പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പെട്രോളിൽ നിശ്ചിത പരിധിയിലധികം എഥനോൾ കലർത്തി വിൽപന നടത്തുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനായി ശേഖരിച്ച പെട്രോൾ സാന്പിളുകളുടെ പരിശോധന ഉടൻ. കൃത്യമായ ഫലം ലഭിക്കുന്നതിനായി ഏറ്റവും പുതിയ രീതിയിൽ പരിശോധന നടത്തുന്നതിനാണ് ഉപഭോക്തൃകാര്യ വകുപ്പ് തയാറെടുക്കുന്നത്. ലഭിച്ച സാന്പിളിൽ എഥനോൾ കലർന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനായി ശുദ്ധമായ പെട്രോൾ ലഭിക്കേണ്ടതുണ്ട്.
ശുദ്ധമായ പെട്രോൾ ലഭിച്ചാൽ മാത്രമേ പരിശോധിക്കുന്ന സാന്പിളിൽ എത്രമാത്രം മായമുണ്ടെന്നു മനസിലാക്കാൻ സാധിക്കൂ. കൊച്ചിൻ റിഫൈനറീസിൽ നിന്നും നേരിട്ട് ശുദ്ധമായ പെട്രോൾ ശേഖരിച്ചശേഷമാകും ശേഖരിച്ച സാന്പിളുകൾ പരിശോധന നടത്തുക. ശേഖരിച്ച സാന്പിളുകൾ ഉടൻ തന്നെ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ പരിശോധനയ്ക്കു നൽകും. നിലവിൽ ഒരു ലിറ്റർ വീതമുള്ള 13 സാന്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്.
2005ലെ മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈസ്പീഡ് ഡീസൽ നിയമപ്രകാരം ശേഖരിച്ച സാന്പിൾ 10 ദിവസത്തിനകം ലാബുകളിൽ എത്തിക്കണമെന്നും പരിശോധനാ റിപ്പോർട്ട് 30 ദിവസത്തിനകം നൽകണമെന്നുമാണു വ്യവസ്ഥ. സംസ്ഥാനത്തെ ആറു ജില്ലകളിലെ 13 പന്പുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന നടത്തിയാണു സാന്പിളുകൾ ശേഖരിച്ചിട്ടുള്ളത്. പെട്രോൾ കന്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്.
അതേസമയം പെട്രോളിൽ എഥനോൾ കലർത്തിയത് നിശ്ചിത പരിധിയിലും കൂടുതലാണോ എന്നു കണ്ടെത്തുന്നതിനുള്ള നൂതന പരിശോധനാ കിറ്റുകൾ കേരളത്തിലെത്തിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നാണ് ഇവ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിൽ എത്തിച്ചത്. ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു ഇത്.
ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കാനും ഇന്ധനത്തിലെ മായംചേർക്കലും ക്രമക്കേടുകളും തടയുന്നതിനാണു സർക്കാർ ശ്രമിക്കുന്നത്. പെട്രോളിൽ നിശ്ചിത പരിധിയിലധികം എഥനോൾ കലർത്തി വിൽപന നടത്തുന്നുണ്ടെന്നു കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കും.
അനൂപ് ജേക്കബ് ഭക്ഷ്യ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി
Tags : Petrol Ethanol Lab testing Test kits Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash