പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്വകാര്യ സർവകലാശാലകളുടെ ഓഡിറ്റുമായി ബന്ധപ്പെട്ട കേസിനു പിന്നാലെ രാജ്യവ്യാപകമായ അന്വേഷണത്തിലേക്കു വ്യാപിപ്പിച്ച മറ്റൊരു കേസുകൂടി സുപ്രീംകോടതി ജസ്റ്റീസ് അഹ്സനുദ്ദീൻ അമാനുള്ള അധ്യക്ഷനായ ബെഞ്ചിൽനിന്നു മാറ്റി.
അനധികൃത നിർമാണങ്ങളും പാർപ്പിടമേഖലകളുടെ വാണിജ്യപരമായ ദുരുപയോഗവുമായി ബന്ധപ്പെട്ട കേസാണു ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിലേക്കു മാറ്റിയത്.
അനധികൃത നിർമാണങ്ങൾക്കെതിരേ രാജ്യവ്യാപക ഓഡിറ്റിന് ജസ്റ്റീസ് അമാനുള്ളയുടെ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ ബെഞ്ചിലേക്കു മാറ്റിയത്.
സ്വകാര്യ സർവകലാശാലകളുമായി ബന്ധപ്പെട്ട കേസ് ജസ്റ്റീസ് അമാനുള്ളയുടെ ബെഞ്ചിൽനിന്നു ജസ്റ്റീസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിലേക്കു മാറ്റി ഒരാഴ്ച തികയും മുമ്പാണ് സുപ്രീംകോടതിയുടെ സമാന നടപടി.
സുപ്രീംകോടതിയുടെ നിലവിലെ റോസ്റ്റർ പ്രകാരം ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ഉൾപ്പടെയുള്ള ഏറ്റവും മുതിർന്ന ഏഴു ജഡ്ജിമാർ അധ്യക്ഷരായ ബെഞ്ചുകൾക്കു മാത്രമാണ് പൊതുതാത്പര്യ ഹർജികൾ പരിഗണിക്കാൻ അധികാരമുള്ളത്.
Tags : private university Justice Amanullahs bench Another case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Supreme Court