പ്രതീകാത്മക ചിത്രം
മൂന്നാര്‍: ജനവാസ മേഖലകളെ വിറപ്പിക്കുന്ന ചക്കക്കൊമ്പനെ തളയ്ക്കാന്‍ വനം വകുപ്പ് പ്രത്യേക പദ്ധതി ഒരുക്കുന്നു. ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കഴിഞ്ഞ ദിവസം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് അനുമതി നല്‍കിയിരുന്നു.
ആനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഇവിടെത്തന്നെ വിടാനാണ് തീരുമാനം. ഉപഗ്രഹത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആധുനിക റോഡിയോ കോളറാണ് ഘടിപ്പിക്കുന്നത്.
മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലാണ് ഓപ്പറേഷന് നടത്തുക. ഇതിന് രണ്ട് കുങ്കി ആനകളുടെ സഹായവും പ്രയോജനപ്പെടുത്തും. വയനാട്ടില്‍നിന്നും എത്തിക്കുന്ന വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് ദൗത്യത്തിനായി നിയോഗിക്കുക.
സമീപനാളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ സംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് വനം വകുപ്പിന്റെ തീരുമാനം. നേരത്തേ ജില്ലയിലെത്തിയ വനംമന്ത്രിയും പ്രശ്നക്കാരായ ആനകളെ പിടിച്ചുമാറ്റുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ചിന്നക്കനാലിലെ ആനകളില്‍ ചക്കക്കൊമ്പനാണ് കൂടുതല്‍ പ്രശ്നക്കാരനെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Tags : Chakkakkomban collar Elephant Chinnakanal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash