International
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ഞായറാഴ്ച ഒരു വ്യാജ ചിത്രം പോസ്റ്റ് ചെയ്തു. 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്' എന്ന് സ്വയം വിശേഷിപ്പിച്ചാണ് വിക്കിപീഡിയ സ്റ്റൈലിലുള്ള ഒരു എഡിറ്റഡ് ചിത്രം ട്രംപ് പോസ്റ്റ് ചെയ്തത്. 2026 ജനുവരിയില്‍ ചുമതലയേറ്റുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായും വിശേഷിപ്പിച്ചാണ് ചിത്രം. വെനസ്വേലയില്‍ ട്രംപിന് ഔദ്യോഗികമായി യാതൊരു പദവിയും ഇല്ലാത്ത സാഹചര്യത്തില്‍ ഇത് തമാശയോ പ്രകോപനമോ ഉദ്ദേശിച്ചുള്ള ഒരു ട്രോള്‍ ആണെന്നാണ് മിക്ക മാധ്യമങ്ങളും വിലയിരുത്തുന്നത്.
ജനുവരി ആദ്യം യുഎസ് നടത്തിയ സൈനിക ഓപ്പറേഷനിലാണ് മുന്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയയെയും പിടികൂടി യുഎസിലേക്ക് കൊണ്ടുവന്നത്. ഡ്രഗ് ട്രാഫിക്കിംഗ്, ഭീകരസംഘങ്ങളുമായുള്ള ബന്ധം എന്നിവയാണ് യുഎസ് മഡുറോയ്ക്ക് എതിരെ ആരോപിക്കുന്ന കുറ്റങ്ങൾ. ഇതിനുശേഷം വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റൊഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
International
വാഷിംഗ്ടൺ: ക്യൂബയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്ന് പറഞ്ഞ ട്രംപ് അധികം വൈകാതെ വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും അറിയിച്ചു.
വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ഡോണൾഡ് ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ക്യൂബയുമായി ബന്ധപ്പെട്ട തന്റെ പദ്ധതി എന്താണെന്ന് വ്യക്തമാക്കാൻ ട്രംപ് തയാറായിട്ടില്ല. ക്യൂബയെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന തന്ത്രമാണ് ട്രംപ് ആസൂത്രണം ചെയ്യുന്നതെന്നാണ് വിലയിരുത്തലുകൾ.
എന്നാൽ ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ രംഗത്തെത്തിയിട്ടുണ്ട്. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും, തങ്ങൾ എന്ത് ചെയ്യണമെന്ന് മറ്റാരും ആജ്ഞാപിക്കേണ്ടതില്ലെന്നും ഡയസ് കാനൽ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: സമാധാന നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിനോ മച്ചാഡോയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കും. മരിയ അമേരിക്കയിലെത്തുമെന്നാണ് സൂചന. കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതായി ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പത്നിയെയും അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്ന് ആഴ്ചകൾക്കുള്ളിലാണ് മരിയയും ട്രംപും നേരിട്ടു കാണുന്നത്. ഇരുവരും തമ്മിലുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയാകുമിത്. സമയം, സ്ഥലം, ചർച്ചാവിഷയം എന്നിവ സംബന്ധിച്ച് ഒരു വ്യക്തതയുമില്ല.
മഡുറോ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനു പിന്നാലെ വെനസ്വേലയുടെ ഭരണം മരിയയെ ഏൽപ്പിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. മരിയയ്ക്ക് അതിനുള്ള ശേഷിയും പിന്തുണയും ഇല്ലെന്നാണ് ട്രംപ് പറഞ്ഞത്. മഡുറോയുടെ വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റൊഡ്രിഗസ് വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റത് ട്രംപിന്റെ അനുഗ്രഹാശിസുകളോടെയാണെന്നും സൂചനയുണ്ട്.
അതേസമയം, വെനസ്വേലൻ ഭരണം പ്രതിപക്ഷത്തെ ഏൽപ്പിക്കണമെന്ന് മരിയ ആവശ്യപ്പെട്ടിരുന്നു. മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയ ട്രംപിന് മരിയ നന്ദി പറഞ്ഞു. തനിക്കു കിട്ടിയ സമാധാന നൊബേൽ പുരസ്കാരം ട്രംപുമായി പങ്കുവയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ ട്രംപിന്റെ വെനസ്വേലൻ നീക്കങ്ങൾ ജനാധിപത്യത്തെ ഉദ്ധരിക്കാനല്ല, എണ്ണസന്പത്ത് ലക്ഷ്യമിട്ടാണെന്നു വ്യക്തമായതോടെ വെനസ്വേലൻ പ്രതിപക്ഷം നിരാശയിലാണെന്നും റിപ്പോർട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎസ്. ഈ ആഴ്ച തന്നെ തലസ്ഥാനമായ കാരക്കാസില്‍ എംബസിയുടെ പ്രവർത്തനം പുനഃരാരംഭിക്കാനാണ് നീക്കം.
യുഎസിൽ നിന്നുള്ള നയതന്ത്ര സംഘം ഉടൻ വെനസ്വേലയിൽ എത്തും. എയർഫോഴ്സ് വണ്ണിലെ യാത്രക്കിടെ മാധ്യമപ്രവർത്തകർ എംബസി വീണ്ടും തുറക്കാനുള്ള സാധ്യതയെക്കുറിച്ച് ട്രംപിനോട് ചോദിച്ചിരുന്നു. തങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.
നേരത്തെ 1995ലാണ് വെനസ്വേലയിലെ യുഎസ് എംബസി ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. 2019-ൽ യുഎസ് ഇവിടത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് അയൽരാജ്യമായ കൊളംബിയയിലാണ് യുഎസ് എംബസി പ്രവർത്തിച്ചിരുന്നത്.
മഡുറോയെ സ്ഥാനത്ത്നിന്ന് നീക്കിയതിനു പിന്നാലെയാണ് യുഎസ് നയതന്ത്ര നീക്കം ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിനു പിന്നാലെ വെനസ്വേലയ്ക്ക് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കാൻ ട്രംപ് വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
വെനസ്വേലയെ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ അനുവദിക്കുന്നതിന് മുൻപായി ഈ രാജ്യങ്ങളെ പുറത്താക്കണമെന്നും എണ്ണ ഉത്പാദനത്തിൽ യുഎസുമായി മാത്രം പങ്കാളിത്തം പുലർത്തണമെന്നും ക്രൂഡ് ഓയിൽ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
തുടർന്നുളള നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ വെനസ്വേലയ്ക്ക് സ്വന്തം എണ്ണ കുഴിച്ചെടുക്കുവാൻ സാധിക്കുകയുള്ളു എന്നും ട്രംപ് മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നല്കി.
വെനസ്വേലയിൽ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്നത് ചൈനയാണ്, നിലവിൽ ചൈനയുമായി നല്ല ബന്ധത്തിലുമാണ് നിലവിലെ ഇടക്കാല ഭരണകൂടം.
International
ന്യൂയോർക്ക്: അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്നു ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിഷേധിച്ചു. മഡുറോയ്ക്കൊപ്പം കോടതിയിലെത്തിച്ച പത്നി സീലിയ ഫ്ലോറസും കുറ്റങ്ങൾ നിഷേധിച്ചു.
തടവുപുള്ളികളുടെ വേഷം ധരിപ്പിച്ചും ചങ്ങലയിൽ ബന്ധിച്ചുമാണു വെനസ്വേലൻ പ്രസിഡന്റിനെ ന്യൂയോർക്ക് ഫെഡറൽ കോടതിയിലെത്തിച്ചത്. ജഡ്ജി ആൽവിൻ ഹാളർസ്റ്റെയിൻ മഡുറോയ്ക്കും സീലിയയ്ക്കും എതിരായ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചു.
“ഞാൻ നിരപരാധിയാണ്. ഇവിടെ പറഞ്ഞിട്ടുള്ള ഒന്നിലും ഞാൻ കുറ്റക്കാരനല്ല. ഞാൻ നല്ല മനുഷ്യനാണ്, എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്”- മഡുറോ ദ്വിഭാഷിയുടെ സഹായത്തോടെ കോടതിയിൽ പറഞ്ഞു. പൂർണ നിരപരാധിയാണെന്നു സീലിയ ഫ്ലോറസും പറഞ്ഞു. കേസിൽ അടുത്ത വാദം നടക്കുന്ന മാർച്ച് 17 വരെ വെനസ്വേലൻ പ്രസിഡന്റിനെയും പത്നിയെയും തടവിൽ സൂക്ഷിക്കാൻ ജഡ്ജി ഉത്തരവിട്ടു.
മഡുറോയ്ക്കും സീലിയയ്ക്കും എതിരേ ചുമത്തിയ 25 പേജുള്ള കുറ്റപത്രം പുറത്തുവിട്ടിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ച മഡുറോ അമേരിക്കയിലേക്കു ടൺ കണക്കിനു കൊക്കെയ്ൻ കയറ്റി അയയ്ക്കാൻ സഹായം നല്‍കിയെന്നതാണു പ്രധാന കുറ്റം. മയക്കുമരുന്നുകടത്തിന് തടസം നിന്നവരെയും പണം നല്‍കാനുള്ളവരെയും തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയെന്ന ആരോപണവുമുണ്ട്. തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ കേസ് വാദിച്ച ബാരി ജോയൽ പൊള്ളാക്ക് ആണ് മഡുറോയുടെ അഭിഭാഷകൻ. ബാരിയെ മഡുറോ അഭിഭാഷകനായി തെരഞ്ഞെടുത്തുവെന്നാണു കോടതി രേഖകളിൽ പറയുന്നത്.
മഡുറോയെ അമേരിക്കൻ പട്ടാളം തട്ടിക്കൊണ്ടുവന്നതാണെന്നും മറ്റൊരു രാജ്യത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ അദ്ദേഹത്തിനു വിചാരണാ നടപടികളിൽനിന്നു നിയമസംരക്ഷണം ഉണ്ടെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ട്. മഡുറോയുടെ കേസിൽ ഈ വാദത്തിലൂന്നിയായിരിക്കും അഭിഭാഷകൻ തുടർന്നും വാദം നടത്തുകയെന്നാണു സൂചന.
അതേസമയം, 2024ലെ വെനസ്വേലൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോയുടെ ജയം അംഗീകരിക്കാൻ അമേരിക്ക തയാറാകാത്തതിനാൽ ഈ വാദം നിലനിൽക്കാൻ സാധ്യതയില്ല.
1990ൽ അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്ന പാനമാ പട്ടാള മേധാവി മാനുവേൽ നൊരിയേഗയും അമേരിക്കൻ കോടതിയിൽ അഭിഭാഷകനെ വച്ചു കേസ് വാദിച്ചെങ്കിലും ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുകയാണുണ്ടായത്.
International
ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നന്ദി പറഞ്ഞ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ.
തനിക്കു ലഭിച്ച സമാധാന നൊബേൽ പുരസ്കാരം ട്രംപുമായി പങ്കിടുമെന്നും അമേരിക്കൻ ടിവി ചാനലിനു നല്കിയ അഭിമുഖത്തിൽ മരിയ പറഞ്ഞു.
സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ച ഒക്ടോബർ 10നു ശേഷം ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് മരിയ വ്യക്തമാക്കി. നൊബേൽ വെനസ്വേലൻ ജനതയ്ക്കു ലഭിച്ച പുരസ്കാരമാണ്. അതു ട്രംപിനു നല്‍കാനും പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നു.
വെനസ്വേലയിലേക്ക് ഉടൻ മടങ്ങാനാഗ്രഹിക്കുന്നതായി മരിയ വെളിപ്പെടുത്തി. വെനസ്വേലയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും മരിയ ആവശ്യപ്പെട്ടു.
അതേസമയം, മഡുറോ പുറത്താക്കപ്പെട്ട വെനസ്വേലയിൽ മരിയയുടെ ഭരണം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണം നടത്താനുള്ള ശേഷി മരിയയ്ക്കില്ലെന്നും വെനസ്വേലയിൽ മരിയയെ ആരും ബഹുമാനിക്കുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.
സമാധാന നൊബേൽ ലഭിക്കാത്തതിൽ ട്രംപിന് മരിയയോടു നീരസമുള്ളതായി റിപ്പോർട്ടുണ്ട്. പുരസ്കാരം വേണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മരിയ പുരസ്കാരം ത്യജിച്ച് തനിക്കു കൈമാറുമെന്നുവരെ ട്രംപ് ആശിച്ചിരുന്നത്രേ!
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിലെ പുതിയ പ്രസിഡന്റ് ഡെൽസി റൊഡ്രിഗസിനു മുന്നറിയിപ്പു നല്കി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ശരിയായ കാര്യങ്ങളേ ഡെൽസി ചെയ്യാവൂ എന്നും അല്ലെങ്കിൽ മഡുറോയുടേതിനേക്കാൾ വലിയ വില നല്‍കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, വെനസ്വേലൻ വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റൊഡ്രിഗസ് ഇന്നലെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റായിരുന്ന നിക്കൊളാസ് മഡുറോയെ അമേരിക്കൻ സേന തട്ടിക്കൊണ്ടുപോയ പശ്ചാത്തലത്തിൽ വെനസ്വേലൻ സുപ്രീംകോടതി ഡെൽസിക്കു പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നു. വെനസ്വേലൻ സേനയുടെ പിന്തുണയും ഡെൽസിക്കുണ്ട്.
ഡെൽസി ഞായറാഴ്ച നടത്തിയ ആദ്യ കാബിനറ്റ് യോഗത്തിൽ അമേരിക്കയോട് അനുരഞ്ജന, സഹകരണ മനോഭാവം പ്രകടിപ്പിച്ചിരുന്നു. വികസനകാര്യത്തിൽ വെനസ്വേലയുമായി സഹകരിക്കാൻ അമേരിക്കയെ ക്ഷണിക്കുന്നുവെന്നാണ് അവർ പറഞ്ഞത്.
അതേസമയം, ഡെൽസി റൊഡ്രിഗസ് ശരിയായ കാര്യങ്ങൾ ചെയ്യണമെന്ന് ഒരഭിമുഖത്തിൽ ട്രംപ് നിർദേശിച്ചു. അല്ലെങ്കിൽ ഡെൽസി വലിയ വില നല്‍കേണ്ടിവരും. ചിലപ്പോൾ മഡുറോയുടേതിനേക്കാൾ വലിയ വില നല്‍കേണ്ടിവരും. അമേരിക്കയുടെ വെനസ്വേലൻ നടപടിയെ ഭരണകൂട അട്ടിമറിയെന്നോ അല്ലെങ്കിൽ മറ്റെന്തുവേണമെങ്കിലും വിളിക്കാം. പക്ഷേ, സംഭവിച്ചതെല്ലാം നല്ലതിനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വെനസ്വേലയുടെ നടത്തിപ്പ് അമേരിക്കയ്ക്കായിരിക്കുമെന്നും അമേരിക്കൻ കന്പനികൾ വെനസ്വേലയിൽ പ്രവർത്തനം തുടങ്ങുമെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ മഡുറോയെ അമേരിക്ക പിടിച്ചുകൊണ്ടുപോയശേഷം വെനസ്വേലൻ ഭരണകൂടത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മഡുറോയുടെ അനുയായികൾതന്നെയാണു ഭരണം നിയന്ത്രിക്കുന്നത്.
International
വാഷിംഗ്ടൺ: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സൈനിക മേഖലയിൽ അതീവസുരക്ഷയുള്ള വസതിയിൽനിന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടാൻ യുഎസ് കമാൻഡോകൾ നടത്തിയത് മാസങ്ങൾ നീണ്ട പരിശീലനവും തയാറെടുപ്പും. ഇതിനായി മഡുറോയുടെ വസതിയുടെ പൂർണരൂപംതന്നെ നിർമിച്ച് അവിടെ കമാൻഡോകൾ മാസങ്ങൾ പരിശീലനവും തയാറെടുപ്പും നടത്തി.
സാഹസിക നീക്കം
യുഎസ് കമാൻഡോ വിഭാഗമായ ഡെൽറ്റ ഫോഴ്സ് ഇരുട്ടിന്റെ മറവിൽ നടത്തിയ അതിസാഹസിക നീക്കത്തിലൂടെയാണ് ഇരുവരെയും പിടികൂടിയത്. ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്നു പേരിട്ട ദൗത്യത്തിൽ പങ്കെടുത്തത് 150 യുദ്ധവിമാനങ്ങളാണ്. അമേരിക്കയ്ക്കു മാത്രം ചെയ്യാൻ കഴിയുന്ന ധീരമായ പ്രവൃത്തിയെന്നായിരുന്നു ഈ ദൗത്യത്തെ സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത്.
മാസങ്ങളോളം നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷമാണ് യുഎസ് സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് ആക്രമണത്തിനു ഇറങ്ങിയത്. യുഎസ് കോൺഗ്രസിനെ അറിയിക്കാതെയായിരുന്നു നീക്കങ്ങൾ.
രഹസ്യാന്വേഷണം
ജനുവരി ഒന്നിനു രാത്രി 10.46നാണ് സൈനികനീക്കത്തിനു ട്രംപ് അനുമതി നൽകിയത്. വ്യോമ, കര, നാവിക, ബഹിരാകാശ, ഇന്റലിജൻസ് വിഭാഗങ്ങൾ ഒരുമിച്ചുചേർന്നായിരുന്നു നീക്കം. എഫ്-22, എഫ്-35, എഫ്-18, ഇഎ-18, ഇ-2, ബി-1 തുടങ്ങിയ യുദ്ധവിമാനങ്ങളും സഹായത്തിനു മറ്റു വിമാനങ്ങളും ഉണ്ടായിരുന്നു. മാത്രമല്ല, നിരവധി ഡ്രോണുകൾ പറത്തി മഡുറോയുടെ വസതിയിലെ തത്സമയ രഹസ്യങ്ങൾ ഒപ്പിയെടുത്തു. സിഐഎ, എൻഎസ്എ, ഡിഐഎ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹകരണവും സംഭാവനയുമാണ് ഏറ്റവും ഗുണം ചെയ്തതെന്നു കെയ്ൻ പറഞ്ഞു.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ച 2.01 ഓടെയാണ് യുഎസ് കമാൻഡോ സംഘം ഹെലികോപ്റ്ററുകളിൽ മഡുറോയുടെ വസതിയുടെ വളപ്പിനുമുകളിൽ എത്തിയത്. അതിവേഗത്തിലും കൃത്യതയോടെയും നിലത്തിറങ്ങിയ സൈന്യം ആദ്യം ചെയ്തത് മഡുറോയുടെ സുരക്ഷാസൈന്യത്തെ തുരത്തുകയെന്നതായിരുന്നു. ഒരു കോട്ട പോലെ പ്രവർത്തിക്കുന്ന കൊട്ടാരസദൃശ്യമായ വസതിയിൽ കനത്ത സംരക്ഷണയിലാണു മഡുറോ കഴിഞ്ഞിരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. ഈ വസതിയുടെ പൂർണ രൂപമാണ് പരിശീലനത്തിനായി യുഎസ് സൈന്യം നിർമിച്ചത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പതറി. നിരവധി പേർ കൊല്ലപ്പെട്ടു.
മുറി തകർക്കാനും സംവിധാനം
ആവശ്യമെങ്കിൽ അതിസുരക്ഷാ മുറികൾ തകർക്കാനുള്ള സംവിധാനങ്ങളും സൈന്യം കരുതിയിരുന്നു. എന്നാൽ, വെറും അരമണിക്കൂറിനുള്ളിൽ മഡുറോയെയും ഭാര്യയെയും സൈന്യം കസ്റ്റഡിയിലെടുത്തു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും വാതിൽ തകർത്ത് അകത്തുകയറി വലിച്ചിഴച്ചാണു പുറത്തേക്കു കൊണ്ടുപോയതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
മഡുറോയെ അതീവ സുരക്ഷിതമായി രാജ്യത്തിനു പുറത്തെത്തിക്കുകയായിരുന്നു സൈനികനീക്കത്തിന്റെ സുപ്രധാന ലക്ഷ്യമെന്നു ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. ഇതിനായി യുദ്ധവിമാനങ്ങൾ വ്യത്യസ്ത ഭാഗങ്ങളിൽനിന്നു പറന്നുയർന്നു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
പരസ്പര ധാരണയോടെയും സഹകരണത്തോടെയുമായിരുന്നു ഒാപ്പറേഷൻ. ഏതെങ്കിലുമൊരു ഘട്ടത്തിൽ ചെറിയൊരു പിഴവ് സംഭവിച്ചിരുന്നെങ്കിൽ ദൗത്യം പൂർണമായും പരാജയപ്പെടുമായിരുന്നെന്നും കെയ്ൻ ചൂണ്ടിക്കാട്ടി.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയുടെ ദൈനംദിന ഭരണത്തിനു അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് തിരുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഒരു യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വെനസ്വേലയുടെ എണ്ണയെ സമ്മർദ തന്ത്രമാക്കി നിലനിർത്തി ലഹരികടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം കൊണ്ടുവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
യോഗ്യതയുള്ള നേതാവിനെ തെരഞ്ഞെടുക്കുംവരെ വെനസ്വേലയുടെ ഭരണം അമേരിക്ക നടത്തുമെന്ന യുഎസ് പ്രസിഡന്റിന്റെ പരാമർശത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി തിരുത്തി. ട്രംപ് ഉദ്ദേശിച്ചത് നിലവിലുള്ള ഉപരോധങ്ങൾ ഫലപ്രദമായി നടപ്പിലാക്കും എന്നാണെന്ന് റൂബിയോ വ്യാഖാനിച്ചു.
പരിമിതമായ ഇടപെടലുകൾ മാത്രമെ വെനസ്വേലയിൽ യുഎസ് ലക്ഷ്യമിടുന്നുള്ളു എന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. നിക്കോളാസ് മഡുറോയെ പിടികൂടിയശേഷം വെനസ്വേലയിൽ ദീർഘകാല വിദേശ ഇടപെടലിനു അമേരിക്ക മുതിരുമോ എന്ന മേഖലയിലെ മറ്റു രാജ്യങ്ങളുടെ ആശങ്ക ലഘൂകരിക്കാൻ കൂടി ലക്ഷ്യമിട്ടായിരിക്കണം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പുതിയ നിലപാട് പ്രഖ്യാപനം. വെനസ്വേലയുടെ എണ്ണ ടാങ്കറുകൾ ഉപരോധിക്കുന്നത് തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.
International
ന്യൂയോർക്ക്: സൈനികനീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടിയ അമേരിക്കൻ നടപടി യുഎൻ തത്വങ്ങളുടെ ലംഘനമാണെന്ന വിമർശനം പരക്കേ ഉയരുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റേതു നിയമവിരുദ്ധ നടപടിയാണെന്നാണ് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു.
വെനസ്വേലയിലാകട്ടെ മഡുറോയെ പിന്തുണച്ചും യുഎസ് നടപടിയെ സ്വാഗതം ചെയ്തും പ്രകടനങ്ങൾ നടന്നു. ട്രംപിന്റേത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും യുക്രെയ്നെ കീഴടക്കാൻ തക്കം പാർത്തു കഴിയുന്ന റഷ്യക്കും തായ്വാനെ കീഴടക്കാൻ കാത്തുകഴിയുന്ന ചൈനയ്ക്കും ഉത്തേജനം പകരുന്നതാണ് ഈ നടപടിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വേണ്ടിവന്നാൽ വെനസ്വേലയിലേതുപോലെ ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്കും കടന്നുകയറുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അസ്വസ്ഥതയ്ക്കിടയാക്കിയിട്ടുണ്ട്. മൂന്നു രാജ്യങ്ങളും ജാഗ്രതാനിർദേശം നൽകുകയും അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തത് ജനങ്ങൾക്കിടയിലും ഭീതി വർധിപ്പിക്കുന്നു.
Kerala
കണ്ണൂർ: വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും അമേരിക്കൻ സൈന്യം പിടികൂടിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്ക കാണിച്ചത് തെമ്മാടിത്തമാണെന്നും വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെനസ്വേലയുടെ പ്രസിഡന്റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണെന്ന് പിണറായി ചോദിച്ചു. രാജ്യത്തിന്റെ അതിർത്തി എവിടെയാണെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും ബന്ധിയാക്കി.
അമേരിക്കൻ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ പരമാധികാരത്തിൽ അമേരിക്ക കടന്നുകയറിയിട്ടും അതിനെ വിമർശിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെയും പിണറായി വിമർശിച്ചു.
ഇന്ത്യയുടെ ശബ്ദം നേരത്തേ മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പമായിരുന്നു. സാമ്രാജ്യത്വത്തിന് എതിരായിരുന്നു. എന്നാൽ ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്ദിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെന്നും പിണറായി പറഞ്ഞു.
International
വാഷിംഗ്ടൺ: യുഎസ് ബന്ദികളാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയയെയും ബ്രൂക്ക്ലിനിലെ കുപ്രസിദ്ധമായ മെട്രോപ്പോലിറ്റൻ തടവറയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. യുഎസ് ലഹരി വിരുദ്ധ വിഭാഗം ആസ്ഥാനത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇരുവരെയും തടവറയിലാക്കിയത്.
ഇരുവരെയും തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. ലഹരിക്കടത്തിലൂടെയുള്ള തീവ്രവാദം, യുഎസിലേക്ക് ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങളിൽ ഇവരെ വിചാരണ ചെയ്യും.
ഇതിനിടെ, അതിനിടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി വെനസ്വേലൻ സുപ്രീം കോടതി നിയമിച്ചു. രാജ്യത്തെ പ്രതിരോധിക്കുന്നതിനും ഭരണപരമായ തുടർച്ചയ്ക്കുമായി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാൻ ഡെൽസിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
അതേസമയം, നിക്കോളാസ് മഡൂറോ തന്നെയാണ് പ്രസിഡന്റ് എന്ന് ഡെൽസി റോഡ്രിഗസ് ആവർത്തിച്ചു. ഒരു രാജ്യത്തിന്റെയും കോളനിയാകാൻ വെനസ്വേല ഇല്ലെന്നും ബഹുമാനം ലഭിക്കാത്ത ഒരിടത്തും ചർച്ചകൾക്കില്ലെന്നും അവർ വ്യക്തമാക്കി.
International
ന്യൂയോർക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിൽ എത്തിച്ചു. അമേരിക്കൻ ലഹരിവിരുദ്ധ സേനയുടെ താവളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും.
ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
മഡൂറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അധികാരം ഏറ്റെടുത്തേക്കും. അതേസമയം അമേരിക്കൻ അധിനിവേശത്തിൽ കരുതലോടെയാണ് ലോകരാജ്യങ്ങളുടെ പ്രതികരണം.
International
ബെയ്ജിംഗ്: സമീപഭാവിയിൽ വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ള ചൈനീസ് പൗരന്മാർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പൗരന്മാർക്ക് നിർദേശം നൽകി ചൈന. വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും റാഞ്ചിയ യുഎസ് നീക്കത്തിനു പിന്നാലെയായിരുന്നു ചൈന പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്.
വെനസ്വേലയിലുള്ള ചൈനീസ് പൗരന്മാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും സംഘർഷ മേഖലകളിൽ നിന്നും തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയും പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
International
ഒസ്ലോ: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതിനു പിന്നാലെ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ.
നോർവെയിലെ ഒസ്ലോയിൽ പ്രവാസജീവിതം നയിക്കുന്ന മരിയ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷസ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലെസ് ഉറുട്ടിയ എത്രയും വേഗം പ്രസിഡന്റായി ഭരണഘടനാപരമായ ചുമതല ഏറ്റെടുക്കണമെന്നു മരിയ ആവശ്യപ്പെട്ടു. വെനസ്വേലക്കാർക്കു സ്വാതന്ത്ര്യത്തിന്റെ മണിക്കൂർ സമാഗതമായിരിക്കുകയാണെന്നും അവർ പ്രഖ്യാപിച്ചു.
മഡുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 2024 ജൂലൈയിലെ വിവാദമായ തെരഞ്ഞെടുപ്പിനെത്തുടർന്ന് പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്.
ആദ്യം അമേരിക്കയിലായിരുന്ന അവർ പിന്നീട് നോർവേയിൽ എത്തുകയായിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം അധികാരത്തിലേറുമെന്ന് പൊതുവെ കരുതപ്പെട്ടെങ്കിലും നാഷണൽ ഇലക്ടറൽ കൗൺസിൽ മഡുറോയെ വിജയിയായി പ്രഖ്യാപിച്ചു.
സൈബർ ആക്രമണം മൂലം പോളിംഗ് സ്റ്റേഷനുകളിൽനിന്നുള്ള കൃത്യമായ കണക്ക് ഇലക്ടറൽ കൗൺസിൽ പ്രസിദ്ധീകരിച്ചില്ല. പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയെ അയോഗ്യയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് അവസാന നിമിഷമാണു എഡ്മുണ്ടോ ഗോൺസാലെസ് ഉറുട്ടിയയെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രതിപക്ഷം പ്രഖ്യാപിച്ചത്.
Leader Page
കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇന്നലെ വെനസ്വേലയിൽനിന്നു ലോകം ശ്രവിച്ചത്. ഏറെനാളായി നിഴലിച്ചിരുന്ന യുദ്ധഭീതിക്കൊടുവിൽ വെനസ്വേലൻ മണ്ണിൽ നേരിട്ടു പ്രഹരമേൽപ്പിച്ചിക്കുകയാണ് അമേരിക്ക. മാത്രമല്ല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യസീലിയ ഫ്ളോറസിനെയും ബെഡ്റൂമിൽ കടന്നുചെന്ന് വലിച്ചിഴച്ച് കൈയാമം വച്ച് രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. യുക്രെയ്നെതിരേ റഷ്യ നിർബാധം തുടരുന്ന ആക്രമണം അവസാനിപ്പിക്കാൻ കാര്യമായ നടപടിയൊന്നും സ്വീകരിക്കാത്ത ട്രംപ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ വെനസ്വേലയെ ആക്രമിച്ചത് ഒരുപാട് സംശയങ്ങൾ ബാക്കിവയ്ക്കുന്നുണ്ട്.
ലോകമാധ്യമങ്ങൾ ഗാസ സംഘർഷത്തിന്റെയും യുക്രെയ്ൻ-റഷ്യ സംഘർഷത്തിന്റെയും പിന്നാലെയായിരിക്കെ വെനസ്വേലയെ ലക്ഷ്യമിട്ടു വ്യക്തമായ ലക്ഷ്യത്തോടെ അമേരിക്ക പദ്ധതികൾ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഇതിന്റെ പര്യവസാനമാണ് ഇന്നലെ കണ്ടത്. വെനസ്വേലയുടെ വിവിധ ഭാഗങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ഒരേസമയം ആക്രമിച്ചതിനു പുറമെയാണ് തലസ്ഥാനനഗരിയായ കാരക്കാസിലെ പ്രസിഡന്റിന്റെ വസതിയിൽ ഡെൽറ്റാ ഫോഴ്സ് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി വിമാനത്തിൽ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇരുവരും ന്യൂയോർക്കിലെ സൈനികകേന്ദ്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്ന്, അനധികൃത കുടിയേറ്റം തുടങ്ങിയവയാണ് വെനസ്വേലയ്ക്കെതിരേ അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഇതിനു മറുപടി ഒരു പരമാധികാര രാജ്യത്തു കടന്നുകയറി ആ രാജ്യത്തിന്റെ ഭരണാധികാരിയെ പിടികൂടുകയെന്നതാണോയെന്ന് സംശയമുയരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണെങ്കിൽ എന്തേ ചൈന, ഉത്തരകൊറിയ, റഷ്യ, ബലാറൂസ് തുടങ്ങിയ രാജ്യങ്ങൾക്കെതിരേ അമേരിക്ക നടപടിയെടുക്കാത്തത് എന്ന ചോദ്യവുമുയരുന്നു.
അമേരിക്കയുടെ നോട്ടപ്പുള്ളി
കഴിഞ്ഞവർഷം ജനുവരി 20ന് രണ്ടാമത് പ്രസിഡന്റായി സ്ഥാനമേറ്റശേഷം വൈകാതെതന്നെ വെനസ്വേല ട്രംപ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. മഡുറോയുടെ സര്‍ക്കാരിനെതിരേ നടപടികള്‍ കടുപ്പിച്ചതിനു പുറമെ വെനസ്വേലയ്ക്കെതിരേ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് പലതവണ മുന്നറിയിപ്പും നല്കി. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം പലതവണ ആക്രമിച്ചു. 30 ആക്രമണങ്ങളിലായി 107 പേരാണു കൊല്ലപ്പെട്ടത്. ആക്രമണസൂചന നൽകി കരീബിയൻ കടലിൽ യുദ്ധക്കപ്പലുകളടക്കം അയച്ച് വൻതോതിൽ സൈനികവിന്യാസവും നടത്തി. യുഎസ്-വെനസ്വേല യുദ്ധമുണ്ടായാൽ അതിനു കാരണക്കാരനായി ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നത് ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേല ഭരിക്കുന്ന മഡുറോയെയായിരുന്നു.
2020ൽ അമേരിക്ക മഡുറോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ മയക്കുമരുന്ന്, തീവ്രവാദം എന്നിവയുള്ള രാജ്യമായി മുദ്രകുത്തിയിരുന്നു. അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നതായിരുന്നു അമേരിക്കൻ നടപടിക്കു പിന്നിൽ. കഴിഞ്ഞ വർഷം മുതൽ അമേരിക്ക വെനസ്വേലയ്ക്കെതിരായ ഇന്ധന ഉപരോധം പുനഃസ്ഥാപിച്ചിരുന്നു.
വിവാദമായ തെരഞ്ഞെടുപ്പു വിജയം
രാജ്യാന്തരതലത്തിൽ മഡുറോയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം മൂന്നാമതും അധികാരമേറ്റത്. വ്യാപക ക്രമക്കേട് നടത്തിയാണ് 2024 ജൂലൈയിൽ മഡുറോ വീണ്ടും അധികാരത്തിലേറിയതെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ നിരവധി പാശ്ചാത്യരാജ്യങ്ങളാണ് വെനസ്വേലയ്ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് അന്താരാഷ്ട്രസമൂഹം തള്ളിയിരുന്നു. നിലവിൽ ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധങ്ങളുണ്ടെങ്കിലും വലിയ രീതിയിൽ ഒറ്റപ്പെട്ടുതന്നെയാണ് വെനസ്വേലയുള്ളത്. മഡുറോയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത വിദേശ നേതാക്കൾ ക്യൂബ, നിക്കരാഗ്വ പ്രസിഡന്റുമാർ മാത്രമായിരുന്നു.
വെനസ്വലൻ വോട്ടർമാരുടെ നിലപാട് പ്രതിഫലിക്കാത്ത തെരഞ്ഞെടുപ്പുഫലമെന്നായിരുന്നു മഡുറോയുടെ മൂന്നാമൂഴത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചത്. 25 വർഷം നീളുന്ന ചാവിസ്മോ പ്രത്യയ ശാസ്ത്രത്തിന് അന്ത്യം വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങൾ. 2013ൽ മഡുറോ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ ജിഡിപി 80 ശതമാനം ഇടിഞ്ഞിരുന്നു. മൂന്നു കോടി ജനങ്ങളാണ് ഇതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയത്.
International
വാഷിംഗ്ടൺ ഡിസി: നിക്കോളാസ് മഡുറോയെ പിടികൂടാൻ ട്രംപ് ദിവസങ്ങൾക്കുമുമ്പേ അനുമതി നൽകിയിരുന്നു. ഇതിനുള്ള നീക്കങ്ങൾ ഏകോപിപ്പിക്കാൻ മാസങ്ങൾക്കുമുമ്പ് ട്രംപ് ചാരസംഘടനയായ സിഐഎയെ ചുമതലപ്പെടുത്തുകയും ചെയ്തു.
സിഐഎ ഏജന്റുമാർ കാരക്കാസിലെത്തി മഡുറോയുടെ വാസസ്ഥലം കണ്ടെത്തുകയും ആക്രമണം നടത്തേണ്ട വിധം പഠിക്കുകയും പദ്ധതി തയാറാക്കി ട്രംപിന് കൈമാറുകയും ചെയ്തു. നാലുദിവസം മുന്‍പ് ദൗത്യം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ നീണ്ടുപോകുകയായിരുന്നുവെന്ന് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
കീഴടങ്ങാൻ ഒരാഴ്ചമുന്പ് താൻ മഡുറോയോടു പറഞ്ഞതാണെന്നും എന്നാൽ അനുസരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. വീടിനെക്കാളുപരി കോട്ടപോലുള്ള ഒരു കേന്ദ്രത്തിൽനിന്നാണ് മഡുറോയെ പിടികൂടിയതെന്നും ട്രംപ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വെളിപ്പെടുത്തൽ നടത്തിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
മഡുറോയോട് കീഴടങ്ങാൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഫോണിലൂടെ സംസാരിച്ചപ്പോൾ സമാധാനപരമായി അധികാരം ഒഴിഞ്ഞു കൊടുക്കാൻ നിർദേശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതോടെയാണ് സൈനിക നീക്കത്തിലൂടെ മഡുറോയെ പിടികൂടാൻ അമേരിക്ക തീരുമാനിച്ചത്.
