പ്രതീകാത്മക ചിത്രം - എഐ
വാഴക്കുളം: ഇടുക്കി ജില്ലയിലെ രാത്രിയാത്രാ നിരോധനത്തിൽ ഇൻഫാം പ്രതിഷേധിച്ചു.
മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് വന്യമൃഗങ്ങൾക്കു സ്വൈരവിഹാരത്തിന് അവസരമൊരുക്കുന്നത് ഇടുക്കി ജില്ലയിലെ കർഷകരോടും മറ്റുള്ളവരോടും ചെയ്യുന്ന കാട്ടുനീതിയാണെന്ന് ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, സംസ്ഥാന കോ ഓർഡിനേറ്റർ ഫാ. ജോസ് മോനിപ്പിള്ളിൽ, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, വൈസ് പ്രസിഡന്റ് സണ്ണി അരഞ്ഞാണിയിൽ എന്നിവർ ആരോപിച്ചു.
വന്യമൃഗങ്ങളെ തടയുന്നതിന് ആധുനികസങ്കേതങ്ങൾ സ്വീകരിക്കുന്നതിനു പകരം മനുഷ്യരെ തടയുന്ന പ്രവണത ശരിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ഉത്തരവുകളാണ് ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടർ നൽകിയത്.
ആനത്താരയിൽ തടസമാകുന്ന നിർമാണം നീക്കംചെയ്യണമെന്നും വൈകുന്നേരം ആറുമുതൽ രാവിലെ ആറുവരെയുള്ള രാത്രിയാത്ര നിയന്ത്രണ ഉത്തരവുമാണ് കളക്ടർ നൽകിയത്.
തൊടുപുഴ ഒഴികെ ജില്ല മുഴുവൻ വനത്തോടു ചേർന്നായതിനാൽ ഈ ഉത്തരവ് സാധാരണക്കാരുടെ രാത്രിയാത്ര, അടിയന്തര ഘട്ടങ്ങളിലെ ആശുപത്രി യാത്ര, തോട്ടം തൊഴിലാളികളുടെ രാത്രി ഷിഫ്റ്റിലെ ജോലി തുടങ്ങിയവയെല്ലാം ബാധിക്കും-ഇൻഫാം ചൂണ്ടികാട്ടി.
Tags : NightTravelBan INFAM Protests Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash