പ്രതീകാത്മക ചിത്രം
മഞ്ചേരി: മയക്കുമരുന്നു വാങ്ങാൻ പണം നൽകാത്തതിന് മാതാപിതാക്കൾക്ക് മകന്റെ ക്രൂര മർദനം. ഗുരുതര പരിക്കേറ്റ മാതാവിനെ മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേരി മുള്ളമ്പാറ വരിയാൽ തെക്കുംപുറം മുഹ്സിനെതിരേ (31) മഞ്ചേരി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി വരിയാലിലെ വീട്ടിലാണ് സംഭവം.
നേരത്തെ മയക്കുമരുന്നു കടത്തിന് അറസ്റ്റിലായ മുഹ്സിനെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു. പണം നൽകാൻ വിസമ്മതിച്ച പിതാവ് ഉസ്മാനെ മർദിക്കുന്നത് തടയാനെത്തിയതായിരുന്നു മാതാവ് ബീഗം. മകന്റെ മർദനത്തിൽ കൈയുടെ എല്ല് ഒടിഞ്ഞ മാതാവ് അയൽപക്കത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്ന് പിതാവിന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷ മുഹ്സിൻ അടിച്ചു തകർക്കുകയും ഉസ്മാന്റെ മൊബൈൽ ഫോണ് എറിഞ്ഞുടക്കുകയും ചെയ്തു.
നാട്ടുകാർ ഓടിക്കൂടിയതോടെ രക്ഷപ്പെട്ട മുഹ്സിൻ പിന്നീട് ആശുപത്രിയിലെത്തിയും മാതാവിനെ ഭീഷണിപ്പെടുത്തിയതായി മഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മഞ്ചേരി എസ്ഐ അഖിൽരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
മയക്കുമരുന്ന് നൽകി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത മുഹ്സിൻ അടക്കമുള്ള മൂന്നു യുവാക്കളെ 2023 ജനുവരി 16ന് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹ്സിന്റെ നേതൃത്വത്തിലുള്ള മയക്കു മരുന്നു മാഫിയയുടെ വിളയാട്ടം രൂക്ഷമായതോടെ നാട്ടുകാർ പ്രദേശത്ത് ജാഗ്രതാ സമിതി രൂപീകരിച്ച് ബോധവത്ക്കരണ പരിപാടികളും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ജാഗ്രത സമിതി അംഗങ്ങളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയും മുഹ്സിനെതിരെ ഉയർന്നിരുന്നു.
Tags : drugs parents beaten son