പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹി: പൈതൃകത്തിനും സാംസ്കാരികബന്ധങ്ങൾക്കും ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുമെന്നും ആഗോളസമാധാനത്തിനുള്ള ഏറ്റവും ശക്തമായ ഉറപ്പ് സാംസ്കാരികബന്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) പ്രഥമ സിവിലൈസേഷണൽ ഫോറം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അംഗരാജ്യങ്ങൾ തമ്മിൽ കൂടുതൽ സാംസ്കാരികവും നാഗരികവുമായ ഇടപെടലുകൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പാക്കിസ്ഥാൻ കാലാവസ്ഥാവ്യതിയാന വകുപ്പ് മന്ത്രി മുസാദിക് മാലിക് ഉൾപ്പടെ വിവിധ എസ്സിഒ അംഗരാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ 5000 വർഷം മുമ്പ് ലോകത്തിന്റെ പല ഭാഗങ്ങളും തമ്മിൽ വ്യാപാരബന്ധം നിലനിന്നിരുന്ന കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ മാസം 22 വരെ തുടരുന്ന സമ്മേളനം യൂറേഷ്യൻ മേഖലയിലുടനീളമുള്ള രാജ്യങ്ങളുടെ പരസ്പരബന്ധിതമായ പൈതൃകം പുതുക്കുക എന്ന ലക്ഷ്യത്തോടെയാണു സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഫോറത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ മന്ത്രിയെ ഇന്ത്യയിലേക്കു ക്ഷണിച്ചതിനെ കോൺഗ്രസ് വിമർശിച്ചു. പാക് മന്ത്രിയെ ക്ഷണിച്ചതു പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങളുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേഥ് കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂറിനുശേഷം ആദ്യമായാണ് ഒരു പാക്കിസ്ഥാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയിലെത്തിയശേഷം മാധ്യമങ്ങളോടു സംസാരിച്ച പാക് മന്ത്രി മുസാദിക് മാലിക്, ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ ബന്ധങ്ങളും മെച്ചപ്പെടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലും മറ്റ് ഇടപെടൽ മേഖലകളിലും വിശാലമായ വീക്ഷണം സ്വീകരിച്ചുകൊണ്ട് പ്രാദേശിക അജൻഡ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
Tags : Culture Prime Minister Narendra Modi Divided world Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash