Kerala
തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരിമാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍കോ ഹണ്ട്' പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
ലഹരിവേട്ടയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ പരിശോധനകളില്‍ 5353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
3706.743 ഗ്രാം എംഡിഎംഎ, 392.100 കി ഗ്രാം കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയില്‍, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 12.6709 ഗ്രാം മെത്താഫെറ്റാമിന്‍, 31.23 ഗ്രാം ഹെറോയിന്‍, 428 കഞ്ചാവ് ചെടികള്‍, 11 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്, 3294 കഞ്ചാവ് ബീഡികള്‍ തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
Kerala
കൊച്ചി: കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി എത്തിച്ചു നല്കുന്ന സംഘം പിടിയില്‍. അമല്‍ ജോര്‍ജ്, അഭിജിത്ത് എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക അറസ്റ്റ് നടന്നത്.
ചേരാനല്ലൂരില്‍ വീട് വാടകയ്ക്കെടുത്താണ് ഇവര്‍ ലഹരി വില്പന നടത്തിയിരുന്നത്. കൊച്ചിയിലെ സിനിമാ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഹൈ പ്രൊഫൈല്‍ ആളുകള്‍ക്കാണ് ഇവര്‍ ലഹരി എത്തിച്ചു നല്‍കിയിരുന്നത്. അമല്‍ ജോര്‍ജിനെ നേരത്തെയും എംഡിഎംഎയുമായി പോലീസ് പിടികൂടിയിട്ടുണ്ട്. 250 ഗ്രാം എംഡിഎംഎയുമായാണ് അമല്‍ നേരത്തെ അറസ്റ്റിലായത്.
പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കോണ്ടാക്ട് ലിസ്റ്റുകളും പോലീസ് പരിശോധിച്ചു വരികയാണ്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടുകാരെ കുറിച്ചും കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
District News
ചെമ്പേരി: പകർച്ചപ്പനി വ്യാപനത്തെ പ്രതിരോധിക്കാൻ എകെസിസി, മാതൃവേദി എന്നീ സംഘടന കളുടെ സംയുക്താഭിമുഖ്യത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം (പിഎച്ച്സി) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും നടത്തി.
ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു. പിഎച്ച്സി സ്റ്റാഫ് അംഗങ്ങളായ കെ.ദീപ, അനഘ സുരേഷ്, അലീന ജോർജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സ്കറിയ കളപ്പുര, വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ, ഷീബ തെക്കേടം, ഷാജു വടക്കേൽ എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ പങ്കെടുത്തവർക്ക് ഹോമിയോപ്പതി ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റന്റ് വികാരി ഫാ. മാർട്ടിൻ തുറയ്ക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു.
Kerala
മഞ്ചേരി: മയക്കുമരുന്നു വാങ്ങാൻ പണം നൽകാത്തതിന് മാതാപിതാക്കൾക്ക് മകന്റെ ക്രൂര മർദനം. ഗുരുതര പരിക്കേറ്റ മാതാവിനെ മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേരി മുള്ളമ്പാറ വരിയാൽ തെക്കുംപുറം മുഹ്സിനെതിരേ (31) മഞ്ചേരി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി വരിയാലിലെ വീട്ടിലാണ് സംഭവം.
നേരത്തെ മയക്കുമരുന്നു കടത്തിന് അറസ്റ്റിലായ മുഹ്സിനെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു. പണം നൽകാൻ വിസമ്മതിച്ച പിതാവ് ഉസ്മാനെ മർദിക്കുന്നത് തടയാനെത്തിയതായിരുന്നു മാതാവ് ബീഗം. മകന്റെ മർദനത്തിൽ കൈയുടെ എല്ല് ഒടിഞ്ഞ മാതാവ് അയൽപക്കത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്ന് പിതാവിന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷ മുഹ്സിൻ അടിച്ചു തകർക്കുകയും ഉസ്മാന്റെ മൊബൈൽ ഫോണ്‍ എറിഞ്ഞുടക്കുകയും ചെയ്തു.
നാട്ടുകാർ ഓടിക്കൂടിയതോടെ രക്ഷപ്പെട്ട മുഹ്സിൻ പിന്നീട് ആശുപത്രിയിലെത്തിയും മാതാവിനെ ഭീഷണിപ്പെടുത്തിയതായി മഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മഞ്ചേരി എസ്ഐ അഖിൽരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
മയക്കുമരുന്ന് നൽകി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത മുഹ്സിൻ അടക്കമുള്ള മൂന്നു യുവാക്കളെ 2023 ജനുവരി 16ന് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹ്സിന്റെ നേതൃത്വത്തിലുള്ള മയക്കു മരുന്നു മാഫിയയുടെ വിളയാട്ടം രൂക്ഷമായതോടെ നാട്ടുകാർ പ്രദേശത്ത് ജാഗ്രതാ സമിതി രൂപീകരിച്ച് ബോധവത്ക്കരണ പരിപാടികളും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ജാഗ്രത സമിതി അംഗങ്ങളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയും മുഹ്സിനെതിരെ ഉയർന്നിരുന്നു.
National
ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ഉപയോഗ കാലാവധി പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ. നിലവിലെ നിയമപ്രകാരം ഇറക്കുമതി ചെയ്യുന്ന സമയത്ത് ഒരു മരുന്നിന്റെ ഉപയോഗ കാലാവധി 60 ശതമാനത്തിലധികം ബാക്കിയുണ്ടായിരിക്കണമെന്നാണു നിബന്ധന.
എന്നാൽ പുതിയ നിർദേശപ്രകാരം ഇത് ഇറക്കുമതി ചെയ്യുന്ന സമയം മുതൽ കുറഞ്ഞത് 12 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. അതേസമയം, സവിശേഷമായ സ്വഭാവവും പൊതുജനാരോഗ്യ പ്രാധാന്യവും കണക്കിലെടുത്ത് ബയോളജിക്കൽ ഉത്പന്നങ്ങൾക്കും റേഡിയോ ഫാർമസ്യൂട്ടിക്കലുകൾക്കും നിലവിലുള്ള 60 ശതമാനത്തിലധികം കാലാവധി എന്ന പഴയ നിബന്ധനതന്നെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മരുന്നുകളുടെ ഉപയോഗ കാലാവധി പരിഷ്കരിക്കുന്നതോടെ ഫാർമസ്യൂട്ടിക്കൽ വിതരണശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ ഇന്ത്യയിലെത്തുമ്പോൾ മുതൽ കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ഉണ്ടാകുമെന്നതിനാൽ ജനങ്ങളിലേക്ക് എത്തിക്കാനും സുരക്ഷിതമായ ഉപയോഗത്തിനും സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടികാട്ടുന്നത്. കൂടാതെ പഴയ മരുന്നുകൾ വൻതോതിൽ പാഴായിപ്പോകുന്നതു തടയാൻ പുതിയ മാറ്റം സഹായിക്കും.
Kerala
കൊച്ചി: വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണി കൊച്ചിയില്‍ പിടിയില്‍. ബംഗാള്‍ സ്വദേശി അന്‍വര്‍ ഹുസൈന് ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഇന്നലെ രാത്രിയാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചേരാനല്ലൂരില്‍ നിന്നുംഅന്‍വര്‍ ഹുസൈന് പിടിയിലായത്. ബംഗാളില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. മുര്‍ഷിദാബാദില്‍നിന്നു കിലോയ്ക്ക് 3000 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് 23,000 രൂപയ്ക്കാണ് കൊച്ചിയിലെ വിദ്യാര്‍ഥികള്‍ക്കു വിറ്റിരുന്നത്.
എറണാകുളം ഇടപ്പള്ളിയിലെ ആക്രിക്കടകളില്‍ സ്റ്റോക്ക് ചെയ്യുന്ന കഞ്ചാവ് രാത്രിയാണ് വിദ്യാര്‍ഥികള്‍ക്കു കൈമാറിയിരുന്നത്. വിദ്യാര്‍ഥികള്‍ ഇത് ചെറിയ പാക്കറ്റുകളിലാക്കി മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് കൈമാറിയിരുന്നതായും ഡാന്‍സാഫ് കണ്ടെത്തി.
പത്തിലും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംഘമാണ് കഞ്ചാവ് വാങ്ങിയിരുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
District News
ആലപ്പുഴ: എക്സൈസ് ഡിവിഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കുന്നു. കഴിഞ്ഞ ഒന്നു മുതൽ ഏഴു വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വ്യാപകമായ റെയ്ഡുകൾ സംഘടിപ്പിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
കർശന നിരീക്ഷണവും പരിശോധനകളും
ലഹരി കടത്ത് തടയുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർ ജില്ലയിലുടനീളം വിപുലമായ നിരീക്ഷണ സംവിധാനങ്ങളാണ് ഒരുക്കിയത്. ഇതിന്റെ ഭാഗമായി 227 വാഹനങ്ങൾ പരിശോധിക്കുകയും 38 ബസ് സ്റ്റാൻഡുകൾ, 28 റെയിൽവേ സ്റ്റേഷനുകൾ എന്നിവ നിരീക്ഷണത്തിലാക്കുകയും ചെയ്തു. കൂടാതെ 6 എഫ്.എൽ 1 ഷോപ്പുകൾ, 1 എഫ്.എൽ 1 ഷോപ്പ്, 7 എഫ്.എൽ 3 ഷോപ്പുകൾ, 7 തൊഴിലാളി ക്യാമ്പുകൾ, 4 നഗര പ്രദേശങ്ങൾ, 10 കെട്ടിടങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.
ലഹരി വിപണനം തടയുന്നതിന്റെ ഭാഗമായി 287 സ്കൂൾ പരിസരങ്ങൾ എക്സൈസ് നിരീക്ഷിച്ചുവരുന്നു. കൂടാതെ ജില്ലയിലെ 182 കള്ളുഷാപ്പുകൾ പരിശോധിക്കുകയും പരിശോധനയ്ക്കായി 34 കള്ള് സാമ്പിളുകളും ഒരു ലിക്വർ സാമ്പിളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാം
വരുംദിവസങ്ങളിലും ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ജില്ലയിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് എക്സൈസ് അറിയിച്ചു. വ്യാജമദ്യത്തെക്കുറിച്ചോ മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്ന പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആലപ്പുഴ എക്സൈസ് കൺട്രോൾ റൂമിലോ മറ്റ് എക്സൈസ് ഉദ്യോഗസ്ഥരെയോ നേരിട്ട് വിവരങ്ങൾ അറിയിക്കാവുന്നതാണ്.
വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
ബന്ധപ്പെടേണ്ട നമ്പറുകൾ: എക്സൈസ് കൺട്രോൾ റൂം: 0477-2252049 ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ആലപ്പുഴ: 9447178056.
Kerala
കണ്ണൂർ: ലഹരിക്കെതിരേയുള്ള പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നർകോട്ടിക് സെല്ലുകൾ വരുന്നു. നിലവിൽ, പോലീസ് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഡിവൈഎസ്പിമാരുടെ കീഴിലായിരുന്നു ഇവയുടെ പ്രവർത്തനം. എന്നാൽ, ലഹരിയെ തൂത്തെറിയാൻ പോലീസിന്റെ പുതിയ യജ്ഞമായ ‘തൂഫാൻ ദി നർകോ ഹണ്ടിന്റെ’ ഭാഗമായാണ് പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നർകോട്ടിക് സെല്ലുകൾ തുടങ്ങാൻ ശിപാർശ നല്‍കിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് സിന്തറ്റിക്ക് മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തുന്നതെന്നതിനാൽ ഇതു തടയാൻ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നർകോട്ടിക് സ്ക്വാഡുകളെയും വിന്യസിക്കും. എക്സൈസ്-കേരള പോലീസ് സംയുക്ത ടീമായിരിക്കും നർകോട്ടിക്ക് സ്ക്വാഡുകളിൽ ഉണ്ടാവുക. സ്കൂളുകളിൽ എസ്പിസിയുടെയും (സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്) കോളജുകളിൽ എൻസിസിയുടെയും നേതൃത്വത്തിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ പ്രത്യേക ടീമുകളെ നിയോഗിക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ട്.
നർകോട്ടിക് സെല്ലിന്റെ കീഴിലുള്ള ഡാൻസാഫ് ടീമിനെ വിപുലീകരിക്കും. അംഗങ്ങളുടെ എണ്ണം കൂട്ടി മയക്കുമരുന്ന് പിടികൂടാൻ പ്രത്യേക പരിശീലനം ഇവർക്കു നല്‍കും. 24 മണിക്കൂറും ഡാൻസാഫ് അംഗങ്ങളുടെ സേവനം ദീർഘിപ്പിക്കും.
Kerala
കൊല്ലം: ലഹരിയിൽ കൊല്ലം നഗരത്തിൽ യുവാക്കളുടെ വിളയാട്ടം. രണ്ടു യുവാക്കളാണ് മദ്യ-മയക്കുമരുന്നു ലഹരിയിൽ ഇന്നു രാവിലെ നഗരമധ്യത്തിൽ ബഹളംകൂട്ടിയത്. ശല്യം അസഹ്യമായതോടെ വ്യാപാരികൾ പോലീസിനെ വിളിച്ചുവരുത്തി. എന്നാൽ, പോലീസ് എത്തിയതോടെ യുവാക്കളുടെ മട്ടുമാറി.
ഒരാൾ പോലീസിനെ വെല്ലുവിളിച്ച് റോഡിൽ കിടപ്പായി. മാറാൻ പറഞ്ഞിട്ടു വഴങ്ങാതെ വന്നതോടെ പോലീസ് ലഹരി വിടാൻ വെള്ളമൊഴിച്ചു കുളിപ്പിച്ചു. ഇതോടെ ആ വെള്ളത്തിൽ കിടന്നു. തുടർന്നു പോലീസ് ജീപ്പിനു മുന്നിലായി യുവാവിന്റെ പ്രകടനം. ജീപ്പ് തടഞ്ഞ് റോഡിൽ കിടപ്പായി.
പോലീസ് പലതവണ ആവശ്യപ്പെട്ടും യുവാവ് റോഡിൽനിന്നോ ജീപ്പിനു മുന്നിൽനിന്നോ മാറാൻ തയാറായില്ല. ഒടുവിൽ പോലീസ് ബലം പ്രയോഗിക്കാൻ ഒരുങ്ങിയതോടെ ഇയാൾ ആത്മഹത്യഭീഷണി മുഴക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇയാളെ റോഡിൽനിന്നു മാറ്റിയത്.
National
ശ്രീനഗർ: ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഡ്രോൺമാർഗം കടത്തിയെന്ന് സംശയിക്കുന്ന രണ്ട് കിലോയോളം ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു.
അതിർത്തികടന്നുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു ജില്ലയിലെ ബിഷ്നാ സെക്ടറിൽ പോലീസ് നടത്തിയ പരിശോധനയിലാണു ലഹരിമരുന്ന് കണ്ടെത്തിയത്.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് സംഘങ്ങളാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഗൾഫിലേക്കു കടത്താൻ ലക്ഷ്യമിട്ട 182 കോടി രൂപയുടെ ജിഹാദി മയക്കുമരുന്ന് എന്നറിയപ്പെടുന്ന നിരോധിത "ക്യാപ്റ്റഗണ്‍’ മയക്കുമരുന്നു ഗുളികകൾ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും ഡൽഹി സരായിയിൽനിന്നുമാണ് ലഹരിമരുന്നു പിടികൂടിയത്. മയക്കുമരുന്നു കടത്തിയ വിദേശ പൗരനെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
മധ്യേഷ്യയിലേക്കു കൊണ്ടുപോകാൻ വച്ചിരുന്ന മയക്കുമരുന്നാണ് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പിടികൂടിയതെന്ന് ഷാ അറിയിച്ചു. "ഓപ്പറേഷൻ റേജ്പിൽ’ എന്നപേരിലുള്ള ലഹരിവിമുക്ത ഇന്ത്യയ്ക്കായുള്ള പദ്ധതിയുടെ ഭാഗമായാണ് വൻ മയക്കുമരുന്നു വേട്ടയെന്നു മന്ത്രി വിശദീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ക്യാപ്റ്റഗണ്‍ മയക്കുമരുന്ന് പിടികൂടുന്നത്.
2020 മുതൽ 2024 വരെ 11,311 കോടിയുടെ മയക്കുമരുന്നുകൾ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽനിന്നു പിടികൂടിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി കഴിഞ്ഞ വർഷം മാർച്ച് 18ന് പാർലമെന്റിൽ അറിയിച്ചിരുന്നു.
ജിഹാദി മയക്കുമരുന്ന്
വിഷാദം, നാർക്കോലെപ്സി, എഡിഎച്ച്ഡി തുടങ്ങിയ അവസ്ഥകൾ ചികിത്സിക്കുന്നതിനായി 1960കളിൽ വികസിപ്പിച്ചെടുത്ത സിന്തറ്റിക് ഉത്തേജകമായ ഫെനെറ്റിലൈനിന്റെ ബ്രാൻഡ് നാമമാണ് കാപ്റ്റഗണ്‍.
ആസക്തി, ദുരുപയോഗം എന്നീ ആശങ്കകളെത്തുടർന്ന് 1980കളിൽ ഇത് അന്താരാഷ്ട്രതലത്തിൽ നിരോധിച്ചു. പിന്നീട് യുഎൻ കണ്വൻഷൻ ഓണ്‍ സൈക്കോട്രോപിക് സബ്സ്റ്റൻസസിന്റെ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തി.
കാലക്രമേണ സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഈ ഉത്തേജക മയക്കുമരുന്ന് ഉപയോഗം തുടങ്ങി. പോരാളികളിൽ ഭയം കുറയ്ക്കുന്നതിനായി ഇസ്ലാമിക തീവ്രവാദികൾ വളരെ ആസക്തി ഉളവാക്കുന്ന കാപ്റ്റഗണ്‍ ഉപയോഗം വ്യാപകമാക്കിയതോടെയാണ് ഇതിന് ജിഹാദി മരുന്ന് എന്ന ചീത്തപ്പേരുണ്ടായത്.
Kerala
കൊല്ലം: കുറിയർ വഴി കടത്തിയ വൻ ലഹരി ശേഖരം പിടികൂടി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കുറിയർ വഴി കൊല്ലത്ത് എത്തിച്ച ലഹരി ശേഖരമാണു പിടികൂടിയത്. സംഭവത്തിൽ കൊല്ലം പട്ടത്താനം മൈത്രി നഗർ–23 ശാന്ത ഭവനിൽ വിഷ്ണുലാലിനെ (32) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘം പിടികൂടി.
ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓലയിൽക്കടവിലുള്ള സുഹൃത്ത് പ്രണവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 101.07 ഗ്രാം വരുന്ന 177 എംഡിഎംഎ ഗുളികകൾ കണ്ടെടുത്തു.
അതീവ തീവ്രതയുള്ള പുതിയ ഇനം ലഹരിമരുന്നാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കളിപ്പാട്ടങ്ങൾക്കൊപ്പം കുറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇൻഡോറിൽ നിന്നു ടൂറിസ്റ്റ് ബസിൽ ലഹരിമരുന്നുമായി വിഷ്ണുലാൽ കൊല്ലത്തേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു കടപ്പാക്കടയിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്.
തുടർന്നു, നടത്തിയ ചോദ്യം ചെയ്യലിലാണു ലഹരിമരുന്ന് ഗുളികകൾ കുറിയർ വഴി സുഹൃത്തായ പ്രണവിന്റെ ഓലയിൽക്കടവിലെ വീട്ടിലേക്ക് അയച്ച വിവരം ഇയാൾ പറഞ്ഞത്.
എൻജിനീയറിംഗ് വിദ്യാർഥിയായ പ്രണവ്, കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്റിനിലേക്കു പോയിരുന്നു. ഈ സാഹചര്യം മുതലെടുത്താണു വിഷ്ണുലാൽ ലഹരിമരുന്ന് പ്രണവിന്റെ വീട്ടിലേക്കു കുറിയർ ചെയ്തത്.
പ്രണവിന്റെ വീട്ടുകാർ അറിയാതെയായിരുന്നു ഇരുവരും ചേർന്നു ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. വിഷ്ണുലാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അയയ്ക്കുന്ന ലഹരിമരുന്ന് പ്രണവിന്റെ വിലാസത്തിൽ കൈപ്പറ്റിയ ശേഷം ഇരുവരും ചേർന്നു വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്നു പോലീസ് പറഞ്ഞു.
National
ഭുജ്: മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ആറ് പാക്കിസ്ഥാൻ പൗരന്മാരെ ശിക്ഷിച്ചു. ഏകദേശം 384 കോടിരൂപയോളം വിലവരുന്ന ഹെറോയിനാണ് പ്രതികൾ ഇന്ത്യയിലേക്കു കടത്തിയത്.
കേസിൽ ആറ് പാക്കിസ്ഥാൻ പൗരന്മാർക്കും 20 വർഷം വീതം തടവുശിക്ഷയാണ് വിധിച്ചത്. 2021 ഡിസംബറിൽ നടന്ന സംഭവത്തിൽ ഭുജിലെ പ്രത്യേക കോടതിയാണു പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പാക്കിസ്ഥാനിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടിലാണ് പ്രതികൾ മയക്കുമരുന്ന് ഇന്ത്യൻ തീരത്ത് എത്തിച്ചത്. കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തയാണു പ്രതികളെ പിടികൂടിയത്.
Kerala
കോഴിക്കോട്: കുന്നമംഗലത്ത് വിവിധ തരം രാസലഹരികളുമായി ബിഹാർ സ്വദേശി അറസ്റ്റിൽ. കത്തിഹാർ ജില്ലയിലെ ഹജിപുർ മഡ്നി ടോല സ്വദേശി അക്ബർ ഹുസൈന്റെ മകൻ ഷമിറുൾ ഇസ്ലാമാണ് അറസ്റ്റിലായത്.
കുന്നമംഗലം റേഞ്ച് എക്സൈസാണ് ഇയാളെ പിടികൂടിയത്. 13 ഗ്രാം ഹെറോയിൻ, മൂന്ന് ഗ്രാം ബ്യൂപ്രെനോർഫിൻ, രണ്ട് ഗ്രാം നലോക്സോൺ, ഗുളികകൾ എന്നിവ ഇയാളുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെത്തി.
പ്രിവന്റീവ് ഓഫീസർ എൻ. ജലാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ പി. വിപിൻ, എം.കെ. നിഷാന്ത്, എൻ. സുജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.കെ. രജിത , സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മുബസിർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ സ്ക്വാഡ് അംഗങ്ങളായ സി.പി. ഷാജു , അജിത്ത്. പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയിലെ സ്രോതസിലേക്ക് എത്തിയത് കൃത്യമായ അന്വേഷണത്തെ തുടര്‍ന്നാണെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. തൊടുപുഴ സ്വദേശി കെവിന് ആണ് കഴിഞ്ഞ ദിവസം എറണാകുളം വാഴക്കാലയില്‍ നിന്ന് എംഡിഎംഎ, മെത്താഫെറ്റമിന്‍ തുടങ്ങിയ രാസലഹരികളുമായി പിടിയിലായത്.
ക്രൂയിസ് ഷിപ്പില്‍ നടന്ന പാര്‍ട്ടി കഴിഞ്ഞ് ഒരു ഹോട്ടലില്‍ മുറിയെടുത്തു പാര്‍ട്ടി നടത്തുന്നുവെന്ന വിവരം കിട്ടിയതിനു പിന്നാലെയാണ് മൂന്നു സ്ത്രീകളടക്കമുള്ള ആള്‍ക്കാരെ അന്നു പിടിച്ചത്. മൂന്നാഴ്ച കഴിഞ്ഞാണ് അതിന്റെ സ്രോതസിലേക്ക് എത്താന്‍ കഴിഞ്ഞത്. അവര്‍ കസ്റ്റഡിയിലുണ്ട്, ഇവര്‍ക്ക് എവിടെനിന്നാണ് ലഹരി ലഭിച്ചത് എന്ന അന്വേഷണം മുന്നോട്ടു പോവുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 28ന് ആണ് കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍നിന്നു ഡോക്ടറും അഭിഭാഷകരും ഉള്‍പ്പെടെ എട്ടു പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ്, എക്സ്റ്റസി പിൽസ്, കൊക്കെയ്ൻ, മെത്താഫെറ്റാമിൻ തുടങ്ങിയവ പിടിച്ചെടുത്തു. കുറഞ്ഞ അളവിലാണ് പിടിച്ചെടുത്തത് എന്നതിനാൽ ഇവർക്കു ജാമ്യം ലഭിച്ചു. തുടര്‍ന്ന് ലഹരി മാഫിയക്കെതിരെ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് ആണ് കെവിനെ പിടികൂടിയത്.
ആഡംബര ഹോട്ടലില്‍ നടന്ന ഡ്രഗ് പാര്‍ട്ടിയില്‍ ലഹരി എത്തിച്ചു കൊടുത്തതു കെവിന് എന്നായിരുന്നു സൂചന. കെവിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന അന്വേഷണം നടക്കുകയാണ്. നേരത്തെ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ വിളിച്ചു വരുത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു.
Kerala
കോഴിക്കോട്: കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുമായി മുക്കത്ത് യുവാവും യുവതിയും പിടിയിൽ. രണ്ടേമുക്കാൽ കിലോയോളം മാരക ലഹരിമരുന്നാണ് പിടികൂടിയത്. മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (36), കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത്(45) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്.
മുക്കം മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വച്ച് 517 ഗ്രാം എംഡിഎംഎയുമായാണ് ഹനീഫ ആദ്യം പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ഇയാളെ ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞാണ് പോലീസ് വലവിരിച്ചത്. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽനിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്. ഇതിനായി ഇയാൾ നിരന്തരം വിമാന യാത്രകളും നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും തിരിച്ച് ട്രെയിനിലുമാണ് യാത്രകൾ നടത്തിയിരുന്നത്. മണാശേരി കയ്യേരിക്കലിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ തിരച്ചിലിലാണ് റെയ്ഹാനത്തിനെ പിടികൂടിയത്. റെയ്ഹാനത്തിന്റെ യാത്രകൾ നിരന്തരം നിരീക്ഷിച്ചുവന്ന പോലീസ് സംഘത്തിന് ഇവർ ഇടയ്ക്കിടെ മുഹമ്മദ് ഹനീഫ വാടകക്ക് എടുത്തിരുന്ന വീട്ടിൽ താമസിക്കുന്നതായി വിവരം കിട്ടിയിരുന്നു. ഈ വീട്ടിൽ നിന്ന് 2.286 കിലോഗ്രാം എംഡിഎംഎ പിടികൂടി. ആറുമാസം മുൻപ് ഹനീഫ വാടകയ്ക്കെടുത്ത ഈ വീട്ടിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്.
ജില്ലയിലേക്കുള്ള ലഹരികടത്തിൽ ഇവരുടെ പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ലഹരിമരുന്ന് ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനായി പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കാളിമാനൂർ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കിളിമാനൂർപോലീസ് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം ഇർഫാൻ മൻസിലിൽ എൻ. ഇർഫാൻ(26), പറണ്ടോട് തെക്കുംകര ശരത് വിലാസത്തിൽ എസ്. ശ്യാം (24) എന്നിവരാണ് പിടിയിലായത്. പുലർച്ചെ നാലോടെയാണ് സംഭവം.
