സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ ബാല്യകാല വസതി
അമൃത്സർ: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇറ്റലിയിൽ ബാല്യകാലത്ത് താമസിച്ചിരുന്ന വസതി മ്യൂസിയമാക്കണമെന്ന ആഗ്രഹവുമായി സിഖ് വ്യവസായി സുഖ്ദേവ് സിംഗ് കാംഗ്.
ഇറ്റലിയിൽ താമസക്കാരനായ സുഖ്ദേവ് സിംഗ് ആറുവർഷം മുന്‍പാണു സോണിയയുടെ വീട് വിലയ്ക്കു വാങ്ങിയത്. ഗാന്ധി കുടുംബത്തെ നേരിൽക്കണ്ട് പ്രദർശനയോഗ്യമായവ ശേഖരിക്കണമെന്നും താമസിയാതെ വസതി മ്യൂസിയമാക്കി മാറ്റണമെന്നുമാണ് ആഗ്രഹമെന്നും അമൃത്സറിൽ ബന്ധുക്കളെ കാണാനെത്തിയ സുഖ്ദേവ് സിംഗ് പറഞ്ഞു.
ഇറ്റലിയിലെ വിചെൻസയിലെ ലുസിയാനയിലാണ് സോണിയയുടെ വീട്. ചാരനിറത്തിലുള്ള കല്ലും കോൺക്രീറ്റും ഉപയോഗിച്ച് നിർമിച്ച ആറ് മുറികളുള്ള ഈ വീട്ടിൽ 1946 ഡിസംബറിലാണ് സോണിയ ഗാന്ധി ജനിച്ചത്.
തുടർന്ന് ഏതാനും വർഷം കഴിഞ്ഞതും ഇവിടെയായിരുന്നു. പരിചയക്കാർവഴിയാണു സോണിയ ഗാന്ധിയുടെ വീട് സ്വന്തമാക്കിയതെന്ന് സുഖ്ദേവ് സിംഗ് പറഞ്ഞു.
Tags : Residence Italy museum Sonia Gandhi Sukhdev Singh Kang Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash