പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അമേരിക്കയിലേക്ക് ലഹരിമരുന്നും നിയന്ത്രിത ഗുളികകളും കടത്തിയിരുന്ന വൻ ലഹരിക്കടത്ത് ശൃംഖല തകർത്തു. ആറു പേരെ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും (ഡിഇഎ) സംയുക്തമായി നടത്തിയ നീക്കത്തിലാണ്
ഓപ്പറേഷൻ മൺസൂൺ തണ്ടർ എന്ന പേരിൽ നടത്തിയ ലഹരിവിരുദ്ധ വേട്ടയുടെ ഭാഗമായ ഹൈദരാബാദ്, ഡൽഹി. കോൽക്കത്ത, ലക്നോ എന്നിവിടങ്ങളിൽ നവംബർ നാലിനും 13നും ഇടയിൽ റെയ്ഡുകൾ നടന്നു. എൻസിബിയും ഡിഇഎയും പരസ്പരം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അറസ്റ്റിലായവരിൽ ഒരു വനിതയും ഉൾപ്പെടുന്നു.
അമേരിക്കയിലേക്ക് 2022 ജൂൺ മുതൽ 2026 നവംബർ വരെ 3000 പാഴ്സലുകളിലായി അഞ്ചു ലക്ഷത്തോളം ഗുളികകൾ കടത്തിയതായാണു കണ്ടെത്തിയത്. എൻസിബി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിഇഎ രണ്ടു ചരക്കുകൾ പിടിച്ചെടുത്തു.
മുന്പ് അയച്ച പാഴ്സലുകൾ, വിലാസങ്ങൾ, തപാൽ ട്രാക്കിംഗ് വിവരങ്ങൾ എന്നിവ ഉൾപ്പടെ 59,000 പേരുടെ വിവരങ്ങൾ ഡിഇഎയ്ക്ക് എൻസിബി കൈമാറിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകളായ ടെലിഗ്രാം, സ്കൈപ്പ്, വാട്സാപ് എന്നിവ വഴിയായിരുന്നു ഇന്ത്യൻ ലഹരിക്കടത്തുകാർ ഓർഡർ സ്വീകരിച്ചിരുന്നതെന്ന് എൻസിബി കണ്ടെത്തി.
തപാൽ, യുഎസ്പിഎസ് എന്നിവ വഴിയായിരുന്നു ലഹരിമരുന്ന് അയച്ചിരുന്നത്. യുഎസ് പേയ്മെന്റ് ആപ് ആയ വെൻമോ വഴിയും ബാങ്ക് അക്കൗണ്ട്, യുപിഐ, ക്രിപ്റ്റോകറൻസി എന്നിവ വഴിയുമാണ് ഇന്ത്യൻ ലഹരിക്കടത്തുകാർ പണം സ്വീകരിച്ചിരുന്നത്. ഹവാല വഴിയും പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Tags : Smuggling Drugs America Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Narcotics