പത്മജ വേണുഗോപാൽ
തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവച്ചെങ്കിലും കോൺഗ്രസ് പ്രവേശനത്തിൽ കരുതലോടെ കാത്തിരിക്കാൻ പത്മജ വേണുഗോപാൽ. കോൺഗ്രസിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ വലിയ എതിർപ്പുകൾ രൂപപ്പെട്ടതോടെയാണ് കരുതലോടെ കാത്തിരിക്കാനുള്ള പത്മജയുടെ നീക്കം.
ഇതുസംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ആശയവിനിമയത്തിന് പത്മജ ശ്രമം തുടങ്ങിയിട്ടുണ്ട്. രോഷം തണുത്ത ശേഷം കെപിസിസി നേതൃത്വത്തിന് കത്ത് കൊടുക്കാനാണ് നീക്കം. പത്മജ ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ ദീർഘകാലം മാറ്റി നിർത്താതെ കുറച്ചുനാൾ മാത്രം കാത്തിരിക്കട്ടെ എന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്.
കെ. കരുണാകരന്റെ ഓർമ ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പുഷ്പാർച്ചന നടത്തണമെന്ന ആവശ്യമാണ് പത്മജ മുന്നോട്ട് വയ്ക്കുന്നത്. വീട്ടിലേക്കുള്ള മടക്കമാണ് പത്മജയുടെ ആഗ്രഹം. പക്ഷെ മാപ്പ് പറയാതെ വാതിൽ തുറക്കുന്ന പ്രശ്നമില്ലെന്ന വാദമാണ് കോൺഗ്രസിൽ ബലപ്പെടുന്നത്.