ലഹരിയിൽ പോലീസ് ജീപ്പ് തടഞ്ഞ് റോഡിൽ കിടക്കുന്ന യുവാവ്.
കൊല്ലം: ലഹരിയിൽ കൊല്ലം നഗരത്തിൽ യുവാക്കളുടെ വിളയാട്ടം. രണ്ടു യുവാക്കളാണ് മദ്യ-മയക്കുമരുന്നു ലഹരിയിൽ ഇന്നു രാവിലെ നഗരമധ്യത്തിൽ ബഹളംകൂട്ടിയത്. ശല്യം അസഹ്യമായതോടെ വ്യാപാരികൾ പോലീസിനെ വിളിച്ചുവരുത്തി. എന്നാൽ, പോലീസ് എത്തിയതോടെ യുവാക്കളുടെ മട്ടുമാറി.
ഒരാൾ പോലീസിനെ വെല്ലുവിളിച്ച് റോഡിൽ കിടപ്പായി. മാറാൻ പറഞ്ഞിട്ടു വഴങ്ങാതെ വന്നതോടെ പോലീസ് ലഹരി വിടാൻ വെള്ളമൊഴിച്ചു കുളിപ്പിച്ചു. ഇതോടെ ആ വെള്ളത്തിൽ കിടന്നു. തുടർന്നു പോലീസ് ജീപ്പിനു മുന്നിലായി യുവാവിന്‍റെ പ്രകടനം. ജീപ്പ് തടഞ്ഞ് റോഡിൽ കിടപ്പായി.
പോലീസ് പലതവണ ആവശ്യപ്പെട്ടും യുവാവ് റോഡിൽനിന്നോ ജീപ്പിനു മുന്നിൽനിന്നോ മാറാൻ തയാറായില്ല. ഒടുവിൽ പോലീസ് ബലം പ്രയോഗിക്കാൻ ഒരുങ്ങിയതോടെ ഇയാൾ ആത്മഹത്യഭീഷണി മുഴക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇയാളെ റോഡിൽനിന്നു മാറ്റിയത്.