നവജാതശിശുവിനെ അത്ഭുതകരമായി ജീവനോടെ പുറത്തെടുക്കുന്നു.
കാരക്കസ്: ഇരട്ട ഭൂകമ്പം തകർത്തെറിഞ്ഞ വെനസ്വേലയിൽനിന്ന് പ്രത്യാശയുടെ പ്രകാശകിരണമായി അതിശയകരമായ ഒരു അതിജീവനവാർത്തയും. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന നവജാതശിശുവിനെയും അമ്മയെയും രക്ഷാപ്രവർത്തകർ അത്ഭുതകരമായി ജീവനോടെ പുറത്തെടുത്തു.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ വടക്കൻ ലാ ഗ്വൈറ പ്രവിശ്യയിലാണ് ദുരന്തത്തിന്റെ കറുത്ത ദിനങ്ങൾക്കിടയിലും ജനങ്ങൾക്ക് ആശ്വാസമേകുന്ന ഈ സംഭവം. തകർന്നുവീണ വൻ കോൺക്രീറ്റ് തൂണുകൾക്കും മൺകൂനകൾക്കും അടിയിൽനിന്നാണു രക്ഷാപ്രവർത്തകരും തദ്ദേശവാസികളും ചേർന്ന് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പരിക്കുകളൊന്നുമില്ലാതെ കണ്ടെത്തിയത്.
കോൺക്രീറ്റ് പാളികൾക്കിടയിലൂടെ കുഞ്ഞിന്റെ നേർത്ത കരച്ചിൽ കേട്ടതാണ് രക്ഷാപ്രവർത്തനത്തിൽ നിർണായകമായത്. തുടർന്ന് അത്യാധുനിക ഉപകരണങ്ങളും നാട്ടുകാരുടെ കൂട്ടായ ശ്രമവും ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ അവശിഷ്ടങ്ങൾ മാറ്റുകയായിരുന്നു. കുഞ്ഞിനെ ഉടൻതന്നെ സമീപത്തെ താത്കാലിക മെഡിക്കൽ ക്യാമ്പിലേക്കു മാറ്റുകയും വിദഗ്ധ പരിശോധനയ്ക്കുശേഷം ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു.
പൊടിപടലങ്ങളിൽ മൂടിയ കുഞ്ഞിനെ കാത്തുനിന്ന പിതാവിന്റെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ കണ്ടുനിന്നവർ കൈയടികളോടെയും ആനന്ദക്കണ്ണീരോടെയുമാണ് ആ നിമിഷത്തെ വരവേറ്റത്. ഈ വൈകാരിക നിമിഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ലോകമെമ്പാടുമുള്ള നെറ്റിസൺസ് ഇതിനെ ഒരു ‘ദൈവിക അത്ഭുതം’എന്നാണു വിശേഷിപ്പിച്ചത്.
കുഞ്ഞിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ തുടർന്ന വ്യാപക തെരച്ചിലിൽ ഏകദേശം ഒന്നര മണിക്കൂറിനുശേഷം കുഞ്ഞിന്റെ അമ്മയെയും അവശിഷ്ടങ്ങൾക്കിടയിൽനിന്നു ജീവനോടെ കണ്ടെത്തി.
ദുരന്ത ചരിത്രത്തിൽത്തന്നെ ഇത്രയും ദിവസങ്ങൾക്കുശേഷം ഒരു നവജാതശിശു അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ജീവനോടെ രക്ഷപ്പെടുന്നത് തികച്ചും അപൂർവമായ സംഭവമാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ആയിരക്കണക്കിന് ആളുകളെ കാണാതാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെനസ്വേലൻ ജനതയ്ക്ക് വലിയൊരു പ്രത്യാശയായി മാറിയിരിക്കുകയാണ് ഈ നവജാതശിശുവിന്റെയും അമ്മയുടെയും തിരിച്ചുവരവ്. നിലവിൽ പ്രദേശത്ത് അന്താരാഷ്ട്ര സംഘങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
മരിച്ചവരിൽ 40ലധികം വിദേശികളും
വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകന്പത്തിൽ മരിച്ചവരിൽ വിദേശികളുടെ എണ്ണം 40 ആയി. മരിച്ച വിദേശികളിൽ ഏറ്റവും കൂടുതൽ പേർ പോർച്ചുഗലിൽനിന്നുള്ളവരാണ്-28 പേർ.
ചൈന-ഏഴ്, സ്പെയിൻ അഞ്ച്, ബ്രസീൽ-രണ്ട്, ഇറ്റലി-ഒന്ന് എന്നിങ്ങനെയാണ് മരിച്ച മറ്റു വിദേശികളുടെ കണക്ക്. അഞ്ചു പൗരന്മാർ മരിച്ചതിനു പിന്നാലെ 119 പൗരന്മാരെ കാണാതാകുകയും ചെയ്തതായി സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങൾ അറിയിച്ചു.
Tags : relief disaster Newborn baby mother rescued Venezuela earthquakes