International
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ പദ്ധതിയിട്ട ഭീകരനെ സുരക്ഷാസേന പിടികൂടി. ഇറാൻ പൗരൻ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി (32) ആണ് പിടിയിലായത്. ഇയാൾക്ക് ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.
സായുധ ഗ്രൂപ്പായ ഖതൈബ് ഹിസ്ബുള്ളയുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവാങ്ക ട്രംപിനെ ലക്ഷ്യമിട്ട് ഇയാൾ നീക്കങ്ങൾ നടത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വലയിലാക്കിയത്.
2020ൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനികൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മരണത്തിന് പ്രതികാരമായാണ് ഇവാങ്കയെ വധിക്കാൻ പദ്ധതിയിട്ടത്. സുലൈമാനിയെ തന്റെ പിതൃതുല്യനായിട്ടാണ് അൽ-സാദി കണ്ടിരുന്നതെന്നാണ് റിപ്പോർട്ട്.
ഫ്ളോറിഡയിൽ ഭർത്താവ് ജാരെഡ് കുഷ്നറുമൊത്ത് താമസിക്കുന്ന ഇവാങ്കയുടെ വസതിയുടെ ബ്ലൂപ്രിന്റ് അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ഫ്ളോറിഡയിലെ ഇവരുടെ വീടിന്റെ ചിത്രം സോഷ്യൽ മീഡിയായിൽ ഇയാൾ പങ്കുവച്ചിരുന്നു. അമേരിക്കക്കാരുടെ കൊട്ടാരങ്ങൾക്കോ രസഹ്യ സർവീസിനോ അവരെ സംരക്ഷിക്കാനാവില്ലെന്ന് പരസ്യമായി ഭീഷണിയും ഇയാൾ മുഴക്കിയിരുന്നു.
National
ബംഗളൂരു: വിദ്യാർഥിയെ തീവ്രവാദിയെന്നു വിളിച്ച് അധിക്ഷേപിക്കുകയും ക്ലാസിൽ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് ബംഗളൂരുവിലെ ഒരു സ്വകാര്യ സർവകലാശാലയിലെ പ്രഫസർക്കെതിരേ കേസെടുത്തു.
അധ്യാപകൻ വിദ്യാർഥിയെ തീവ്രവാദിയെന്ന് വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാ ൽ, വിദ്യാർഥിയുടെ ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
National
രജൗരി: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിലുള്ള നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി.
ഇന്നലെ വെളുപ്പിന് 4.15ന് തുർകാൻഡി മേഖലയിലൂടെ ആയുധധാരികളായ ചിലർ നടന്നുനീങ്ങുന്നത് സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ജമ്മുവിലെ വൈറ്റ് നൈറ്റ് ഫോഴ്സ് ഇവർക്കു നേരേ നിറയൊഴിക്കുകയായിരുന്നു.
International
സോകോതോ: നൈജീരിയയിൽ ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിൽ 162 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ നൈജീരിയയിലെ രണ്ടു ഗ്രാമങ്ങളിലായിരുന്നു ആക്രമണം.
ചൊവ്വാഴ്ച വൈകുന്നേരം കവാര സ്ഥാനത്തെ വോറോ, നുകു ഗ്രാമങ്ങളിലാണ് ഭീകരർ കൂട്ടക്കൊല നടത്തിയതെന്ന് പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗം മുഹമ്മദ് ഒമർ ബിയോ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ലകുരാവ എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കത്വ ജില്ലയിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
സാധാരണക്കാരെ ബന്ദിയാക്കി രക്ഷപെടാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗരനായ ഉസ്മാനെ സാഹസികമായാണ് സുരക്ഷാസേന വധിച്ചത്.
2024ൽ ഇന്ത്യയിലേക്ക് കടന്ന ഉസ്മാൻ ആറ് ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സുരക്ഷാസേനയുടെ കൈയിൽ പിടിയിലാകാതിരിക്കാൻ ഗുഹകളിലാണ് ഇയാൾ താമസിച്ചിരുന്നത്.
കത്വ ജില്ലയിലെ ബാനി, ഭില്ലവാർ പ്രദേശങ്ങളിൽ ഇയാൾക്കായി സുരക്ഷാസേന വലവിരിച്ചിരുന്നു. എന്നാൽ ഇയാൾ പിടിയിലാകാതെ രക്ഷപെട്ടു. ജനുവരി ഏഴിന് പർവതപ്രദേശമായ ഭില്ലവാർ മേഖലയിലെ ഇയാളുടെ മൂന്ന് ഒളിത്താവളങ്ങൾ സൈന്യം തകർത്തു. ഇതോടെ ഇയാൾ ഉസ്മാൻ ഗ്രാമീണരുടെ വീടുകളിൽ അഭയം തേടുകയായിരുന്നു.
കത്വ ജില്ലയിലെ ബാനി, ഭില്ലവാർ പ്രദേശങ്ങളിൽ ഇയാൾക്കായി സുരക്ഷാസേന വലവിരിച്ചിരുന്നു. എന്നാൽ ഇയാൾ പിടിയിലാകാതെ രക്ഷപെട്ടു. ജനുവരി ഏഴിന് പർവതപ്രദേശമായ ഭില്ലവാർ മേഖലയിലെ ഇയാളുടെ മൂന്ന് ഒളിത്താവളങ്ങൾ സൈന്യം തകർത്തു. ഇതോടെ ഇയാൾ ഉസ്മാൻ ഗ്രാമീണരുടെ വീടുകളിൽ അഭയം തേടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, ഭനേതർ ഗ്രാമത്തിലെ ഒരു വീട്ടിൽ ഉസ്മാൻ ഉണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചു. സുരക്ഷാസേന വീട് വളഞ്ഞപ്പോൾ ഇയാൾ വീട്ടിലുള്ളവരെ ബന്ദിയാക്കി ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. തുടർന്ന് സൈന്യം ഇയാളെ വധിച്ച് വീട്ടിലുള്ളവരെ രക്ഷിക്കുകയായിരുന്നു.
Leader Page
വിദേശ സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന തങ്ങളുടെ വിദ്യാർഥികൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാർത്ത അതീവ പ്രാധാന്യത്തോടെയാണ് ഇക്കഴിഞ്ഞ ദിവസം ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിദേശരാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന സമർഥരായ തങ്ങളുടെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകി സഹായിക്കുന്ന യുഎഇയുടെ പദ്ധതിയെ സംബന്ധിക്കുന്ന വിശദാംശങ്ങൾ പുറത്തുവന്നതോടെയാണ് ഈ നിയന്ത്രണങ്ങളെക്കുറിച്ച് ലോകമറിഞ്ഞത്. ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ അയച്ചു തങ്ങളുടെ പൗരന്മാരെ വിദ്യാഭ്യാസം ചെയ്യിക്കാനും പഠനം പൂർത്തിയാക്കി തിരിച്ചെത്തി അവരുടെ സേവനം ഉപയോഗിച്ച് മാതൃരാജ്യത്തിന് പുരോഗതി കൈവരുത്താനുമുള്ള ശ്രമം എല്ലാ രാജ്യങ്ങളുംതന്നെ നടത്താറുണ്ട്. അങ്ങനെ പഠനം നടത്താൻ സ്കോളർഷിപ് നൽകുന്ന യൂണിവേഴ്സിറ്റികളുടെ പട്ടികയിൽനിന്ന് യുകെയിലെ യൂണിവേഴ്സിറ്റികളെ ഒഴിവാക്കിയതാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.
യുഎസ്, ഓസ്ട്രേലിയ, ഇസ്രയേൽ, ഫ്രാൻസ് മുതലായ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളെ ഉൾപ്പെടുത്തിയും യുകെയിലെ യൂണിവേഴ്സിറ്റികളെ ഒഴിവാക്കിയുമുള്ള പട്ടിക കഴിഞ്ഞ ജൂണിലാണ് യുഎഇ പ്രസിദ്ധീകരിച്ചത്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഗവേഷണ സൗകര്യങ്ങളുള്ള യുകെയിലെ യൂണിവേഴ്സിറ്റികളെ ഒഴിവാക്കിയതിന്റെ കാരണം എന്താണ്? യുകെയിലെ സർവകലാശാലകളിൽ തീവ്ര ഇസ്ലാമികവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവരുടെ സ്വാധീനത്തിൽപെട്ട് തങ്ങളുടെ കുട്ടികൾ തീവ്രവാദത്തിൽ ആകൃഷ്ടരാകുമെന്നും അത് ഭാവിയിൽ തങ്ങളുടെ രാജ്യത്തിനുതന്നെ ഭീഷണിയാകുമെന്നുമുള്ള ഭയമാണ് ഈ ഒഴിവാക്കലിന് കാരണം. തീവ്രവാദ സംഘടനയായ മുസ്ലിം ബ്രദർഹുഡിനെ നിരോധിക്കാനുള്ള യുഎഇയുടെ അഭ്യർഥനയെ യുകെ തള്ളിക്കളഞ്ഞതാണ് ഈ ഭയത്തെ ശക്തിപ്പെടുത്തിയത്. അതുകൊണ്ട് യുകെയിലെ യൂണിവേഴ്സിറ്റികളിലേക്ക് സർക്കാർ ചെലവിൽ വിദ്യാർഥികളെ അയച്ച് അവരെ തീവ്ര-ഭീകരവാദികളാക്കേണ്ട എന്നാണ് യുഎഇയുടെ നിലപാട്. ആ യൂണിവേഴ്സിറ്റികളുടെ ഡിഗ്രികൾക്ക് യുഎഇയിൽ അംഗീകാരവും ഉണ്ടായിരിക്കുകയില്ല.
എന്തുകൊണ്ട് നിരോധനം
ഫൈനാൻഷൽ ടൈംസും ദി ടൈംസും റിപ്പോർട്ട് ചെയ്തതനുസരിച്ച് പട്ടികയിൽനിന്ന് ചില യൂണിവേഴ്സിറ്റികൾ പുറത്തായത് ഉദ്യോഗസ്ഥർക്ക് പറ്റിയ ഒരു പിഴവിന്റെ ഫലമായല്ല; ഭീകരവാദത്തോടുള്ള സന്ധിയില്ലാസമരത്തിന്റെ ഭാഗമായാണ്. യുകെയിലെ സർവകലാശാലാ ഉദ്യോഗസ്ഥർ അക്കാദമിക സ്വാതന്ത്ര്യം എന്ന പേരിലാണ് അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്. യുകെയിലെ സെൻട്രൽ ലങ്കാഷയർ, മാഞ്ചസ്റ്റർ, ലീഡ്സ് യൂണിവേഴ്സിറ്റികൾ, ലണ്ടനിലെ കിംഗ്സ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവയാണ് യുഎഇക്കാരായ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങൾ. 2023-24 വർഷത്തിൽ യുകെയിലെ സർവകലാശാലകളിൽനിന്ന് തീവ്രവാദത്തിൽ ആകൃഷ്ടരായി മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയരായ 70 വിദ്യാർഥികളെയാണ് കണ്ടെത്തിയത്. ഈ സംഖ്യ മുൻ വർഷത്തേതിനേക്കാൾ ഇരട്ടിയാണ്. 2011ൽ അറബ് രാജ്യങ്ങളിൽ നടന്ന ജനകീയ മുന്നേറ്റങ്ങൾക്കു ശേഷം യുഎഇ ഇസ്ലാമിക തീവ്രവാദത്തോടും പൊളിറ്റിക്കൽ ഇസ്ലാമിനോടും ഒട്ടും മയമില്ലാത്ത സമീപനമാണ് കൈക്കൊണ്ടത്.
എന്തുകൊണ്ട് യുകെ മുസ്ലിം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കുന്നില്ല എന്ന് യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മൊഹമ്മദ് ബിൻ സയദ് അൽ-നഹ്യാൻ ആവർത്തിച്ചു ചോദിക്കുകയുണ്ടായി. അപ്പോഴൊക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞത് ഭരണകൂടം അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. 2015ൽ ബ്രിട്ടീഷ് ഭരണകൂടം തയാറാക്കിയ ഒരു റിപ്പോർട്ടനുസരിച്ച് മുസ്ലിം ബ്രദർഹുഡ് യുകെയിലോ യുകെയ്ക്കെതിരായോ ഉള്ള ഒരു ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ടിട്ടില്ല. താൻ പ്രധാനമന്ത്രിയായാൽ ബ്രദർഹുഡിനെ നിരോധിക്കുമെന്ന് യുകെയിൽ വർധിച്ച ജനപിന്തുണ ആർജിച്ചുകൊണ്ടിരിക്കുന്ന റിഫോം യുകെ പാർട്ടി നേതാവ് നൈജൽ ഫരാജ് പറയുകയുണ്ടായി. കഴിഞ്ഞവർഷം അദ്ദേഹം യുഎഇ സന്ദർശിച്ചതിന്റെ ചെലവ് മുഴുവൻ വഹിച്ചത് യുഎഇ സർക്കാരാണ്. യൂണിവേഴ്സിറ്റികളിലെ ഇസ്ലാമിക തീവ്രവാദത്തെപ്പറ്റി യുഎഇയുടെ ആശങ്ക ഊതി വീർപ്പിച്ചതാണെന്ന് വിമർശിക്കുമ്പോൾതന്നെ ഇസ്രയേൽ-ഗാസ യുദ്ധം കാമ്പസുകളെ അസ്ഥിരപ്പെടുത്തിയതായി യുകെയിലെ അക്കാദമിക ലോകം വിലയിരുത്തുന്നുണ്ട്.
ബ്രദർഹുഡിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇ-യുകെ ബന്ധം മോശമായിട്ട് ഏതാനും വർഷങ്ങളായി. സ്കോളർഷിപ് നിരോധനം പ്രാബല്യത്തിലാകുന്നതിനു മുമ്പേ യുകെയിലെ പഠനത്തെ യുഎഇ നിരുത്സാഹപ്പെടുത്തിത്തുടങ്ങിയിരുന്നു. നേരത്തേ സ്കോളർഷിപ് വാഗ്ദാനം ചെയ്തവർക്ക് പഠനം പൂർത്തിയാക്കാൻ തുക തുടർന്ന് നൽകുന്നുണ്ടുതാനും. യുഎഇ-യുകെ ബന്ധം വഷളായതിന്റെ പിന്നിൽ മറ്റു കാരണങ്ങളുമുണ്ട്. യുകെയിലെ പ്രശസ്തമായ ദ് ഡെയിലി ടെലഗ്രാഫ് പത്രം വാങ്ങാൻ അബുദാബി സർക്കാർ 2023ൽ ആഗ്രഹിച്ചതും വിദേശപ്രസാധകർ ഏറ്റെടുത്താൽ പത്രസ്വാതന്ത്ര്യം തകരും എന്നു പ്രസ്താവിച്ചുകൊണ്ട് യുകെ ഭരണകൂടം അതു തടഞ്ഞതും ഒരു കാരണമാണ്. സുഡാനിലെ സൈനിക നീക്കങ്ങളിൽ യുഎഇക്ക് പങ്കുണ്ടെന്ന് യുകെ സംശയിക്കുന്നു; യുഎഇ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും. യുഎഇയുടെ ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിനെതിരേ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉയർത്തുന്ന സാമ്പത്തിക തിരിമറി ആരോപണങ്ങളാണ് മറ്റൊരു കാരണം. ബ്രദർഹുഡിന്റെ നിരവധി പ്രവർത്തകർ യുഎഇയിൽ ജയിലിലാണ്. ഈജിപ്തിൽ, ബ്രദർഹുഡിൽ അംഗമായ പ്രസിഡന്റ് മൊഹമ്മദ് മോർസിയെ 2013ൽ പുറത്താക്കിയ സൈനിക നടപടിയെ യുഎഇ പിന്തുണയ്ക്കുകയുണ്ടായി. 2014ൽ യുഎഇയുടെകൂടി പ്രേരണയാലാണ് ഡേവിഡ് കാമറൂണിന്റെ സർക്കാർ ബ്രദർഹുഡിനെതിരായ അന്വേഷണം പ്രഖ്യാപിച്ചത്. ഒരുതരത്തിലുള്ള തീവ്രവാദത്തിനും ബ്രിട്ടീഷ് മണ്ണിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടുണ്ട്. കണ്ടെത്തിയാൽ അപ്പോൾതന്നെ അവ പിഴുതു മാറ്റുകയും ചെയ്യും.
ലോകത്തിലെതന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമാണ് തങ്ങളുടേതെന്നും വിദ്യാർഥികളുടെ ക്ഷേമവും കാമ്പസിൽ അവരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്നും യുകെ അവകാശപ്പെടുന്നു. സൗദി അറേബ്യയിലെ മുൻ ബ്രിട്ടീഷ് അംബാസഡറുടെ അഭിപ്രായത്തിൽ മുസ്ലിം ബ്രദർഹുഡിന്റെ വിശ്വാസസംഹിതകൾ ബ്രിട്ടീഷ് മൂല്യബോധങ്ങൾക്കു നിരക്കുന്നതല്ലെങ്കിലും നിരോധിക്കാൻ തക്ക തെളിവുകളൊന്നും ലഭ്യമല്ല. 2017ൽ ബ്രിട്ടീഷ് പാർലമെന്റിന്റെ വിദേശകാര്യ കമ്മിറ്റി പറഞ്ഞത് ആ സംഘടന തീവ്രവാദ നിലപാടുകൾക്ക് എതിരാണെന്നാണ്. എന്നാൽ, വിവിധ ബ്രിട്ടീഷ് സംഘടനകളും പ്രസ്ഥാനങ്ങളും മറിച്ചാണ് ചിന്തിക്കുന്നത്. വിവിധ വിദ്യാർഥി സംഘടനകൾ തീവ്ര ഇസ്ലാമിക പ്രഭാഷകരെ വിളിച്ചുവരുത്തി സർവകലാശാലകളിൽ പ്രസംഗിപ്പിക്കുകയും തീവ്രവാദത്തിലേക്ക് വിദ്യാർഥികളെ ആകർഷിക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ പറയുന്നു.
മുസ്ലിം ബ്രദർഹുഡ്
1928ൽ ഒരു സ്കൂൾ അധ്യാപകനും ഇമാമുമായ ഹസൻ അൽ-ബന്ന ഈജിപ്തിലെ ഇസ്മായിലിയ പട്ടണത്തിൽ സ്ഥാപിച്ച സുന്നി ഇസ്ലാമിക സംഘടനയാണ് മുസ്ലിം ബ്രദർഹുഡ്. സാമൂഹ്യ നവോത്ഥാനവും വിദ്യാഭ്യാസ പ്രവർത്തനവും പരോപകാര-ആരോഗ്യ സംവിധാനങ്ങളും ബിസിനസ് സംരംഭങ്ങളും ഒക്കെയായിരുന്നു തുടക്കത്തിൽ സംഘടനയുടെ ലക്ഷ്യങ്ങൾ. ക്രമേണ രാഷ്ട്രീയ രംഗത്തേക്കും കടന്നുകയറിയ ബ്രദർഹുഡ് കാലിഫേറ്റ് സ്ഥാപിക്കണമെന്നും ശരിയത്ത് രാജ്യനിയമമാക്കണമെന്നും ആവശ്യപ്പെട്ടു. ‘ഉത്തരം ഇസ്ലാമാണ്’ എന്ന മുദ്രാവാക്യം ബ്രദർഹുഡാണ് ആദ്യം ഉയർത്തിയത്. അയൽരാജ്യങ്ങളിലേക്കും ബ്രദർഹുഡിന്റെ ആശയങ്ങൾ വ്യാപിച്ചു. 2010 മുതൽ അറബ് രാജ്യങ്ങളിൽ പടർന്നുപിടിച്ച അറബ് വസന്തം പല രാജ്യങ്ങളിലും ബ്രദർഹുഡിനു സ്വീകാര്യത നേടിക്കൊടുത്തു. 2011ൽ ഈജിപ്ഷ്യൻ പാർലമെന്റിൽ അവർ വർധിച്ചതോതിൽ സാന്നിധ്യമറിയിച്ചു. 2012ൽ മൊഹമ്മദ് മോർസി പ്രസിഡന്റായെങ്കിലും പിറ്റേ വർഷം സൈന്യം അദ്ദേഹത്തെ പുറത്താക്കി. ജനാധിപത്യ മൂല്യങ്ങളെ മാനിക്കാൻ തയാറാകാഞ്ഞതിനാൽ അവർക്ക് ജനകീയ പ്രതിഷേധങ്ങളെ നേരിടേണ്ടിവന്നു. മാത്രമല്ല ഈജിപ്തിൽ ബ്രദർഹുഡിനെ ഒരു ഭീകര പ്രസ്ഥാനമായി മുദ്രകുത്തി നിരോധിച്ചു; തൊട്ടുപിന്നാലെ സൗദി അറേബ്യയും യുഎഇയും ബഹറിനും റഷ്യയും.
രാഷ്ട്രീയാധികാരം നേടി ഇസ്ലാമികഭരണം സ്ഥാപിക്കാൻ അക്രമം അനുവദനീയമാണെന്ന് സ്ഥാപക നേതാവായ ഹസൻ അൽ-ബന്ന വിശ്വസിച്ചിരുന്നു. നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുമ്പോൾതന്നെ രാഷ്ട്രീയ കൊലപാതകങ്ങളും അതിക്രമങ്ങളും ചെയ്യാനും അംഗങ്ങൾക്ക് മടിയുണ്ടായിരുന്നില്ല. പല തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെയും ആദർശങ്ങൾ ബ്രദർഹുഡിൽനിന്നു കടംകൊണ്ടവയാണ്. ഗാസയിലെ ഹമാസും ലബനോനിലെ ഹിസ്ബുള്ളായും ബ്രദർഹുഡിന്റെതന്നെ ശാഖകളായി കരുതപ്പെടുന്നു. അക്രമത്തിലൂടെ ഇതര മതസ്ഥരെയും മിതവാദികളായ മുസ്ലിംകളെയും ഇല്ലായ്മ ചെയ്യുന്നതിൽ അവർ തെറ്റൊന്നും കാണുന്നില്ല. ബ്രദർഹുഡ്തന്നെ ആക്രമ മാർഗം ഉപേക്ഷിച്ചെന്നും സമാധാനപൂർണവും ജനാധിപത്യപരവുമായ ഒരു സംഘടനയാണ് തങ്ങളെന്നും അവകാശപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്. ഖത്തറും തുർക്കിയുമാണ് ബ്രദർഹുഡിനെ ഇപ്പോഴും പിന്തുണയ്ക്കുന്ന രാജ്യങ്ങൾ.
കഴിഞ്ഞവർഷം ജനുവരിയിൽ യുഎഇ എട്ടു ബ്രിട്ടീഷ് സംഘടനകളെ ബ്രദർഹുഡുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിച്ചിരുന്നു. ഈ സംഘടനകളുടെമേൽ കടുത്ത നടപടികൾ എടുക്കണമെന്ന് പ്രതിപക്ഷം ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഗൾഫ് രാജ്യങ്ങളിൽപോലും നിരോധിക്കപ്പെട്ട അപകടകാരികളായ ഈ സംഘടനകളെ നിരോധിക്കാൻ ധൈര്യം കാണിക്കാത്തത് എന്താണെന്ന് നൈജൽ ഫരാജ് ചോദിക്കുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറയുന്നു: “ഗൾഫ് മേഖലയിലെ ഞങ്ങളുടെ ഏറ്റവും പ്രധാന സഖ്യകക്ഷികൾ കരുതുന്നത് പാശ്ചാത്യ നാടുകളിലെ ഇസ്ലാമിക മസ്തിഷ്ക പ്രക്ഷാളനം വളരെ അപകടകരമാണെന്നാണ്”.
ഇസ്രയേൽ-ഗാസ യുദ്ധത്തിനുശേഷം യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ യൂണിവേഴ്സിറ്റികളിൽ നടന്ന വിദ്യാർഥി പ്രകടനങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. വിദ്യാർഥികളിൽതന്നെ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണ് പ്രകടനങ്ങളിൽ പങ്കെടുത്തത്. അരാജകവാദികളും ഇടതുപക്ഷ തീവ്രവാദികളും ഇസ്ലാമിക ഭീകരസംഘടനാ പ്രവർത്തകരും ഒക്കെയായിരുന്നു അവരിൽ അനേകർ.
ഉദാത്തമായ മാനവിക ജനാധിപത്യ മൂല്യങ്ങൾ അല്ല അവരെ നയിച്ചത് എന്ന് വ്യക്തമാണ്. ഗാസയിലെ കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു വിങ്ങിപ്പൊട്ടുന്ന അവർക്ക് നൈജീരിയയിലും ഇസ്രയേലിലെ നോവ ഫെസ്റ്റിവലിലും ഓസ്ട്രേലിയയിലെ ബോണ്ടി തീരത്തും ഇസ്ലാമിക ഭീകരർ കൊന്നുതള്ളിയ കുട്ടികളുടെ പേരറിയില്ല. ഉമർ ഖാലിദിനുവേണ്ടി സ്വരമുയർത്തുന്ന സൊഹറൻ മാംദാനിക്ക് ബംഗ്ലാദേശിൽ കൊല്ലപ്പെട്ട യോഗേഷ് ചന്ദ്ര റോയിയുടെ പേരറിയില്ല. ഇതെന്തൊരു ബ്രദർഹുഡ് എന്നു നിഷ്പക്ഷമതികളായ മനുഷ്യർ ചോദിച്ചുപോകും.
National
ന്യൂഡൽഹി: പാകിസ്ഥാൻ 72 തീവ്രവാദ ലോഞ്ച്പാഡുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ. ഓപ്പറേഷൻ സിന്ദൂറിനുശേഷമാണ് അതിർത്തിക്കടുത്തുള്ള ലോഞ്ച്പാഡുകൾ പാകിസ്ഥാൻ മാറ്റിയത്. കേന്ദ്ര സർക്കാർ ഉത്തരവിട്ടാൽ ശത്രുക്കൾക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ബിഎസ്എഫ് തയാറാണ്.
സിയാൽകോട്ടിലെയും സഫർവാളിലെയും ഉൾപ്രദേശങ്ങളിൽ ഏകദേശം 12 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മറ്റ് പ്രദേശങ്ങളിൽ 60 ലോഞ്ച്പാഡുകൾ സജീവമാണെന്നും ബിഎസ്എഫ് ഡിഐജി വിക്രം കുൻവർ പറഞ്ഞു. ഈ ലോഞ്ച്പാഡുകൾ സ്ഥിരമല്ലെന്നും സാധാരണയായി തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനു മുമ്പ് മാത്രമേ ഇവ സജീവമാകൂ എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അതിർത്തിക്ക് സമീപം പരിശീലന ക്യാമ്പുകളില്ല. മുമ്പ് ജെയ്ഷെ മുഹമ്മദും ലഷ്കർ അംഗങ്ങളും വ്യത്യസ്ത മേഖലകളിലാണ് പ്രവർത്തിച്ചിരുന്നതെന്ന് ഡിഐജി കുൻവർ വിശദീകരിച്ചു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിനുശേഷം തീവ്രവാദികൾക്ക് ഒരുമിച്ച് പരിശീലനം നൽകുന്നുണ്ടെന്ന് ഡിഐജി കുൻവർ വിശദീകരിച്ചു. ഇത് ഏത് ഗ്രൂപ്പിനും സമ്മിശ്ര രീതിയിൽ പരിശീലനം നേടാൻ അനുവദിക്കുന്നു.
ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കാൻ സർക്കാർ ഉത്തരവിട്ടാൽ ബിഎസ്എഫ് പൂർണമായും സജ്ജമാണെന്ന് ജമ്മു ഫ്രോണ്ടിയർ ഐജി ശശാങ്ക് ആനന്ദ് പറഞ്ഞു.
Kerala
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ജമ്മു കാഷ്മീരിലെ വീട് സുരക്ഷാസേന തകർത്തു. തെക്കൻ കാഷ്മീരിലെ പുൽവാമയിലുള്ള ഇയാളുടെ വീട് ഇന്നു പുലർച്ചെ ബോംബ് വച്ചാണു തകർത്തത്.
ചെങ്കോട്ടയ്ക്കടുത്തുള്ള നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിനു സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ 20 കാർ ഓടിച്ചിരുന്നതെന്ന് ഉമർ നബിയാണെന്നു കണ്ടെത്തിയിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ ഡോക്ടറായിരുന്നു ഇയാൾ.
ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് ഒരു സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാഷ്മീരിലെ ഇയാളുടെ വീട് പൊളിച്ചുമാറ്റിയത്. നേരത്തെ, പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ ഉൾപ്പെട്ടവരുടെയും വീടുകൾ പൊളിച്ചിരുന്നു.
വിവിധ നഗരങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് കരുതിയിരുന്ന 2,900 കിലോഗ്രാം ബോംബ് നിർമാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ പോലുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഉമറിന്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നിവരിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ രണ്ട് ഡോക്ടർമാരെയും ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജെയ്ഷെ ഇ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ ഹിന്ദ് എന്നിവരുമായി ബന്ധമുള്ള ഘടകം വളരെ വലിയ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. ഡൽഹി സ്ഫോടനത്തിനു കാരണം ഉമർ നബിയുടെ കൂട്ടാളികൾ അറസ്റ്റിലായതിനെത്തുടർന്ന് പരിഭ്രാന്തിയിലായതിന്റെ ഫലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ഫരീദാബാദിലെ സ്ഫോടക വസ്തുക്കൾ കണ്ടെടുക്കലും ഡൽഹിയിലെ മാരകമായ സ്ഫോടനവും പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജെയ്ഷെ ഇ മുഹമ്മദ് പോലുള്ള തീവ്രവാദ സംഘടനകൾ ഭീകരപ്രവർത്തനങ്ങൾക്കായി ഡോക്ടർമാരെപ്പോലുള്ള ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു.
മൂന്നു ഭീകരർക്ക് വിദേശബന്ധം
ഡൽഹി സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ രണ്ടു വിദേശ ഹാൻഡ്ലർമാരുടെ പങ്കു വെളിപ്പെട്ടതായി അന്വേഷണവൃത്തങ്ങൾ അറിയിച്ചു. പാക് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ഇവർ അടുത്തബന്ധം പുലർത്തിയിരുന്നു.
ചാവേറായ പൊട്ടിത്തെറിച്ച് ഉമർ നബി, കൂട്ടാളികളായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ഷഹീൻ സയീദ് എന്നിവർ ഹാൻഡ്ലർമാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. രണ്ട് ഡോക്ടർമാരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ഭീകരരെ കൈകാര്യം ചെയ്തിരുന്നത് ഡോ. ഒകാസ, ഡോ. ഹാഷിം എന്ന ആരിഫ് നിസാർ എന്നീ രഹസ്യനാമങ്ങളിലുള്ളവരാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഭീകരവാദികളെ നിയന്ത്രിച്ചിരുന്നത് പാക്കിസ്ഥാൻകാരൻ നിസാറും തുർക്കിക്കാരനായ ഒകാസയുമാണ് അന്വേഷണ ഏജൻസികൾ വിശ്വസിക്കുന്നു. രണ്ട് ഹാൻഡ്ലർമാരും ഒരേ വ്യക്തിയായിരിക്കാമെന്ന് സ്രോതസുകൾ സൂചിപ്പിക്കുന്നു.
സെഷൻ, ടെലിഗ്രാം, സിഗ്നൽ, മറ്റ് ആപ്പുകൾ എന്നിവ ഉപയോഗിച്ചാണ് ഭീകരർ ആശയവിനിമയം നടത്തിയതെന്ന് അവർ കൂട്ടിച്ചേർത്തു.
National
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ നംസായിയിൽ ആസാം റൈഫിൾസുമായുണ്ടായ ഏറ്റുമുട്ടലിൽ ഉൾഫ ഭീകരൻ കൊല്ലപ്പെട്ടു. നംസായ് പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ലെകാംഗ് ഖാംപ്തി പ്രദേശത്ത് ഉൾഫ പ്രവർത്തകരുടെ സാന്നിധ്യത്തെക്കുറിച്ച് അസം റൈഫിൾസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ഉൾഫ തീവ്രവാദികൾ ആസാം റൈഫിൾസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ആസാം റൈഫിൾസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും ഒരു എച്ച്കെ സീരീസ് ഓട്ടോമാറ്റിക് റൈഫിൾ, ഒരു ഗ്രനേഡ്, മൂന്ന് ബാഗുകൾ എന്നിവ കണ്ടെടുത്തു.
ഹെലികോപ്റ്റർ, ഡ്രോൺ, ട്രാക്കർ നായ്ക്കൾ എന്നിവ ഉപയോഗിച്ച് മേഖലയിൽ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ആണ് ഏറ്റുമുട്ടലുണ്ടായത്.
നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും ജമ്മുകാഷ്മീർ പോലീസും തെരച്ചിൽ നടത്തിയത്. ഭീകരരാണ് ആദ്യം വെടിയുതിർത്തത്. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.