ഏലത്തോട്ടത്തിലേക്കു കൂറ്റൻപാറകൾ ഇടിഞ്ഞു വീണ് മരിച്ച് പി.ജെ. സെബാസ്റ്റ്യൻ .
കട്ടപ്പന: കടമാക്കുഴിയിൽ മലയിടിഞ്ഞ് വീണ് കർഷകൻ മരിക്കാനിടയായ സംഭവത്തിനു കാരണം ചുറ്റുവട്ടത്തെ അനധികൃത ഖനനമാണെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഉദ്യോഗസ്ഥ-ക്വാറി മാഫിയ ബന്ധം വീണ്ടും ചർച്ചയാകുന്നു.
സംഭവം നടന്ന 14ന് തലേന്ന് രാത്രി 11 വരെ അനധികൃത പാറഖനനം പ്രദേശത്ത് നടന്നുവെന്നും ഇതാണ് ദുരന്തത്തിന് കാരണമെന്നുമാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ തമിഴ്നാട് സർക്കാർ കേരളം ഉൾപ്പടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്ക് ക്വാറി ഉത്പന്നങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് പിന്നാലെയുണ്ടായ പാറക്ഷാമം മുതലെടുത്താണ് വൻതോതിൽ ക്വാറി മാഫിയ അനധികൃത ഖനനം നടത്തി പാറപൊട്ടിച്ച് കടത്തിയതെന്നാണ് വിവരം.
ദിവസേന 40 ലോഡ് കല്ല് ക്വാറിയിൽനിന്നും കൊണ്ടുപോയിരുന്നുവെന്നാണ് പരിസരവാസികളുടെ മൊഴി. ഇത്രയധികം കല്ല് പൊട്ടിച്ചുകടത്തിയതിന് പിന്നിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതാക്കളുടെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കൃഷി ആവശ്യത്തിന് കുളം നിർമിക്കാൻ എന്ന വ്യാജേനയായിരുന്നു അനധികൃത പാറപൊട്ടിക്കൽ. ഈ പരസ്യ നിയമലംഘനത്തിനു ഗുണ്ടകളെ കാവൽ നിർത്തുകയും ചെയ്തിരുന്നു.
ഹൈറേഞ്ച് മേഖലയിൽ പലയിടത്തും ചെങ്കുത്തായ മലഞ്ചെരിവുകളിലാണ് ഏലത്തോട്ടങ്ങളുള്ളത്. മിക്ക തോട്ടങ്ങളുടെയും മുകൾ ഭാഗം പാറകളും കൂറ്റൻമലയുമാണ്. അതിനാൽ പ്രദേശത്ത് അപകടഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ 14-നാണ് ശാസ്താനടയിലെ ഏലത്തോട്ടത്തിലേക്കു കൂറ്റൻപാറകൾ ഇടിഞ്ഞു വീണ് പുരയിടത്തിൽ പി.ജെ. സെബാസ്റ്റ്യൻ മരിച്ചത്. അപകടത്തിൽ ഏക്കറുകണക്കിന് കൃഷിയിടം നശിക്കുകയും ചെയ്തിരുന്നു.
Tags : Landslide quarry mafia officials under discussion farmer died Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash