്ഡ് കെങ്കേമമാക്കി. തനത് ഡ്രസിംഗുമായി ബാഗ്പൈപ്പേഴ്സ് വേദിയിലെത്തി. എലഫന്റ് സെഷന്‍സ്, പ്രൈമല്‍ സ്ക്രീം എന്നീ മ്യൂസിക്, റോക്ക് ബാന്‍ഡുകളുടെ ലൈവ് പ്രകടനം സംഗീതാസ്വാധകര്ക്ക് ഇലക്ട്രിക് ഇഫക്ട് നല്കി. ഓസ്ട്രേലിയന്‍ പോപ് ഗായികയായ ഡെല്‍റ്റ ഗുഡ്രെമിന്റെ പരിപാടിയും സമാപനചടങ്ങിനു കൊഴുപ്പേകി. ഗെയിംസിലെ മികച്ച നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക വീഡിയോ പ്രദര്‍ശനം ഓര്മയിലേക്കുള്ള യാത്രയായി.
വനിതകളുടെ 57 കിലോഗ്രാം വിഭാഗം ബോക്സിംഗില്‍ സ്വര്‍ണം നേടിയ ജെയ്സ്മിന്‍ ലാംബോറിയയായിരുന്നു സമാപന ചടങ്ങില്‍ ഇന്ത്യയുടെ ദേശീയ പതാക കൈയിലേന്തിയത്.
മികവോടെ ഇന്ത്യ
23-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 13 സ്വര്‍ണം, 17 വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെ 39 മെഡലുമായി നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 2022 ബിര്‍മിംഗ്ഹാം ഗെയിംസിലും ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 2018 ഗോള്‍ഡ് കോസ്റ്റില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷിംഗ് 2010ല്‍ രണ്ടാം സ്ഥാനം നേടിയതാണ്.
100/2; അഹമ്മദാബാദ്
2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധേയം. ഒന്ന്; കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 100-ാം വാര്‍ഷികമാണ് 2030. രണ്ട്; ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് ഗെയിംസാണിത്.
2010ല്‍ ഡല്‍ഹിയില്‍ ഇന്ത്യ കോമണ്‍വെല്‍ത്തിന് ആതിഥേയത്വം വഹിച്ചിരുന്നു. മൂന്ന്; ഭാവിയില്‍ ഒളിമ്പിക്സ് ആതിഥേയത്വം ലക്ഷ്യമിടുന്ന ഇന്ത്യക്ക്, അഹമ്മദാബാദ് ഒരു ഡ്രസ് റിഹേഴ്സലാണ്. ഏതായാലും കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇനി നാലു വര്‍ഷത്തെ വിശ്രമം...
International
ലണ്ടൻ: ഗ്ലാസ്ഗോയിൽ നടന്ന 2026ലെ കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. ഞായറാഴ്ച സമാപിച്ച ഗെയിംസിൽ 39 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാമതെത്തി. 13 സ്വർണവും 17 വെള്ളിയും ഒൻപത് വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽനേട്ടം.
171 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. ഇംഗ്ലണ്ട്(110), കാനഡ(62), എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
സ്വർണ മെഡൽ ജേതാവായ ബോക്സർ ജാസ്മിൻ ലംബോറിയയാണ് സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത്. ഇനി 2030ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമൺവെൽത്ത് ഗെയിംസ്. കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷികത്തിലാണ് അഹമ്മദാബാദ് വേദിയാകുന്നത്. ഗ്ലാസ്ഗോയിലെ സമാപചനച്ചടങ്ങിൽ അടുത്ത ഗെയിംസിനായുള്ള ബാറ്റൺ ഇന്ത്യയ്ക്ക് കൈമാറി.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരങ്ങളുടെ ഇടിവെട്ടിടി... ബോക്സിംഗ് റിംഗില്‍ ഇന്ത്യക്കു മുന്നില്‍ എതിരാളികള്‍ നിഷ്പ്രഭമായി.
ഗ്ലാസ്ഗോ ഗെയിംസിന്റെ ബോക്സിംഗില്‍ ഏഴ് സ്വര്‍ണം, മൂന്നു വെള്ളി എന്നിങ്ങനെ 10 മെഡല്‍ ഇന്ത്യ സ്വന്തമാക്കി. ബോക്സിംഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍, റിംഗിലെ മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഒരു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇത്രയും സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്നത്. ഒരു എഡിഷനില്‍ ബോക്സിംഗ് റിംഗില്‍നിന്ന് മെഡല്‍ നേട്ടം രണ്ടക്കത്തില്‍ എത്തുന്നതും ഇതാദ്യം.
നമ്പര്‍ വണ്‍ ഇന്ത്യ
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ബോക്സിംഗ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പുരുഷ-വനിതാ വിഭാഗങ്ങളിലായി 14 സ്വര്‍ണ പോരാട്ടങ്ങളാണ് ഇടിക്കൂട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് എണ്ണത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം സ്വന്തമാക്കി. മൂന്ന് എണ്ണത്തില്‍ വെള്ളിയും. ആകെയുള്ള 14 ബോക്സിംഗ് ഫൈനലുകളില്‍ പത്തിലും ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.
നാല് സ്വര്‍ണം, മൂന്നു വീതം വെള്ളി, വെങ്കലം എന്നിങ്ങനെ പത്ത് മെഡല്‍ സ്വന്തമാക്കിയ ഇംഗ്ലണ്ടാണ് ബോക്സിംഗ് മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
ലേഡീസ് സ്റ്റൂപ്പര്‍ സ്റ്റാര്‍സ്
ഇന്ത്യക്കു ബോക്സിംഗ് റിംഗില്നിന്നു ലഭിച്ച ഏഴ് സ്വര്‍ണത്തില്‍ അഞ്ചും വനിതകളാണ് സംഭാവന ചെയ്തത്. മൂന്നു വെള്ളിയില്‍ ഒരെണ്ണവും വനിതാ വിഭാഗത്തില്‍നിന്നാണ്. ചുരുക്കത്തില്‍, പത്തില്‍ ആറ് മെഡലും വനിതാ കരുത്തിലാണ് ഇന്ത്യക്കു ലഭിച്ചത്.
വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പന്‍വാര്‍ സ്വര്‍ണം ഇടിച്ചിട്ടതോടെയാണ് ബോക്സിംഗ് റിംഗിലെ ഇന്ത്യന്‍ ഗോള്‍ഡന്‍ പഞ്ചിനു തുടക്കമായത്. പിന്നാലെ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ജെയ്സ്മിന്‍ ലാംബോറിയ, 51 കിലോഗ്രാമില്‍ സാക്ഷി ചൗധരി, 60 കിലോഗ്രാമില്‍ പ്രിയ ഘംഗാസ്, 70 കിലോഗ്രാമില്‍ അരുന്ധതി ചൗധരി എന്നിവരും സ്വര്‍ണം ഇടിച്ചുനേടി.
പുരുഷന്മാരുടെ 60 കിലോഗ്രാം ബോക്സിംഗില്‍ സച്ചിന് സിവാച്ചും 80 കിലോഗ്രാം വിഭാഗത്തില്‍ അങ്കുഷ് പംഗലും സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞു. നമീബിയയുടെ ട്രൈഅഗെയ്ന് എന്‍ഡെവെലോയെ സ്പ്ലിറ്റ് ഡിസിഷനില്‍ 3-2നു കീഴടക്കിയായിരുന്നു സച്ചിന്റെ സ്വര്‍ണം. ഇംഗ്ലണ്ടിന്റെ ഡിമെജി ഷിട്ടുവിനെ തകര്‍ത്താണ് (4-1) അങ്കുഷ് പംഗല്‍ സ്വര്‍ണമണിഞ്ഞത്.
മൂന്നു വെള്ളി
ലോക, ഏഷ്യന്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ ലവ്ലിന ബോര്ഗോഹെയ്ന് വെള്ളിയില്‍ ഒതുങ്ങി. വനിതകളുടെ 75 കിലോഗ്രാം ഫൈനലില്‍ ഓസ്ട്രേലിയയുടെ എമ്മ ഗ്രീന്‍ട്രീയോട് 4-1നായിരുന്നു ലവ്ലിനയുടെ തോല്‍വി.
പുരുഷ വിഭാഗം 55 കിലോഗ്രാം പോരാട്ടത്തില്‍ ഓസ്ട്രേലിയയുടെ ജയ് ഡിക്സണിനോട് പരാജയപ്പെട്ട് ഇന്ത്യയുടെ ജാദുമാനി സിംഗും വെള്ളിയില്‍ ഒതുങ്ങി. പുരുഷ 90+ കിലോഗ്രാം വിഭാഗത്തില്‍ നരേന്ദര്‍ ബെര്‍വാളും ഫൈനലില്‍ പരാജയപ്പെട്ട് വെള്ളി നേടി. ഇംഗ്ലണ്ടിന്റെ ഡമാര്‍ തോമസിനോടായിരുന്നു നരേന്ദര്‍ തോല്‍വി വഴങ്ങിയത്.
ഇന്ത്യ നാലാമത്
23-ാം കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു. അവസാനദിനത്തെ പോരാട്ടങ്ങളിൽ ഇന്ത്യക്കു മെഡൽ നേടാൻ സാധിച്ചില്ല. 13 സ്വർണം, 17 വെള്ളി, ഒന്‍പത് വെങ്കലം എന്നിങ്ങനെ 39 മെഡലുമായി നാലാം സ്ഥാനത്തോടെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. ഓസ്ട്രേലിയയാണ് ഒന്നാമത്. ഇംഗ്ലണ്ട്, കാനഡ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
Sports
കോല്‍ക്കത്ത: ഫുട്ബോള്‍ ലോകത്തിലെ അതികായരായ ബ്രസീല്‍ ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ എത്തുന്നതിനെ പരിഹസിച്ച് മുന്‍താരം ബൈചുങ് ബൂട്ടിയ.
നിലവിലെ ഇന്ത്യന്‍ ഫുട്ബോള്‍ സാഹചര്യം ചൂണ്ടിക്കാണിച്ചായിരുന്നു ബൂട്ടിയയുടെ പരിഹാസം. “കഷ്ടതകള്‍ അനുഭവിക്കുന്ന ഒരു ദരിദ്ര കുടുംബത്തിലെ മകന്റെ വിവാഹാഘോഷത്തിന് ഷാരൂഖ് ഖാന്റെ ഡാന്‍സ് നടത്തുന്നതിനു സമാനമാണ് ബ്രസീല്‍ ടീമിനെ സൗഹൃദ മത്സരം കളിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്”- ബൂട്ടിയ പറഞ്ഞു.
കോല്‍ക്കത്തയില്‍ ഒക്ടോബര്‍ മൂന്നിനാണ് ബ്രസീലും ഇന്ത്യയും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍. ബ്രസീലിനു പുറംലോകത്ത് കാനറി ടീമിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. ബ്രസീലിന്റെ ഒന്നാം നിരയാണ് കോല്‍ക്കത്തയില്‍ സൗഹൃദം കളിക്കാന്‍ എത്തുന്നത്. ഫിഫ ലോകറാങ്കിംഗില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്തും ഇന്ത്യ 138-ാമതുമാണ്.
ഇന്ത്യയിലെ സാഹചര്യം
ഇന്ത്യന്‍ ഫുട്ബോളില്‍ നിലവിലെ സാഹചര്യം പരിഗണിച്ചാണ് ബ്രസീല്‍ ടീം വരുന്നതിനോട് എതിരഭിപ്രായമുള്ളതെന്നും ബൈചുങ് ബൂട്ടിയ കൂട്ടിച്ചേര്‍ത്തു. “ബ്രസീല്‍ ടീം ഇന്ത്യയില്‍ കളിക്കുന്നതുകൊണ്ട് ദേശീയ ഫുട്ബോളിന് എന്താണ് ലഭിക്കുക. ഇന്ത്യയുടെ റാങ്ക് 140നോട് അടുത്താണുള്ളത്. ഐഎസ്എല്ലില്‍നിന്ന് (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) ജംഷഡ്പുര്‍ എഫ്സി പിന്മാറി. ഇതെല്ലാം പരിഗണിച്ചാണ് ബ്രസീല്‍ ടീം വരുന്നതിനോട് വിമുഖത കാണിച്ചത് ”- ബൂട്ടിയ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ജംഷഡ്പുര്‍ എഫ്സി ഐഎസ്എല്ലില്നിന്നു പിന്മാറുന്നതായി അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണിതെന്നാണ് വിവരം. ഐഎസ്എല്ലില്നിന്നു പൂര്‍ണമായി പിന്മാറിയെങ്കിലും അടിത്തട്ടിലെ ഫുട്ബോളിനായി നിലകൊള്ളുമെന്നാണ് ജംഷഡ്പുര്‍ എഫ്സി അറിയിച്ചത്.
Tech
ന്യൂഡൽഹി: വൺപ്ലസിന്റെ ജനപ്രിയ എൻ സീരീസ് വിപുലീകരിച്ചുകൊണ്ട് പുതിയ'വൺപ്ലസ് N6x' സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വൺപ്ലസ് N6ന് പിന്നാലെയാണ് ഈ പുതിയ ബജറ്റ് സൗഹൃദ ഫോണിന്റെ വരവ്.
ഭീമൻ ബാറ്ററി, കരുത്തുറ്റ മീഡിയടെക് പ്രൊസസ്സർ, മികച്ച ഡ്യൂറബിലിറ്റി എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ. മീഡിയടെക് ഡിമൻസിറ്റി 6360 അപെക്സ് ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോൺ ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓക്സിജൻ ഒഎസ് 16ലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
120Hz റിഫ്രഷ് റേറ്റും 900 നിറ്റ്സ് ബ്രൈറ്റ്നസ്സുമുള്ള 6.8 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 4ജീബി റാമും 128ജീബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിൽ ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനുമായി വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.
13 മെഗാപിക്സൽ പ്രധാന ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഫോണിലുള്ളത്. ഒറ്റ ചാർജിൽ 2.5 ദിവസം വരെ നിലനിൽക്കുന്ന 7,000mAh ബാറ്ററിയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ ആ ആകർഷണം. 6 വർഷത്തെ ഉപയോഗത്തിന് ശേഷവും 80 ശതമാനത്തിലധികം ആയുസ് നൽകാൻ ഈ ബാറ്ററിക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും IP64 ഡസ്റ്റ് & സ്പ്ലാഷ് റെസിസ്റ്റൻസും ഫോണിന് സുരക്ഷ നൽകുന്നു. 4ജീബി റാം + 64ജീബി സ്റ്റോറേജ് പതിപ്പിന് 18,999 രൂപയും 4 ജീബി റാം + 128ജീബി പതിപ്പിന് 20,999 രൂപയുമാണ് വില.
ബർഗണ്ടി റെഡ്, ഐസ് ബ്ലൂ എന്നീ ആകർഷകമായ നിറങ്ങളിൽ എത്തുന്ന ഫോണിന്റെ ഓപ്പൺ സെയിൽ ആഗസ്റ്റ് 4 മുതൽ ആമസോൺ, വൺപ്ലസ് വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ വഴി ആരംഭിക്കും. ബാങ്ക് കാർഡുകൾക്ക് 1,500 രൂപ വരെയുള്ള തൽക്ഷണ ഡിസ്കൗണ്ടും ലഭ്യമാണ്.
Sports
കോൽക്കത്ത: ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമുമായി സൗഹൃമത്സരം കളിക്കാന്‍ ബ്രസീല്‍. ഒക്ടോബറില്‍ ബ്രസീല്‍ പുരുഷ ടീം കോൽക്കത്തയിൽ സൗഹൃദമത്സരം കളിക്കുമെന്ന് ഇരുരാജ്യങ്ങളിലെയും ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഔദ്യോഗികമായി അറിയിച്ചു.
ഒക്ടോബര്‍ മൂന്നിനാണ് മത്സരം. ഫിഫ ലോക റാങ്കിംഗ് നിലവില്‍ വന്നതിനുശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനക്കാരാണ് ബ്രസീല്‍ (5).
International
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് ഇന്ത്യ.
പശ്ചിമേഷ്യാ സംഘർഷത്തിൽ യുഎൻ രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ പ്രതിനിധി പർവതനേനി ഹരീഷാണ് ഇക്കാര്യം പറഞ്ഞത്.
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്കു നേരേ നടന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. അന്താരാഷ്ട്ര ജലപാതയിൽ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഇടിക്കൂട്ടില്‍ ഇന്ത്യക്കു മെഡല്‍ കിലുക്കം. ഇന്നലെ മത്സരിച്ച അഞ്ച് വിഭാഗങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ ഇടംനേടിയാല്‍ ചുരുങ്ങിയത് വെങ്കലമെഡല്‍ ലഭിക്കും.
വനിതാ ബോക്സിംഗില്‍ ഇന്ത്യയുടെ അരുന്ധതി ചൗധരിയും സാക്ഷി ചൗധരിയും സെമിയില്‍ പ്രവേശിച്ചു. ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചടിച്ചാണ് അരുന്ധതിയുടെ സെമി പ്രവേശം. വനിതകളുടെ 70 കിലോഗ്രാം ബോക്സിംഗിന്റെ ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിന്റെ മോര്ഗന് ഹെന്ഡേഴ്സണ് ആയിരുന്നു അരുന്ധതിയുടെ എതിരാളി.
ആദ്യ റൗണ്ടില്‍ 3-2ന്റെ ലീഡ് അരുന്ധതി സ്വന്തമാക്കി. എന്നാല്‍, രണ്ടാം റൗണ്ടില്‍ കിവീസ് താരത്തിന്റെ ഇടിയേറ്റ് അരുന്ധതി വീണു. അവസാന സെക്കന്ഡുകളില് അരുന്ധതി എതിരാളിക്കെതിരേ തുടരെ പഞ്ചിംഗ് നടത്തി. അതോടെ രണ്ടാം റൗണ്ടില്‍ 4-1ന്റെ ജയം. ആദ്യരണ്ട് ബൗട്ടും ജയിച്ചതോടെ 2-0ന്റെ ലീഡ്. മൂന്നാം റൗണ്ടില്‍ കിവീസ് താരം തുടരെ പഞ്ചിംഗ് നടത്തി. എന്നാല്‍, മത്സരത്തില്‍ സ്പ്ലിറ്റ് സെക്കന്‍ഡിലൂടെ 3-1ന്റെ ജയം സ്വന്തമാക്കി അരുന്ധതി സെമിയിലേക്കു കുതിച്ചു.
ആധികാരികം സാക്ഷി
വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗില്‍ ആധികാരിക ജയത്തോടെയാണ് സാക്ഷി ചൗധരി സെമി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ കെയ്റ്റ്ലിന് ഫ്രയേഴ്സിനെ ക്വാര്‍ട്ടറില്‍ സാക്ഷി ഇടിച്ചിട്ടു. 26കാരിയായ സാക്ഷി 5-0ന്റെ ആധികാരിക ജയത്തോടെയാണ് മെഡല്‍ ഉറപ്പിച്ച് സെമിയില്‍ പ്രവേശിച്ചത്.
സച്ചിന്, അങ്കുഷ്
പുരുഷ വിഭാഗത്തില്‍ സച്ചിന് സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പംഗല്‍ (80 കിലോഗ്രാം) ജാദുമാനി സിംഗ് (55 കിലോഗ്രാം) എന്നിവരും സെമിയില്‍ പ്രവേശിച്ചു.
ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ബോട്സ്വാനയുടെ ട്രഷന്‍ മൊറേമിയെ ഏകപക്ഷീയമായി (5-0) ഇടിച്ചുതോല്പ്പിച്ചാണ് സച്ചിന്റെ സെമി പ്രവേശം. 5-0ന് സീഷെല്‍സിന്റെ ജേഡ് മിക്കോക്കിനെ ക്വാര്‍ട്ടറില്‍ തകര്‍ത്ത് അങ്കുഷ് പംഗലും സെമിയിലേക്കു മുന്നേറി. തൊട്ടുപിന്നാലെ റിംഗില്‍ എത്തിയ നരേന്ദര്‍ ബെര്‍വാളും സെമി ടിക്കറ്റ് കരസ്ഥമാക്കി.
പുരുഷ 90+ കിലോഗ്രാമില്‍ സമോവയുടെ മൈക്കല്‍ സെക്കോയെ ശക്തമായ പോരാട്ടത്തിലൂടെ 3-2നു കീഴടക്കിയാണ് നരേന്ദര്‍ സെമിയിലെത്തിയത്.
ഇടിക്കൂട്ടില്‍നിന്ന് ഇതിനോടകം ഇന്ത്യ ഒമ്പത് മെഡല്‍ ഉറപ്പാക്കി. അരുന്ധതി, സാക്ഷി എന്നിവരുടെ സെമി ഫൈനല്‍ പ്രവേശത്തിനു മുമ്പ്, പ്രീതി പവാര്‍ (54 കിലോഗ്രാം), പ്രിയ ഘംഗാസ് (60 കിലോഗ്രാം), ലോവ്ലിന ബോര്ഗൊഹെയ്ന് (75 കിലോഗ്രാം) എന്നിവരും വനിതാ വിഭാഗങ്ങളില്‍ സെമി ബെര്‍ത്ത് സ്വന്തമാക്കി മെഡല്‍ ഉറപ്പിച്ചിരുന്നു.
Tech
നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ചെയ്തുതീർക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റായ 'ജെമിനി സ്പാർക്ക്' ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഫോൺ ലോക്ക് ചെയ്തിരിക്കുമ്പോഴോ ലാപ്ടോപ്പ് ഓഫാക്കിയിരിക്കുമ്പോഴോ പോലും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ദൈനംദിന ജോലികൾ പൂർത്തിയാക്കാൻ ഈ എഐ ഏജന്റിന് സാധിക്കും. ഗൂഗിൾ എഐ പ്രോ, എഐ അൾട്രാ വരിക്കാർക്കാണ് വരും ആഴ്ചകളിൽ ഈ സേവനം ലഭ്യമാകുന്നത്.
സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ തവണയും ഉപഭോക്താവ് ഓർമിപ്പിക്കേണ്ട ആവശ്യമില്ലാതെ പശ്ചാത്തലത്തിൽ സ്വയം പ്രവർത്തിക്കാൻ ജെമിനി സ്പാർക്കിന് സാധിക്കും.
ജീമെയിലിൽ എത്തുന്ന ഫ്ലൈറ്റ് ടിക്കറ്റ് വിവരങ്ങൾ ഗൂഗിൾ ഷീറ്റിലെ യാത്രാ പ്ലാനിലേക്ക് സ്വയം കൂട്ടിച്ചേർക്കും.ഉപഭോക്താക്കളുടെ സന്ദേശങ്ങൾ പരിശോധിച്ച് റിപ്ലൈ ഡ്രാഫ്റ്റുകൾ തയ്യാറാക്കി നൽകാനും കല്യാണക്ഷണങ്ങളുടെ മറുപടികൾ ശേഖരിച്ച് വിവരങ്ങൾ ക്രമീകരിക്കാനും കഴിയും.
വെള്ളിയാഴ്ചകളിൽ ലോക്കൽ ഈവന്റുകൾ കണ്ടെത്തി അനുയോജ്യമായ വിനോദ പരിപാടികൾ കലണ്ടറിൽ രേഖപ്പെടുത്തും. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ, വിലവർധനവുകൾ, ട്രയൽ കാലാവധി കഴിയുന്നത് എന്നിവ ഓർമിപ്പിക്കുകയും വേണ്ടിവന്നാൽ റദ്ദാക്കാനുള്ള മെയിലുകൾ ഡ്രാഫ്റ്റ് ചെയ്യുകയും ചെയ്യും.
ഗൂഗിളിന്റെ അത്യാധുനിക ജെമിനി 3.6 ഫ്ലാഷ് എഐ മോഡലിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം പൂർണമായും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഡിവൈസുകൾ ഓഫായാലും പണി തുടരാൻ സാധിക്കുന്നത്.
ഏതൊക്കെ ആപ്പുകൾ എഐക്ക് ആക്സസ് ചെയ്യാം എന്നത് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ഇമെയിലുകൾ അയക്കുകയോ പണമിടപാടുകൾ നടത്തുകയോ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് എഐ ഉപഭോക്താവിന്റെ അനുമതി തേടുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
Sports
ന്യൂഡൽഹി: യോഗ്യത നേടിയിട്ടും ഈ വർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പുരുഷ, വനിതാ ഫുട്ബോൾ ടീമുകൾ പങ്കെടുക്കില്ല.
മെഡൽ നേടാൻ യഥാർഥ സാധ്യതയുള്ള കായികതാരങ്ങളെ മാത്രമാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിന് പരിഗണിക്കുന്നതെന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ മാനദണ്ഡപ്രകാരമാണ് ഒഴിവാക്കലെന്നു കേന്ദ്രം പാർലമെന്റിൽ അറിയിച്ചു.
ലോക്സഭയിൽ കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ഉന്നയിച്ച ചോദ്യത്തിനാണ് മറുപടി.
ഈ വർഷം സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് ഏഷ്യൻ ഗെയിംസ്.
National
ന്യൂഡൽഹി: പാക് അധിനിവേശ കാഷ്മീരിലെ തദ്ദേശഭരണ തെരഞ്ഞടുപ്പുകൾ പാക്കിസ്ഥാന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളും മറയ്ക്കാനുള്ള ചെപ്പടിവിദ്യയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ.
ജമ്മു കാഷ്മീരിന്റെയും ലഡാക്കിന്റെയും അതിർത്തികൾ കൈയടക്കിവച്ചിരിക്കുന്നത് പാക്കിസ്ഥാനാണെന്നും ദ്വിവാര വിശദീകരണത്തിന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അവിഭാജ്യ പ്രദേശമായ പാക് അധിനിവേശ കാഷ്മീരിലെ പാക്കിസ്ഥാന്റെ ഇടപെടലുകളോടുള്ള പ്രതിഷേധമാണ് അവിടെ നടന്നുവരുന്നതെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
Kerala
ലോകത്തുതന്നെ ഏറ്റവും കൃത്യതയോടെയുള്ള വന്യമൃഗങ്ങളുടെ കണക്കെടുപ്പുകളിലൊന്നാണ് ഇന്ത്യയിലെ കടുവാ സെൻസസ്. അത്യാധുനിക കാമറട്രാപ്പ് സാങ്കേതികവിദ്യയുപയോഗിച്ചുള്ള ഈ കടുവാ സെൻസസ് ഗിന്നസ് റിക്കാർഡിൽ ഇടം നേടിയതാണ്.
1972ൽ ബ്രിട്ടീഷ് ഫോറസ്റ്ററായ എഫ്.ഡബ്ല്യു. ചാമ്പ്യൻ, ശിവാലിക് മലനിരകളിൽ ഒരു ഫ്ലാഷ്ലൈറ്റ് സംവിധാനത്തിലൂടെ ആദ്യമായി കടുവയുടെ ചിത്രം പകർത്തിയ ചരിത്രത്തിൽനിന്നാണ് ഇന്നത്തെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലേക്കുള്ള ഇന്ത്യയുടെ വളർച്ചകേന്ദ്ര വനം മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കടുവാ സംരക്ഷണ അഥോറിറ്റി (എൻടിസിഎ), വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സംസ്ഥാനങ്ങളിലെ വനംവകുപ്പുകൾ എന്നിവ സംയുക്തമായാണ് ഓരോ നാലു വർഷം കൂടുമ്പോഴും ഈ കണക്കെടുപ്പ് നടത്തുന്നത്. ഈ വർഷം രാജ്യത്തെ ആറാമത്തെ കടുവാ കണക്കെടുപ്പ് നടന്നുവരികയാണ്.
2018ൽ നടന്ന നാലാമത് അഖിലേന്ത്യാ കടുവാ കണക്കെടുപ്പ് ലോകത്തിലെ ഏറ്റവും വലിയ കാമറട്രാപ്പ് വന്യജീവി സർവേയെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം നേടിയിരുന്നു. 2022ലെ സർവേ ഇതിലും വിപുലമായിരുന്നു. രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി 175 കേന്ദ്രങ്ങളിൽ 32,803 കാമറകളാണു സ്ഥാപിച്ചിരുന്നത്. ഇതിലൂടെ 97,399 ചിത്രങ്ങൾ ലഭിക്കുകയും 3,080 വ്യത്യസ്ത കടുവകളെ കൃത്യമായി തിരിച്ചറിയുകയും ചെയ്തിരുന്നു.
എന്താണ് കാമറട്രാപ്പ്
കടുവകളുടെ കണക്കെടുപ്പിനായി പ്രധാനമായും ക്യാപ്ചർ-മാർക്ക്-റീകാപ്ചർ എന്ന ശാസ്ത്രീയരീതിയാണ് അവലംബിക്കുന്നത്. മൂന്നു ഘട്ടങ്ങളായാണ് ഈ പ്രക്രിയ പൂർത്തിയാകുന്നത്. പരിശീലനം നേടിയ വനംവകുപ്പ് ജീവനക്കാർ കാട്ടിലൂടെ സഞ്ചരിച്ച് കടുവകളുടെ കാൽപ്പാടുകൾ, കാഷ്ഠം, മരങ്ങളിലെ നഖപ്പാടുകൾ തുടങ്ങിയവ ശേഖരിക്കുന്നതാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നത്. ഇതിനായി എം സ്ട്രെപിസ് എന്ന പ്രത്യേക മൊബൈൽ ആപ്പാണ് ഉപയോഗിക്കുന്നത്. കൂടാതെ ഉപഗ്രഹചിത്രങ്ങൾ വഴി വനമേഖലയുടെ ഘടനയും മനുഷ്യന്റെ ഇടപെടലുകളും വിലയിരുത്തുന്നു.
കാമറ സ്ഥാപിക്കൽ
കാമറ സ്ഥാപിക്കലാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. സർവേയുടെ ഭാഗമായി വനമേഖലയെ രണ്ടു ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ചെറിയ ഗ്രിഡുകളായി തിരിക്കും. കടുവകളുടെ സഞ്ചാരപഥം കൃത്യമായി തിരിച്ചറിഞ്ഞശേഷം ഓരോ ഗ്രിഡിലും കുറഞ്ഞത് ഒരു ജോഡി കാമറകൾ സ്ഥാപിക്കും. ഒരു കിലോമീറ്റർ അകലത്തിലാണ് ഇവ സ്ഥാപിക്കുന്നത്. 25 മുതൽ 45 ദിവസം വരെ ഈ കാമറകൾ വനത്തിൽ സജീവമായിരിക്കും.
കടുവകളുടെ ശരീരത്തിലെ വരകൾ മനുഷ്യന്റെ വിരലടയാളംപോലെ ഓരോന്നിനും വ്യത്യസ്തമാണ്. ഇവ കൃത്യമായി തിരിച്ചറിയാൻ കടുവകളുടെ ഇരുവശങ്ങളിലെയും ചിത്രങ്ങൾ ആവശ്യമാണ്. ഇതിനായി ഉദ്യോഗസ്ഥർ ചില മാനദണ്ഡങ്ങൾ പാലിക്കാറുണ്ട്. വ്യക്തമായ ചിത്രം ലഭിക്കുന്നതിനായി കാമറകൾ എപ്പോഴും കടുവകളുടെ മുട്ടുയരത്തിലാണ് ഘടിപ്പിക്കുന്നത്.
ഫ്ളാഷുകളുടെ പ്രതിഫലനം ഒഴിവാക്കാനും ചിത്രങ്ങൾ മങ്ങുന്നത് തടയാനും കാമറകൾ നേർക്കുനേർ വയ്ക്കാതെ നേരിയ കോണുകൾ (ആംഗിൾ) ചെരിച്ചാണു സ്ഥാപിക്കുന്നത്. കടുവകൾ കാമറ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിലൂടെ കടന്നുപോകുമ്പോൾ 15 മുതൽ 30 സെക്കൻഡുകളുടെ ഇടവേളകളിൽ ഒന്നിലധികം വ്യക്തമായ ചിത്രങ്ങൾ ലഭിക്കത്തക്ക രീതിയിലാണ് ഇവ ക്രമീകരിക്കുന്നത്.
വന്യജീവികൾ തമ്മിൽ സംഘർഷമുണ്ടായാൽ ദിവസേന ചിത്രങ്ങൾ പരിശോധിക്കാറുണ്ട്. എന്നാൽ സാധാരണ കണക്കെടുപ്പുവേളകളിൽ 15 മുതൽ 30 ദിവസങ്ങൾക്കുള്ളിലാണ് കാമറകളുടെ മെമ്മറി കാർഡുകൾ ശേഖരിക്കുന്നത്.
അപഗ്രഥനം
മൂന്നാം ഘട്ടത്തിൽ, ശേഖരിക്കുന്ന ചിത്രങ്ങളും കടുവകളുടെ അവശിഷ്ടങ്ങളും സംസ്ഥാനങ്ങളിലെ വനം വകുപ്പ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർക്കു കൈമാറും. ലഭ്യമാകുന്ന ചിത്രങ്ങൾ ആധുനിക സോഫ്റ്റ്വേറുകൾ ഉപയോഗിച്ച് വിശകലനം നടത്തി ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ ശേഖരത്തിലേക്ക് മാറ്റും. കൂടാതെ കടുവകളുടെ അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി ഇവയുടെ എണ്ണം കൃത്യമായി തരംതിരിക്കും. ഓരോ നാലു വർഷം കൂടുമ്പോഴും രാജ്യത്തെ കടുവകളുടെ കൃത്യമായ കണക്കെടുപ്പ് പൂർത്തീകരിക്കുന്നത് ഇത്തരത്തിലാണ്.
Sports
മുംബൈ: ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പേസർ ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും ഉപാധികളോടെ ടീമില്‍ തിരിച്ചെത്തി.
ബുംറയും സായ് സുദര്‍ശനും ബംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് കായികക്ഷമത തെളിയിച്ചാല്‍ മാത്രമെ ടീമിന്റെ ഭാഗമാകു. പരിക്കിന്റെ പിടിയിലായ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ആദ്യ ടെസ്റ്റിനുള്ള ടീമിലില്ല. ഫിറ്റ്നെസ് തെലിയിച്ചാല് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ സുന്ദറിനെ ഉള്‍പ്പെടുത്തും. ശുഭ്മാന്‍ ഗില്‍ നായകനാകുന്ന ടീമില്‍ കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ.
ശ്രീലങ്കൻ 'എ' ടീമിനെതിരായ ചതുർദിന മത്സരത്തിൽ 70 റൺസും 6 വിക്കറ്റും നേടി മികച്ച പ്രകടനം പുറത്തെടുത്ത ഓഫ് സ്പിന്നർ സാരാന്‍ഷ് ജെയിൻ പുതുമുഖമായി ടീമിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ 7 വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയനായ ഇടംകൈയ്യൻ സ്പിന്നർ മാനവ് സുതാര്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിൽ സ്ഥാനം നിലനിര്‍ത്തി. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയെങ്കിലും ഹർഷ് ദുബെയെ സെലക്ടർമാർ പരിഗണിച്ചില്ല.
ബുംറക്ക് പുറമെ പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍, എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റൻ ഗില്ലിന് പുറമെ കെ.എൽ. രാഹുൽ,യശസ്വി ജയ്സ്വാള്‍, സായ് സുദര്ശന്, ദേവ്ദത്ത് പടിക്കൽ, എന്നിവരാണുളളത്.
വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും ധ്രുവ് ജുറെലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഓഗസ്റ്റ് ഏഴ് മുതല്‍ ഇന്ത്യൻ ടീം ശ്രീലങ്കയില്‍ ചതുര്‍ദിന പരിശീലന മത്സരം കളിക്കും.
NRI
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 16ന് വൈകുന്നേരം നാലിന് നടക്കും.
ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) ആണ് ആഘോഷ പരിപാടികൾ അരങ്ങേറുക. കേരള സർക്കാരിന്റെ ചീഫ് വിപ്പും എംഎൽഎയുമായ അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും അനുസ്മരിക്കുന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക നേതാക്കളും പങ്കെടുക്കും.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയും രാജ്യസ്നേഹവും വിളിച്ചോതുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും അരങ്ങേറും.
സംഗീതം, നൃത്തം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കുമായി സൗജന്യ അത്താഴവിരുന്നും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
ഐഒസി ഫിലഡൽഫിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെയർമാൻ സാബു സ്കറിയ, പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രട്ടറി നൈനാൻ മത്തായി, ട്രഷറർ തോമസ്കുട്ടി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വൈസ് ചെയർമാൻമാരായി ഡോ. ഈപ്പൻ ഡാനിയേലും കൊച്ചുമോൻ വയലത്തും വൈസ് പ്രസിഡന്റുമാരായി അലക്സ് തോമസ്, ജോബി ജോൺ, ജെയിംസ് പീറ്റർ എന്നിവരും പ്രവർത്തിക്കുന്നു. ജോയിന്റ് സെക്രട്ടറിമാരായി ജോർജ് ഓലിക്കൽ, ജോൺ പണിക്കർ, ജോയിന്റ് ട്രഷററായി ഫിലിപ്പോസ് ചെറിയാൻ എന്നിവരും ചുമതല വഹിക്കുന്നു.
ഐടി വിഭാഗത്തിന്റെ ചുമതല ഫെയ്ത്ത് എൽദോ, പ്രോഗ്രാം കോർഡിനേറ്റർ കുര്യൻ രാജൻ, മെമ്പർഷിപ്പ് ചുമതല ഗീവർഗീസ് ജോൺ, പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) കോര ചെറിയാൻ എന്നിവർക്കാണ്.
പരിപാടിയുടെ വിജയത്തിനായി ജോസഫ് കുന്നേൽ, പ്രഫ. കോശി തലക്കൽ, പ്രഫ. സാം പനംകുന്നേൽ, സ്റ്റാൻലി ജോർജ്, പോൾ വർഗീസ്, വർഗീസ് മട്ടമേൽ, ജോൺ ചാക്കോ, ജേസൺ വർഗീസ്, ജോൺസൺ മാത്യു, അലക്സ് അലക്സാണ്ടർ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജോൺ സാമുവൽ, മാർഷൽ വർഗീസ്, ഷാജി സാമുവൽ, സാജൻ വർഗീസ്, ജിജോമോൻ ജോസഫ്, ഷാലു പുന്നൂസ്, സന്തോഷ് അബ്രഹാം, മില്ലി ഫിലിപ്പ് എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യക്കാരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
Sports
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആണ് ടീമിനെ പ്രഖ്യാപിക്കുക.
പരിക്കിന്റെ പിടിയിലായിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പേസർ ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പരിക്കേറ്റ വാഷിംഗ്ടൺ സുന്ദർ ആദ്യ മത്സരത്തിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് കരുത്തുറ്റ ടീമിനെ അണിനിരത്താനുള്ള ശ്രമത്തിലാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.
സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേരിട്ട തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പരിശീലകൻ ഗൗതം ഗംഭീറിനും ഈ പരമ്പര ഏറെ നിർണായകമാണ്. ഗംഭീർ ചുമതലയേറ്റ ശേഷം ടെസ്റ്റ് ടീമിന്റെ പ്രകടനത്തിലുണ്ടായ തിരിച്ചടികൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
അതിനാൽ ശ്രീലങ്കൻ മണ്ണിൽ മികച്ച വിജയം നേടി വിമർശകരുടെ വായടപ്പിക്കേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമാണ്. ശ്രീലങ്കൻ പിച്ചുകൾ സ്പിന്നിനെ തുണയ്ക്കുന്നതായതിനാൽ കുൽദീപ് യാദവും അക്സർ പട്ടേലുമായിരിക്കും പ്രധാന സ്പിൻ ആക്രമണം നയിക്കുക.
National
ന്യൂഡൽഹി: രാജ്യത്ത് അഞ്ചു വർഷത്തിനിടെ 17,141 സർക്കാർ സ്കൂളുകൾ പൂട്ടിപ്പോയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു.
2021-22 വർഷം 10,22,386 സർക്കാർ സ്കൂളുകൾ രാജ്യത്തുണ്ടായിരുന്നെങ്കിലും അഞ്ച് വർഷത്തിനപ്പുറം ഇത് 10,05,245 സ്കൂളുകളായി കുറഞ്ഞെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
സമാജ്വാദി പാർട്ടി എംപിയായ ആനന്ദ് ബദൗരിയ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ 2021-22 വർഷത്തിൽ 5010 സർക്കാർ സ്കൂളുകളുണ്ടായിരുന്നെങ്കിൽ 2025-26ൽ ഇത് 4809 ആയി കുറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുടനീളം 94,000 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയെന്നാണ് നീതി ആയോഗ് റിപ്പോർട്ടിൽ പറയുന്നു.
Sports
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് 2026ൽ നാലാം മെഡൽ നേടി ഇന്ത്യ. വെയ്റ്റ്ലിഫ്റ്റിംഗിൽ രാജാ മുത്തുപാണ്ഡിക്ക് വെള്ളി ലഭിച്ചതോടെയാണ് മെഡൽ നേട്ടം നാലായത്.
പുരുഷൻമാരുടെ 65 കിലോ വിഭാഗത്തിലാണ് രാജാ മുത്തുപാണ്ഡി വെള്ളി കരസ്ഥമാക്കിയത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 286 കിലോ ഉയർത്തിയാണ് രാജാ മുത്തുപാണ്ഡി രണ്ടാമതെത്തിയത്.
299 കിലോ ഉയർത്തിയ മലേഷ്യൻ താരം അസ്നിൽ ബിൻ ബിഡിൻ ആണ് സ്വർണം നേടിയത്.