ഭീകരാക്രമണം നടന്ന റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനം
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ പാരാമിലിട്ടറി സേനയുടെ ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ പാരാമിലിട്ടറി സേനയായ റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഉഗ്ര സ്ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകളുള്ളത്. ഇതിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രമുഖ സർവകലാശാലകൾക്കും പാക്കിസ്ഥാൻ കാലാവസ്ഥാവകുപ്പും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
ആക്രമണത്തെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്, പോലീസ് കമാൻഡോകൾ, അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ സ്ഥലത്തെത്തി പ്രത്യാക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് റേഞ്ചേഴ്സ് ഉദ്യോഗസ്ഥർക്കും മൂന്ന് അക്രമികൾക്കും ജീവൻ നഷ്ടമായതായി ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ സ്ഥിരീകരിച്ചു.
ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സുരക്ഷ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Terrorist attack paramilitary base Pakistan