പ്രതികളിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്ന് ലഹരിവസ്തു വാങ്ങി കാറിൽ നെടുമങ്ങാടേക്ക് വരുന്ന വഴിയാണ് ഇവർ പോലീസ് വലയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റൂറൽ ഡാൻസാഫ് സംഘവും കിളിമാനൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കിളിമാനൂർ സിഎച്ച്ഒ എ. നിസാർ, എസ്ഐ വി.എസ്. ജോയി, ഡാൻസാഫ് സംഘം എസ്ഐമാരായ എഫ്. ഫയാസ്, ബി.പി. രാജീവൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
NRI
കുവൈറ്റ് സിറ്റി: സൗദി അറേബ്യയിൽ നിന്ന് വരികയായിരുന്ന യാത്രക്കാരനിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ പിടികൂടി. അൽ-സാൽമി അതിർത്തി വഴി കടക്കാൻ ശ്രമിച്ച യാത്രക്കാരനിൽ നിന്നാണ് ഏകദേശം 1400 ഓളം മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വാഹനത്തിനുള്ളിൽ അതിസമർത്ഥമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പതിവ് പരിശോധനക്കിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത ഗുളികകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പ്രതിക്കെതിരേ തുടർ നിയമനടപടികൾ സ്വീകരിക്കും.
Kerala
ബംഗളൂരു: കർണാടകയിൽ വൻ മയക്കുമരുന്ന് വേട്ട. 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികളെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.
അശ്വിൻ ഷിജു (25), മുബീന നിസ (27) എന്നിവരെയാണ് ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴ് മാസം മുമ്പാണ് ഇരുവരും ബംഗളൂരുവിൽ എത്തിയത്. തായ്ലൻഡിൽ താമസിക്കുന്ന ഒരു മലയാളിയിൽനിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയാണ്.
National
ബംഗളൂരു: ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായതാണ് വിവരം. ചോക്കലേറ്റ്, ലെയ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവുമായി മലയാളികളായ അജ്മൽ, മജീദ് എന്നിവർ പിടിയിലായി. തായ്ലൻഡിൽ നിന്നെത്തിച്ച അഞ്ച് കോടിയുടെ ഹൈഡ്രോ കഞ്ചാവാണ് ഇവരിൽനിന്ന് പിടിച്ചെടുത്ത്.
ബംഗളൂരു മഹാലക്ഷ്മി ലേഔട്ടിലും നടന്ന ലഹരിവേട്ടയിൽ 30 കിലോ കഞ്ചാവുമായി മലയാളിയായ ആനന്ദ് പിടിയിലായി. ലഹരിമരുന്നുമായി രണ്ട് വിദേശികളും പിടിയിലായിട്ടുണ്ട്. സെനഗൽ സ്വദേശിയാണ് ബംഗളൂരുവിനടുത്ത് ഹെബ്ബഗോഡിയിൽനിന്നും 1.5 കോടിയുടെ ലഹരി ഉത്പന്നങ്ങളുമായി പിടിയിലായ വിദേശി. കഞ്ചാവ് കേസിൽ നേരത്തെ പിടിയിലായ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി ഉത്പന്നങ്ങളുമായി പിടിയിലായത്. 11 കോടി രൂപ വിലമിക്കുന്ന എംഡിഎംഎയാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
പ്രതികളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഇവർ ആരുടെയെങ്കിലും ഏജന്റുമാരാണോ ആർക്കൊക്കെ വേണ്ടിയാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്, ഇടപാടുകാർ ആരൊക്കെയാണ് തുടങ്ങി വിശദമായ പരിശോധനകൾ കേസുകളിൽ നടത്തുമെന്നാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: കൊച്ചി നഗരത്തിൽ അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികൾക്ക് ഉൻമാദ ലഹരി പകരാൻ എത്തിച്ച ലോറെ സെപാം ഇഞ്ചക്ഷൻ ഐപി എന്ന മാരക മയക്കുമരുന്നുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
ആലുവ കരുമാലൂർ കൊറ്റൻകുളങ്ങര പല്ലാക്കപ്പറമ്പ് കെ.കെ. അനൂപ് (40) ആലുവ ദേശം കടവ് മണിവിലാസം വീട്ടിൽ പ്രഭാകരൻ(ജപ്പാൻ പപ്പൻ- 31) എന്നിവരാണ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷൽ ഇന്റലിജൻസ് ടീം, ആലുവ റേഞ്ച് എക്സൈസ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് നാല് ലോറെസെപാം മയക്കുമരുന്ന് ആപ്യൂളുകളും ഇത് കുത്തി വയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഛർദ്ദിക്കാതിരിക്കാനുള്ള ആംപ്യൂളുകളും കണ്ടെടുത്തു. മയക്കുമരുന്ന് കച്ചവടം ചെയ്യാൻ ഉപയോഗിച്ചിരുന്ന ന്യൂജനറേഷൻ ബൈക്കും സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
അടിവസ്ത്രത്തിൽ പ്രത്യേകം അറകൾ നിർമിച്ച് അതിൽ ആയിരുന്നു ആംപ്യൂളുകൾ ഒളിപ്പിച്ചിരുന്നത്. ഉപഭോക്താക്കളുടെ ഇടയിൽ ജപ്പാൻ പപ്പൻ എന്ന് അറിയപ്പെടുന്ന പ്രഭാകരനും, സുഹൃത്ത് അനൂപും മയക്കുമരുന്ന് കച്ചവടം തുടങ്ങിയിട്ട് ഏറെ നാളുകളായെങ്കിലും ഒരുമിച്ച് പിടിയിലാക്കുന്നത് ഇത് ആദ്യമായാണ്.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിന് പടിഞ്ഞാറ് വശം ന്യൂജനറേഷൻ ബൈക്കിൽ മയക്കുമരുന്ന് കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുകയായിരുന്ന ഇരുവരും എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ് മയക്കുമരുന്നും ബൈക്കും ഉപേക്ഷിച്ച് ആലുവ പ്രൈവറ്റ് ബസ്റ്റാന്റിന് അകത്ത് കൂടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിൻതുടർന്ന് ചെന്ന് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇവർ മാരക അക്രമം അഴിച്ച് വിട്ടത് സംഭവം കണ്ട് നിന്നവരിൽ ഭീതി പടർത്തി.
ഈ മയക്കുമരുന്ന് ഗുളികകൾ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് കടത്തികൊണ്ട് വന്നിട്ടുള്ളതാണെന്നാണ് പ്രാഥമികമായ നിഗമനം. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ഈ മയക്കു മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
ഇവരിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി എക്സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള നടപടിക്കൊരുങ്ങുകയാണ് എക്സൈസ്. ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷൽ ഇന്റലിജൻസ് സ്ക്വാഡിലെ ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് ആർ. നായർ, ജെ അരവിന്ദ് എന്നിവരും ആലുവ എക്സൈസ് റേഞ്ചിലെ ഇൻസ്പെക്ടർ ജോമോൻ ജോർജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ആന്റണി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു സോമൻ, ആകാശ് കൃഷ്ണ, നിതിൻ, എക്സൈസ് ഡ്രൈവർ കബീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
അമിത ഭയം , ഉത്കണ്ഠ എന്നിങ്ങനെയുള്ള മാസസീക വിഭ്രാന്തികൾ നേരിടുന്നവർക്ക് സമാശ്വാസത്തിനായും അപസ്മാരം, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള സെഡേഷൻ, കാൻസർ രോഗികൾക്ക് വേദന സംഹാരി എന്നീ അവസ്ഥകൾക്കും രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ബെൻസോഡിയാസെപൈൻ മരുന്നാണ് ലോറെസെപാം. ഇതിന്റെ അനാവശ്യമായ ഉപയോഗം പേശികളുടെ ബലഹീനത, ശ്വാസമെടുക്കാനുള്ള പ്രയാസം, അമിത രക്ത സമർദ്ദം എന്നിവയ്ക്ക് ഇടയാകുവാനും മനഷ് ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കാനും മൂകമായ അവസ്ഥയിൽ എത്തിച്ചേരാനും ഇതേ തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എയ്ഡ്സ് കാരിയർ എന്ന വിളിപ്പേരുള്ള മാരക മയക്കു മരുന്നായ ഇഞ്ചക്ഷൻ ആപ്യൂളുകൾ പിടിച്ചെടുക്കുന്നത്. ഇത് ഉപയോഗിക്കുന്നവർ ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തി വയ്ക്കുന്നതാണ് രീതി. നേരത്തെ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കൽ സ്റ്റോറുകൾ പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇത്തരം ആംപ്യൂളുകൾ വാങ്ങുന്നത് വ്യാപകമായതോടെ എക്സൈസ് പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ ഇതിന് പൂർണ്ണമായും തടയിടാൻ കഴിഞ്ഞിരുന്നു.
ഷെഡ്യൂൾഡ് H1 വിഭാഗത്തിൽപ്പെടുന്ന ഈ മയക്ക് മരുന്ന് വളരെ അപൂർവം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഈ മയക്ക് മരുന്ന് ഗുളികകൾ ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിൽ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്.
National
ചെന്നൈ: യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയിൽ അറസ്റ്റിൽ. അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസന്റ് ഡയറക്ടാറായ വിൻസി നിവേദ, നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ, വെങ്കിടേഷ് കുമാർ, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈയിലും മലയാള സിനിമകളിലും അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
വിഘ്നേശ്വരനെ പോലീസ് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചത്. പോരൂര്‍ സ്വദേശിയായ വെങ്കിടേഷ് കുമാറിൽ നിന്നാണ് ലഹരി ലഭിച്ചതെന്നാണ് വിഘ്നേശ്വരന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ ലഹരി വാങ്ങാനെന്ന വ്യാജേന പോലീസുകാര്‍ മഫ്തിയില്‍ വെങ്കിടേഷ് കുമാറിനെ സമീപിച്ചു. തുടര്‍ന്ന് വത്സരവാക്കത്തേക്ക് കാറിൽ വെങ്കിടേശും മറ്റുള്ളവരും എത്തുകയായിരുന്നു
ഇവരിൽ നിന്ന് ആറു ഗ്രാം മെത്താഫിറ്റമിൻ, ഏഴു ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, മൊബൈൽ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. എട്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: 20 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതിക്ക് 26 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അന്തര്‍ദേശിയ മയക്കുമരുന്നു സംഘവുമായി ബന്ധമുള്ള കോട്ടയം സ്വദേശി ജികെ എന്ന ജോര്‍ജുകുട്ടി(40) യെ ആണു ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ഇരുപതു കിലോ ഹാഷിഷ്, 220 ഗ്രാം ചരസ്, രണ്ടര കിലോ കഞ്ചാവ് എന്നിവയായി 2019 ജൂണ്‍ 22 നാണു ജോര്‍ജുകുട്ടി പിടിയിലായത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില്‍ ആന്ധ്രയില്‍നിന്നു കേരളത്തിലേക്കു കൊണ്ടു വരുമ്പോള്‍ കോവളം ബൈപ്പാസിനു സമീപം തുപ്പണത്തുകാവ് ക്ഷേത്രത്തിന്റെ മുമ്പില്‍ വച്ചാണ് ഇയാൾ പിടിയിലായത്.
സ്റ്റേറ്റ് സ്ക്വാഡ് തലവനും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ മറ്റൊരു മയക്കുമരുന്നു കേസില്‍ തവന്നൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്തു വര്‍ഷം ശിക്ഷ അനുഭവിച്ചു വരുകയാണ് പ്രതി.
കാറിൽ അറ
മയക്കുമരുന്നു കച്ചവടത്തിനായി എറണാകുളത്തുനിന്ന് ഒരു കാര്‍ വാങ്ങിയ ജോര്‍ജുകുട്ടി സ്ക്രാപ്പിനു വിറ്റ മറ്റൊരു കാറിന്റെ ആര്‍സി ബുക്കും നമ്പര്‍ പ്ലേറ്റും സംഘടിപ്പിച്ചു വാങ്ങിയ കാറില്‍ ഫിറ്റ് ചെയ്തു. ഈ കാര്‍ തേനിയില്‍ കൊണ്ടുപോയി കാറിനടിയില്‍ രഹസ്യ അറ നിര്‍മിച്ചു. ഈ കാര്‍ ഉപയോഗിച്ചു വന്‍തോതില്‍ മയക്കുമരുന്നു കടത്തുന്നതിനിടെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ കൈയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് തെളിവെടുപ്പിന് അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തിച്ച പ്രതി അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.
ഒാഫീസറെ വെടിവച്ചു
ഇരുപത്തിയാറാം ദിവസം മലപ്പുറം വണ്ടൂരിലെ ഭാര്യാവീട്ടില്നിന്നു പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരെ വെടിവച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. എക്സൈസ് റേഞ്ച് ഒാഫീസർ മനോജിനാണ് വെടിയേറ്റത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇന്നു പ്രതിയെ പിടികൂടിയത്.
ഇയാളില്‍നിന്ന് ഒരു കിലോ ഹാഷിഷ് കണ്ടെടുത്ത കേസില്‍ മഞ്ചേരി കോടതി 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചിരുന്നു. കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട കേസില്‍ ബംഗളൂരു കോടതി ആറു മാസം തടവും 25,000 പിഴയും ശിക്ഷിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ എ.ആര്. സുല്‍ഫിക്കര്‍ പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.എസ്. ബിനു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മനീഷ് ഹാജരായി.
Kerala
കൊച്ചി: പെരുമ്പാവൂര്‍ കണ്ടംതറയിലെ ഭായ് കോളനി ലഹരി വില്‍പ്പനക്കാരുടെ കേന്ദ്രമായി മാറിയെന്ന നാട്ടുകാരുടെ പരാതികള്‍ ശക്തമാകുന്നു. ഈ സാഹചര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിരവധി ലഹരി ഉത്പന്നങ്ങള്‍ ഭായ് കോളനിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.
മറ്റ് സ്ഥലങ്ങളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ലഹരി തേടി ഭായ് കോളനിയില്‍ എത്താറുണ്ട്. അതേസമയം, മാലിന്യം കൊണ്ട് നിറഞ്ഞ ഇവിടം മാലിന്യമുക്തമാക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എ. മുക്താര്‍, ടി.എസ്. സുമയ്യ, വാഴക്കുളം വാര്‍ഡ് അംഗം കെ.എം. സെറീന എന്നിവരാണ് സംഘത്തിലുണ്ടായത്.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പെടെ പൊതു തോടുകളിലേക്ക് തള്ളുന്നതും സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ അടിയന്തര നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Kerala
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസില്‍ പോലീസിനു തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്നു പരിശോധനയില്‍ തെളിയിക്കാനായില്ല. നടന് അനുകൂലമായ ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഹോട്ടലിൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്.
ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിയോടിയത് വിവാദമായിരുന്നു. നടനെ പിന്നീട് നോട്ടീസ് നല്കി വിളിപ്പിക്കുകയും കേസെടുക്കുകയുമായിരുന്നു.
മണിക്കൂറുകളോളം ഷൈനിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനായി സാമ്പിളുകള്‍ അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ചോദ്യംചെയ്യലില്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് നടൻ മൊഴി നല്കിയിട്ടുള്ളതായി നോര്‍ത്ത് പോലീസ് പറഞ്ഞു. ഇതുകൊണ്ടു മാത്രം കേസുമായി മുന്നോട്ടുപോകാനാകില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്കു കടക്കുമെന്നും നോര്‍ത്ത് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിലാണു പോലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന് ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിയോടിയത്. ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
കൊച്ചി: താന്‍ താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ റൂം സര്‍വീസ് എന്നുപറഞ്ഞ് ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയതെന്ന് ഷൈന്‍ ടോം ചാക്കോ. ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നും നടന് പറഞ്ഞു.
“ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിന് ലഹരിയുമായി ബന്ധമില്ല. അന്നവര്‍ രക്തമൊക്കെ പരിശോധനയ്ക്ക് എടുത്തിരുന്നു. അതിനുശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്റെ ഫലം വന്നത് ഇപ്പോഴാണെന്നേയുള്ളൂ.
സംഭവദിവസം രാത്രി പതിനൊന്നര സമയത്താണ് ഹോട്ടല്‍റൂമില്‍ രണ്ടുമൂന്നു പേർ യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നുപറഞ്ഞ് വന്നത്. റിസപ്ഷനില്‍ വിളിച്ചിട്ട് അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകുന്നില്ല.” അവര്‍ അവിടെ നിന്ന് പരുങ്ങിക്കളിക്കുന്നതു കണ്ടപ്പോൾ ഇറങ്ങി ഓടിയതാണെന്നും ഷൈന്‍ പറഞ്ഞു.
NRI
ഡാളസ്: ഡാളസിലെ വൈറ്റ് റോക്ക് ഏരിയയിൽ നടന്ന ഒരു സാധാരണ ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പൗണ്ടിനടുത്ത് കൊക്കെയ്നും മെത്താംഫെറ്റാമിനും ഡാളസ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി.
അമിത വേഗതയിൽ വന്ന ഒരു ഗോൾഡ് ജിഎംസി യൂക്കോൺ വാഹനത്തെയാണ് പോലീസ് തടഞ്ഞു പരിശോധിച്ചത്. യാത്രക്കാരനായിരുന്ന ജീസസ് ജോണാത്തൻ ഗാർസയെ , മോഷണക്കേസിലെ പരോൾ ലംഘനത്തിനുള്ള വാറന്റ് ഉണ്ടായിരുന്നതിനാൽ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് കൊക്കെയ്ൻ പിടികൂടിയിരുന്നു.
വാഹനമോടിച്ചിരുന്ന മോയിസസ് പെരസ് ജൂനിയറുടെ പക്കൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ വാഹനം കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ സെന്റർ കൺസോളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം (445.8 ഗ്രാം കൊക്കെയ്നും 47.7 ഗ്രാം മെത്താംഫെറ്റാമിൻസും) കണ്ടെത്തുകയും ചെയ്തു.
മോയിസസ് പെരസിനെതിരെ മയക്കുമരുന്ന് നിർമാണത്തിനും വിതരണത്തിനും പോലീസ് കേസെടുത്തു.
Kerala
കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവര്‍ത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണിത്. ഇവരുടെ ലഹരി ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
ഇന്നലെയാണ് കാക്കനാട് ഇടച്ചിറക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍നിന്നു 20.22 ഗ്രാം എംഡിഎംഎയുമായി ഉനൈസ്, കല്ല്യാണി എന്നിവരെ ഡാന്‍സാഫ് സംഘം പിടികൂടിയത്. കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ള ഉനൈസ് നിരവധി കേസുകളില്‍ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷന് മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി ഇടപാട്. നേരത്തെയും സിനിമാക്കാരുമായി ബന്ധപ്പെട്ട നിരവധി മയക്കുമരുന്നു കേസുകൾ ഉയർന്നിരുന്നു. സിനിമാ സെറ്റുകളിലും മറ്റും പരിശോധന നടത്താനുള്ള നീക്കങ്ങളും നടന്നിരുന്നു. സിനിമാ പ്രവർത്തകരിൽ ചിലർ മയക്കുമരുന്നുമായി പിടിയിലാവുകയും ചെയ്തു. എന്നാൽ, പിന്നീട് ഇത്തരം പരിശോധനകളൊക്കെ തണുത്തുപോവുകയായിരുന്നു. സമീപകാലത്തു പിടിയിലായ പല മയക്കുമരുന്നു കേസ് പ്രതികൾക്കും സിനിമാ മേഖലയിലുള്ള പലരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത്തരം കേസുകളിലൊന്നും അന്വേഷണം സിനിമാരംഗത്തേക്ക് ആഴത്തിൽ പോയിട്ടില്ല.
Kerala
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ ഇരിങ്ങാലക്കുടയിൽ വൻ രാസലഹരിവേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അതി മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32) നെ അറസ്റ്റ് ചെയ്തത്.
ഇന്നു പുലർച്ചെയാണ് സംഭവം. ചുവപ്പ് കളറിലുള്ള കാറിൽ തൃശൂർ ഭാഗത്തുനിന്ന് നിരോധിത മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ പരിശോധനയിലുണ്ടായിരുന്ന ഡാൻസാഫ് സംഘത്തിനെ കാർ കണ്ടെത്തി പരിശോധിക്കാൻ അയയ്ക്കുകയായിരുന്നു. ഫഹദ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസിലെ പ്രതിയാണ്.
Kerala
കായംകുളം: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ അച്ഛനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജന്റെ മുഖം ആകെ വെട്ടുകൊണ്ട് വികൃതമായ നിലയിൽ ആയിരുന്നു. മുഖത്തും തലയ്ക്കുമാണ് ക്രൂരമായി വെട്ടേറ്റത്.
മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ശേഷം നവജിത്ത് അലറി വിളിച്ചു ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നവജിത്ത് രക്തം പുരണ്ട കത്തിയുമായി വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച് നിൽക്കുന്നതാണ് നാട്ടുകാർ കണ്ടത്. രക്തം വാർന്നു കിടക്കുന്ന നടരാജനെയും സിന്ധുവിനെയും ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മാവേലിക്കരയിലേക്കും എത്തിച്ചെങ്കിലും നടരാജന്റെ ജീവൻ രക്ഷിക്കാനായില്ല.
ചോരപുരണ്ട കത്തിയുമായി ഭീഷണി മുഴക്കി നിന്ന പ്രതിയെ പോലീസിനു കീഴ്പ്പെടുത്താൻ ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. ഒടുവിൽ, പോലീസ് സാഹസികമായി കയറുപയോഗിച്ചു വരിഞ്ഞുമുറുക്കിയാണ് നവജിത്തിനെ കീഴടക്കി അറസ്റ്റ് ചെയ്തത്.
കൊലപാതകം നടക്കുമ്പോൾ നവജിത്തിന്റെ മറ്റ് സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും അതു മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.
District News
ഏറ്റുമാനൂര്‍: വില്പനക്കായി കൈവശം വച്ചിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. മാരക മയക്കുമരുന്നായ ആംഫിറ്റാമിനുമായി ഏറ്റുമാനൂര്‍ വള്ളിക്കാട് പുളിഞ്ചാക്കല്‍ അനൂപ് ടി. തോമസിനെ(43)യാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
7.39 ഗ്രാം മയക്കുമരുന്നാണ് ഇയാളിൽനിന്ന് പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നു ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു.
എസ്ഐ അഖില്‍ ദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
പറവൂര്‍: സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ പരിശോധനയിൽ അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ചു. നോര്‍ത്ത് പറവൂര്‍ പൂശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്.
റെയ്ഡിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മാൻഫോഴ്സ് 50, മാൻഫോഴ്സ് 100, വിഗോർ 100 എന്നീ മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്.
കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അനധികൃതമായി മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ഥിച്ചിരുന്നു.
ഈ മരുന്നുകള്‍ ഉത്തേജക മരുന്നുകളായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വന്തമായി ഇത്തരം മരുന്ന് വാങ്ങി ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള ഷെഡ്യൂള്‍ എച്ചില് പെടുന്ന ഇത്തരം മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.
Kerala
കൊച്ചി: എറണാകുളം നഗരത്തിൽ രണ്ടിടത്ത് നിന്നായി വൻ ലഹരിവേട്ട. 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണയന്നൂർ താഴത്തെ കുട്ടി വീട്ടിൽ പ്രണവ് (22), പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് (44) എന്നിവരാണ് അറസ്റ്റിലായത്.
പ്രണവിനെ ചേരാനല്ലൂർ ജിഎൽപി സ്കൂളിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രശാന്തിനെ മരടിലെ വെൽ കെയർ ആശുപത്രിക്ക് സമീപത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽ നേരിട്ട് പോയി എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന പ്രധാനികളിൽ ഒരാളാണ് പ്രശാന്തനെന്ന് പോലീസ് പറയുന്നു. രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന അടക്കം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
National
ജമ്മു: അന്താരാഷ്ട്ര അതിർത്തിക്കു സമീപം പാക് ഡ്രോൺ നിക്ഷേപിച്ച മയക്കുമരുന്ന് ബിഎസ്എഫ് കണ്ടെത്തി.
അന്താരാഷ്ട്ര വിപണിയിൽ 25 കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോഗ്രാം ഹെറോയിൻ അടങ്ങിയ രണ്ട് ബാഗുകളാണ് ആർഎസ് പുരയിലെ ബോർഡർ ഔട്ട്പോസ്റ്റിന്റെ സമീപത്തുനിന്നു കണ്ടെടുത്തത്.
പത്ത് പാക്കറ്റുകൾ ഇവയിൽ അടങ്ങിയിരുന്നുവെന്നാണ് വിവരം. ഇന്നലെ പുലർച്ചെ ആറോടെയാണ് ബിഎസ്എഫും പോലീസും ചേർന്ന് മേഖലയിൽ തെരച്ചിൽ ആരംഭിച്ചത്.
ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമമാണു വ്യക്തമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലൂടെ സേന പരാജയപ്പെടുത്തിയതെന്ന് ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.
Kerala
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്സൈസിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേരെ പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായി കൂവപ്പള്ളി സ്വദേശി ശ്രീജിത്ത് (40) എന്നിവരെയാണ് ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ആക്രി വ്യാപാരവും ഇറച്ചിക്കച്ചവടവും നടത്തിവരികയാണ് സനൂജും സഹായി ശ്രീജിത്തും. തമിഴ്നാട്ടിൽനിന്നു മാടുകളെ കൊണ്ടുവരുന്നതിന്റെ മറവിൽ വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനായ സനൂജിനെ കുറച്ചു നാളുകളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. മുന്‍പ് പലതവണ പോലീസിനെയും എക്സൈസിനെയും വെട്ടിച്ചു കടന്നുകളഞ്ഞ സനൂജിനെയും ശ്രീജിത്തിനെയും അതിസാഹസികമായിട്ടാണ് കാഞ്ഞിരപ്പള്ളി എക്സൈസ് പിടികൂടിയത്.
മറ്റൊരിടത്ത് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഒരുഗ്രാം എംഡിഎംഎയുമായി മുണ്ടക്കയം പൈങ്ങണ സ്വദേശി ഷാഹിൻ സലാമിനെ (22) പിടികൂടിയത്. യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ ഷാഹിൻ സലാം. ഇയാൾ മുന്‍പ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.
കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. സുരേഷ്കുമാർ, ഇ.സി. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, കെ.വി. വിശാഖ്, സനൽ മോഹൻദാസ്, രമേഷ് രാമചന്ദ്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.വി. ജോഷി എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.
Editorial
പാലക്കാട് എലപ്പുള്ളിയിൽ കുടിവെള്ളം മുട്ടിക്കുന്ന മദ്യനിർമാണശാല സ്ഥാപിക്കരുതെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം കരുത്താർജിക്കുകയാണ്. ദിവസങ്ങൾക്കുമുന്‍പ്, ശുചീകരണപ്രവർത്തനങ്ങൾക്ക് എന്നു പറഞ്ഞെത്തിയ മദ്യക്കന്പനിക്കാരെ ജനം തടഞ്ഞിരുന്നു. ഇന്ന്, പ്രദേശത്ത് സംസ്ഥാനതല സമ്മേളനം നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നു മദ്യനിർമാണത്തിനുള്ള സ്പിരിറ്റ് വാങ്ങുന്നതിന്റെ നഷ്ടം ഒഴിവാക്കാമെന്നതാണ് സർക്കാരിന്റെ ന്യായം.
അതായത്, ഇപ്പോൾതന്നെ അമിതലാഭമുള്ള മദ്യക്കച്ചവടത്തെ കൊള്ളസങ്കേതമാക്കാനുള്ള ചതുരുപായങ്ങളിലാണ് സർക്കാർ. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ഏറ്റവും വലിയ ശാപമായി മാറിയതുപോലും സർക്കാരിനെ പിന്തിരിപ്പിക്കുന്നില്ല. ക്ഷേമത്തേക്കാൾ ലാഭത്തിനു പ്രാധാന്യം കൊടുക്കുന്ന ഈ നിലപാടിൽനിന്നു സർക്കാർ പിന്തിരിയണം. മദ്യക്കന്പനിയെ വാഴിക്കാൻ എലപ്പുള്ളിക്കാരെ വീഴിക്കരുത്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ 600 കോടി നിക്ഷേപത്തില്‍ വന്‍കിട മദ്യനിര്മാണത്തിനാണ് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് എക്സൈസ് വകുപ്പ് അനുമതി നല്‍കിയത്. പഞ്ചായത്തിനോട് ആലോചിക്കുകപോലും ചെയ്യാതെയുള്ള സർക്കാർ തീരുമാനം അറിഞ്ഞതുമുതൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കോൺഗ്രസും ബിജെപിയും ജനങ്ങൾക്കൊപ്പമുണ്ട്.
നാലു ഘട്ടമായി 500 കിലോ ലിറ്റര്‍ ശേഷിയുള്ള എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവയുള്‍പ്പെട്ട മദ്യനിർമാണ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. മദ്യനിര്‍മാണത്തിനാവശ്യമായ ഏകദേശം 80 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് പ്രതിമാസം മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്.
ഇതുകാരണം ജിഎസ്ടിയിൽ 210 കോടിയുടെ നഷ്ടമുണ്ടെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. നിലവിൽ കിട്ടുന്ന 16,000 കോടിയിലധികം രൂപയുടെ മദ്യലാഭത്തിലേക്ക് ഇതുകൂടി ചേർക്കാൻ ജലദൗർലഭ്യമുള്ള ഗ്രാമത്തെ ഒരു മദ്യക്കന്പനിക്കു വിൽക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
മലയാളിയെ അനാരോഗ്യത്തിലേക്കും അക്രമാസക്തിയിലേക്കും കുടുംബത്തകർച്ചകളിലേക്കും വലിച്ചെറിയുന്ന മദ്യവിൽപനയിലൂടെ സർക്കാരിനു കിട്ടുന്ന ലാഭം നിസാരമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നടന്നത് 19,561.85 കോടിയുടെ മദ്യവില്പനയാണ്. 2023-24ൽ ഇത് 19,088.68 കോടിയും 2022-23ല്‍ 18,510.98 കോടിയുമായിരുന്നു. വിൽക്കുന്നതിന്റെ ഒട്ടുമുക്കാലും ലാഭമണ്. അതായത്, നികുതിയിനത്തില്‍ ഖജനാവിലേക്കെത്തുന്ന വരുമാനം വർഷം ഏകദേശം 17,000 കോടിയോട് അടുത്തു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ 2025 മാർച്ച് 31 വരെ ബാർ ലൈസൻസ് ഫീസിനത്തിൽ ഖജനാവിലെത്തിയത് 1,225.70 കോടി രൂപ. ഇതൊന്നും പോരാഞ്ഞിട്ടാണ് സ്പിരിറ്റ് ഇറക്കുമതിയുടെ 210 കോടി ലാഭിക്കാൻ എലപ്പുള്ളിയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്. മദ്യക്കന്പനി പൂർണമായി പ്രവർത്തനസജ്ജമായാൽ പ്രതിദിനം വേണ്ടിവരുന്നത് അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ്.
ഭൂവിനിയോഗം, നെൽവയൽ തണ്ണീർത്തട സംരക്ഷണം, കുടിവെള്ളവിതരണം, മാലിന്യനിർമാർജനം എന്നിവ പൂർണമായും പഞ്ചായത്തിന്റെ അധികാരപരിധിയിലാണെങ്കിലും അതിനെയൊക്കെ മറികടന്നാണ് മന്ത്രിസഭ മദ്യക്കന്പനിക്കുവേണ്ടി തീരുമാനമെടുത്തത്. അനുമതി കൊടുത്തത് സുതാര്യമായിട്ടല്ലെന്ന ആരോപണവുമുണ്ട്.
കന്പനി പുറംതള്ളുന്ന മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയില്ല. ഭൂഗർഭജലമല്ല, മലന്പുഴ ഡാമിൽനിന്ന് എത്തിക്കുന്ന ജലമാണ് കന്പനി ഉപയോഗിക്കുന്നതെന്ന സർക്കാരിന്റെ വിശദീകരണം ഘടകകക്ഷിയായ സിപിഐ പോലും മുഖവിലയ്ക്കെടുത്തിട്ടില്ല. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന വരണ്ട പ്രദേശമായതിനാല്‍ എലപ്പുള്ളിയിൽ നെല്‍ക്കൃഷിക്കു വെള്ളം തീരെയില്ല. പലരും കൃഷി ഉപേക്ഷിച്ചു.
കുടിവെള്ളത്തിനും ക്ഷാമമാണ്. പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച സ്വാഗതസംഘവും കർഷക, പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവിരുദ്ധ, ഗാന്ധിയൻ സംഘടനകളും ചേർന്നു രൂപീകരിച്ച ‘ഗാന്ധിയൻ സ്ട്രഗ്ൾ എഗെൻസ്റ്റ് പ്രൊപ്പോസ്ഡ് ബ്രൂവറി അറ്റ് എലപ്പുള്ളി’ എന്ന പ്രസ്ഥാനമാണ് ഇന്നു സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുന്നത്. പദ്ധതിക്കു നൽകിയ പ്രാഥമികാനുമതി റദ്ദാക്കണമെന്നു ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി അതിനു കടകവിരുദ്ധമായ ഭരണമാണ് നടത്തുന്നത്. എലപ്പുള്ളിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ ജനങ്ങൾ അതൃപ്തരാണ്. സിൽവർലൈനിനുവേണ്ടി ആയിരക്കണക്കിനു മനുഷ്യരുടെ ഭാവി അനിശ്ചതത്വത്തിലാക്കിയതുപോലെയുള്ള അപക്വമായ നടപടിയായി ഇതും മാറരുത്.
ലോകകന്പനിയായ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത് പ്ലാച്ചിമടയിലെ ആദിവാസികൾ ഉൾപ്പെടുന്ന പാവങ്ങളായിരുന്നു. പഞ്ചായത്തുകളെ മറികടന്ന് തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കാം. പക്ഷേ, ജനവിരുദ്ധ തീരുമാനങ്ങളെടുക്കുന്ന മന്ത്രിസഭകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ജനാധിപത്യം അതിനും മുകളിലാണെന്നു മറക്കരുത്. സിംഗൂരിലും നന്ദിഗ്രാമിലും അതിന്റെ സ്മാരകങ്ങളുണ്ട്; ധാർഷ്ട്യത്തിന്റെ കബറിടങ്ങൾപോലെ.
District News
പാലക്കാട്: ലഹരി വിൽപ്പനയ്ക്കായി ഹോട്ടലിൽ മുറിയെടുത്ത യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്പില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്ഐ രാമദാസും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ലഹരി തേടിയാണ് സുഹൃത്ത് മുഖേന യുവതി മണ്ണാർക്കാടെത്തിയത്. ഇവർ അഞ്ചുവർഷമായി ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: കൊണ്ടോട്ടി പാലക്കപറമ്പിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. 132 ഗ്രാം മെത്താംഫിറ്റാമിനുമായി മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് സഹലാണ് പിടിയിലായത്.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് കാറും മയക്കുമരുന്ന് വിറ്റ 27,000 രൂപയും ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു.
എക്സൈസ് കമ്മീഷണർ സ്ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സഹൽ പിടിയിലായത്.
District News
കാസർഗോഡ്: ടിപ്പര്‍ ലോറിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡ് അംഗം സജീഷ്(42) ആണ് മരിച്ചത്. നാലാംമൈലിൽ പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം.
കൂടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ സുഭാഷ് ചന്ദ്രന് പരിക്കേറ്റു. മയക്കുമരുന്ന് കേസിലെ അന്വേഷണത്തിനിടെ അപകടമുണ്ടായത്.
കാര്‍ അണ്ടര്‍ പാസിലൂടെ വരുമ്പോള്‍ എതിരെ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിൽ കാറിന്റെ ഇടത് ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടത് ഭാഗത്താണ് സജീഷ് ഇരുന്നിരുന്നത്.
മാരുതി ഓള്‍ട്ടോ കാറിലാണ് സജീഷും സുഭാഷ് ചന്ദ്രനും സഞ്ചരിച്ചിരുന്നത്. സജീഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സുഭാഷ് ചന്ദ്രനെ നാട്ടുകാര്‍ ഇകെ നയനാര്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Editorial
ഒരു കാര്യം ഉറപ്പായി, സർക്കാർ വിചാരിച്ചാൽ മാത്രമേ ഒരു നാടിനെ മദ്യത്തിലും മയക്കുമരുന്നിലും ഇതുപോലെ മുക്കാനാകൂ. അങ്ങനെ ഒരു സർക്കാർ വിചാരിച്ചാൽ നാടിനെ രക്ഷിക്കാനുള്ള മറ്റെല്ലാ ശ്രമങ്ങളും പാഴാകും. കേരളം അത്തരമൊരവസ്ഥയിലാണ്.
അവസരങ്ങൾ വർധിച്ചതോടെ ലഹരിയടിമകളും കുറ്റവാളികളുമായ മനുഷ്യർ തീർത്ത ചെറുനരകങ്ങൾ പെരുകുകയാണ്. ഇതാപത്താണെന്ന് ഒരു ലഹരിയടിമയെ പറഞ്ഞു മനസിലാക്കുന്നതിലും ക്ലേശകരമായിരിക്കുന്നു, സർക്കാരിനെ ബോധ്യപ്പെടുത്താൻ! എങ്കിലും തകർന്നടിയുന്ന ഒരു തലമുറയെ ഓർത്ത് ഈ ലഹരിവിരുദ്ധ ദിനത്തിൽ സർക്കാരിനോട് അഭ്യർഥിക്കുന്നു, തിരുത്തിയാലും.
കഴിഞ്ഞ പുതുവത്സരത്തലേന്നു മാത്രം വിറ്റത് 108 കോടി രൂപയുടെ മദ്യമാണ്. തലേ വർഷത്തെക്കാൾ ഏതാണ്ട് 13 കോടി അധികം. ക്രിസ്മസ് ഉൾപ്പെടുന്ന ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ 712. 96 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേതിലും 15 കോടി അധികം. ഓണക്കാലത്ത് 818.21 കോടിയുടെ മദ്യം വിറ്റു.
ഓരോ കണക്കു വരുന്പോഴും മദ്യവിൽപ്പനയിൽ സ്വന്തം റിക്കാർഡ് തിരുത്തിയ വാർത്ത കേട്ട് സംസ്ഥാനത്തെ ഏക മദ്യവ്യാപാരിയായ സർക്കാർ ഷൈലോക്കിനെപ്പോലെ ചിരിക്കാറുണ്ട്. പക്ഷേ, അതു ചോരക്കാശാണ്; സർക്കാർ പകരം മുറിച്ചെടുത്ത കരളിൽനിന്നും ഹൃദയങ്ങളിൽനിന്നും വാർന്നൊഴികിയത്.
മദ്യവിൽപ്പനയിലെ പുതിയ കണക്കുകൾകൊണ്ടുപോലും കേരളത്തിലെ ലഹരിയുടെ ആഴമളക്കാനാകില്ല. കാരണം, മദ്യപാനത്തേക്കാൾ മാരകമായ മയക്കുമരുന്നിലേക്ക് ചുവടുതെറ്റിയവർ ലക്ഷക്കണക്കിനാണ്. രണ്ടുംകൂടി ചേർത്ത ഒരു കണക്ക് നമുക്കില്ല. വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നുപയോഗിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
10 വർഷത്തിനുള്ളിൽ എത്ര കേസുകൾ രജിസ്റ്റർചെയ്തു, എന്താണ് പൊതുരീതി, ഏതു മേഖലയിലാണ് മയക്കുമരുന്നുപയോഗം കുടുതൽ, ഏതു പ്രായക്കാരാണ് കൂടുതൽ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തിയുള്ള പഠനം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
മാർച്ച് 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച രേഖകളനുസരിച്ച്, 2024ൽ പഞ്ചാബിൽ 9,025 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കേരളത്തിൽ 27,701 കേസുകൾ. പഞ്ചാബിലേതിന്റെ മൂന്നിരട്ടി! പഞ്ചാബിൽ പകുതി കേസുകൾപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന സർക്കാർ വാദം സമ്മതിച്ചാൽപോലും കേരളം കുതിക്കുകയാണ്.
പഞ്ചാബിൽ മാത്രമല്ല, കേരളത്തിലും മുഴുവൻ കേസുകളും പിടിക്കപ്പെടുന്നില്ലെന്നതും മറക്കരുത്. സംസ്ഥാന എക്സൈസ് വകുപ്പ് എൻഡിപിഎസ് ആക്ട് പ്രകാരം 2016ൽ രജിസ്റ്റർ ചെയ്തത് 2,985 കേസുകളായിരുന്നെങ്കിൽ 2024ൽ ഇത് 8,160 ആയി ഉയർന്നു.
മാതാപിതാക്കളെയും സഹോദരങ്ങളെയും പോലീസുകാരെയും ഉൾപ്പെടെ നിരവധിപ്പേരെ മയക്കുമരുന്നടിമകൾ സംസ്ഥാനത്ത് കൊന്നു തള്ളി. അക്രമങ്ങൾ, മാനഭംഗങ്ങൾ, വീടുകയറി ആക്രമണങ്ങൾ... കൗമാരക്കാരിലെ അക്രമോത്സുകതയും വർധിക്കുകയാണ്. പോലീസിനും ഭയം.
പെൺകുട്ടികൾ മയക്കുമരുന്നടിമകളും വിതരണക്കാരുമായി. കുടുംബങ്ങളിലെയും നാട്ടിലെയും സമാധാനം കെട്ടു. ലഹരിയിൽ വാതിൽ തുറന്നെത്തുന്ന മക്കൾക്കും സഹോദരന്മാർക്കും മുന്നിൽ അമ്മമാരും സഹോദരിമാരും ഭയന്നുവിറയ്ക്കുകയാണ്. മുന്‍പെന്നത്തേക്കാളുമധികം മയക്കുമരുന്നുവേട്ട നടക്കുന്നുണ്ട്. പക്ഷേ, എവിടെയും സുലഭം.
പുതിയ ചില അവതാരങ്ങൾ വേഷംകെട്ടിയാടുന്നത് സമൂഹമാധ്യമങ്ങളിലാണ്. എളുപ്പത്തിൽ കൈയടിയും ലൈക്കും വാങ്ങാൻ സമൂഹ-കുടുംബ ഘടനകളെ തകർക്കുന്ന ഈ സമൂഹമാധ്യമ പണ്ഡിതരുടെ കണ്ടെത്തൽ മദ്യവും കഞ്ചാവും എംഡിഎംഎയും നിയമവിധേയമാക്കണമെന്നാണ്.
നാലും നാലു വഴിക്കായ സ്വന്തം കുടുംബങ്ങളുടെ അവസ്ഥയാണ് മറ്റെല്ലാ കുടുംബങ്ങളിലുമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഈ എന്പുരാന്മാർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സമൂഹ-കുടുംബവിരുദ്ധ പൊതുബോധം, തികഞ്ഞ അരാജകത്വമാണെന്നു സർക്കാർ തിരിച്ചറിയണം. അവർക്കിനിയൊന്നും നഷ്ടപ്പെടാനില്ല.
സർക്കാർ വിദ്യാരംഭത്തിൽ നടത്തിയ, ഒരു മണിക്കൂർ ലഹരിവിരുദ്ധ ബോധവത്കരണം നല്ല തുടക്കമാണെങ്കിലും കാര്യമായ പ്രയോജനമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ് തുടർ ബോധവത്കരണം നൽകണം. കഴിഞ്ഞ ഏപ്രിലിൽ 138-ാം പിറന്നാൾദിനത്തിൽ ‘കിക് ഔട്ട്’ എന്ന പേരിൽ ദീപിക തുടങ്ങിയ ഒരു വർഷത്തെ ലഹരിവിരുദ്ധ പോരാട്ടം തുടരുകയാണ്.
സർക്കാർ ഒപ്പമുണ്ടാകണം. വീര്യം കുറഞ്ഞ കൂടുതൽ മദ്യമിറക്കിയും കുടുതൽ മദ്യനിർമാണശാലകളുണ്ടാക്കിയും ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമൊക്കെ കള്ള് ലഭ്യമാക്കിയും മദ്യസൗഹൃദ കുടുംബങ്ങളെ സൃഷ്ടിച്ചുമല്ല; മയക്കുമരുന്നിന്റെ മൊത്തവ്യാപാരികളെ കുടുക്കിയും മദ്യലഭ്യത കുറച്ചുമേ നമുക്കീ നരകത്തിൽനിന്നു കരകയറാനാകൂ.
സർക്കാർ ഇന്നു നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണങ്ങൾ തുടരട്ടെ. പക്ഷേ, നിങ്ങൾ ആ സ്പിരിറ്റു കന്നാസുകൾകൂടി വലിച്ചെറിഞ്ഞിരുന്നെങ്കിൽ! ലഹരിയിരകളുടെ ചോര കൈയിൽനിന്നു കഴുകിക്കളഞ്ഞിരുന്നെങ്കിൽ!
Kerala
കൊച്ചി: സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാപ്രവര്‍ത്തകരില്‍നിന്ന് എഴുതി വാങ്ങാനൊരുങ്ങി നിര്‍മാതാക്കളുടെ സംഘടന. സിനിമയുടെ ചിത്രീകരണസമയത്തോ അതുമായി ബന്ധപ്പെട്ടു താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നല്‍കേണ്ടത്. നടീനടന്മാര് അടക്കം എല്ലാവര്ക്കും ഇതു ബാധകമാണെന്നും സംഘടന അറിയിച്ചു. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലംകൂടി നിര്‍ബന്ധമാക്കിയേക്കും. ലഹരിവിരുദ്ധ ദിനമായ ഈമാസം 26 മുതല്‍ നിബന്ധന നടപ്പില്‍ വരുത്തുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.