Kerala
കൊച്ചി: മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ച് ലക്ഷങ്ങളുടെ രാസലഹരി കടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. എംഡിഎംഎ കടത്താൻ ശ്രമിച്ച ആലപ്പുഴ തൃക്കുന്നപ്പുഴ കൊട്ടേമുറി ദേശം പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനിയായ സരിത (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.
ബംഗളൂരുവിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങി എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ ലോഡ്ജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ കുറച്ചാഴ്ചകളായി ഇരുവരും എക്സൈസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് എറണാകുളം സൗത്ത് ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആദ്യം കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ വച്ച് എക്സൈസ് പരിശോധന നടന്നിരുന്നു. അന്ന് ഷാഫി തന്റെ കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും, സരിത മെൻസ്ട്രൽ കപ്പിനുള്ളിൽ രാസലഹരി ഒളിപ്പിച്ച് സ്വകാര്യ ഭാഗത്ത് സൂക്ഷിച്ചിരുന്നതിനാൽ പരിശോധനയിൽ കണ്ടെത്താനായില്ല.
മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ചാണ് സരിത പരിശോധനകളിൽ നിന്ന് രക്ഷപെട്ടിരുന്നത്. ഈ രീതിയിൽ കടത്തിക്കൊണ്ടുവന്ന ലഹരിയുമായാണ് ഇരുവരും പിന്നീട് വിൽപ്പനയ്ക്കായി എറണാകുളത്ത് എത്തിയത്.
എറണാകുളത്തെ ലോഡ്ജ് മുറിയിൽ എക്സൈസ് പരിശോധന നടക്കുമ്പോൾ സരിത ആലപ്പുഴയിൽ എംഡിഎംഎ വിൽക്കാൻ പോയിരിക്കുകയായിരുന്നു. ഷാഫി പിടിയിലായ വിവരം അറിയാതെ എറണാകുളത്ത് തിരിച്ചെത്തിയ സരിതയെ രാത്രി 10:30 ഓടെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, വിൽപ്പനയ്ക്കായി കൊണ്ടുപോയ കൂടുതൽ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി എക്സൈസ് സംഘം കണ്ടെടുത്തു.
ഇവരിൽ നിന്നും ആകെ 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈൽ ഫോണും ലഹരി വിൽപനയിൽ നിന്ന് ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തു.
Kerala
ദിസ്പുർ: ആസാമിൽ ജയിലിലേക്ക് മൊബൈൽ ഫോണുകളും മയക്കുമരുന്നുകളും കടത്തിവിടുന്നതിന് സഹായിച്ച ജയിൽ ജീവനക്കാർ അറസ്റ്റിൽ. ശ്രീഭൂമി ജില്ലയിലെ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.
രുദ്ര ദിയോരി, സുഭാഷിഷ് ഘോഷ്, മസിദ് അലി ലാസ്കർ, ബിശ്വജിത് ബറുവ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ രണ്ടുപേർ അസിസ്റ്റന്റ് ജയിലർമാരും രണ്ടുപേർ വാർഡർമാരുമാണ്.
ഫെബ്രുവരി രണ്ടിന് ജില്ലാ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിൽ 29 മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ചാർജറുകൾ, മറ്റ് നിരവധി നിരോധിത വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ചില തടവുകാർ ജയിലിന് പുറത്തുള്ള വ്യക്തികളുമായി പതിവായി സമ്പർക്കം പുലർത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
Business
മുംബൈ: ഇന്ത്യ സ്വർണ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയത് കള്ളക്കടത്ത് വീണ്ടും വർധിക്കാൻ കാരണമാകുന്നുവെന്നും, ഈ വർഷം ഇത് 100 മെട്രിക് ടണ്ണിലധികം ഉയർന്നേക്കാമെന്നും വ്യവസായ പ്രമുഖരും ബുള്ളിയൻ ഡീലർമാരും പറഞ്ഞു.
സമാന്തര വിപണിയിലെ (ഗ്രേ മാർക്കറ്റ്) ലാഭം കുതിച്ചുയരുന്നതിലൂടെ, ബാങ്കുകളേക്കാളും സ്വർണ ശുദ്ധീകരണശാലകളേക്കാളും (റിഫൈനറികൾ) കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകാൻ കള്ളക്കടത്തുകാർക്ക് സാധിക്കുന്നുണ്ടെന്ന് വ്യവസായ പ്രമുഖരും ബുള്ളിയൻ ഡീലർമാരും പറഞ്ഞു.
ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ സ്വർണ വിപണിയായ ഇന്ത്യ, സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കാനും വ്യാപാര കമ്മി പരിഹരിക്കാനും രൂപയുടെ മൂല്യത്തകർച്ച തടയാനുമായി മേയ് മാസത്തിൽ ഇറക്കുമതി തീരുവ ഇരട്ടിയിലധികമായി (15 ശതമാനമായി) വർധിപ്പിച്ചിരുന്നു. എന്നാൽ, ഈ നടപടി കള്ളക്കടത്തുകാർക്ക് പുതിയൊരു അവസരമാണ് ഒരുക്കിക്കൊടുത്തത്.
നിയമപരമായ മാർഗങ്ങളിലൂടെ സ്വർണം ഇറക്കുമതി ചെയ്യുന്നവർക്ക് നൽകാൻ കഴിയാത്തത്ര കുറഞ്ഞ വിലയിൽ സ്വർണം വിൽക്കാൻ ഇതിലൂടെ കള്ളക്കടത്തുകാർക്ക് സാധിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
ഗ്രേ മാർക്കറ്റ് ഡിസ്കൗണ്ട് ഒരു ഒൗണ്സിന് 200 ഡോളറിന് മുകളിൽ, അതായത് നാലു ശതമാനത്തിലധികം ആയിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്വർണ ഇറക്കുമതി ബാങ്കിന്റെ ബുള്ളിയൻ വിഭാഗം മേധാവി പറഞ്ഞു. ബാങ്കുകൾക്ക് മൂന്നക്ക ഡിസ്കൗണ്ട് പോയിട്ട് 10 ഡോളർ ഡിസ്കൗണ്ട് പോലും നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാന്തര വിപണിയിലുണ്ടായ ഈ സമീപകാല വളർച്ച സൂചിപ്പിക്കുന്നത് 2026ൽ നിയമവിരുദ്ധമായ സ്വർണ ഇറക്കുമതി 100 ടണ് കടന്നേക്കാമെന്നാണെന്ന് മറ്റൊരു ഡീലറും വ്യക്തമാക്കി.
നിലവിലെ വിലയനുസരിച്ച്, 100 ടണ് സ്വർണത്തിന് ഏകദേശം 14.35 ബില്യണ് ഡോളർ മൂല്യമുണ്ടാകും. ഇതിലൂടെ സർക്കാരിന് ഏകദേശം 2.65 ബില്യണ് ഡോളറിന്റെ ഇറക്കുമതി തീരുവയും വില്പന നികുതിയും നഷ്ടമാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇറക്കുമതി തീരുവയും ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഉൾപ്പെടെ ആകെ 18.45% വരുന്ന നികുതികൾ നൽകാത്തതിനാലാണ് കള്ളക്കടത്തുകാർക്ക് ഇത്രയും വലിയ ഡിസ്കൗണ്ടുകൾ നൽകാൻ സാധിക്കുന്നതെന്ന് ബുള്ളിയൻ ഡീലർമാർ പറഞ്ഞു.
“ഏകദേശം ഒരു ഐഫോണിന്റെ അത്രമാത്രം വലിപ്പമുള്ള ഒരു കിലോഗ്രാമിന്റെ സ്വർണക്കട്ടി രാജ്യത്തേക്ക് കടത്തുന്പോൾ 25 ലക്ഷത്തിലധികം രൂപയുടെ (26,121.25 ഡോളർ) ലാഭമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകൾ വേഗത്തിൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്,” ഡീലർ പറഞ്ഞു.
“ഗ്രേ മാർക്കറ്റ് വ്യാപാരികൾ 4% ഡിസ്കൗണ്ടിൽ വിറ്റാൽ പോലും അവർക്ക് വൻ ലാഭമാണ് ലഭിക്കുന്നത്,” കോൽക്കത്ത ആസ്ഥാനമായുള്ള ഒരു ബുള്ളിയൻ ഡീലർ വ്യക്തമാക്കി.
ഇന്ത്യ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടർന്ന്, സ്വർണക്കള്ളക്കടത്ത് 2023-ലെ 156.1 ടണ്ണിൽ നിന്ന് തൊട്ടടുത്ത വർഷം 69.2 മെട്രിക് ടണ്ണായും, 2025-ൽ അത് വീണ്ടും കുറഞ്ഞ് 20.4 ടണ്ണായും മാറിയിരുന്നു.
തീരുവ കുറയ്ക്കുന്നതിനു മുൻപുള്ള ഒരു പതിറ്റാണ്ടിൽ, പ്രതിവർഷം ശരാശരി 108 ടണ് സ്വർണം രാജ്യത്തേക്ക് കള്ളക്കടത്തായി എത്തിയിരുന്നതായി വേൾഡ് ഗോൾഡ് കൗണ്സിൽ ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിൽ മാസത്തിൽ ഇന്ത്യ 45.6 ടണ് സ്വർണ ം ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ബാങ്കുകളും സ്വർണ ശുദ്ധീകരണശാലകളും വിദേശത്ത് നിന്നുള്ള വാങ്ങലുകൾ കുറച്ചതിനാൽ മേയിലെ ഇറക്കുമതി പകുതിയായി കുറഞ്ഞിരിക്കാമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ബുള്ളിയൻ ഡീലർ പറഞ്ഞു.
വൻതോതിലുള്ള ഗ്രേ മാർക്കറ്റ് ഡിസ്കൗണ്ടുകൾ നിയമപരമായ വ്യാപാരത്തെ തകിടം മറിച്ചിരിക്കുകയാണെന്ന് റിഫൈനറി കന്പനിയായ സിജിആർ മെറ്റലോയ്സിന്റെ മാനേജിംഗ് ഡയറക്ടർ ജയിംസ് ജോസ് പറഞ്ഞു. തീരുവ വർധിപ്പിക്കുന്നതിന് മുന്പ് ഇറക്കുമതി ചെയ്ത സ്വർണശേഖരം വലിയ ഡിസ്കൗണ്ടിൽ വിറ്റഴിക്കുന്നതിനാൽ, ആഭ്യന്തര വിപണിയിൽ നിയമപരമായ സ്വർണത്തിന്റെ ഡിസ്കൗണ്ട് ഒൗണ്സിന് 100 ഡോളറിലധികമായി ഉയർന്നിട്ടുണ്ടെന്നും, ഇത് സ്വർണ ശുദ്ധീകരണം ലാഭകരമല്ലാതാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്.
കുന്നംകുളം ഡിവിഷൻ പോലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഎ കടത്ത് പിടികൂടിയത്. സംഭവത്തിൽ വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് 280 ഗ്രാം എംഡിഎംഎ പിടികൂടി.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. ബായാറിലാണ് കാളകളെ കയറ്റിയ പിക്കപ്പ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. ഡ്രൈവർ പൈവളിഗെ ആവളയിലെ ഇബ്രാഹിം ഖലീൽ നൽകിയ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു.
ശനിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. പിക്കപ്പിൽ മഞ്ചേശ്വരത്തേക്ക് നാല് കാളകളെയാണ് കൊണ്ടുവന്നത്. രണ്ട് ബൈക്കുകളിലായി നാലംഗ സംഘം പിക്കപ്പിനെ പിന്തുടർന്നു. ഒരു ബൈക്ക് പിക്കപ്പിനെ തടഞ്ഞു നിർത്തി. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി.
പിക്കപ്പ് തടഞ്ഞ ബൈക്കിലുണ്ടായിരുന്നവർ അസഭ്യം പറയുകയും വടികൾ വീശി ഭീഷണി മുഴക്കുകയും ചെയ്തെന്ന് ഡ്രൈവർ ഇബ്രാഹിം ഖലീൽ പറഞ്ഞു. നേരത്തെയും സമാന സംഭവം കാസർഗോഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു..
Kerala
കൊച്ചി: മുംബൈയിൽവച്ചു പിടിയിലായ കൊച്ചിയിലെ മോഡലിംഗ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത് കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനാണ് പോലീസിന്റെ ശ്രമം. അതിജീവിതമാരെ കാരിയർമാരാക്കി നാട്ടിലേക്ക് സ്വർണം കടത്തിയോ എന്നതിലടക്കം പോലീസ് പരിശോധന നടത്തും.
കേരളത്തിന് പുറത്തുള്ള വിമാനത്തവളങ്ങളിലാണ് പലരും എത്തിയത്. യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധു തന്നെയാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചായിരുന്നു ഇവിടെ എത്തിച്ചത്.
കേസിൽ രണ്ട് വനിതകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. അതിനിടെ കേസിൽ അറസ്റ്റിലായ ഗുണ്ടാ ബന്ധമുള്ള അലീന പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വിവരം. അലീനയുടേത് എന്ന് സംശയിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം അങ്കമാലിയിൽ 400 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. മൂന്ന് ആസാം സ്വദേശികളാണ് കാറിൽ ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഹെറോയിൻ വാഹനത്തിന്റെ രഹസ് അറയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. വാഹനവും പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അങ്കമാലി കെഎസ്ആർടിസി പരിസരത്ത് വച്ചാണ് പ്രതികൾ അറസ്റ്റിലായത്.
International
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സിഗരറ്റ് കടത്താൻ ശ്രമിച്ച സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരും ഒരു ശുചീകരണ തൊഴിലാളിയുമാണ് അറസ്റ്റിലായത്.
വിമാനത്താവളത്തിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി സിഗരറ്റ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 31 കാർട്ടൺ സിഗരറ്റുകളുമായി ഒരു ബംഗ്ലാദേശി ശുചീകരണ തൊഴിലാളിയെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വിദേശ യാത്രക്കാരുടെ ബോർഡിംഗ് പാസുകൾ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സിഗരറ്റ് വാങ്ങാൻ ഒരു കസ്റ്റംസ് ഇൻസ്പെക്ടർ തന്റെ ബാങ്ക് കാർഡും വർക്ക് പെർമിറ്റും നൽകി സഹായിച്ചതായി കണ്ടെത്തി.
മറ്റൊരു കസ്റ്റംസ് ഇൻസ്പെക്ടർ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച്, സാധാരണ കസ്റ്റംസ് പരിശോധനകൾ ഒഴിവാക്കി ഈ ഉൽപ്പന്നങ്ങൾ ട്രാൻസിറ്റ് ഏരിയയിലൂടെ കടത്തിക്കൊണ്ടുപോകാനും തന്റെ സ്വകാര്യ വാഹനത്തിൽ വിമാനത്താവളത്തിന് പുറത്തെത്തിക്കാനും സഹായിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.
പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
International
ബെയ്ജിംഗ്: മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായ ഫ്രഞ്ച് പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ചൈന അറിയിച്ചു. രണ്ടു പതിറ്റാണ്ടിലധികം ജയിലിൽ കഴിഞ്ഞ ചാൻ താവോ ഫൗമിയുടെ (62) വധശിക്ഷയാണു നടപ്പാക്കിയത്. 2005ൽ ഒന്നരക്കോടി ഡോളറിന്റെ മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായ 89 പേരിൽ ഒരാളായിരുന്നു ചാൻ. 2010ലാണ് കോടതി ഇയാൾക്കു വധശിക്ഷ വിധിച്ചത്.
മയക്കുമരുന്ന് കുറ്റങ്ങൾക്ക് ഏറ്റവും കർശന ശിക്ഷ ലഭിക്കുന്ന രാജ്യമാണു ചൈന. പ്രതിക്ക് ചൈനീസ് കോടതിയിൽ നീതി ലഭിച്ചില്ലെന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം പറഞ്ഞു. പൗരത്വം അടിസ്ഥാനമാക്കി കുറ്റവാളികൾക്ക് ആനുകൂല്യം നൽകാനാവില്ലെന്നു ചൈന പ്രതികരിച്ചു.
District News
മഞ്ചേരി: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ കടത്തിയതിന് എക്സൈസ് സംഘം പിടികൂടിയ യുവാവിന് മഞ്ചേരി എൻഡിപിഎസ് കോടതി 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മലപ്പുറം കോഡൂർ ആൽപ്പറ്റകുളന്പ് പടിഞ്ഞാറെക്കര ചൂരപ്പുലാൻ മജീദിനെയാ (44) ണ് ജഡ്ജ് ടി.ജി. വർഗീസ് ശിക്ഷിച്ചത്. 2022 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. എക്സൈസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് തലവനായ സർക്കിൾ ഇൻസ്പെക്ടർ അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോളും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
പ്രതിയിൽനിന്ന് 3.050 കിലോ ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് ഹാജരായി.
Kerala
കാസർഗോഡ്: കർണാടകയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളയിൽ പോലീസ് നടത്തിയ പരിശോധനയിൽ തൃക്കരിപ്പൂർ സ്വദേശി സി.കെ.മുഹമ്മദ് സഫീറാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 17,226 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പുകയില ഉൽപ്പന്നങ്ങൾ കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരെ കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശി യഹിയ എന്നയാളാണ് പരാതിക്കാരന്.
നേപ്പാളിലെ ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ കാർ എന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്. രോഹിത് ബേദി 14 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.
പരാതിക്കാരന്റെ വാഹനം ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ കസ്റ്റംസ്, പോലീസിന്റെ സഹായം തേടിയിരുന്നു. എന്നാൽ ആദ്യമായാണ് ഒരു പരാതിയിൽ കേസെടുക്കുന്നത്.
ഭൂട്ടാനില് നിന്ന് പട്ടാളം ഉപേക്ഷിച്ച 40ഓളം വാഹനങ്ങള് ഇന്ത്യയിലെക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്ന്നിരുന്നു. വാഹനങ്ങള് ഹിമാചല്പ്രദേശിലെത്തിച്ച് രജിസ്ട്രേഷന് ചെയ്ത് രാജ്യമെമ്പാടും വില്പ്പന നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില് രാജ്യവ്യാപകമായി കസ്റ്റംസ് ഓപറേഷന് നുംഖൂർ എന്ന പേരില് സെപ്തംബര് മാസത്തില് പരിശോധന നടത്തിയിരുന്നു.
നടന്മാരായ ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ തുടങ്ങിയവരുടെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
International
ലാഗോസ്: മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാർ ഉൾപ്പെട്ട ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ. 22 ഇന്ത്യക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. 31.5 കിലോഗ്രാം കൊക്കൈൻ കടത്തിയെന്ന് ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്.
ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ കപ്പൽ പിടിച്ചെടുത്തതായി നൈജീരിയ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസി വക്താവ് ഫെമി ബബഫെമി വ്യക്തമാക്കി. നവംബറിൽ കൊക്കൈനുമായി പിടിയിലായ ഫിലിപ്പീൻ നാവികരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.
യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്നതിൽ നൈജീരിയ കുപ്രസിദ്ധമാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ഡി. മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി. മണിയെന്ന് പ്രവാസി വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെയാണെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള് അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ചോദ്യം ചെയ്യൽ.
അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതിയിലെ ഹർജിയിൽ കോടതി സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള മറുപടിയും പ്രത്യേക സംഘം തയാറാക്കാൻ ആരംഭിച്ചു.
Kerala
കോട്ടയം: അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിൽപ്പെട്ട ഒരാളെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് നർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തു. കോട്ടയം മണിമല കോത്തലപ്പടി നേര്യന്തറയിൽ പയസ് ജേക്കബ് (50) ആണ് അറസ്റ്റിലായത്.
ഏഴ് കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവു കടത്തിക്കൊണ്ടു വന്ന് മണിമലയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
അടിപിടി ഉൾപ്പടെ നിരവധിക്കേസുകളിൽ പ്രതിയായ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
International
ലണ്ടൻ: ക്ലാസ് എ വിഭാഗത്തിൽപ്പെടുന്ന നിരോധിത ലഹരി ഉത്പന്നമായ ഹെറോയിൻ കടത്തിയ ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്. സ്കോട്ട്ലൻഡിലെ ഈസ്റ്റ് ലോതിയാൻ സ്വദേശി രാജേഷ് ബക്ഷിയെയാണ് (57) കാന്റർബറി കോടതി ശിക്ഷിച്ചത്.
ഇയാളുടെ കൂട്ടാളിയായ ജോൺ പോൾ ക്ലർക്കിനെ (44) ഒൻപത് വർഷം തടവിനും ശിക്ഷിച്ചു. ലഹരി ഉത്പന്നങ്ങളുടെ പൊതിയിൽനിന്ന് രാജേഷ് ബക്ഷിയുടെ വിരലടയാളം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. 2022 ജൂണിൽ ഡോവറിലെ തുറമുഖത്തുനിന്നാണ് ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നാലു ദശലക്ഷം പൗണ്ട് വിലവരുന്നതാണ് പിടികൂടിയ ലഹരിവസ്തുക്കൾ.
ബക്ഷിയും ക്ലർക്കും തമ്മിൽ ലഹരി ഇടപാടുകൾ സംബന്ധിച്ചു നടത്തിയ ഫോൺ സംഭാഷണങ്ങളുടെയും മെസേജുകളുടെയും തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. നിയന്ത്രിത മരുന്നുകൾ വിതരണം ചെയ്ത കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ബക്ഷി.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആയുധക്കടത്ത് സംഘം പിടിയിൽ. രണ്ട് പഞ്ചാബ് സ്വദേശികൾ ഉൾപ്പെടെ നാല് പേരെയാണ് ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടിയത്.
സംഘത്തിന് പാക്കിസ്ഥാൻ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തുർക്കിയിലും ചൈനയിലും നിർമിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴി സംഘം ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നു.
ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നത്. സംഘത്തിന്റെ പക്കൽ നിന്നും 10 തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തു. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗുണ്ടാസംഘങ്ങൾക്ക് ഇവർ ആയുധങ്ങൾ വിതരണം ചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: ഭൂട്ടാനിൽ നിന്ന് നൂറുകണക്കിന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്കു കടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഭൂട്ടാൻ സർക്കാരും. ഇന്ത്യ–ഭൂട്ടാൻ അധികൃതർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായും അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ ധാരണയായതുമായാണ് റിപ്പോർട്ടുകൾ.
ഭൂട്ടാൻ സൈനിക വാഹനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ റോയൽ ഭൂട്ടാൻ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേരളത്തിലേക്കുള്ള വാഹനക്കടത്ത് സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കാൻ ഭൂട്ടാൻ അധികൃതർ തയാറാണെന്നും നേരത്തെ അറിയിച്ചിരുന്നു.
ഭൂട്ടാനിലെ ധനകാര്യ മന്ത്രാലയത്തിനു കീഴിലെ റവന്യൂ ആൻഡ് കസ്റ്റംസ് വിഭാഗം (ഡിആർസി) ഇന്ത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ ഭൂട്ടാൻ കസ്റ്റംസ് സമാന്തര അന്വേഷണം ആരംഭിച്ചിരുന്നതായാണ് വിവരം.
കൊച്ചി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ ‘നുംഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് പുറത്തുവന്നത്.
National
ന്യൂഡൽഹി: ചാരപ്രവർത്തനം നടത്തിയയാൾ ഡൽഹിയിൽ അറസ്റ്റിൽ. മുഹമ്മദ് ആദിൽ ഹുസൈനിയെ (59) ആണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കു വിദേശ ആണവ ശാസ്ത്രജ്ഞനുമായി ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തതായും കണ്ടെത്തി.
പല സ്ഥലങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഇയാൾ വ്യാജ രേഖകൾ ഉപയോഗിച്ചു പാസ്പോർട്ടുകൾ സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുകയും അവിടങ്ങളിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു നിർണായക വിവരങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ രണ്ട് വ്യാജ പാസ്പോർട്ടുകളും കണ്ടെത്തി.
റഷ്യയിലെ ശാസ്ത്രജ്ഞരിൽനിന്ന് ന്യൂക്ലിയർ ഡിസൈനുകൾ വാങ്ങി ഇറാനിലെ ശാസ്ത്രജ്ഞർക്കു കൈമാറിയതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിഫലമായി കിട്ടിയ പണം ദുബായിൽ വസ്തു വാങ്ങാൻ നിക്ഷേപിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആഡംബര ജീവിതത്തിനും പണം ഉപയോഗിച്ചു. കോടതിയിൽ ഹാജരാക്കിയ ഹുസൈനിയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
District News
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി. ഇന്ന് രാവിലെ ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ വലിയ സ്വർണ്ണക്കടത്ത് കേസാണിത്. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.