വരും ദിവസങ്ങളിൽ ന്യൂയോർക്കിലെ കോടതിയിൽ മഡുറോയുടെ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ മഡൂറോ അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അതീവ രഹസ്യമായി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സായിരുന്നു. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ വലയിലാക്കിയത്.
International
മോസ്ക്കോ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയ അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യ. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിർണയിക്കാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി.
സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് വെളിപ്പെടുത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡൂറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്.
സൈനിക നടപടിയുടെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
International
കാരക്കാസ്: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ വെനസ്വലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ.
അമേരിക്കയുടെ നടപടി വെനസ്വേലയുടെ എണ്ണയും ധാതുക്കളും പിടിച്ചെടുക്കാനുള്ള യുഎസ് ശ്രമമാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ ആരോപിച്ചു.
അതേസമയം, വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ കാരക്കാസില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്.
വിമാനങ്ങള്‍ താഴ്ന്ന് പറക്കുന്ന ശബ്ദങ്ങള്‍ കേട്ടെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ തുടരുന്നതിനിടെയാണ് സ്ഫോടനം.
നഗരത്തില്‍ വൈദ്യുത തടസം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. കാരക്കാസിന് പുറമെ മിറാൻഡ, അറാഹുവ, ലാഗുവൈറെ തുടങ്ങിയിടങ്ങളിലം ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്.
വെനസ്വേലയുടെ പ്രധാന സൈനിക താവളത്തിനടുത്തുള്ള നഗരത്തിലും സ്ഫോടനം നടന്നതായാണ് വിവരം. സ്ഫോടനത്തെക്കുറിച്ച് യുഎസ് അധികൃതർ പ്രതികരിച്ചിട്ടില്ല.
International
കാരക്കാസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ യുഎസ് ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ സ്ഫോടനങ്ങൾ നടന്നതായും നാല് വിമാനത്താവളങ്ങൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു. സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് ആക്രമണമുണ്ടായത്.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യം വിടാൻ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആക്രമണത്തെ കുറിച്ച് യുഎസ് സൈന്യമോ വെനസ്വേലയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകൾ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കുമേൽ സമ്മർദം വർധിപ്പിക്കാനായി അമേരിക്ക കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
മഡുറോയുടെ പത്നി സീലിയ ഫ്ലോറസിന്റെ ഏഴു ബന്ധുക്കളെക്കൂടി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് അറിയിച്ചു. മഡുറോയുടെ മയക്കുമരുന്ന് സംഘടനയ്ക്ക് ഇവർ കൂട്ടുനിൽക്കുന്നതായി ബസന്റ് ആരോപിച്ചു.
മഡുറോയുടെ ബന്ധുക്കൾക്കും അടുത്ത വൃത്തങ്ങൾക്കും മേൽ ഈ മാസം തന്നെ അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. വെനസ്വേലയിൽനിന്ന് എണ്ണ കയറ്റിയ ടാങ്കർ കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു. വെനസ്വേലയിൽ ഉടൻതന്നെ കരയാക്രമണം ഉണ്ടാകുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞിരിക്കുന്നത്.
NRI
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ നയത്തിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഹ്യൂഗോ ചാവേസിന്റെ കാലത്ത് (2007ൽ) അമേരിക്കൻ കമ്പനികളിൽ നിന്ന് വെനസ്വേല പിടിച്ചെടുത്ത എണ്ണപ്പാടങ്ങളുടെയും ആസ്തികളുടെയും അവകാശങ്ങൾ തിരികെ നൽകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം.
ഞങ്ങൾക്ക് അവിടെ ധാരാളം എണ്ണ അവകാശങ്ങൾ ഉണ്ടായിരുന്നു, അവർ അത് പിടിച്ചെടുത്തു, അത് ഞങ്ങൾക്ക് തിരികെ വേണം എന്ന് ട്രംപ് വ്യക്തമാക്കി. ഈ നീക്കത്തിന്റെ ഭാഗമായി, സാങ്ക്ഷൻഡ് എണ്ണ ടാങ്കറുകൾക്കെതിരേ "സമ്പൂർണ ഉപരോധം' അദ്ദേഹം പ്രഖ്യാപിച്ചു.
ഉപരോധത്തിന്റെ ആദ്യഘട്ടമായി "സ്കിപ്പർ' എന്നൊരു ടാങ്കർ അമേരിക്കൻ സേന പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് കടത്തും മദൂറോ ഭരണകൂടത്തിന്റെ നാർക്കോ-ടെററിസവും തടയുക എന്നതാണ് കരീബിയൻ മേഖലയിലെ വൻ നാവികസേനാ സാന്നിധ്യത്തിന് അമേരിക്ക നൽകുന്ന ഔദ്യോഗിക വിശദീകരണം.
അമേരിക്കയുടെ ഈ നടപടികളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും എണ്ണ മോഷ്ടിക്കാനുള്ള ശ്രമമായുമാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ വിശേഷിപ്പിച്ചത്. അമേരിക്കൻ ഭീഷണിയെത്തുടർന്ന് വെനസ്വേലൻ നാവികസേന എണ്ണക്കപ്പലുകൾക്ക് അകമ്പടി നൽകാൻ ആരംഭിച്ചിട്ടുണ്ട്.
അതിർത്തിയിൽ വലിയ തോതിൽ സൈനിക വിന്യാസം നടന്നിട്ടുണ്ടെങ്കിലും അത് മുൻ മാസങ്ങളിലെ ലഹരിവിരുദ്ധ നടപടികളുടെ തുടർച്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വെനസ്വേലൻ വിഷയത്തിൽ അമേരിക്കയുടെ ഏകപക്ഷീയമായ നടപടികളെ കൊളംബിയയും ബ്രസീലും വിമർശിച്ചിട്ടുണ്ടെങ്കിലും മദൂറോയുടെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാത്തതിനാൽ ഈ രാജ്യങ്ങൾ വെനസ്വേലയ്ക്ക് നേരിട്ടുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ആഗോള എണ്ണ വിപണിയിലെ അമേരിക്കൻ ഇടപെടലുകൾ വെനസ്വേലയിൽ മാത്രം ഒതുങ്ങുന്നില്ല. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് ട്രംപ് ഭരണകൂടം ചുമത്തിയിട്ടുണ്ട്.
റഷ്യക്കെതിരായ ഉപരോധങ്ങൾ പരാജയപ്പെട്ടതും ചൈനയും ഇന്ത്യയും റഷ്യൻ എണ്ണ വാങ്ങുന്നതുമാണ് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. വെനസ്വേലയിൽ എണ്ണ ആധിപത്യം മാത്രമല്ല, മറിച്ച് ലഹരിമരുന്ന് കടത്ത് തടയുക, നഷ്ടപ്പെട്ട പഴയ ആസ്തികൾ തിരിച്ചുപിടിക്കുക, മദൂറോ ഭരണകൂടത്തിന്മേൽ സമ്മർദം ചെലുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സമ്മിശ്ര നയമാണ് അമേരിക്ക നിലവിൽ നടപ്പിലാക്കുന്നത്.
International
മോസ്കോ: വെനസ്വലേയുടെ എണ്ണവില്പന തടഞ്ഞ അമേരിക്കയ്ക്കു മുന്നറിയിപ്പുമായി റഷ്യ. വെനസ്വേലൻ വിഷയത്തിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം വലിയ അബദ്ധം കാണിക്കില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു.
വെനസ്വേല റഷ്യയുടെ സൗഹൃദരാജ്യമാണ്. കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്ക് അമേരിക്ക കടക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പ്രായോഗിക സമീപനം പുലർത്തുന്ന ട്രംപ് ഭരണകൂടം വലിയ അബദ്ധത്തിനു മുതിരില്ലെന്നു കരുതുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്നതിന് ഉപരോധം നേരിടുന്ന ടാങ്കർ കപ്പലുകളെല്ലാം തടയാൻ ട്രംപ് ഉത്തരവിട്ടതിനു പിന്നാലെയാണു റഷ്യയുടെ പ്രതികരണം. വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ഒരു ടാങ്കർ കഴിഞ്ഞയാഴ്ച അമേരിക്കൻ സേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതോടെ മുഖ്യ വരുമാനമാർഗമായ എണ്ണ വിൽക്കാൻ വെനസ്വേലയ്ക്കു കഴിയുന്നില്ല. കോടിക്കണക്കിനു ബാരൽ എണ്ണ കയറ്റിയ ടാങ്കറുകൾ അമേരിക്കൻ നടപടി ഭയന്ന് വെനസ്വേലയിൽനിന്നു പുറപ്പെടാൻ കൂട്ടാക്കുന്നില്ല.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക വൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിലെ മഡുറോ ഭരണകൂടത്തെ സ്ഥാനഭ്രഷ്ടനാക്കാനാണു ട്രംപിന്റെ നീക്കമെന്നു പറയുന്നു. വെനസ്വേലൻ എണ്ണ വാങ്ങുന്ന ചൈനയും അമേരിക്കൻ ഭീഷണിക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്.
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ബുധനാഴ്ച വെനസ്വേലൻ വിദേശകാര്യ മന്ത്രി യുവാൽ ഗില്ലുമായി ഫോണിൽ സംസാരിച്ചു. ഏകപക്ഷീയ ഭീഷണികളെ ചൈന എതിർക്കുന്നതായും പരമാധികാരം സംരക്ഷിക്കാൻ രാജ്യങ്ങൾക്കുള്ള അവകാശത്തെ മാനിക്കുന്നതായും വാംഗ് യി വെനസ്വലേൻ മന്ത്രിയോടു പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനുമേൽ സമ്മർദം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ എണ്ണടാങ്കറുകൾ പിടിച്ചെടുക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.
വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്ന കൂടുതൽ കപ്പലുകൾ വരുന്ന ആഴ്ചകളിൽ പിടിച്ചെടുത്തേക്കുമെന്ന് അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു. പിടിച്ചെടുക്കേണ്ട കപ്പലുകളുടെ പട്ടിക അമേരിക്ക തയാറാക്കിയിട്ടുണ്ട്. ഈ കപ്പലുകളെല്ലാം അമേരിക്കൻ ഉപരോധം നേരിടുന്നവയാണ്.
വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട സ്കിപ്പർ എന്ന വന്പൻ ടാങ്കർ കഴിഞ്ഞദിവസം അമേരിക്കൻ സൈനികർ പിടിച്ചെടുത്തിരുന്നു. കപ്പൽ അമേരിക്കൻ തുറമുഖത്തെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കി അതിനുള്ളിലെ അസംസ്കൃത എണ്ണ കണ്ടുകെട്ടുമെന്നാണ് അറിയിപ്പ്. അമേരിക്കൻ നടപടി വെനസ്വേലൻ എണ്ണ കടത്തുന്ന കപ്പലുകളുടെ ഉടമസ്ഥരിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
ഏകാധിപത്യ പ്രവണതയോടെ വെനസ്വേല ഭരിക്കുന്ന പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സമ്മർദത്തിലൂടെ താഴെയിറക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് അണിയറയിൽ നീക്കം നടത്തുന്നതയാണു റിപ്പോർട്ട്. വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക സൈനികവിന്യാസം നടത്തിയിട്ടുണ്ട്. ഇതിനു പുറമേ എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുന്നതു മഡുറോ ഭരണകൂടത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കും. ഉപരോധങ്ങളിൽ വലയുന്ന വെനസ്വേയുടെ പ്രധാന വരുമാനമാർഗമാണ് എണ്ണ.
വെനസ്വേലൻ എണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആറ് ടാങ്കറുകൾ, ആറ് ഷിപ്പിംഗ് കന്പനികൾ, മഡുറോയുടെ പത്നി സീലിയ ഫ്ലോറസിന്റെ മൂന്നു ബന്ധുക്കളടക്കം നാലു പേർ എന്നിവർക്കെതിരേകൂടി അമേരിക്കൻ ട്രഷറി വകുപ്പ് വ്യാഴാഴ്ച ഉപരോധം പ്രഖ്യാപിച്ചു.
അമേരിക്ക ടാങ്കർ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിക്കോളാസ് മഡുറോയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യാഴാഴ്ച ഫോണിൽ സംസാരിച്ചു. വെനസ്വേലയ്ക്കു റഷ്യയുടെ പിന്തുണ പുടിൻ വാഗ്ദാനം ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട വന്പൻ ടാങ്കർ അമേരിക്ക പിടിച്ചെടുത്തു. വെനസ്വേലൻ എണ്ണ കടത്തുന്നതിന്റെ പേരിൽ ഉപരോധം നേരിടുന്ന കപ്പലാണ് പിടിച്ചെടുത്തത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം സമ്മർദം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്ന് കരുതുന്നു.
യുഎസ് പ്രസിഡന്റ് ട്രംപാണ് കപ്പൽ പിടിച്ചെടുത്ത കാര്യം അറിയിച്ചത്.കപ്പലിലെ എണ്ണ അമേരിക്ക സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ഹെലികോപ്റ്ററുകളിലെത്തിയ സൈനികർ കപ്പലിൽ ഇറങ്ങുന്ന വീഡിയോ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പുറത്തുവിട്ടു.
അമേരിക്കൻ നടപടി കടൽക്കൊള്ളയാണെന്നും അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിക്കുമെന്നും വെനസ്വേല പ്രതികരിച്ചു.
അതേസമയം കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സ്കിപ്പർ എന്നു പേരുള്ള വന്പൻ ടാങ്കറാണ് ഇതെന്നു റിപ്പോർട്ടുണ്ട്. ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ കടത്തുന്നതിന്റെ പേരിൽ ഈ കപ്പലിനുമേൽ യുഎസ് ഉപരോധം നിലവിലുണ്ട്.
വെനസ്വേലയിലെ ഹൊസെ തുറമുഖത്തുനിന്ന് ഈ മാസം നാലിനോ അഞ്ചിനോ പുറപ്പെട്ട ടാങ്കറിൽ 18 ലക്ഷം ബാരൽ ക്രൂഡ് ഉണ്ടായിരുന്നു. കുറാകാവോയിൽവച്ച് ക്യൂബയിലേക്കുള്ള നെപ്ട്യൂൺ-6 എന്ന ടാങ്കറിന് രണ്ടു ലക്ഷം ബാരൽ എണ്ണ കൈമാറി. തുടർന്നാണ് അമേരിക്കൻ സേന പിടിച്ചെടുത്തത്.
ടാങ്കർ പിടിച്ചെടുത്ത വാർത്ത പുറത്തുവന്നതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം വർധിപ്പിച്ച അമേരിക്ക എണ്ണക്കപ്പൽ പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്. വെനസ്വേലയിൽനിന്ന് മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കെതിരേ എന്ന പേരിൽ അമേരിക്ക നടത്തിയ 20 ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
International
ഓസ്ലോ: സമാധാന നൊബേൽ പുരസ്കാരം വെനസ്വേലയിലെത്തിക്കുമെന്ന് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ.
വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിന്റെ ഭീഷണി അവഗണിച്ച് നൊബേൽ പുരസ്കാരം സ്വീകരിക്കാൻ രഹസ്യമായി നോർവേയിലെത്തിച്ചേർന്ന ശേഷം സംസാരിക്കുകയായിരുന്നു മരിയ. അതേസമയം, എപ്പോഴായിരിക്കും വെനസ്വേലയിലേക്കുള്ള മടക്കമെന്ന് അവർ വ്യക്തമാക്കിയില്ല.
നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ ബുധനാഴ്ച നടന്ന സമാധാന നൊബേൽ പുരസ്കാര വിതരണച്ചടങ്ങിൽ സമയത്ത് എത്തിച്ചേരാൻ മരിയയ്ക്കു കഴിഞ്ഞില്ല. മരിയയുടെ മകൾ അന കൊറിന സൂസയാണ് പുരസ്കാരം സ്വീകരിച്ചത്. മരിയ മണിക്കൂറുകൾ വൈകിയാണ് ഓസ്ലോയിൽ എത്തിച്ചേർന്നത്.
ഓസ്ലോയിലെ ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ മരിയ അഭിവാദ്യം ചെയ്തു. വെനസ്വേലൻ ജനതയ്ക്കുവേണ്ടി പുരസ്കാരം സ്വീകരിക്കാനാണ് നോർവേയിലെത്തിയതെന്ന് അവർ പറഞ്ഞു. വെനസ്വേലയിൽ ഒളിവിൽ കഴിയുന്ന മരിയ ഈ വർഷം ജനുവരിക്കു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്.
അറസ്റ്റ് വാറന്റ് നേരിടുന്ന മരിയ നോർവേയിൽ പോയാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്ന് വെനസ്വേലൻ ഭരണകൂടം ഭീഷണി മുഴക്കിയിരുന്നു.
International
കാരക്കാസ്: ഈ വർഷത്തെ സമാധാന നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ പുരസ്കാരം വാങ്ങാൻ നോർവേയ്ക്കു പോകരുതെന്ന് മഡുറോ ഭരണകൂടം. പോയാൽ മരിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്ന് വെനസ്വേലൻ അറ്റോർണി ജനറൽ താരിക് വില്യം സാബ് ഭീഷണി മുഴക്കി.
മഡുറോ ഭരണകൂടം തീവ്രവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന മരിയ അറസ്റ്റ് ഭയന്ന് ദീർഘകാലമായി ഒളിവിലാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോയ്ക്കെതിരേ മത്സരിക്കുന്നതിനും മരിയയ്ക്കു വിലക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് എഡ്മുണ്ടോ ഗോൺസാലസ് എന്ന അനുയായിയെയാണ് മരിയ സ്ഥാനാർഥിയാക്കിയത്.
മഡുറോ ജയിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമം നടന്നതായി ആരോപിക്കപ്പെടുന്നു. മഡുറോയുടെ പീഡനം ഭയന്ന് ഗോൺസാലസ് നേരത്തേ സ്പെയിനിൽ അഭയം തേടിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് കസേരയിൽ നിക്കോളാസ് മഡുറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന സൂചന നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സിബിഎസ് ചാനൽ ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് എന്ന നിലയിൽ മഡുറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. “അതേ, എനിക്ക് അങ്ങനെയാണു തോന്നുന്നത്” എന്ന് ട്രംപ് മറുപടി നല്കി.
അതേസമയം, അമേരിക്ക വെനസ്വേലയിൽ കരയാക്രമണത്തിനു പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ ട്രംപ് തയാറായില്ല. വെനസ്വേലയുടെ കാര്യത്തിൽ എന്താണു ചെയ്യാൻ പോകുന്നതെന്നു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. വെനസ്വേലയുമായി അമേരിക്ക യുദ്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ സേന കരീബിയനിൽ സേനാവിന്യാസം വർധിപ്പിക്കുന്നതിനിടെയാണു ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാനായിട്ടാണു സൈനിക വിന്യാസമെന്നാണ് ട്രംപ് മുന്‍പ് പറഞ്ഞിട്ടുള്ളത്. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കു നേർക്ക് എന്ന പേരിൽ അമേരിക്കൻ സേന നടത്തിയിട്ടുള്ള ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
എന്നാൽ, വെനസ്വേലൻ സർക്കാരിനെ താഴെയിറക്കാനാണ് അമേരിക്കൻ നീക്കമെന്ന് അനുമാനിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സന്പന്ന രാജ്യങ്ങളിലൊന്നാണു വെനസ്വേല.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം ശക്തിപ്പെടുത്തുന്ന അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിയെ കരീബിയൻ മേഖലയിലേക്ക് അയച്ചു. അമേരിക്ക കൃത്രിമമായി പുതിയ യുദ്ധം സൃഷ്ടിക്കുകയാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു.
മയക്കുമരുന്നു കടത്തൽ തടയാനെന്ന പേരിൽ അമേരിക്കൻ സേന വെനസ്വേലൻ തീരത്ത് ബോട്ടുകൾക്കു നേരേ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ നീക്കം. കടൽ ആക്രമണത്തിനു പുറമേ വെനസ്വേലയ്ക്കുള്ളിലും ആക്രമണം നടത്താനായിരിക്കാം അമേരിക്കൻ പദ്ധതിയെന്നു സൂചനയുണ്ട്.
ജെറാൾഡ് ഫോർഡ് കപ്പലിന് 90 യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുണ്ട്. എഫ് 35 അടക്കമുള്ള യുദ്ധവിമാനങ്ങളെയും മറ്റു യുദ്ധക്കപ്പലുകളെയും നേരത്തേതന്നെ മേഖലയിൽ വിന്യസിച്ചിരുന്നു.
മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കു നേർക്ക് എന്നു പറഞ്ഞ് അമേരിക്കൻ സേന ഇതുവരെ പത്ത് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ടവർ നാർക്കോ തീവ്രവാദികളാണെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു. വെള്ളിയാഴ്ച ആയിരുന്നു അവസാനത്തെ ആക്രമണം.
അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തുന്നതിൽ വെനസ്വേലയ്ക്ക് നാമമാത്ര പങ്കേയുള്ളൂ. വെനസ്വേലൻ പ്രസിഡന്റ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന ആരോപണമുണ്ട്.
ചാരസംഘടനയായ സിഐഎയ്ക്ക് വെനസ്വേലയിൽ രഹസ്യ ഓപ്പറേഷന് അനുമതി നല്‍കിയതായി ട്രംപ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മയക്കുമരുന്ന് കടത്തുകാർക്കെതിരായ ഓപ്പറേഷന്റെ ഭാഗമായി വെനസ്വേലയിൽ കരയാക്രമണം നടത്താനും പദ്ധതിയുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ മഡുറോ വീണ്ടും വെനസ്വേലൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്ക അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ വലിയ തോതിൽ കൃത്രിമത്വം നടന്നുവെന്ന് അമേരിക്കയും പാശ്ചാത്യശക്തികളും ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പേരിൽ മഡുറോയ്ക്കും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർക്കും എതിരേ അമേരിക്കയിൽ കേസുണ്ട്. മഡുറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് അഞ്ചു കോടി ഡോളർ പാരിതോഷികം അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.
NRI
താച്ചിറ: വെനസ്വേലയിലെ പാരാമിലോ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു രണ്ടു പേർ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 09:52 നായിരുന്നു സംഭവം. രണ്ട് എൻജിനുള്ള പൈപ്പർ പിഎ - 31ടി1 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.
പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ വിമാനം തകർന്നു വീണു തീപിടിക്കുകയുമായിരുന്നു.
അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും ചേർന്ന് തീ അണച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനാറ്റിക്സ് അറിയിച്ചു.