മോന അഗർവാൾ, നിതേഷ് അഗർവാൾ, വർഷ തുർക്കർ
ഗോണ്ടിയ (മഹാരാഷ്ട്ര): ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് യുവതിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യയടക്കം നാലുപേർ അറസ്റ്റിൽ.
പൂന വിമാനത്താവളത്തിലെ എയർ ഇന്ത്യ എയർ ഹോസ്റ്റസ് വർഷ തുർക്കർ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഖ്യസൂത്രധാരയായ മോന അഗർവാൾ (41), അയൽവാസി കുനാൽ ശ്യാംലാൽ കുംഭാൽക്കർ (31), ഷാരൂഖ് ഖാൻ ഫിറോസ് ഖാൻ പത്താൻ (33), ഇമ്രാൻ കരീം ഷെയ്ഖ് (26) എന്നിവരെയാണു മഹാരാഷ്ട്രയിലെ ഗോണ്ടിയ പൊലിസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു രണ്ട് പ്രതികളായ നാലെൻ എന്ന നെയ്ല ഷെയ്ഖ് (24), കൃഷ് റൗത്ത് (19) എന്നിവർ ഒളിവിലാണ്.
കഴിഞ്ഞ 14ന് വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. മോനയുടെ ഭർത്താവ് നിതേഷ് അഗർവാളും വർഷയും വർഷങ്ങളായി സുഹൃത്തുക്കളാണ്. സംഭവദിവസം ഇരുവരും ഗോണ്ടിയയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള തിരോദയിലേക്ക് യാത്രപോയിരുന്നു. തിരികെ വരുന്ന വഴി ബോന്ദ്രാണി വനമേഖലയിലെ ശിവക്ഷേത്രത്തിനു സമീപം വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ മൂന്നംഗസംഘം വർഷയെ കത്തികൊണ്ട് ക്രൂരമായി കുത്തുകയായിരുന്നു. വയറിലും മുതുകിലും ആഴത്തിൽ മുറിവേറ്റ വർഷയെ മധ്യപ്രദേശ് അതിർത്തിയിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഷണശ്രമത്തിനിടെയുണ്ടായ ആക്രമണമാണെന്നാണ് നിതേഷ് ആദ്യം പൊലിസിനു മൊഴി നൽകിയത്. എന്നാൽ, കൊല്ലപ്പെട്ട വർഷയുടെ സ്വർണമാലയും മറ്റ് ആഭരണങ്ങളും നഷ്ടപ്പെടാതിരുന്നത് പൊലിസിൽ സംശയമുണർത്തി. തുടർന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആസൂത്രിതമായ ക്വട്ടേഷൻ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Tags : illicit affair Suspecting contract killing murder Airhostess Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash