ഗോൾനേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ.
നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ ഫൈനലില്‍. ഇന്നലെ നടന്ന ആദ്യസെമിയില്‍ ചിരവൈരികളായ പാക്കിസ്ഥാനെ പറപ്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.
ഏഴു ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ മൂന്നിനെതിരേ നാലു ഗോളിനായിരുന്നു ഇന്ത്യന്‍ ജയം. സ്വര്‍ണപ്പോരാട്ടത്തില്‍ ഇന്ത്യ, മലേഷ്യയെ നേരിടും. നാളെയാണ് ഫൈനല്‍.
ഹര്‍മന്‍പ്രീത് ഡബിള്‍
ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ടഗോളിലായിരുന്നു ഇന്ത്യ ജയമാഘോഷിച്ചത്. അഞ്ച്, 13 മിനിറ്റുകളില്‍ ഹര്‍മന്‍പ്രീത് സിംഗ് പാക് വല കുലുക്കിയതോടെ ഇന്ത്യ 2-0ന്റെ ലീഡില്‍. 23-ാം മിനിറ്റില്‍ സുഖ്ജീത് സിംഗ് മൂന്നാം ഗോള്‍ നേടി.
തുടര്‍ന്നായിരുന്നു പാക്കിസ്ഥാന്റെ തിരിച്ചടി ആരംഭിച്ചത്. 30-ാം മിനിറ്റില്‍ അബു മഹ്മൂദും 45-ാം മിനിറ്റില്‍ അബ്ദുള്‍ ഷാഹിദും 49-ാം മിനിറ്റില്‍ അഷ്റഫ് റാണയും ഗോള്‍ നേടിയതോടെ മത്സരം 3-3 സമനിലയില്‍.
നിശ്ചിത സമയം സമനിലയില്‍ അവസാനിക്കുമെന്ന പ്രതീതി ഉണ്ടായെങ്കിലും 60-ാം മിനിറ്റില്‍ അഭിഷേക് നൈന്‍ ഇന്ത്യയുടെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കി. 4-3ന്റെ ജയത്തോടെ ഇന്ത്യ ഫൈനലിലേക്കു പറന്നു.
Tags : India AsianGames MensHockey Final Sports