കാളിമാനൂർ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കിളിമാനൂർപോലീസ് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം ഇർഫാൻ മൻസിലിൽ എൻ. ഇർഫാൻ(26), പറണ്ടോട് തെക്കുംകര ശരത് വിലാസത്തിൽ എസ്. ശ്യാം (24) എന്നിവരാണ് പിടിയിലായത്. പുലർച്ചെ നാലോടെയാണ് സംഭവം.
പ്രതികളിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്ന് ലഹരിവസ്തു വാങ്ങി കാറിൽ നെടുമങ്ങാടേക്ക് വരുന്ന വഴിയാണ് ഇവർ പോലീസ് വലയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റൂറൽ ഡാൻസാഫ് സംഘവും കിളിമാനൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കിളിമാനൂർ സിഎച്ച്ഒ എ. നിസാർ, എസ്ഐ വി.എസ്. ജോയി, ഡാൻസാഫ് സംഘം എസ്ഐമാരായ എഫ്. ഫയാസ്, ബി.പി. രാജീവൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.