പ്രതീകാത്മക ചിത്രം
ലക്നോ: സ്ത്രീധനം കൊണ്ടുവരാത്തതിനു യുവതിയെ ശുചിമുറി ഉപയോഗിക്കുന്നതിൽനിന്നു വിലക്കി ഭർതൃവീട്ടുകാർ. ഉത്തർപ്രദേശിലെ ഭധോഹിയിലായിരുന്നു അസാധാരണ ക്രൂരത അരങ്ങേറിയത്.
റോഷൻതാര സ്വദേശിനിയായ ഷബ്നമാണു പരാതിക്കാരി. സ്ത്രീധനമായി 50,000 രൂപ കൊണ്ടുവരണമെന്നായിരുന്നു ഭർതൃവീട്ടുകാരുടെ ആവശ്യം.
എന്നാൽ ഷബ്നം ഇത് നിഷേധിച്ചു. ഇതോടെ വീട്ടിലെ ശുചിമുറി പൂട്ടിയിടുകയും ഉപയോഗിക്കുന്നതിൽനിന്നു തന്നെ തടയുകയും ചെയ്തതായി ഷബ്നം പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഭർതൃപിതാവ് ബുനിയാദ്, ഭർത്താവിന്റെ സഹോദരന്മാരായ ഇല്യാസ്, നൻകു, സഹോദരിമാരായ സന, റെഹാന എന്നിവർക്കെതിരേ സിറ്റി കൊട്വാലി പൊലിസ് കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. രാവിലെ ഇരുപതുകാരിയായ ഷബ്നം ശുചിമുറി ഉപയോഗിക്കാൻ ചെന്നപ്പോൾ വാതിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. വാതിൽ തുറക്കാൻ ഭർത്താവിന്റെ വീട്ടുകാരോട് ആവശ്യപ്പെടുകയും സ്വയം തുറക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, അവർ തന്നെ മർദിച്ചു.
പിതാവിൽനിന്ന് 50,000 രൂപ കൊണ്ടുവന്നാൽ മാത്രമേ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കൂവെന്ന് പറയുകയും ചെയ്തതായി ഷബ്നം ആരോപിക്കുന്നു. കുടുംബത്തിലെ മറ്റുള്ളവർക്ക് ഉപയോഗിക്കേണ്ടി വരുമ്പോൾ മാത്രം ശുചിമുറി തുറക്കുകയും പിന്നീട് പൂട്ടിയിടുകയുമാണു ചെയ്തിരുന്നതെന്നും ഷബ്നം പറയുന്നു.
Tags : NoToilet Dowry YoungWoman Complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash