District News
കോതമംഗലം: കോതമംഗലത്ത് ഓഡിറ്റോറിയത്തിന്റെ കമാനത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി. കോതമംഗലം റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിന്റെ കമാനത്തിന് മുകളിൽ ഇന്നലെ രാവിലെയാണ് പൂച്ചയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി പൂച്ചയെ രക്ഷപെടുത്തുകയായിരുന്നു.
District News
ആർപ്പൂക്കര: ആർപ്പൂക്കരയിൽ വെള്ളപ്പാച്ചിലിൽ വീണ രണ്ടര വയസുകാരനെയും അമ്മയെയും മാതൃമാതാവിനെയും യുവാവ് രക്ഷപ്പെടുത്തി. ആർപ്പൂക്കര മുക്കേൽ പാലത്തിന് സമീപം പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ മിനി രാജീവ് (52) മകൾ ബെയാന (26) ബെയാനയുടെ രണ്ടര വയസുള്ള മകൻ ജോഹാൻ ജോബി എന്നിവരാണ് കഴിഞ്ഞ ദിവസം മഴയെത്തുടർന്ന് വെള്ളം നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന പെണ്ണാർ തോട്ടിൽ വീണത്.
സംഭവത്തെത്തുടർന്ന് നാട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ ആർപ്പൂക്കര വെസ്റ്റ് തൊള്ളായിരംചിറ ബിനോയി ടി. കുര്യാക്കോസാണ് പുഴയിൽ ചാടി മൂന്നു പേരെയും രക്ഷപ്പെടുത്തിയത്.
ആർപ്പൂക്കര ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിലെ പാസ്റ്ററായ രാജീവിന്റെ ഭാര്യയും മകളും മകളുടെ മകനുമാണ് വെള്ളത്തിൽ വീണത്. കഴിഞ്ഞ ദിവസം പാസ്റ്റർ രാജീവും കുടുംബവും ആർപ്പൂക്കരയിൽ പ്രാർഥനയ്ക്കെത്തിയതായിരുന്നു.
പാസ്റ്റർ രാജീവ് പ്രാർഥനയ്ക്കെത്തിയവരെ ഓട്ടോയിൽ വീട്ടിൽ കൊണ്ടാക്കാനായി പോയപ്പോൾ മുക്കേൽ പാലത്തിന് സമീപം മിനിയും ബെയാനയും ജോഹാനും നിൽക്കുകയായിരുന്നു. ജോഹാൻ ഈ സമയം സമീപത്തെ പെണ്ണാർ തോട്ടിലേക്ക് വീണു. ഇത് കണ്ട് ബെയാന കുഞ്ഞിനെ രക്ഷപ്പെടുത്താൻ തോട്ടിലേക്ക് ചാടി. പുറകെ മിനിയും തോട്ടിലേക്ക് ചാടി. ഇവർക്ക് നീന്തൽ അറിയില്ലായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന സ്ത്രീകൾ അലമുറയിട്ടു.
ഈ സമയം സമീപത്തെ ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്ന ബിനോയി ഓടിയെത്തി തോട്ടിലേക്ക് ചാടി മൂന്നു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ബെയാന ഒഴുക്കിൽപ്പെട്ട് കൂറെ ദൂരം ഒഴുകി പ്പോയിരുന്നു. എന്നാൽ, ബിനോയി നീന്തി ബെയാനയെയും രക്ഷപ്പെടുത്തി.
Kerala
വയനാട്: അമ്പലവയൽ പൊന്മുടികോട്ട മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ് മുൻദീർ എന്നിവരാണ് മലമുകളിൽ കുടുങ്ങിയത്.
ഞായറാഴ്ച രാത്രിയാണ് രക്ഷാദൗത്യം നടന്നത്. മലമുകളിലേയ്ക്ക് പോയ യുവാക്കൾക്ക് ഇരുട്ട് വീണതോടെ വഴിതെറ്റുകയും തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു.
ബത്തേരി ഫയർഫോഴ്സും അമ്പലവയൽ പോലീസും നാട്ടുകാരും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. രണ്ടര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ ആണ് യുവാക്കളെ കണ്ടെത്തിയത്.
District News
ചാലക്കുടി: വീരൻചിറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ കമ്പിവേലിയുടെ നെറ്റിൽ കുടുങ്ങിയ ഈനാംപേച്ചിയെ വനപാലകർ രക്ഷപ്പെടുത്തി . ഈനാംപേച്ചിയെ കണ്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ മധു , ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.ടി വിഷ്ണു ഫോറസ്റ്റ് വാച്ചർ നടരാജൻ, ചാലക്കുടി ഫോറസ്റ്റ് മൊബൈൽ പാർട്ടി വൈൽഡ്ലൈഫ് റെസ്ക്യൂവർ ദീപു, വാച്ചർ ഷിനോയ്, ഡ്രൈവർ ഷഫീക് എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്.
District News
എടത്വ: ലോക സര്പ്പദിനത്തില് മൂന്നു ദിവസമായി മീന്കൂട്ടില് അകപ്പെട്ട മൂര്ഖന് പാമ്പിനെ രക്ഷപ്പെടുത്തി. തലവടി രണ്ടാം വാര്ഡില് കാരിക്കുഴി മാമൂട്ടില് വീടിനു സമീപത്തെ മീന്കൂട്ടില് അകപ്പെട്ട മൂര്ഖന് പാമ്പിനെയാണ് സ്നേക്ക് റെസ്ക്യൂ പ്രവര്ത്തകൻ ചാര്ളി വര്ഗീസ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
മൂര്ഖന്പാമ്പ് കൂട്ടില് കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്പ്പെട്ട പ്രദേശവാസികള് പലരെയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിക്കാത്തതിനാല് അജിത് പിഷാരത്തിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്ദേശപ്രകാരം സ്ഥലത്തെത്തിയ സ്നേക്ക് റെസ്ക്യൂ പ്രവര്ത്തകൻ ചാര്ളി വര്ഗീസ് പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.
Kerala
കൊച്ചി: കോതമംഗലത്ത് കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി. ആനയെ മയക്കുവെടി വെക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് താത്കാലികമായി നിർത്തിവച്ച രക്ഷാപ്രവർത്തനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് വീണ്ടും ആരംഭിച്ചത്.
ഉച്ചയ്ക്ക് 2.30 ഓടെ ജെസിബിയുടെ സഹായത്തോടെ കിണറിന്റെ സൈഡ് ഇടിച്ച് ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു. കുട്ടമ്പുഴ പൂയംകുട്ടി കൂവപ്പാറയിൽ കട്ടായത്ത് അലിയാരുടെ പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലാണ് കാട്ടാന വീണത്. ആനയുടെ തുമ്പിക്കൈയ്ക്ക് മുറിവേറ്റിട്ടുള്ളതിനാൽ കാട്ടിലേക്ക് വിട്ടാലും തിരിച്ചു വരാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ഈ ഒറ്റയാനെ മയക്കുവെടി വെച്ച് ഇവിടെനിന്ന് കൊണ്ടുപോകണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചുനിന്നു. തുടർന്ന് ഉദ്യോഗസ്ഥർ നാട്ടുകാരെ അനുനയിപ്പിച്ച ശേഷമാണ് കിണറിടിച്ച് ആനയെ മുകളിലേക്ക് കയറ്റാനുള്ള നടപടികൾ പൂർത്തിയാക്കിയത്. മയക്കുവെടി വച്ചാൽ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ഇങ്ങനെ ആനയെ മാറ്റുന്നത് പ്രായോഗികമല്ലെന്നും ബോധ്യപ്പെടുത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
ആനയ്ക്ക് നേരിയ പരിക്കുകൾ ഉണ്ടെങ്കിലും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. കാട്ടിലേക്ക് കയറ്റി വിട്ട ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പ്രദേശത്ത് ഉടൻ തന്നെ ഫെൻസിംഗ് ഒരുക്കുമെന്നും ഇതോടെ പ്രദേശത്തെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാനാകുമെന്നും ഷിബു തെക്കുംപുറം എംഎൽഎ വ്യക്തമാക്കി.
International
കരാക്കസ്: വെനസ്വേലയിൽ ഇരട്ട ഭൂകമ്പത്തിൽ തകർന്ന ഷോപ്പിംഗ് മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ട് ദിവസത്തോളം കുടുങ്ങികിടന്ന ആളെ രക്ഷപ്പെടുത്തി. ഷോപ്പിംഗ് മാളിലെ സുരക്ഷാ ജീവനക്കാരനായ ഹെർനൻ അൽബെർട്ടോ ഗിൽ ഫ്ളോറസിനെ(43) ആണ് രക്ഷപ്പെടുത്തിയത്.
കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായിരുന്ന സുരക്ഷാ കാബിനിലായിരുന്നു ഹെർനൻ അൽബെർട്ടോ ദിവസങ്ങളോളം അഭയം പ്രാപിച്ചിരുന്നത്. രക്ഷാപ്രവർത്തനത്തിനിടെ സംഘം ഈ സുരക്ഷാ കാബിൻ കണ്ടെത്തി.
തുടർന്ന് ഇടുങ്ങിയ ദ്വാരത്തിലൂടെ ഇയാളുമായി സംസാരിച്ചു. ഭക്ഷണവും വെള്ളവും എത്തിച്ചു. 70 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആളെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സുരക്ഷാസേന അറിയിച്ചു.
കഴിഞ്ഞ ജൂൺ 24-ന് ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ 2,300-ലധികം പേരാണ് മരിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
തകർന്ന ഷോപ്പിങ് മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ രക്ഷപ്പെടുത്തി. 43-കാരനായ ഹെർനൻ അൽബെർട്ടോ ഗിൽ ഫ്ളോറസിനെയാണ് സുരക്ഷാസേന ജീവനോടെ പുറത്തെടുത്തത്.
International
കാരക്കസ്: ഇരട്ട ഭൂകമ്പം തകർത്തെറിഞ്ഞ വെനസ്വേലയിൽനിന്ന് പ്രത്യാശയുടെ പ്രകാശകിരണമായി അതിശയകരമായ ഒരു അതിജീവനവാർത്തയും. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന നവജാതശിശുവിനെയും അമ്മയെയും രക്ഷാപ്രവർത്തകർ അത്ഭുതകരമായി ജീവനോടെ പുറത്തെടുത്തു.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ വടക്കൻ ലാ ഗ്വൈറ പ്രവിശ്യയിലാണ് ദുരന്തത്തിന്റെ കറുത്ത ദിനങ്ങൾക്കിടയിലും ജനങ്ങൾക്ക് ആശ്വാസമേകുന്ന ഈ സംഭവം. തകർന്നുവീണ വൻ കോൺക്രീറ്റ് തൂണുകൾക്കും മൺകൂനകൾക്കും അടിയിൽനിന്നാണു രക്ഷാപ്രവർത്തകരും തദ്ദേശവാസികളും ചേർന്ന് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പരിക്കുകളൊന്നുമില്ലാതെ കണ്ടെത്തിയത്.
കോൺക്രീറ്റ് പാളികൾക്കിടയിലൂടെ കുഞ്ഞിന്റെ നേർത്ത കരച്ചിൽ കേട്ടതാണ് രക്ഷാപ്രവർത്തനത്തിൽ നിർണായകമായത്. തുടർന്ന് അത്യാധുനിക ഉപകരണങ്ങളും നാട്ടുകാരുടെ കൂട്ടായ ശ്രമവും ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ അവശിഷ്ടങ്ങൾ മാറ്റുകയായിരുന്നു. കുഞ്ഞിനെ ഉടൻതന്നെ സമീപത്തെ താത്കാലിക മെഡിക്കൽ ക്യാമ്പിലേക്കു മാറ്റുകയും വിദഗ്ധ പരിശോധനയ്ക്കുശേഷം ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു.
പൊടിപടലങ്ങളിൽ മൂടിയ കുഞ്ഞിനെ കാത്തുനിന്ന പിതാവിന്റെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ കണ്ടുനിന്നവർ കൈയടികളോടെയും ആനന്ദക്കണ്ണീരോടെയുമാണ് ആ നിമിഷത്തെ വരവേറ്റത്. ഈ വൈകാരിക നിമിഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ലോകമെമ്പാടുമുള്ള നെറ്റിസൺസ് ഇതിനെ ഒരു ‘ദൈവിക അത്ഭുതം’എന്നാണു വിശേഷിപ്പിച്ചത്.
കുഞ്ഞിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ തുടർന്ന വ്യാപക തെരച്ചിലിൽ ഏകദേശം ഒന്നര മണിക്കൂറിനുശേഷം കുഞ്ഞിന്റെ അമ്മയെയും അവശിഷ്ടങ്ങൾക്കിടയിൽനിന്നു ജീവനോടെ കണ്ടെത്തി.
ദുരന്ത ചരിത്രത്തിൽത്തന്നെ ഇത്രയും ദിവസങ്ങൾക്കുശേഷം ഒരു നവജാതശിശു അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ജീവനോടെ രക്ഷപ്പെടുന്നത് തികച്ചും അപൂർവമായ സംഭവമാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ആയിരക്കണക്കിന് ആളുകളെ കാണാതാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെനസ്വേലൻ ജനതയ്ക്ക് വലിയൊരു പ്രത്യാശയായി മാറിയിരിക്കുകയാണ് ഈ നവജാതശിശുവിന്റെയും അമ്മയുടെയും തിരിച്ചുവരവ്. നിലവിൽ പ്രദേശത്ത് അന്താരാഷ്ട്ര സംഘങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
മരിച്ചവരിൽ 40ലധികം വിദേശികളും
വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകന്പത്തിൽ മരിച്ചവരിൽ വിദേശികളുടെ എണ്ണം 40 ആയി. മരിച്ച വിദേശികളിൽ ഏറ്റവും കൂടുതൽ പേർ പോർച്ചുഗലിൽനിന്നുള്ളവരാണ്-28 പേർ.
ചൈന-ഏഴ്, സ്പെയിൻ അഞ്ച്, ബ്രസീൽ-രണ്ട്, ഇറ്റലി-ഒന്ന് എന്നിങ്ങനെയാണ് മരിച്ച മറ്റു വിദേശികളുടെ കണക്ക്. അഞ്ചു പൗരന്മാർ മരിച്ചതിനു പിന്നാലെ 119 പൗരന്മാരെ കാണാതാകുകയും ചെയ്തതായി സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങൾ അറിയിച്ചു.
International
മസ്കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷിച്ചു. മൂന്ന് ഇന്ത്യക്കാരെ കാണാനില്ല. കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു.
ബുധനാഴ്ച കപ്പൽ ആക്രമിക്കപ്പെട്ടതിലും ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയിൽ മിസൈൽ പതിച്ചാണ് കപ്പലിൽ തീപിടിത്തമുണ്ടായത്.
പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്.
24 ഇന്ത്യൻ നാവികരിൽ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മസ്കറ്റിലെ തങ്ങളുടെ എംബസി ഒമാനി അധികൃതരുമായി ചേർന്ന് തെരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നും അവർ അറിയിച്ചു.
International
ലാഗോസ്: ജിഹാദി ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയി തടവിലാക്കിയ 360 പേരെ നൈജീരിയൻ സുരക്ഷാസേന രക്ഷിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ മലനിരകളിലെ ഒളിത്താവളത്തിലാണ് ഇവരെ കണ്ടെത്തിയത്. മോചിതരായവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
ബോക്കാ ഹറാം ഭീകരസംഘടനയിൽനിന്നു ഭിന്നിച്ച് രൂപവത്കരിച്ച ജമാത്ത് അഹ്ലിസ് സുന്ന ലിദ്ദവാതി വൽ ജിഹാദ് (ജെഎഎസ്) എന്ന ഗ്രൂപ്പാണ് പല കാലങ്ങളിലായി പല സ്ഥലങ്ങളിൽനിന്ന് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് നൈജീരിയൻ വൃത്തങ്ങൾ പറഞ്ഞു. ബന്ദികളിൽ രണ്ടു കുട്ടികൾ അവശതമൂലം മരണപ്പെട്ടിരുന്നു.
ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്ത ദൗത്യസേന ഓപ്പറേഷൻ നടത്തിയാണ് ഇവരെ മോചിപ്പിച്ചത്. ജെഎഎസ് ഭീകരർ സ്ഥലത്തുനിന്ന് ഓടിപ്പോയെന്നും അറിയിപ്പിൽ പറയുന്നു.
Kerala
കോഴിക്കോട്: ഓടയിൽ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയർഫോഴ്സും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് പുഷ്പ ജംഗ്ഷനു സമീപത്തെ ഓടയിൽ കുടുങ്ങിയ ബംഗാൾ സ്വദേശിയായ അജയ് ഓറയോണിനെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഓടയിൽ നിന്ന് പുറത്തെടുത്തത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പുഷ്പ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുന്നിലൂടെ നടന്നുപോയ ഒരു സ്ത്രീയാണ് ഓടയിൽ ഒരാൾ അകപ്പെട്ടതായി കണ്ടത്. തുടർന്ന് ബീച്ച് അഗ്നിരക്ഷാ നിലയത്തിലും ചെമ്മങ്ങാട് പോലീസിലും വിവരമറിയിക്കുകയായിരുന്നു.
മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് സ്ലാബ് വശത്തേക്ക് മാറ്റി യുവാവിനെ പുറത്തെടുക്കുകയായിരുന്നു. അജയ് ഓറയോൺ എങ്ങനെയാണ് ഓടയ്ക്കുള്ളിൽ പെട്ടുപോയതെന്ന കാര്യം വ്യക്തമല്ല. ഓടയിൽ നിന്ന് പുറത്തെടുത്ത യുവാവിനെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
National
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം മൂന്നുനില വാണിജ്യ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരമാണ് സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലാജാബിലെ വെസ്റ്റേൺ മാർഗിൽ അപകടമുണ്ടായത്.
രവി(26) എന്നയാളാണ് മരിച്ചത്. ഗുരുഗ്രാം സ്വദേശി തരുൺ കുമാർ (26), ബിഹാറിലെ മോത്തിഹാരി സ്വദേശി സാഇക ഖാൻ (27), സൈദുലാജാബ് സ്വദേശി നീലം യാദവ് (25), സാകേത് സ്വദേശി ആദിത്യ ശർമ (24), നോയിഡ സ്വദേശി ക്ഷിതിജ് പ്രതാപ് (25), സാകേത് സ്വദേശി അനുജ് ദീക്ഷിത് (25), സൈദുലാജാബ് സ്വദേശി ആസ്ത (25), സാകേത് സ്വദേശി വിശാൽ (24) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ അവശിഷ്ടങ്ങൾക്കിടയിലുള്ള തിരച്ചിൽ തുടരുകയാണ്.
തകർന്നുവീണ കെട്ടിടത്തിൽ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു.
ഏഴുപേരെ ഫയർഫോഴ്സ്, ദേശീയ ദുരന്തനിവാരണ സേനയും ഡൽഹി ദുരന്തനിവാരണ അതോറിറ്റിയും ചേർന്നും രണ്ടുപേരെ പ്രാദേശികവാസികളുമാണ് രക്ഷപ്പെടുത്തിയത്
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ വൻ ഉരുൾപൊട്ടലിനെ തുടർന്ന് കേദാർനാഥ് തീർഥാടനപാതയിൽ കുടുങ്ങിയ പതിനായിരത്തിലധികം തീർഥാടകരെ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു.
മുൻകതിയ എന്ന് സ്ഥലത്ത് പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുടുങ്ങിപ്പോയ 10450 തീർഥാടകരെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.
ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് സോൻപ്രയാഗിനും ഗൗരീകുണ്ഡിനുമിടയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇതിനെത്തുടർന്ന് വൻതോതിൽ കല്ലും മണ്ണും ഒഴുകിയെത്തി ഹൈവേ പൂർണമായി തടസപ്പെടുകയും വലിയൊരു വിഭാഗം തീർഥാടകരും വാഹനങ്ങളും വഴിയിൽ കുടുങ്ങുകയുമായിരുന്നു. കനത്ത മഴയും ദുർഘടമായ മലയോരഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചു.
സംഭവത്തിനു തൊട്ടുപിന്നാലെ സംസ്ഥാന-ദേശീയ ദുരന്തനിവാരണ വിഭാഗങ്ങൾ സംയുക്തമായി രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ തീർഥാടകരെ താൽക്കാലികമായി ഒരുക്കിയ സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. തീർഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനു ശേഷം ഹൈവേയിലെ മണ്ണും കല്ലും നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി.
തീർഥാടനപാതയിലൂടനീളം ദുരന്തനിവാരണ സേന ജാഗ്രത പുലർത്തിയതിനാലാണ് വൻദരന്തം ഒഴിവാക്കാനായതെന്ന് എസ്ഡിആർഎഫ് കമൻഡാന്റ് അർപൻ യദുവംശി പറഞ്ഞു.
നിലവിൽ പാതയിലൂടെയുള്ള ഗതാഗതം സാധാരണനിലയിലാണെങ്കിലും ഹിമാലയൻ മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ തീർഥാടകർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
National
ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരിൽ ഒൻപത് പേരുമായി പോയ വഞ്ചി യമുനാ നദിയിൽ മുങ്ങി ആറ് പേരെ കാണാതായി. ഘാട്ടംപൂരിൽ നിന്ന് വരികയായിരുന്ന വഞ്ചിയാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വഞ്ചി മറിഞ്ഞതല്ലെന്നും തനിയെ നദിയിൽ താഴ്ന്നുപോവുകയായിരുന്നുവെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
നീന്തൽ അറിയാവുന്നവരാണ് രക്ഷപ്പെട്ടതെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു. കാണാതായവരിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. അഞ്ചിനും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് കാണാതായത്. തിരച്ചിൽ തുടരുകയാണ്.
National
ഷില്ലോംഗ്: മേഘാലയയിൽ മണ്ണിൽ കുഴിച്ചിട്ട നവജാത ശിശുവിനെ രക്ഷിച്ച് സ്കൂൾ വിദ്യാർഥികൾ. റി-ഭോയ് ജില്ലയിൽ മഹാതി പ്രദേശത്താണ് സംഭവം. സ്കൂൾ കുട്ടികളാണ് കുഞ്ഞിനെ മണ്ണിന് അടിയിൽ നിന്നും രക്ഷിച്ചത്.
ചെറിയ കുഴി കണ്ട് അസ്വഭാവികത തോന്നിയ കുട്ടികൾ മണ്ണ് മാറ്റിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ ഉടൻതന്നെ മഹാതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് അടിയന്തര വൈദ്യസഹായം നൽകി. കുഞ്ഞ് നിരീക്ഷണത്തിൽ തുടരുകയാണ്.
സമയോചിതമായ ഇടപെടൽ നടത്തി കുട്ടിയെ രക്ഷിച്ച സ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനപ്രവാഹമാണ്. അതേസമയം, ഈ സംഭവം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിഷയത്തിൽ പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്.
National
സുള്ള്യ: സുള്ള്യയിൽ കേരള അതിർത്തിക്കു സമീപമുള്ള ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ കർണാടക വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി കാടുകയറ്റി.
കഴിഞ്ഞദിവസം രാത്രിയാണ് 20 വയസ് തോന്നിക്കുന്ന കാട്ടാന വനാതിർത്തിക്കു സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ വെള്ളം ഏതാണ്ട് വറ്റിയ നിലയിലായിരുന്നു. രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനയെ കരകയറ്റിയത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനയ്ക്ക് കരകയറാൻ വഴിയൊരുക്കിയത്. കരയിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇവിടെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. വി. കരികാലൻ, ഡെപ്യൂട്ടി കൺസർവേറ്റർ അന്തോണി മാരിയപ്പ, അസി. കൺസർവേറ്റർ പ്രശാന്ത് കുമാർ പൈ, സുബ്ബയ്യ നായ്ക്, ബി.എം. കിരൺ, വിമൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
National
അഹമ്മദാബാദ്: ഗുജറാത്തിൽ കിണറിനുള്ളിൽ കുടുങ്ങിയ സിംഹത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. ഉന താലൂക്കിലെ നവബന്ധറിലെ വനപ്രദേശത്തിന് സമീപം 15 അടി താഴ്ചയുള്ള കിറണിനുള്ളിലാണ് സിംഹം കുടുങ്ങിയത്.
ഇര തേടിയിറങ്ങിയ സിംഹം അബദ്ധത്തിൽ വെള്ളം നിറഞ്ഞ കിണറ്റിൽ വീഴുകയായിരുന്നു. പുറത്ത് കടക്കാൻ പറ്റാതെ കിണറ്റിൽ കുടുങ്ങിയ സിംഹത്തെ പ്രദേശവാസികൾ കണ്ടു. തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ജസധർ വനം വകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുൽദീപ് ചൗഹാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് ധാരാളം ജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു.
ശരീരത്ത് കയർ കുടുക്കിട്ടാണ് സിംഹത്തെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. രക്ഷാപ്രവർത്തനം ഏകദേശം 30 മിനിട്ടോളം നീണ്ടു.
National
ഗാങ്ടോക്ക്: സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 1,321 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. മംഗൻ ജില്ലയിലെ ലാച്ചനിലാണ് കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരികൾ കുടുങ്ങിയത്.
മണ്ണിടിച്ചിലിൽ ഇവിടേക്കുള്ള റോഡ് പൂർണമായി തകർന്നതാണു സഞ്ചാരികൾ കുടുങ്ങാൻ കാരണം.
ദിവസങ്ങളായി വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായത്. രക്ഷപ്പെട്ടവരിൽ 1,321 വിനോദസഞ്ചാരികളും 84 പ്രദേശവാസികളും ഉൾപ്പെടുന്നുണ്ടെന്ന് മംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ പറഞ്ഞു.
സൈന്യം, പോലീസ്, ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ഒമ്പതുപേർക്ക് പരിക്ക്. ശനിയാഴ്ചയുണ്ടായ അപകടത്തിൽ രണ്ടുപേരെ കാണാതായി. പനാമ രജിസ്ട്രേഷനുള്ള കപ്പൽ ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി വിഴിഞ്ഞത്തെത്തിച്ചു. കൊല്ലം മരുതടിയിലെ ചിറക്കര പുതുവലിൽ രാജേഷ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
മത്സ്യബന്ധനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി കോസ്റ്റ് ഗാർഡ് തെരച്ചിൽ തുടരുകയാണ്.
Kerala
വാൽപ്പാറ: വാട്ടർ ടാങ്കിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. വില്ലോളി എസ്റ്റേറ്റിലെ ജീവനക്കാർക്കു കുടിവെള്ളം സംഭരിക്കുന്ന 12 അടി താഴ്ചയുള്ള ടാങ്കിലാണ് ആനക്കുട്ടി വീണത്. ഇന്നലെ രാവിലെ ആറിനാണു സംഭവം.
കാട്ടാനക്കൂട്ടത്തോടൊപ്പം പോകുമ്പോൾ ആനക്കുട്ടി ടാങ്കിലേക്കു വീഴുകയായിരുന്നു. ഇതോടെ അമ്മയാന ടാങ്കിനരികിൽത്തന്നെ നിലയുറപ്പിച്ചു. കുട്ടിയാന തനിയെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞെത്തിയ തമിഴ്നാട് വനം വകുപ്പ് അധികൃതർ മണ്ണിമാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിച്ച് ആറുമണിക്കൂറോളം പണിപ്പെട്ടാണു കുട്ടിയാനയെ കരയ്ക്കുകയറ്റിയത്.
National
ജംഷഡ്പുർ: രണ്ടാഴ്ചമുമ്പ് തട്ടിക്കൊണ്ടുപോയ വ്യവസായിയുടെ മകനെ ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽനിന്നു പോലീസ് രക്ഷപ്പെടുത്തി. ജംഷഡ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ദേവാംഗ് ഗാന്ധിയുടെ മകൻ കൈരവിനെയാണ് (24) പോലീസ് രക്ഷപ്പെടുത്തിയത്.
ഹസരിബാഗിലെ ബർഹിയിൽനിന്നാണ് യുവാവിനെ പോലീസ് കണ്ടെടുത്തത്. സെരായികെല-ഖർസ്വാൻ ജില്ലയിലെ ആദിത്യപുർ വ്യവസായ മേഖലയിൽനിന്നും 13നാണ് കൈരവിനെ തട്ടിക്കൊണ്ടുപോയത്.
പോലീസ് പിന്തുടരുന്നതായി മനസിലാക്കി പ്രതികൾ കൈരവിനെ ഹസാരിബാഗിലെ ചൗപരൻ-ബർഹി റോഡിൽ ഇറക്കിവിട്ടശേഷം രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്ന രാത്രിയിൽ ദേശീയപാത 33ലെ കണ്ടർബേഡ പ്രദേശത്തുനിന്ന് കൈരവിന്റെ കാർ പോലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.
District News
വെള്ളറട : പുഴയിൽ ചാടിയ പ്ലസ്ടു വിദ്യാർഥിനിയെ രക്ഷപ്പെടുത്തി. ഒറ്റശേഖരമംഗലത്തെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്ഥിനിയാണ് ഇന്നലെ രാവിലെ മണ്ഡപത്തിന്കടവ് പാലത്തിലെ കൈവരിയുടെ മുകളില്കയറി പുഴയിലേക്കു ചാടിയത്.
നിരവധി വാഹനങ്ങള് കടന്നുപോകുന്ന സമയമായതുകൊണ്ടും കുട്ടി ചാടുന്നത് യാത്രക്കാരുടെ ശ്രദ്ധയില് പെട്ടതുകൊണ്ടും നാട്ടുകാര് വേഗത്തില് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വെള്ളത്തില്നിന്നു കരകയറ്റുന്നതിനുള്ളില് ധാരാളം വെള്ളം കുട്ടി കുടിച്ച കുട്ടി അവശനിലയിലായി. തുടര്ന്നു കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ആര്യങ്കോട് സ്വദേശിനിയാണ് വിദ്യാർഥിനിയെന്ന് അറിയുന്നു.
ആര്യങ്കോടില്നിന്നും ബസ് കയറി ഒറ്റശേഖരമംഗലത്ത് ഇറങ്ങുന്നതിനുപകരം ഒരു കിലോമീറ്റര് അകലെ മണ്ഡപത്തിന്കടവ് ജംഗ്ഷനില് എത്തിയ ശേഷമാണ് നെയ്യാര് റിസര്വേയറില്നിന്നു വരുന്ന പുഴയില് വിദ്യാർഥിനി ചാടിയത്. വെള്ളം കൂടുതലും ആഴവുമുള്ള സ്ഥലത്താണു കുട്ടി ചാടിയതെങ്കിലും നാട്ടുകാരുടെ അവസരോചിത ഇടപെടല്കൊണ്ട് അപകടം ഇല്ലാതെ രക്ഷപെട്ടു. സ്കൂളില് പ്രശ്നങ്ങള് ഒന്നുമില്ലെന്ന് അധികൃതര് പറഞ്ഞു. വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസമാ കാം ഇതിനി പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അപകടനില തരണം ചെയ്തു.
Kerala
തിരുവനന്തപുരം: ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ പിന്നാലെ ചാടുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പോലീസിൽ കുടുംബം പരാതി നൽകാനിരിക്കെയാണ് സംഭവം.
വിദ്യാർഥിനി അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി രക്ഷപ്പെട്ടു. കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്.
അസദുള്ള എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയാണ് രക്ഷപ്പെട്ടത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള. പോലീസ് പ്രതിക്കായി ശക്തമായ അന്വേഷണം ആരംഭിച്ചു.