ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ വിവാഹം ചെയ്തതുകൊണ്ട് മാത്രം വിദേശികൾക്ക് ഇന്ത്യയിൽ താമസിക്കാനുള്ള ഉറപ്പോ പ്രത്യേക വീസയോ ലഭിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി.
വിദേശികളുടെ രാജ്യത്തേക്കുള്ള പ്രവേശനവും താമസവും പൂർണമായും കേന്ദ്രസർക്കാരിന്റെ പരമാധികാരത്തിലും വിവേചനാധികാരത്തിലും പെട്ട കാര്യങ്ങളാണെന്ന് ജസ്റ്റീസ് അമിത് മഹാജൻ വ്യക്തമാക്കി.
ഇന്ത്യൻ പൗരനെ വിവാഹം ചെയ്തതിന്റെ അടിസ്ഥാനത്തിൽ തന്റെ നിലവിലുള്ള ഇ ടൂറിസ്റ്റ് വീസ, എൻട്രി (എക്സ്-1) സ്പൗസ് (ദമ്പതി) വീസയാക്കി മാറ്റണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പൗരത്വമുള്ള യുവതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) തന്റെ അപേക്ഷ പരിഗണിച്ചില്ലെന്നായിരുന്നു യുവതിയുടെ പരാതി.
എന്നാൽ, യുവതിയുടെ കുടിയേറ്റ ചരിത്രവും സാഹചര്യങ്ങളും വിശദമായി പരിശോധിച്ചശേഷമാണു തീരുമാനമെടുത്തതെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. മുമ്പ് രണ്ടുതവണ വിവാഹിതയായിട്ടുള്ള യുവതി, മുൻകാല വിവാഹബന്ധങ്ങളുടെ പേരിലും കുടിയേറ്റ ആനുകൂല്യങ്ങൾക്കായി ശ്രമിച്ചിരുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
Tags : Delhi High Court married Indian citizens country solely virtue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash