സുപ്രീംകോടതി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും മറ്റു തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഭിന്നവിധി പിൻവലിക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി.
കേസ് പരിഗണിച്ച ജസ്റ്റീസ് സതീഷ് ചന്ദ്ര ശർമയ്ക്കു താത്പര്യവൈരുധ്യമുണ്ടെന്നാരോപിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ഈ ആവശ്യമുന്നയിച്ചത്. ഭിന്നവിധി പുറപ്പെടുവിച്ച അതേ ബെഞ്ചിനു മുന്നിൽത്തന്നെ പുനഃപരിശോധനാ അപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.
ജസ്റ്റീസ് ശർമ അടുത്തയാഴ്ച അവസാനം വിരമിക്കാനിരിക്കുന്നതിനാൽ അതിനു മുമ്പുതന്നെ അപേക്ഷ പരിഗണിക്കണമെന്നും ഉത്തരവ് പിൻവലിച്ചാൽ കേസ് ഭരണഘടനാബെഞ്ചിനു വിടേണ്ട സാഹചര്യം ഇല്ലാതാകുമെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു.
എന്നാൽ, ഈ വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിൽത്തന്നെ ഉന്നയിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് റഫർ ചെയ്ത ഉത്തരവിന് ഭരണഘടനാ ബെഞ്ച് വിധേയമല്ലെന്നും റഫറൻസിന്റെ സാധുത അവർക്കുതന്നെ പരിശോധിക്കാവുന്നതാണെന്നും നിരീക്ഷിച്ച കോടതി അടിയന്തര പരിഗണനയ്ക്കുള്ള ആവശ്യം തള്ളുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 23നാണ് തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചത്. കേസ് വിശാല ബെഞ്ചിനു വിടേണ്ടതില്ലെന്ന് ജസ്റ്റീസ് ദീപാങ്കർ ദത്ത നിലപാടെടുത്തപ്പോൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നു ജസ്റ്റീസ് സതീഷ് ചന്ദ്ര ശർമ വിധിക്കുകയായിരുന്നു.
Tags : Election Commissioners appointment urgently Not Considered Supreme Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash